''സന്യാസിനി'' എന്ന ഗാനം ഒരിക്കലെങ്കിലും മനസ്സില്‍ മൂളാത്ത ഏതു മലയാളിയുണ്ട്? രാജഹംസത്തിലെ (1974) ആ പാട്ടിന്റെ പിറവിക്ക് പിന്നില്‍ വയലാര്‍-ദേവരാജന്‍ യേശുദാസ് സഖ്യത്തിന്റെ ഇന്ദ്രജാല സ്പര്‍ശം മാത്രമല്ല, ഹരിഹരന്‍ എന്ന സംവിധായകന്റെ പ്രതിഭാവിലാസം കൂടിയുണ്ടെന്ന് അറിയുക. 

''ഇന്നും ആ ഗാനം കേള്‍ക്കുമ്പോള്‍ അറിയാതെ നെഞ്ചില്‍ ഒരു ഗദ്ഗദം വന്നു തടയും. എന്റെ മാത്രം അനുഭവമായിരിക്കില്ല ഇത്. മലയാളികളുടെ എത്രയോ തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന പാട്ടാണത്.'' ഹരിഹരന്റെ വാക്കുകള്‍. ''രാജഹംസം'' ആദ്യമായി തിയറ്ററില്‍ ചെന്ന് കണ്ട ദിവസം തന്നെ ആ ഗാനത്തോടുള്ള ജനത്തിന്റെ വൈകാരിക ബന്ധം ബോധ്യമായിരുന്നു ഹരിഹരന്. സ്‌ക്രീനില്‍ നസീര്‍ പാടി അഭിനയിക്കുമ്പോള്‍ എനിക്ക് ചുറ്റുമിരുന്ന പ്രേക്ഷകര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, കണ്ണീരൊപ്പുകയായിരുന്നു. അത്തരമൊരു അനുഭവം നടാടെ ആയിരുന്നു എനിക്ക്.''

സന്യാസിനിയെ ലോകമെങ്ങുമുള്ള മലയാളികളായ നിരാശാകാമുകരുടെ ഹൃദയഗീതമാക്കി മാറ്റിയ ഘടകം എന്തായിരിക്കാം? പ്രധാനമായും വയലാറിന്റെ കാവ്യഭംഗിയാര്‍ന്ന വരികള്‍ തന്നെ. ആ വരികളിലെ വിഷാദത്തെ ഈണം കൊണ്ട് ഒന്നു മൃദുവായി തൊട്ടിട്ടേയുള്ളൂ ദേവരാജന്‍. എത്ര മാന്ത്രികമായിരുന്നു ആ സ്പര്‍ശം! ''പക്ഷേ, നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന വരികള്‍ അല്ല ആ പാട്ടിനു വേണ്ടി വയലാര്‍ ആദ്യമെഴുതിയത്,'' ഹരിഹരന്‍ പറയുന്നു. ''എന്തിനായ് വന്നു നീ എന്നോ മറ്റോ ആയിരുന്നു തുടക്കം. വരികള്‍ക്ക് കാവ്യഭംഗി കുറവല്ലായിരുന്നെങ്കിലും കഥാസന്ദര്‍ഭത്തിന്റെ ഭാവതീവ്രത പൂര്‍ണമായി ഉള്‍ക്കൊള്ളാത്ത പോലെ. ഞാന്‍ ഉദ്ദേശിച്ച മാതിരി ആയില്ലല്ലോ എന്ന് മനസ്സു പറഞ്ഞു. വയലാറിനോട് വലിയ ആരാധനയാണ് അന്നും ഇന്നും. അതുകൊണ്ട് തന്നെ നേരിട്ട് പറയാന്‍ ഒരു സങ്കോചം. രണ്ടു മൂന്നു സിനിമ ചെയ്ത പരിചയമല്ലേ എനിക്കുള്ളൂ. പാട്ട് മാറ്റിയെഴുതാന്‍ പറഞ്ഞാല്‍ അത് അധികപ്രസംഗമായാലോ?'' മടിച്ചു മടിച്ചാണെങ്കിലും തന്റെ ആവശ്യം വിനയപൂര്‍വ്വം വയലാറിന് മുന്നില്‍ അവതരിപ്പിക്കുക തന്നെ ചെയ്തു ഹരിഹരന്‍. ആ 'അധികപ്രസംഗം' കവി ആസ്വദിച്ചിരിക്കണം. മറുത്തൊന്നും പറഞ്ഞില്ല അദ്ദേഹം. 

anantharam sangeethamaayi
അനന്തരം സംഗീതമുണ്ടായി വാങ്ങിക്കാം

അന്ന് ചെന്നൈയില്‍ ആര്‍ കെ ലോഡ്ജിലാണ് ഹരിഹരന്‍ താമസം. സുഹൃത്തും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണനും ഉണ്ട് ഒപ്പം. ''ഒരു ദിവസം രാത്രി ഒന്നരയ്ക്ക് ഒരു ഫോണ്‍. അസമയത്തുള്ള വിളി ആയതുകൊണ്ടാണ് ചെറിയൊരു ആശങ്കയോടെയാണ് ചെന്ന് ഫോണെടുത്തത്. അപ്പുറത്ത് വയലാറിന്റെ ശബ്ദം. മുഖവുരയൊന്നും കൂടാതെ പാട്ടിന്റെ പുതിയ പല്ലവി വായിച്ചുകേള്‍പ്പിക്കുകയാണ് അദ്ദേഹം: സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു, ആരും തുറക്കാത്ത ഗോപുരവാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു.. ഒരു നിമിഷത്തെ മൌനത്തിനു ശേഷം അമര്‍ത്തിയൊന്നു മൂളി കവിയുടെ ചോദ്യം: മതിയോ? ഒന്നും പറയാനാകാതെ നിന്നു ഞാന്‍. അടുത്ത വരികളും വായിച്ചു കേള്‍പ്പിക്കുകയാണ് അദ്ദേഹം..രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍ എന്ന ഭാഗമെത്തിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. ഞാന്‍ ഉദ്ദേശിച്ച ഭാവം എത്ര വികാരതീവ്രമായാണ് വയലാര്‍ വരികളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കാലത്തിന് അപ്പുറത്തേക്ക് വളരാന്‍ പോകുന്ന ഗാനമാണ് അതെന്നു ആ നിമിഷം എന്റെ മനസ്സ് പറഞ്ഞു..''

വരികള്‍ തയ്യാര്‍. ഇനി എല്ലാം സംഗീത സംവിധായകന്റെ കൈകളിലാണ്. പിറ്റേന്ന് തന്നെ ദേവരാജന്‍ മാസ്റ്റര്‍ പാട്ട് കമ്പോസ് ചെയ്തു. പക്ഷെ ഒരു പ്രശ്നം. ചിട്ടപ്പെടുത്തിയ പാട്ട് ആരെയും കേള്‍പ്പിക്കുന്ന പതിവില്ല അദ്ദേഹത്തിന് സംവിധായകനെ പോലും. ഹരിഹരനാണെങ്കില്‍ ട്യൂണ്‍ കേള്‍ക്കാന്‍ വല്ലാത്ത ആകാംക്ഷ. നിര്‍മാതാവായ ഹരിപോത്തനോട് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: അയ്യോ; അതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. ട്യൂണ്‍ നേരത്തെ കേള്‍പ്പിക്കുന്ന പതിവേയില്ല മാഷിന്. റെക്കോര്‍ഡ് ചെയ്ത ശേഷം കേട്ടാല്‍ മതി എന്നാണു അദ്ദേഹത്തിന്റെ പോളിസി. വേണ്ടാത്ത കാര്യം ചോദിച്ച് ചീത്ത കേള്‍ക്കാന്‍ ഞാനില്ല.''

ചെറുപ്പമാണ് ഹരിഹരന്‍. അതുകൊണ്ട് തന്നെ ചങ്കൂറ്റത്തിന് കുറവുമില്ല. ''എന്തായാലും സിനിമ എന്റെതാനല്ലോ. ഗാനത്തിന്റെ മൂഡും ടെമ്പോയും ഒക്കെ അറിഞ്ഞ ശേഷം വേണം ചിത്രീകരണം പ്ലാന്‍ ചെയ്യാന്‍. അതാണ് ആദ്യം മുതലേ എന്റെ രീതി. ''രണ്ടും കല്‍പ്പിച്ചു നേരിട്ട് മാഷെ ചെന്ന് കണ്ടു കാര്യം പറയാന്‍ തീരുമാനിക്കുന്നു ഹരിഹരന്‍. ആവശ്യം ഉണര്‍ത്തിച്ചപ്പോള്‍ അമ്പരപ്പും കൗതുകവും അതിലേറെ ഗൗരവവും ഇടകലര്‍ന്ന മുഖഭാവത്തോടെ സംവിധായകനെ ആപാദചൂഡം നോക്കി മാഷ്. എന്നിട്ടൊരു ചോദ്യം: ''ട്യൂണ്‍ കേട്ടിട്ട് താന്‍ എന്തോ ചെയ്യും?'' ഉത്തരമില്ലായിരുന്നു ഹരിഹരന്. നിമിഷങ്ങളോളം എന്തോ ചിന്തിച്ചിരുന്ന ശേഷം മാഷ് പറഞ്ഞു: ''ശരി, വാ.'' അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ടേപ്പ് റെക്കോര്‍ഡറില്‍ റെക്കോര്‍ഡ് ചെയ്തു വെച്ചിരുന്ന ഈണങ്ങള്‍ ഒന്നൊന്നായി ഹരിഹരനെ കേള്‍പ്പിച്ചു അദ്ദേഹം. ''മാഷിന്റെ ശബ്ദത്തിലാണ് പാട്ടുകള്‍. അല്‍പം പതിഞ്ഞതെങ്കിലും വികാരദീപ്തമായ ആ ശബ്ദത്തില്‍ സന്യാസിനി ഒഴുകിവന്നപ്പോള്‍ ഞാന്‍ സ്വയം മറന്നു. ഇത്രയും ഭാവാര്‍ദ്രമായി ആ ഗാനം പുനരാവിഷ്‌കരിക്കാന്‍ ഏതെങ്കിലും പാട്ടുകാരന് കഴിയുമോ എന്നായിരുന്നു എന്റെ ചിന്ത.''

Buy Books: രവി മേനോൻ രചിച്ച പുസ്തകങ്ങൾ വാങ്ങാം

പാട്ടുകള്‍ മുഴുവന്‍ കേള്‍പ്പിച്ച ശേഷം ദേവരാജന്‍ പറഞ്ഞു: ''ഒരു സിനിമക്ക് പാട്ടുണ്ടാക്കാന്‍ ആരെങ്കിലും വന്നു പറഞ്ഞാല്‍ എടുത്തുചാടി പുറപ്പെടുന്നവനല്ല ഞാന്‍. ആദ്യം തിരക്കഥ മുഴുവന്‍ വായിക്കും. ഗാന സന്ദര്‍ഭങ്ങള്‍ പരിശോധിക്കും. അവിടെ പാട്ടുകള്‍ക്ക് പ്രസക്തിയുണ്ടോ എന്ന് നോക്കും. എല്ലാം ഒത്തുവന്നാലേ കമ്പോസ് ചെയ്യാന്‍ ഇരിക്കൂ. അതുകൊണ്ട് താന്‍ വിഷമിക്കേണ്ട കാര്യമേയില്ല; പാട്ടുകള്‍ നന്നാവും. സമാധാനമായി പൊയ്ക്കോ.'' ഏതു തരം സംഗീതത്തെയും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിവുള്ള മഹാനായ ഒരു കലാകാരന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍ ആയിരുന്നു അവ. പിന്നീട് കുറെയേറെ ചിത്രങ്ങളില്‍ ദേവരാജന്‍ ഹരിഹരനുമായി സഹകരിച്ചു. ഒരിക്കലും ട്യൂണ്‍ കേള്‍ക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും മാഷ് ഇങ്ങോട്ട് വിളിക്കും; ഈണങ്ങള്‍ കേള്‍പ്പിച്ചു തരും. ഹരിഹരന്‍ ചിത്രങ്ങളിലെ ദേവരാജ ഗീതികള്‍ കേട്ടാലറിയാം, ആ കൂട്ടുകെട്ടിന്റെ രസതന്ത്രം: പാതിരാത്തണുപ്പ് വീണു, പനിനീര്‍മഴ, ദന്തഗോപുരം (ഭൂമിദേവി പുഷ്പിണിയായി), സൗരയൂഥ പഥത്തില്‍, കോടനാടന്‍ മലയിലെ (വെള്ളം), രാജസൂയം കഴിഞ്ഞു (അമ്മിണി അമ്മാവന്‍), കണ്ണീര്‍ പൂവേ കമലപ്പൂവേ (ശ്രീമാന്‍ ശ്രീമതി)...

വിജയാ ഗാര്‍ഡന്‍സില്‍ വെച്ചാണ് സന്യാസിനി ഷൂട്ട് ചെയ്തതെന്നോര്‍ക്കുന്നു ഹരിഹരന്‍. യു രാജഗോപാല്‍ ആയിരുന്നു ഛായാഗ്രാഹകന്‍. രാജഗോപാലിനെ കൂടാതെ മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു രാജഹംസത്തില്‍ ക്യാമറമാന്മാരായി ബാലു മഹേന്ദ്ര, മെല്ലി ഇറാനി, രാജാറാം. കെ ടി മുഹമ്മദ് കഥയും തിരക്കഥയും എഴുതിയ ആ ചിത്രം സൂപ്പര്‍ ഹിറ്റായി. ഒപ്പം പാട്ടുകളും ചെമ്പകം പൂക്കുന്ന താഴ്വരയില്‍ (മാധുരി), പച്ചിലയും കത്രികയും (ജയചന്ദ്രന്‍), പ്രിയേ നിന്‍ ഹൃദയമൊരു പിയാനോ (യേശുദാസ്), കേശഭാരം (മനോഹരന്‍) എന്നിവ ഓര്‍ക്കുക.

ഇവിടെ മറ്റൊരു കൗതുകം കൂടി. ഗ്രാമഫോണ്‍ റെക്കോര്‍ഡിന്റെയോ റേഡിയോയുടെയോ പിന്തുണയില്ലാതെ തന്നെ ജനഹൃദയങ്ങള്‍ കീഴടക്കിയവയായിരുന്നു ''രാജഹംസ''ത്തിലെ ഗാനങ്ങള്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ''രാജഹംസ''ത്തില്‍ കേശഭാരം എന്ന ഗാനം പാടിയ മനോഹരന്‍ ആ കഥ ഓര്‍ത്തെടുക്കുന്നതിങ്ങനെ: ''കൊളംബിയ ആണ് അന്നത്തെ പ്രമുഖ റെക്കോര്‍ഡിംഗ് കമ്പനി. രാജഹംസത്തിന്റെ നിര്‍മാതാക്കളായ സുപ്രിയയുടെ കരാറും അവരുമായി തന്നെ. പക്ഷെ കൊളംബിയക്ക് ഒരു കുഴപ്പമുണ്ട്. അലസന്മാരാണ്. റെക്കോര്‍ഡ് പുറത്തിറക്കാന്‍ ചിലപ്പോള്‍ മൂന്നും നാലും മാസം എടുക്കും. ആയിടക്കാണ് പോളിഡോര്‍ എന്നൊരു പുതിയ കമ്പനിയുടെ വരവ്. പില്‍ക്കാലത്ത് തെന്നിന്ത്യയിലെ പ്രമുഖ സിനിമാനടനായി മാറിയ ത്യാഗരാജന്‍ ആണ് തുടക്കത്തില്‍ പോളിഡോറിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ രാജഹംസത്തിന്റെ റെക്കോര്‍ഡ് ഇറക്കിത്തരാം എന്ന് ത്യാഗരാജന്‍ വാക്ക് നല്‍കിയപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ സമ്മതിച്ചു. സുപ്രിയക്ക് കൊളംബിയയുമായി കരാറുള്ള കാര്യം പാവം മാസ്റ്റര്‍ അറിഞ്ഞിരുന്നില്ല. അത് വലിയ പ്രശ്നമായി. കേസായി. കോടതി നടപടികള്‍ നീണ്ടു നീണ്ടു പോയതോടെ പടത്തിന്റെ റെക്കോര്‍ഡ് പുറത്തിറക്കാന്‍ പറ്റാത്ത സ്ഥിതി വന്നു.'' ഇന്നത്തെ പോലെ ടി വിയും ഇന്റര്‍നെറ്റും ഒന്നും സ്വപ്നങ്ങളില്‍ പോലും ഇല്ലാത്ത കാലം. പാട്ടുകള്‍ റേഡിയോയില്‍ വന്നാലേ ശ്രദ്ധിക്കപ്പെടൂ. റെക്കോര്‍ഡ് ഇല്ലാതെ ആകാശവാണി എങ്ങനെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്യും? മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നായി മാറിയ സന്യാസിനി പോലും റേഡിയോയില്‍ കേട്ടിരുന്നില്ല അക്കാലത്ത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ശ്രോതാക്കളുടെ ആവശ്യം ശക്തമായപ്പോള്‍ യേശുദാസിന്റെ ഏതോ ഗാനമേളാ കാസറ്റില്‍ നിന്ന് പകര്‍ത്തിയെടുത്ത 'സന്യാസിനി' ജനത്തെ കേള്‍പ്പിക്കേണ്ടി വന്നു ആകാശവാണിക്ക്. ഏറെ കാലം കഴിഞ്ഞാണ് സിനിമയുടെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് തന്നെ റേഡിയോയിലും ഇന്റര്‍നെറ്റിലും കേട്ട് തുടങ്ങിയത്.''

നടനോ ഗായകനോ ആകാനായിരുന്നു കുട്ടിക്കാലത്ത് ഹരിഹരന്റെ മോഹം. ''തുടങ്ങിയത് പാട്ടുകാരനയിട്ടാണ്. സ്‌കൂളിലെയും പ്രാദേശിക കലാ സംഘടനകളുടെയും ഒക്കെ വേദികളില്‍ മുഹമ്മദ് റഫിയുടെ പാട്ടുകള്‍ സ്ഥിരമായി പാടിയിരുന്നു അന്ന്. പിന്നെ ഒരു ഘട്ടത്തില്‍ നടനുമായി. പല പല നാടകങ്ങളില്‍ അഭിനയിച്ചു. വീട്ടുകാരും കൂട്ടുകാരുമെല്ലാം കരുതിയത് ഞാന്‍ അഭിനയത്തിലോ സംഗീതത്തിലോ ചെന്നു പെടും എന്നായിരുന്നു. അടുത്തിടെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് ബുക്ക് എടുത്തു മറിച്ചുനോക്കിയപ്പോള്‍ രസം തോന്നി. റഫിയെ പോലൊരു മഹാഗായകനും രാജ്കപൂറിനെ പോലൊരു മഹാനടനും ഒക്കെയായി വളരാനാണ് എല്ലാവരുടെയും ആശംസ.'' പക്ഷെ ഹരിഹരന്‍ രണ്ടുമായില്ല (ഇടയ്ക്കൊരിക്കല്‍ സുഹൃത്തായ ഐ വി ശശിയുടെ നിര്‍ബന്ധം മൂലം 'ഈ മനോഹര തീരം' എന്ന ചിത്രത്തില്‍ 'കടമിഴിയിതളാല്‍ കളിയമ്പെയ്യും' എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും); പകരം അറിയപ്പെടുന്ന സംവിധായകനായി; മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചു. പ്രേംനസീറും മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ പ്രഗല്ഭരായ നടന്മാരെ സ്വന്തം സിനിമകളില്‍ അഭിനയിപ്പിച്ചു; യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും പോലുള്ള എത്രയോ പ്രതിഭാധനരായ ഗായകരുടെ ശബ്ദമാധുരി ആ ചിത്രങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തു. ''അതായിരിക്കാം എന്റെ നിയോഗം,''-ഹരിഹരന്‍ ചിരിക്കുന്നു.

എം കൃഷ്ണന്‍ നായര്‍, എ ബി രാജ്, എംഎസ് മണി തുടങ്ങിയവരുടെ സംവിധാന സഹായിയായിരിക്കുമ്പോഴേ നിരവധി ഗാനചിത്രീകരണങ്ങളില്‍ പങ്കാളിയിട്ടുണ്ട് ഹരിഹരന്‍. ആദ്യം ഷൂട്ടിംഗില്‍ സഹകരിച്ച ഗാനരംഗം കളക്ടര്‍ മാലതിയിലെ ''നീലക്കൂവളപ്പൂവുകളോ'' ആണെന്നാണ് ഓര്‍മ്മ. നസീറിന്റെ സൗന്ദര്യം അമ്പരന്നു നോക്കിനിന്നിട്ടുണ്ട് അന്ന്. വയലാര്‍-ബാബുരാജ് സഖ്യത്തിന്റെ മനോഹരഗാനം. ബാബുരാജിനെ കോഴിക്കോട്ടു വച്ചേ അറിയാം. അദ്ദേഹത്തിന്റെ പാട്ടുകളോട് വലിയ ഭ്രമമായിരുന്നു. ഹാര്‍മോണിയം വായിച്ചു ബാബു കമ്പോസ് ചെയ്യുന്നത് കാണാന്‍ വേണ്ടി മാത്രം അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നിരിക്കാറുണ്ടായിരുന്നു. അന്നേ മനസ്സില്‍ ഉറച്ചതാണ്, എന്നെങ്കിലും സ്വതന്ത്രമായി ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതിന്റെ സംഗീതം ബാബുരാജിനെ ഏല്‍പ്പിക്കണമെന്ന്. ലേഡീസ് ഹോസ്റ്റലില്‍ സംഗീത സംവിധായകനായി ബാബുരാജ് വരുന്നത് അങ്ങനെയാണ്. ''എ വി എം തിയറ്ററില്‍ നടന്ന പൂജ എങ്ങനെ മറക്കും? എന്റെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്. ശ്രീകുമാരന്‍ തമ്പി എഴുതി ബാബുരാജ് ഈണമിട്ട ആദ്യത്തെ പാട്ടിന്റെ റെക്കോര്‍ഡിംഗ് നടക്കുന്നു: ചിത്രവര്‍ണ കൊടികളുയര്‍ത്തി ചിത്രശലഭം വന്നല്ലോ, ചിത്തിരപ്പൊന്‍മലരേ എന്റെ ശുക്രദശയും ഉദിച്ചല്ലോ... എല്‍ ആര്‍ ഈശ്വരി പാടിയ ആ പാട്ട് ഇന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നും തമ്പിയുടെ വരികള്‍ എത്ര പ്രവചനാത്മകമായിരുന്നു എന്ന് ആ പടത്തോടെ സത്യത്തില്‍ എന്റെയും ശുക്രദശ ഉദിക്കുകയായിരുന്നു; പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എല്ലാം ഈശ്വര കൃപ.''ഒരു നിമിഷം കണ്ണുകളടച്ച് കൈകൂപ്പുന്നു ഹരിഹരന്‍.

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തിൽ നിന്ന്)