പാടി അഭിനയിക്കുന്നത് ശ്രീനിവാസനാണെന്നും രംഗം കോമഡിയാണെന്നുമറിഞ്ഞപ്പോൾ യേശുദാസിന്റെ ന്യായമായ ചോദ്യം: ``അപ്പോൾ പാട്ടിലും അൽപ്പം തമാശയാകാം. അല്ലേ?'' അതു മാത്രം വേണ്ട ദാസേട്ടാ എന്ന് വിനയത്തോടെ സത്യൻ അന്തിക്കാട്. ``കോമഡിയുടെ നേരിയ അംശം പോലും വേണ്ട പാട്ടിൽ. സീരിയസ് ആയ ഒരു പ്രണയഗാനം പാടും പോലെ പാടിയാൽ മതി. പ്രാണസഖിയും താമസമെന്തേയുമൊക്കെ പോലെ. ഹ്യൂമർ ഞാൻ എങ്ങനെയെങ്കിലും കണ്ടെത്തിക്കൊള്ളാം..'' അമ്പരന്നുപോയിരിക്കണം യേശുദാസ്. ഇത്രയും ആർദ്രമധുരമായ ഒരു ഭാവഗീതത്തിൽ എങ്ങനെ തമാശ കണ്ടെത്തും സംവിധായകൻ?

സത്യൻ അന്തിക്കാടിന്റെ ആ ``കണ്ടെത്തൽ'' ഇന്ന് ചരിത്രത്തിന്റെ ഭാഗം. ``സന്മനസ്സുള്ളവർക്ക് സമാധാന'' (1986) ത്തിലെ ``പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം, പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും, ഭൂമി സുന്ദരം.....'' എന്ന ഗാനം കേൾക്കുമ്പോൾ, ആ രംഗമോർക്കുമ്പോൾ, ചുണ്ടിൽ ചിരി പൊടിയാത്ത ആരുണ്ട് നമുക്കിടയിൽ? ``ചിത്രീകരണത്തിൽ സത്യൻ കൊണ്ടുവന്ന വ്യത്യസ്തത ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ പ്രണയഗാനമായി ഒതുങ്ങിപ്പോയേനെ പവിഴമല്ലി.'' -- പാട്ട് ചിട്ടപ്പെടുത്തിയ ജെറി അമൽദേവ് പറയുന്നു.

മീര (കാർത്തിക)യോടുള്ള ഇൻസ്പെക്ടർ രാജേന്ദ്രന്റെ പ്രേമാഭ്യർത്ഥനയുടെ രൂപത്തിലാണ് സിനിമയിൽ പാട്ടിന്റെ രംഗപ്രവേശം. എറണാകുളം സുഭാഷ് പാർക്കിൽ വെച്ചുള്ള ഗാനചിത്രീകരണം മറക്കാനാവില്ല സത്യന്. ``പ്രേംനസീറിന്റെ കാമുകകഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷവിതാനങ്ങളോടെ ശ്രീനിവാസനെ അവതരിപ്പിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. വെള്ള ജൂബയൊക്കെ ഇട്ട് പ്രണയലോലനായി ഷീലയുടെയോ ജയഭാരതിയുടെയോ ഒക്കെ പിന്നാലെ പാടിനടക്കുന്ന നസീർ സാർ. കോളറിൽ കിന്നരി വെച്ച ഒരു ജൂബ ധരിച്ചുകണ്ടിട്ടുണ്ട് അദ്ദേഹം പല സിനിമകളിലും. ഒരു ടിപ്പിക്കൽ നസീർ ജൂബ. കോസ്റ്റ്യൂമർ അത്തരമൊരു ഇനം തന്നെ ശ്രീനിക്ക് വേണ്ടി സംഘടിപ്പിച്ചു. പക്ഷേ ശ്രീനി അതിട്ടു നോക്കിയപ്പോൾ ഒരു പ്രശ്നം. ഉള്ളതിലും കുറവ് ഉയരം തോന്നുന്നു. അത് അഭംഗിയാകും. അങ്ങനെയാണ് കുറച്ചു ഇറുകിപ്പിടിച്ച ഷർട്ടിലേക്കും പാന്റ്സിലേക്കും മാറുന്നത്. പോലീസ് ഇൻസ്പെക്റ്ററുടെ മസിൽ പിടിച്ചുള്ള നടത്തവും ആംഗ്യവിക്ഷേപങ്ങളും കൂടി ചേർന്നപ്പോൾ സംഭവം ഹിറ്റ്.''

ഗൗരവസ്വഭാവത്തിന് തെല്ലും അയവ് വരുത്താതെയാണ് പവിഴമല്ലി സത്യൻ ചിത്രീകരിച്ചതും. കോമഡിയുടെ അംശം അല്പമെങ്കിലും ഇൻസ്പെക്ടർ രാജേന്ദ്രൻ അണിഞ്ഞ ടൈയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ``വലിയ നടനും സംവിധായകനുമൊക്കെ ആണെങ്കിലും ആൾക്കൂട്ടത്തിന് മുന്നിൽ നിന്ന് അഭിനയിക്കാൻ ഇത്തിരി ചമ്മലുള്ള കൂട്ടത്തിലാണ് ശ്രീനിവാസൻ. റിഹേഴ്സലിൽ പകരം അഭിനയിച്ചത് ഞാനും വിപിൻ മോഹനുമൊക്കെ തന്നെ. പക്ഷേ ഷൂട്ട് തുടങ്ങേണ്ട താമസം കഥാപാത്രമായി മാറി ശ്രീനി. കണ്ടുനിന്ന ഞങ്ങളൊക്കെ വളരെ പണിപ്പെട്ട് ചിരി ഒതുക്കിനിർത്തിയ നിമിഷങ്ങളായിരുന്നു അവ. കാർത്തിക പോലും ചിരിക്കാതിരിക്കാൻ ബുദ്ധിമുട്ടിയിരിക്കണം.''

മുല്ലനേഴി ആദ്യമായി പാട്ടെഴുതുകയായിരുന്നു ഒരു സത്യൻ ചിത്രത്തിൽ. തൃശൂരിലെ സാഹിത്യ സദസ്സുകളിൽ നിറസാന്നിധ്യമായിരുന്ന മുല്ലനേഴിയെ നേരത്തെ തന്നെ അറിയാം സത്യന്. ``ഞാവൽപ്പഴങ്ങ''ളിലെ കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് എന്ന പാട്ടെഴുതിയ കവിയെ കൊണ്ട് എന്നെങ്കിലും സ്വന്തം സിനിമയിൽ എഴുതിക്കണം എന്നത് വലിയൊരു മോഹമായിരുന്നു. അവസരം ഒത്തുവന്നത് സന്മനസ്സുള്ളവർക്ക് സമാധാനത്തിലാണ്. ``പക്ഷേ ഒരു പ്രശ്നമുണ്ട്. ആദ്യം വരികളെഴുതി ഈണമിടുന്ന സമ്പ്രദായത്തിന്റെ ആളാണ് മുല്ലനേഴി എന്നാണ് അറിവ്. ജെറി മാഷാകട്ടെ ഈണമിട്ട് പാട്ടെഴുതിക്കാൻ താല്പര്യമുള്ള ആളും. മുല്ലനേഴിയുടെ കാര്യത്തിൽ ചെറിയ ചില നീക്കുപോക്കുകൾ വേണ്ടിവരും എന്ന് ജെറിയ്ക്ക് ഞാൻ നേരത്തെ തന്നെ മുന്നറിയിപ്പ് കൊടുത്തിരുന്നു. അതൊന്നും ഒരു പ്രശ്നമായി കാണേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.''

മദ്യപാനിയും കലഹക്കാരനുമെന്നൊരു പേരുദോഷമുണ്ട് അന്ന് മുല്ലനേഴിക്ക്. സിനിമയിൽ പാട്ടെഴുതാൻ അധികമാരും വിളിക്കാത്തതും അതുകൊണ്ടുതന്നെ. ``എന്റെ സിനിമയിൽ പാട്ടെഴുതുന്നത് മദ്യപിച്ചുകൊണ്ടാവരുത് എന്ന് കർശന നിർദ്ദേശം കൊടുത്തിരുന്നു മാഷിന്.'' -- സത്യൻ ഓർക്കുന്നു. ``എന്നോടുള്ള സ്നേഹം കൊണ്ടാവണം, ആ വാക്ക് അക്ഷരം പ്രതി പാലിക്കുകയും ചെയ്തു അദ്ദേഹം.''

മുല്ലനേഴിയെ ``പൊക്കാൻ'' വേണ്ടി സംവിധായകനൊപ്പം നടത്തിയ യാത്രകൾ ഇന്നുമുണ്ട് ജെറിയുടെ ഓർമ്മയിൽ. ``ആദ്യം ഒല്ലൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ ആൾ സ്ഥലത്തില്ല. കാലത്ത് എങ്ങോട്ടോ എഴുന്നേറ്റു പോയതാണ്. എവിടേക്ക് എന്ന് പിടിയില്ല ഭാര്യക്ക്. മുൻകൂട്ടി നിശ്ചയിച്ചുള്ള യാത്രകളല്ലല്ലോ അദ്ദേഹത്തിന്റേത്. പിന്നെ ചെന്നുനോക്കിയത് ജോലി ചെയ്യുന്ന സ്കൂളിലാണ്. അവിടെയുമില്ല കക്ഷി. നിരാശരായി തിരിച്ചുപോകേണ്ടി വന്നു ഞങ്ങൾക്ക്. സിനിമയിൽ പാട്ടെഴുതുക എന്നത് വലിയ സംഭവമായി എടുത്തിരുന്നില്ല അദ്ദേഹം എന്ന് വ്യക്തം.''

ഒടുവിൽ ഗാനരചയിതാവുമായുള്ള സംഗീത സംവിധായകന്റെ പ്രഥമസമാഗമം സംഭവിച്ചത് ഒരു ചായക്കടയിൽ. എറണാകുളത്തെ പദ്മ തിയേറ്ററിന് പിന്നിലുള്ള ആ ചായക്കടയിലെ ബെഞ്ചിലിരുന്നാണ് താൻ ചിട്ടപ്പെടുത്തിവെച്ച ഈണം ജെറി മുല്ലനേഴിയെ പാടിക്കേൾപ്പിച്ചത്. `` കറുത്ത് ഉയരം കുറഞ്ഞ ആ കഷണ്ടിക്കാരന് എന്റെ മനസ്സിലെ ഗാനരചയിതാവിന്റെ രൂപമേ ആയിരുന്നില്ല. നാട്ടിൻപുറത്തുകാരനായ ഏതോ കർഷകനെ പോലൊരാൾ. ഈണത്തിന് അനുസരിച്ചു പാട്ടെഴുതാൻ അദ്ദേഹത്തിന് കഴിയുമോ എന്നായിരുന്നു എന്റെ ആശങ്ക. എന്തായാലും ഒരു പരീക്ഷണം നടത്തുക തന്നെ.''

പതിവ് ശൈലിയിൽ ``ടടടടട്ട ടടടടട്ട'' എന്ന മട്ടിൽ പല്ലവിയുടെ ഈണം മൂളിക്കൊടുക്കുന്നു ജെറി. ശ്രദ്ധയോടെ കേട്ട ശേഷം വിനയപൂർവം
മുല്ലനേഴിയുടെ അഭ്യർത്ഥന: ``വിരോധമില്ലെങ്കിൽ ഒന്നുകൂടി പാടിത്തരണം.'' ജെറി വീണ്ടും കേൾപ്പിച്ചു ആ ഈണം. ഭാവഭേദമൊന്നുമില്ല മുല്ലനേഴിയുടെ മുഖത്ത്. മുന്നിലെ ചുടുചായ ഒരിറക്ക് മോന്തിയ ശേഷം കവി പറഞ്ഞു: ``ന്നാൽ, ഇതങ്ങട് എഴുതിയെടുത്തോളു.'' മുല്ലനേഴി പാടിക്കേൾപ്പിച്ച പല്ലവിയിൽ ഒരക്ഷരം പോലുമുണ്ടായിരുന്നില്ല മാറ്റാൻ എന്ന് ജെറി: `പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം, പൂക്കളും പുഴകളും പൂങ്കിനാവിൻ മധുരവും, ഭൂമി സുന്ദരം.....'' രണ്ടു ചരണങ്ങളും പിന്നാലെ വന്നു.

അത്ഭുതമായിരുന്നു ജെറിക്ക്. ഇത്രയും പെട്ടെന്ന് ഈണത്തിനനുസരിച്ചു പാട്ടെഴുതിത്തന്ന അധികം പേരില്ല അദ്ദേഹത്തിന്റെ ഓർമ്മയിൽ. ``എഴുന്നേറ്റു നിന്ന് വന്ദിക്കാതിരിക്കാനായില്ല കവിയെ. തെല്ലൊരു പശ്ചാത്താപവും തോന്നി, ഈ പ്രതിഭാശാലിയെ ആദ്യം വിലകുറച്ചു കണ്ടതിൽ. അടുത്ത പാട്ടിന്റെ ട്യൂണും അനായാസം എഴുതിത്തന്നു അദ്ദേഹം: ``കണ്ണിന് പൊൻകണി കാതിന് തേൻകനി എന്നാലും ഇന്നെന്റെ വിഷപ്പൂവ് നീ..'' ആദ്യവരിയിൽ നായികയെ പ്രശംസിക്കുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് പരിഹാസമാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ മനസ്സ് ഉൾക്കൊണ്ടുതന്നെ ഈണത്തിനനുസരിച്ച് ഔചിത്യമാർന്ന വരികളാണ് മുല്ലനേഴി കുറിച്ചതെന്ന് സത്യൻ അന്തിക്കാട്.

``പാട്ടിന്റെ പല്ലവി കഴിഞ്ഞു ഒരു സംഭാഷണ ശകലം വരുമെന്ന് നേരത്തെ തന്നെ ജെറി മാഷോട് പറഞ്ഞിരുന്നു.''-- സത്യൻ ഓർക്കുന്നു. ``കാക്കിക്കുപ്പായത്തിനുള്ളിൽ ഒരു കവിഹൃദയമുണ്ട്, ഒരു കലാകാരനുണ്ട്, ഒരു ഗായകനുണ്ട് എന്ന് പറഞ്ഞ ശേഷമുള്ള ശ്രീനിവാസന്റെ നടത്തവും ഭാവപ്പകർച്ചയുമെല്ലാം ഈണത്തിന്റെ ചട്ടക്കൂടിൽ മനോഹരമായി ഒതുക്കാൻ കഴിഞ്ഞു അദ്ദേഹത്തിന്. ജെറി മാഷിന്റെ ഈണങ്ങളുടെ പ്രത്യേകതകളിലൊന്ന് ഔചിത്യമാർന്ന ഓർക്കസ്ട്രേഷനാണ്. പാട്ടിന്റെ ആത്മാവിനോട് ചേർന്നുനിൽക്കും ഓരോ വാദ്യോപകരണങ്ങളും. പാട്ട് മൂളുമ്പോൾ ഇടയ്ക്കുള്ള സംഗീതശകലങ്ങളും നമ്മൾ അറിയാതെ മൂളിപ്പോകുന്നത് അതുകൊണ്ടാണ്.''

മുല്ലനേഴിയെക്കൊണ്ട് മറ്റൊരു സിനിമയിൽ കൂടി പാട്ടെഴുതിച്ചു സത്യൻ -- ``നരേന്ദ്രൻ മകൻ ജയകാന്തൻ വക''യിൽ. വേണുഗോപാലും ചിത്രയും വെവ്വേറെ സോളോ ആയി പാടിയ കറുത്ത രാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത് എന്ന ഗാനം ചിട്ടപ്പെടുത്തിയത് ജോൺസൺ. മുല്ലനേഴിയുടെ കവിത്വവും രചനാസിദ്ധിയും പീലിവിടർത്തിനിൽക്കുന്നു ആ പാട്ടിൽ. അതേ സിനിമയിൽ മുല്ലനേഴിയുടെ പഴയൊരു രചന കൂടി ഉപയോഗിച്ചിട്ടുണ്ട് സത്യൻ. മുൻപ് ഒരു ആൽബത്തിന് വേണ്ടി വി കെ ശശിധരൻ ചിട്ടപ്പെടുത്തിയ ``അമ്മയും നന്മയും ഒന്നാണ്, നിങ്ങളും ഞങ്ങളും ഒന്നാണ്'' എന്ന ഗാനം.

അപൂർവപ്രതിഭാശാലിയായ മുല്ലനേഴിയുടെ കഴിവുകൾ അധികം പ്രയോജനപ്പെടുത്താൻ കഴിയാതെ പോയി മലയാളസിനിമക്ക്. ഉത്തരവാദിത്വം നല്ലൊരളവോളം കവിക്ക് തന്നെ. സിനിമ ഒരു പ്രലോഭനമേ ആയിരുന്നില്ല മാഷിന്. ഒരിക്കലും അവസരങ്ങൾക്ക് പിന്നാലെ അലഞ്ഞില്ല അദ്ദേഹം. എങ്കിലും എഴുതിയ പാട്ടുകളിൽ ഭൂരിഭാഗവും സുന്ദര കാവ്യശില്പങ്ങൾ: സൗരയൂഥ പഥത്തിലെന്നോ (വെള്ളം), കറുകറുത്തൊരു പെണ്ണാണ് (ഞാവൽപ്പഴങ്ങൾ), പകലിന്റെ വിരിമാറിൽ (ലക്ഷ്മിവിജയം), മനസ്സൊരു മാന്ത്രികക്കുതിരയായ് (മേള), സ്മൃതികൾ നിഴലുകൾ (സ്വർണ്ണപ്പക്ഷികൾ), കണ്ണാന്തളി മുറ്റം (ഞാനൊന്നു പറയട്ടെ), ഈ പുഴയും സന്ധ്യകളും (ഇന്ത്യൻ റുപ്പീ)..

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്