സ്റ്റിയറിംഗില്‍ താളമിട്ട് സത്യന്‍ പാടുകയാണ്: ``കഴിഞ്ഞ കാലം തിരികൊളുത്തിയ കല്‍വിളക്കിനരികെ, ഒരിക്കലിങ്ങനെ നമ്മള്‍ കാണും ഓരോ വഴിയേ പോകും....'' മഹാനടന്റെ ആലാപനത്തില്‍ മുഴുകി കാറിന്റെ ചില്ലുജാലകത്തിലൂടെ പുറത്തെ കൂരിരുട്ടിലേക്ക് നോക്കി നിശബ്ദനായിരിക്കുന്നു ഗായകന്‍ കെ പി ഉദയഭാനു..

ഒരു നിമിഷം പാട്ടു നിര്‍ത്തി, വികാരഭരിതനായി സത്യന്‍ ചോദിക്കുന്നു: ``സത്യമല്ലെടോ ഭാനൂ? നമ്മളൊക്കെ വഴിപോക്കര്‍ മാത്രമല്ലേ ഈ ലോകത്ത്... എവിടെയോ വെച്ച് കാണുന്നു; പിരിയുന്നു. വീണ്ടും കണ്ടുമുട്ടുമ്പോള്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുമോ എന്നു തന്നെ ആര്‍ക്കറിയാം ?''

ഉദയഭാനു പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഓര്‍മ. മലയാള സിനിമയിലെ കരുത്തനായ നായകനൊത്തുള്ള ഓരോ യാത്രയും ഓരോ അവിസ്മരണീയ അനുഭവമായിരുന്നു ഭാനുവിന്. ``സത്യന്‍ മാഷിന്റെ ഫിയറ്റ് കാറില്‍ തിരുവനന്തപുരത്തു നിന്ന് മദ്രാസിലേക്ക് എത്രയോ തവണ സഞ്ചരിച്ചിരിക്കുന്നു. മിക്കപ്പോഴും രാത്രിയാകും ഞങ്ങളുടെ യാത്ര. ഡ്രൈവ് ചെയ്തുകൊണ്ടു തന്നെ അദ്ദേഹം ടി.എം സൗന്ദരരാജന്റെയും പി.ബി.എസ്സിന്റെയും തമിഴ് പാട്ടുകള്‍ പാടും. ഞാന്‍ റഫിയുടെയും മുകേഷിന്റെയും ഹിന്ദി പാട്ടുകളും.'' സത്യന്‍ എന്ന മഹാനടനെയല്ല, തികച്ചും ഗ്രാമീണനായ ഒരു സാധാരണ മനുഷ്യനെയാണ് അത്തരം യാത്രകളില്‍ താന്‍ കണ്ടുമുട്ടിയിട്ടുള്ളതെന്ന് ഉദയഭാനു.

യാത്രക്കിടെ ഒരിക്കല്‍ സത്യന്‍ ഭാനുവിനോട് പറഞ്ഞു: ``എടോ... താന്‍ വലിയ പാട്ടുകാരന്‍ ആണെന്നല്ലേ വയ്പ്. താന്‍ പാടിയ ഒരു പാട്ട് ഞാന്‍ തനിക്ക് പാടിത്തരാന്‍ പോകുകയാണ്. എങ്ങനെയുണ്ടെന്ന് പറ.'' കളഞ്ഞുകിട്ടിയ തങ്കത്തിലെ ``എവിടെ നിന്നോ എവിടെ നിന്നോ വഴിയമ്പലത്തില്‍ വന്നുകയറിയ വാനമ്പാടികള്‍ നമ്മള്‍'' എന്ന പാട്ട് പാടിത്തുടങ്ങുന്നു സത്യന്‍. ശ്രുതിശുദ്ധമായ ആലാപനം. ``സത്യന്‍ മാഷിന്റെ ശബ്ദം അതീവ ലോലമാണ്. ചെറിയൊരു സ്‌ത്രൈണതയുമുണ്ട് അതില്‍. പക്ഷേ ഭാവമധുരമായാണ് പാടുക. ഉച്ചാരണത്തില്‍ അതീവ നിഷ്‌കര്‍ഷയോടെ.'' ഉദയഭാനുവിന്റെ ഓര്‍മ. ``പ്രേംനസീര്‍ ആണ് എന്റെ പാട്ടുകള്‍ കൂടുതലും സിനിമയില്‍ പാടിയിട്ടുള്ളത്. അതിമനോഹരമായിത്തന്നെ അദ്ദേഹം പാടി അഭിനയിക്കും; ഒരു പക്ഷേ സത്യനേക്കാള്‍ ഭംഗിയായി. എങ്കിലും താളബോധത്തില്‍ സത്യന്‍ മാഷായിരുന്നു മുന്നില്‍ എന്ന് തോന്നിയിട്ടുണ്ട്. കവിതയുടെ അര്‍ഥം ഉള്‍ക്കൊണ്ടാണ് അദ്ദേഹം പാടുക. രണ്ടുപേരുടെയും പാട്ടുകള്‍ നേരിട്ട് കേട്ട ഓര്‍മയില്‍ പറയുകയാണ്..''

എസ്.ആര്‍ പുട്ടണ്ണ സംവിധാനം ചെയ്ത `കളഞ്ഞു കിട്ടിയ തങ്കം' (1964) എന്ന സിനിമയില്‍ ഉദയഭാനുവിന്റെ ``എവിടെ നിന്നോ'' എന്ന ഗാനത്തിനൊത്ത് ചുണ്ടനക്കിയതും സത്യന്‍ തന്നെ. പാടി അഭിനയിക്കുമ്പോഴേ ആ വരികള്‍ സത്യന്‍ മാഷിന്റെ മനസ്സിനെ പിടിച്ചുലച്ചിരുന്നു എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി ഉദയഭാനുവിന്. വെള്ളിത്തിരയില്‍ യാന്ത്രികമായി ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കുന്ന നടീനടന്മാരെയാണല്ലോ നമുക്ക് കണ്ടു പരിചയം. ഭാനുവിനൊപ്പമുള്ള മദ്രാസ്യാത്രക്കിടെ സത്യന്‍ മാഷ് ആ പാട്ട് വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്നു; ഒരു രാത്രി മുഴുവന്‍ നീണ്ട ആലാപനം. അത്രയും തീവ്രമായി ആ വരികള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കണം. ``ഞാന്‍ പാടി അഭിനയിച്ച പാട്ടുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്നാണിത്.'' --അന്ന് സത്യന്‍ പറഞ്ഞു. ``എത്ര അന്വര്‍ഥമാണ് വയലാറിന്റെ വരികള്‍. പ്രത്യേകിച്ച് രണ്ടാമത്തെ ഭാഗം. ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍ ഇതിലിരുന്നവര്‍ എവിടെ, കണ്ടു പിരിഞ്ഞവര്‍ പിന്നേയും തമ്മില്‍ കണ്ടാല്‍ അറിയില്ലല്ലോ...എനിക്കും തനിക്കുമൊക്കെ ബാധകമാണ് ആ വരികള്‍...'' അത്രയേറെ വികാരഭരിതനായി സത്യനെ അധികം കണ്ടിട്ടില്ലെന്ന് ഉദയഭാനു.

സിനിമയ്ക്ക് വേണ്ടി ഉദയഭാനു പാടി റെക്കോര്‍ഡ് ചെയ്ത ആദ്യഗാനത്തിന് വെള്ളിത്തിരയില്‍ അനശ്വരതയേകിയത് സത്യനാണ് -- ``നായര് പിടിച്ച പുലിവാലിലെ ``എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍..'' തുടര്‍ന്ന് വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ മനസ്സിലെന്താണ് (നായര് പിടിച്ച പുലിവാല്‍), താമരത്തുമ്പി വാ വാ (പുതിയ ആകാശം പുതിയ ഭൂമി), പാവക്കുട്ടീ പാവാടക്കുട്ടീ (കടത്തുകാരന്‍) തുടങ്ങിയ പാട്ടുകള്‍. ``തന്റെ ശബ്ദമാണ് എനിക്ക് ഏറ്റവും ഇണങ്ങുക എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്''-- ഒരിക്കല്‍ സത്യന്‍ ഭാനുവിനോട് പറഞ്ഞു. ``പക്ഷേ എന്തു ചെയ്യാം. താന്‍ നസീറിന് വേണ്ടിയല്ലേ നല്ല പാട്ടുകള്‍ അധികം പാടിയത്..''

വെള്ളിത്തിരയില്‍ പാട്ടിനൊത്ത് ചുണ്ടനക്കി അഭിനയിക്കുന്ന നടീനടന്മാരില്‍ എത്ര പേര്‍ ആ വരികളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടാകും? അപൂര്‍വം ചിലരേ കാണൂ. സിനിമയില്‍ പാട്ടു പാടി അഭിനയിക്കുന്നതിനോട് പണ്ടേ എതിര്‍പ്പുള്ള ആളാണ് നടന്‍ മധു. സോമനും സുകുമാരനുമൊക്കെ ഈ ജനുസ്സില്‍ പെടും. നസീറാകട്ടെ. ഗാനരംഗങ്ങള്‍ പരമാവധി ആകര്‍ഷകമാക്കാനാണ് ശ്രമിക്കുക. മുഖത്തെ മാംസപേശികളുടെ ചലനത്തില്‍ പോലും അതീവ ശ്രദ്ധ ചെലുത്തിക്കൊണ്ട്. ശരാശരി ഗാനങ്ങള്‍ പോലും നസീറിന്റെ തന്മയത്വമാര്‍ന്ന അഭിനയത്തിന്റെ പിന്‍ബലത്തോടെ ഹിറ്റുകളായി മാറുന്നു.

ഈ കൂട്ടത്തിലൊന്നും പെടില്ല സത്യന്‍. ഗാനരംഗങ്ങള്‍ അഭിനയിക്കും മുന്‍പ് വരികള്‍ വാങ്ങി കൗതുകത്തോടെ വായിച്ചുനോക്കുന്ന സത്യനെ കുറിച്ച് പി ഭാസ്‌കരന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ``സാഹിത്യത്തോടും കവിതയോടും സംഗീതത്തോടുമൊക്കെ സ്‌നേഹമുള്ള ഒരാള്‍ സത്യന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി കുറച്ചു നല്ല പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു എന്നത് എന്റെ സുകൃതം..'' ഉദയഭാനുവിന്റെ വാക്കുകള്‍.