സംഗീതസംവിധാനം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയല്ലെന്ന് ആദ്യം തെളിയിച്ച മലയാളി വനിത  ലീലച്ചേച്ചിയാണ് -- പി ലീല.  അര നൂറ്റാണ്ടിനിപ്പുറം 'ആഹാ' (2021) യിലൂടെ അക്കാര്യം  അരക്കിട്ടുറപ്പിച്ചിരിക്കുന്നു സയനോര ഫിലിപ്പ്.  മുൻപും സിനിമക്ക് സംഗീതം പകർന്നിട്ടുണ്ട് സയനോര -- കുട്ടൻപിള്ളയുടെ ശിവരാത്രിയിലും മാംഗല്യം തന്തുനാനേയിലും. പക്ഷേ ആഹായിലെ 'തണ്ടൊടിഞ്ഞ താമര'യിൽ (ഗായകർ: സയനോര, വിജയ് യേശുദാസ്) ഇരുത്തം വന്ന ഒരു ഓൾറൗണ്ടറുടെ റോളിലാണ് സയനോര. 

ഈണത്തിൽ മാത്രമല്ല രചനയിലും  ആലാപനത്തിലും വാദ്യവിന്യാസത്തിലും സൗണ്ടിംഗിലും എല്ലാമുണ്ട് സവിശേഷമായ ആ സയനോര സ്പർശം. ചടുലതയാർന്ന പാട്ടുകളിൽ നിന്ന് മെലഡിയിലേക്കുള്ള ഈ ചുവടുമാറ്റം, താൽക്കാലികമെങ്കിൽ പോലും, ഹൃദ്യം. പാട്ടെഴുതി ചിട്ടപ്പെടുത്തി പാടാൻ ചങ്കൂറ്റം കാണിച്ചിട്ടുള്ള വനിതകൾ അധികമില്ലല്ലോ ഇന്ത്യൻ സിനിമയിൽ.

പി ലീലയാണ് ഒരു സിനിമയിലെ മുഴുവൻ ഗാനങ്ങളും ചിട്ടപ്പെടുത്തിയ ആദ്യ മലയാളി വനിത. 1968 ൽ പുറത്തുവന്ന 'ചിന്നാരി പാപ്പലു' എന്ന തെലുങ്ക് ചിത്രത്തിൽ ലീല ഈണമിട്ട പാട്ടുകൾക്ക് ശബ്ദം പകർന്നത് പി സുശീല.  ചിന്നാരി പാപ്പലുവിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് --  തൊണ്ണൂറു ശതമാനവും 'പെൺസിനിമ'യായിരുന്നു അത്. നിർമ്മാണം (വി സരോജിനി), സംവിധാനം (നടി സാവിത്രി), കലാസംവിധാനം (മോഹിനി), നൃത്ത സംവിധാനം (രാജസുലോചന), സംഗീത സംവിധാനം (ലീല) തുടങ്ങി ഭൂരിഭാഗം ചുമതലകളും  നിർവഹിച്ചത് സ്ത്രീകൾ.  ബോക്സോഫീസിൽ തകർന്നു തരിപ്പണമായെങ്കിലും മികച്ച രണ്ടാമത്തെ സിനിമക്കുള്ള മദ്രാസ് സർക്കാരിന്റെ നന്ദി അവാർഡ് ലഭിച്ചു ചിന്നാരി പാപ്പലുവിന്.

സാവിത്രിയുടെ സ്‌നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങിയാണ്  റെക്കോർഡിംഗ് തിരക്കുകൾക്കിടയിലും പടത്തിന്റെ സംഗീത സംവിധാന ചുമതല ഏറ്റെടുക്കാൻ സമ്മതിച്ചതെന്ന് പറഞ്ഞിട്ടുണ്ട് ലീല. വിഖ്യാത സംഗീത സംവിധായകൻ കോദണ്ഡപാണി ആയിരുന്നു  ഗാനങ്ങളുടെ വാദ്യവിന്യാസ 'സഹായി'. തുടക്കം മോശമല്ലാതിരുന്നിട്ടും കമ്പോസിംഗ് ലോകത്തേക്ക് എന്തുകൊണ്ട്  തിരിച്ചുചെന്നില്ല എന്ന ചോദ്യത്തിന് പി ലീലയുടെ മറുപടി ഇങ്ങനെ: "സ്ത്രീകൾക്ക് വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കാത്ത മേഖലയാണ് അതെന്ന് തോന്നി. പിന്നെ അന്നത്തെ പ്രമുഖ സംഗീത സംവിധായകരോട് മത്സരിക്കുന്നതിനെ കുറിച്ച് ഒരു സ്ത്രീക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അന്തരീക്ഷവും.''

ലീലയുടേത് ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. ഇന്ത്യൻ സിനിമയിലെ ആദ്യ സംഗീതസംവിധായിക സരസ്വതീ ദേവിയെ (യഥാർത്ഥ പേര് ഖുർഷിദ്  മാഞ്ചർഷാ മിനോച്ചർ ഹോംജി) തേടിവന്ന ഭീഷണികൾ കണക്കിലെടുക്കുമ്പോൾ പിൻഗാമികൾ കുറേക്കൂടി ഭാഗ്യവതികൾ ആണെന്നുവേണം കരുതാൻ.  ബോംബെ ടാക്കീസിന്റെ കന്നിചിത്രമായ 'ജവാനി കി ഹവ' (1935) യിൽ ഖുർഷിദിനെ സംഗീതസംവിധായികയാക്കാൻ ധൈര്യം കാണിച്ചത് സംവിധായകൻ ഹിമാംശു റായ് ആണ്. ഒപ്പം ഖുർഷിദിന്റെ അനിയത്തി മനേക്കിന് പടത്തിൽ ഒരു വേഷം നൽകാനും തയ്യാറായി റായ്.
ഇനിയാണ് പുകിൽ. പാഴ്‌സി സമുദായം  സിനിമക്ക് അസ്പൃശ്യത കല്പിച്ചിരുന്ന കാലം. പാഴ്സി സഹോദരിമാരുടെ സിനിമാപ്രവേശം സ്വാഭാവികമായും സമുദായനേതാക്കളെ ക്രുദ്ധരാക്കി. പടം റിലീസ് ചെയ്യാനിരുന്ന മുംബൈ ലാമിങ്ടൻ റോഡിലെ ഇംപീരിയൽ തിയേറ്ററിന് മുന്നിൽ 1935 സെപ്തംബർ  18 ന് അരങ്ങേറിയ കൂറ്റൻ പ്രകടനത്തിൽ നിന്നാണ് പ്രതിഷേധ പരിപാടികളുടെ തുടക്കം. പോലീസ് രംഗത്തെത്തിയതോടെ പ്രകടനക്കാർ അക്രമാസക്തരായി. നൂറു കണക്കിനാളുകളുടെ അറസ്റ്റിലും പരിക്കിലുമാണ് ആ ഏറ്റുമുട്ടൽ അവസാനിച്ചത്.  സ്ക്രീനിംഗ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമുദായാംഗങ്ങൾ ഗവർണ്ണർക്ക് നിവേദനം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമ സംഭവങ്ങൾ ആഴ്ചകളോളം തുടർന്നു. 

അതിനിടെ, 'സുരക്ഷിതത്വ' കാരണങ്ങളാൽ രണ്ടു സഹോദരിമാരുടെയും പേരുകൾ മാറ്റിയിരുന്നു ഹിമാംശു റായ്. ഖുർഷിദ് സരസ്വതീദേവിയായി; മനേക് ചന്ദ്രപ്രഭയും. കാലക്രമേണ പ്രതിഷേധക്കൊടുങ്കാറ്റ് കെട്ടടങ്ങി. സർക്കാറിന്റെ ഉറച്ച നിലപാടാണ് 'ജവാനി കി ഹവ'യ്ക്ക് തുണയായത്. പടവും പാട്ടുകളും ശ്രദ്ധിക്കപ്പെട്ടതോടെ സംഗീതസംവിധായികക്ക് തിരക്കേറി. 'അച്യുത് കന്യ' പോലുള്ള ഹിറ്റ് ചിത്രങ്ങളിൽ സരസ്വതീ ദേവിയുടെ ഈണങ്ങൾ പിന്നീട് കേട്ടു. എങ്കിലും സിനിമയിലെ 'പുരുഷമേധാവിത്വ'ത്തിനെതിരെ പിടിച്ചുനിൽക്കുക അസാധ്യമെന്ന് തിരിച്ചറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ അവർ. അവിവാഹിതയായി ജീവിച്ച സരസ്വതീദേവി മരണത്തിന് കീഴടങ്ങിയത് 1980 ൽ. ദുരിതപൂർണ്ണമായിരുന്നു അന്ത്യ നാളുകൾ. 

പിന്തുടർന്നു വന്ന ഉഷാ ഖന്ന കുറച്ചുകൂടി ഭാഗ്യവതിയായിരുന്നു. വൻകിട ബാനറുകളുടെ ഭാഗമാകാനും പുരുഷ സംഗീത സംവിധായകരെ പോലും അതിശയിക്കുന്ന ഹിറ്റുകൾ സൃഷ്ടിക്കാനും കഴിഞ്ഞു അവർക്ക്. എങ്കിലും തീർത്തും ദുഷ്കരമായിരുന്നു ആ യാത്രയെന്ന് ഒരഭിമുഖത്തിൽ ഉഷ പറഞ്ഞുകേട്ടിട്ടുണ്ട്. "പെണ്ണെന്ന നിലയിൽ പല പരിമിതികളും നമുക്ക് അതിജീവിക്കേണ്ടി വരും.''--ഉഷയുടെ വാക്കുകൾ. ``കമ്പോസിംഗിനായി  പലപ്പോഴും ഹോട്ടൽ മുറികളും  റിസോർട്ടുകളും  ഒക്കെയാണ് അവർ നിശ്ചയിക്കുക. ഒരു സ്ത്രീക്ക് ഒറ്റക്ക് അവിടെ ചെന്നിരിക്കുന്നതിൽ പരിമിതികളുണ്ട്. എത്രയോ അവസരങ്ങൾ അങ്ങനെ നഷ്ടപ്പെട്ടിരിക്കുന്നു..''

മലയാളത്തിൽ വനിതാ സംഗീതസംവിധായകർ  ഇന്നും ഒരപൂർവ 'ജനുസ്സാ'ണ്. ആദ്യമായി ഒരു ചലച്ചിത്ര ഗാനം ചിട്ടപ്പെടുത്തിയ വനിത പി സുശീലാദേവി ആയിരിക്കണം. (ശാന്ത പി നായർ ആണ് ഈ പദവിക്ക് അർഹ എന്ന അവകാശവാദം നിലവിൽ ഉണ്ടെങ്കിലും) തകിലുകൊട്ടാമ്പുറത്തിലെ ``കന്നിപ്പൂം പൈതൽ'' (യേശുദാസ്, കെ എസ്‌ ബീന) എന്ന ഗാനമാണ് ഗായിക കൂടിയായ സുശീലാദേവി സ്വരപ്പെടുത്തിയത്. സംഗീത  വർമ്മ, മഞ്ജു ജയവിജയ ( ക്ലിയോപാട്ര), ഗൗരി ലക്ഷ്മി ( കാസനോവ, മിഴി, ഇഷ്‌ക്) തുടങ്ങി അപൂർവം പേരേയുള്ളൂ സുശീലാദേവിക്ക്  പിൻഗാമികളായി. ഒറ്റക്കും തെറ്റയ്ക്കുമായി കുറച്ചു പേർ കൂടി കണ്ടേക്കാം. ഇയ്യോബിന്റെ പുസ്തകം, ഡ്രൈവിംഗ് ലൈസൻസ്, സുമേഷ് രമേഷ് തുടങ്ങിയ ചിത്രങ്ങളിൽ യാക്സൺ ഗാരി പെരേരക്കൊപ്പം സംഗീതസംവിധാനം നിർവഹിച്ച നേഹ എസ് നായർ ആണ് ഇക്കൂട്ടത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഇപ്പോഴിതാ സയനോരയും. എഴുതി  ചിട്ടപ്പെടുത്തി പാടിയ ``തണ്ടൊടിഞ്ഞ താമര''ക്ക് പുറമെ മൂന്ന്  പാട്ടുകൾ കൂടിയുണ്ട്  'ആഹാ'യിൽ ഈ പ്രതിഭയുടെ വക; ഒരു ഹിപ്ഹോപ് നമ്പർ ഉൾപ്പെടെ.  ചലച്ചിത്ര സംഗീതം പുതുമകളിൽ നിന്ന് പുതുമകളിലേക്ക് കുതിക്കുമ്പോൾ, സയനോരമാർ ഇനിയും പിറക്കേണ്ടത് കാലത്തിന്റെ ആവശ്യം; അനിവാര്യത...

Content Highlights : Sayanora Philip Aaha movie women music directors