സന്തയും ജാനകിയും -- ഏതാണ്ടൊരേ കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ വിവിധ ഭാഷകളിലായി തിളങ്ങിനിന്ന ഗായികമാര്‍. സ്വാഭാവികമായും സിനിമയിലെ പാട്ടുപന്തയത്തില്‍ പരസ്പരം മത്സരിക്കാന്‍ വിധിക്കപ്പെട്ടവര്‍. പക്ഷേ ജാനകിയെ ഒരിക്കലും എതിരാളിയായി കണ്ടില്ല വസന്ത. ``നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ജാനകിയോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും. മൂത്ത സഹോദരിയാണ് എനിക്ക് അവര്‍; മാനസഗുരുവും. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജാനകിയുടെ അനിയത്തിയായി ജനിക്കാനാണ് എന്റെ ആഗ്രഹം.'' തന്നെക്കാള്‍ ആറു വയസ്സിന് മൂത്ത ജാനകിയെ വസന്ത ആദ്യം കണ്ടത് 1950 കളുടെ മധ്യത്തില്‍ ഗുണ്ടൂരില്‍ ഒരു ഗാനമേളയ്ക്ക് വന്നപ്പോള്‍. അന്ന് വസന്തക്ക് പത്തോ പതിനൊന്നോ വയസ്സ് പ്രായം. 

ജാനകിയാകട്ടെ സിനിമയില്‍ പാടിത്തുടങ്ങിയിട്ടുമില്ല. പില്‍ക്കാലത്ത് തന്റെ ഭര്‍തൃപിതാവായി മാറിയ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് പരിപാടിയില്‍ പാടാന്‍ വന്നതായിരുന്നു ജാനകി. ചന്ദ്രശേഖരന്‍ മിമിക്രി അവതരിപ്പിക്കും. പരിപാടിയുടെ ഇടവേളകളില്‍ ജാനകി പാടും. അന്ന് ജാനകി പാടിയ പാട്ട് ഇന്നും വസന്തയുടെ കാതിലുണ്ട് -- ജനക് ജനക് പായല്‍ ബാജേയിലെ മേരെ യേ ദില്‍ ബതാ. കോരിത്തരിച്ചിരുന്നു പോയി ആ പാട്ട് കേട്ട്. ഇന്നും, ഈ പ്രായത്തിലും ആ ആത്മഹര്‍ഷം അതേ അളവില്‍ അനുഭവിക്കുന്നു ജാനകിയുടെ ഓരോ പാട്ടു കേള്‍ക്കുമ്പോഴും വസന്ത.

വസന്തയുടെ ഈ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ചോദിച്ചുവാങ്ങി സ്വന്തം കൈ കൊണ്ട് വര്‍ണം പകരുകയായിരുന്നു നല്ലൊരു ചിത്രകാരി കൂടിയായ ജാനകി. ``ഏറെ വിലപ്പെട്ടതാണ് എനിക്ക് ഈ ചിത്രം. സ്‌നേഹം കൊണ്ടാണ് ഈ ചിത്രം അവര്‍ എനിക്ക് പെയിന്റ് ചെയ്ത് തന്നതെന്ന് വിശ്വസിക്കുന്നു ഞാന്‍. കുട്ടിക്കാലത്ത് ജാനകിയുടെ പാട്ട് കേള്‍ക്കുമ്പോള്‍ അവര്‍ക്കൊപ്പം ഒരിക്കല്‍ പാടാന്‍ കഴിയുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല.''-- വസന്ത. സിനിമയില്‍ പിന്നണിഗായികയായി ജാനകിയുടെ അരങ്ങേറ്റം 1957 ലായിരുന്നു. വസന്തയുടേത് 62 ലും. ആദ്യമായി ജാനകിയോടൊപ്പം ഒരു യുഗ്മഗാനം പാടിയത് തെലുങ്ക് ചിത്രമായ ഗുലേബക്കാവലി കഥ (1962) യിലാണെന്ന് ഓര്‍ക്കുന്നു വസന്ത -- ``ഉന്നദി ചെബുദ വിന്താര നേ നന്നദി'' എന്ന ഗാനം. ജോസഫ് -- വിജയ (ജോസഫ് കൃഷ്ണയും വിജയ കൃഷ്ണമൂര്‍ത്തിയും) ആയിരുന്നു സംഗീതസംവിധായകര്‍. . ``തുടക്കക്കാരിയുടെ എല്ലാ വേവലാതിയോടെയുമാണ് ഞാന്‍ അരുണാചലം സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ നിന്നത്. മാത്രമല്ല ഉള്ളിന്റെയുള്ളില്‍ ജാനകിയോടുള്ള കടുത്ത ആരാധനയുമുണ്ട്. പലപ്പോഴും അവര്‍ പാടുന്നത് ആസ്വദിച്ച് എന്റെ ഭാഗം പാടാന്‍ മറന്നുപോകുക വരെ ചെയ്തു അന്ന്. അപ്പോഴെല്ലാം ഒരു ചേച്ചിയെ പോലെ പുറത്തു തട്ടി എന്നെ ആശ്വസിപ്പിച്ചു ജാനകി.''-വസന്തയുടെ വാക്കുകള്‍. ആദ്യ കാലത്ത് എങ്ങനെയാണ് അവരെ അഭിസംബോധന ചെയ്യേണ്ടത് എന്നോര്‍ത്ത് കുഴങ്ങിപ്പോയിട്ടുണ്ട് വസന്ത. അമ്മ, നിങ്ങള്‍ എന്നൊക്കെയാണ് വിളിക്കുക. ഇത് പതിവായപ്പോള്‍ അവര്‍ തന്നെ ഒരിക്കല്‍ പറഞ്ഞു: ``എന്നെ ജാനകി എന്ന് വിളിച്ചാല്‍ മതി. എന്റെ അനിയത്തിമാരെല്ലാം അങ്ങനെയാണ് വിളിക്കുക. നീയും എന്റെ കൊച്ചനിയത്തിയല്ലേ?'' സന്തോഷം കൊണ്ട് മതിമറന്നുപോയ നിമിഷമായിരുന്നു അതെന്ന് വസന്ത.

``മുതലാളി'' ആണ് മലയാളത്തില്‍ വസന്തയുടെ അരങ്ങേറ്റ ചിത്രം. ആദ്യഗാനം പുകഴേന്തിയുടെ സംഗീതത്തില്‍ ജാനകി, ശൂലമംഗലം രാജലക്ഷ്മി എന്നിവര്‍ക്കൊപ്പം പാടിയ ``പുന്നാര മുതലാളി.'' വ്യത്യസ്ത സംഗീത സംവിധായകര്‍ക്കു വേണ്ടി വേറെയും നല്ല പാട്ടുകള്‍ ജാനകിയോടൊപ്പം പാടി വസന്ത. പാവനനാം ആട്ടിടയാ (അന്വേഷിച്ചു കണ്ടെത്തിയില്ല), അനന്തശയനാ അരവിന്ദനയനാ (ഖദീജ), കണ്ണില്‍ മീനാടും (നീലപ്പൊന്മാന്‍), പണ്ട് നമ്മള്‍ കണ്ടിട്ടില്ല (തറവാട്ടമ്മ) എന്നിവ ഓര്‍ക്കുക. ``ശരിക്കും ഒരു പെര്‍ഫെക്ഷനിസ്റ്റ് ആണ് ജാനകി. എത്ര പാടിയാലും മതിയാവില്ല. സംഗീത സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവരും ഓക്കേ ചെയ്താലും ജാനകി വീണ്ടും പാടിക്കൊണ്ടേയിരിക്കും. ഞങ്ങള്‍ ഒരുമിച്ചുള്ള പാട്ടുകള്‍ പത്ത് ടേക്ക് വരെ നീണ്ടു പോയിട്ടുണ്ട്. എനിക്ക് പരാതിയൊന്നുമില്ലായിരുന്നു. അത്രയും തവണ അവര്‍ പാടുന്നത് കേട്ടുകൊണ്ടിരിക്കാമല്ലോ.'' ശബ്ദ നിയന്ത്രണം, ഉച്ചാരണശുദ്ധി, ശ്രുതി ശുദ്ധി തുടങ്ങി ആലാപനത്തിന്റെ സര്‍വ മേഖലകളിലും താന്‍ മാതൃകയാക്കിയത് ജാനകിയെ ആയിരുന്നു എന്ന് തുറന്നു സമ്മതിക്കാന്‍ മടിയില്ല വസന്തക്ക്. ``പാടുമ്പോള്‍ മൈക്കുമായി എത്ര അകലം പാലിക്കണം എന്ന് പോലും എന്നെ പഠിപ്പിച്ചത് ജാനകിയാണ്. അതുപോലെ ചില പ്രത്യേക അക്ഷരങ്ങള്‍ ഓരോ ഭാഷയിലും ഉച്ചരിക്കുമ്പോള്‍ വരുത്തേണ്ട വ്യത്യാസം... അങ്ങനെ സൂക്ഷ്മമായ ഒട്ടേറെ കാര്യങ്ങള്‍..'' ഇന്ത്യന്‍ സിനിമയില്‍ ഇത്രയും ശ്വാസനിയന്ത്രണമുള്ള ഗായികമാര്‍ വേറെയില്ലെന്ന് തറപ്പിച്ചു പറയുന്നു വസന്ത. മൂന്നു നാല് വരി ഒറ്റയടിക്ക് ശ്വാസം പിടിച്ചുകൊണ്ട് അനായാസം അവര്‍ പാടുന്നത് കേട്ടാല്‍ അത്ഭുതം തോന്നും. മുഖത്ത് ഒരു ഭാവഭേദവും ഉണ്ടാവില്ല അപ്പോള്‍. പാട്ടാകട്ടെ ഭാവപൂര്‍ണമായിരിക്കുകയും ചെയ്യും. ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ഒരാളാണ് അങ്ങനെ പാടുന്നത് എന്നോര്‍ക്കണം. ദൈവത്തിന്റെ വരദാനം തന്നെയാണ് ജാനകിയുടെ സംഗീതം.

ചെന്നൈ വിട്ട് ജാനകി കുറച്ചു കാലം മുന്‍പ് ഹൈദരാബാദിലേക്ക് താമസം മാറ്റിയപ്പോള്‍ ഏറ്റവും ദുഃഖിച്ചത് വസന്ത തന്നെ. ``കുടുംബത്തിലെ അടുത്ത ഒരംഗം യാത്ര പറഞ്ഞു പിരിഞ്ഞ പോലെ തോന്നി. ഞങ്ങള്‍ തമ്മില്‍ പങ്കുവെക്കാത്ത രഹസ്യങ്ങള്‍ ഒന്നുമില്ല. എന്റെ ചെറിയൊരു ഭാവമാറ്റം പോലും അവര്‍ക്ക് എളുപ്പം മനസ്സിലാകും. തിരിച്ചും അങ്ങനെ തന്നെ. ചെന്നൈയില്‍ വരുമ്പോഴെല്ലാം എന്റെ വീട്ടില്‍ വന്നു താമസിക്കാറുണ്ട് ജാനകി. പഴയ കാലം, കഥകള്‍, വ്യക്തികള്‍ എല്ലാം ഞങ്ങളുടെ സംസാരത്തില്‍ കടന്നുവരും. ജാനകി പാട്ടു നിറുത്തുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി. സംഗീതത്തെ ജീവിതം തന്നെയായി കാണുന്ന ഒരാള്‍ക്ക് എങ്ങനെ പാടാതിരിക്കാനാകും? പഴയ പോലെ ആത്മവിശ്വാസം തോന്നുന്നില്ല എന്നാണു അവര്‍ പറഞ്ഞത്. ഒരു ആയുഷ്‌കാലത്തേക്കുള്ള പാട്ടുകള്‍ മുഴുവന്‍ പാടിക്കഴിഞ്ഞു. ഇനി വയ്യ; വിശ്രമിക്കട്ടെ. ആ വാക്കുകള്‍ അവരുടെ ഹൃദയത്തില്‍ നിന്ന് ഒഴുകി വന്നതായിരുന്നു. സത്യം മാത്രമേ ജാനകിക്ക് പറയാനാകൂ. തമാശയ്ക്ക് പോലും ആരെയും വാക്കുകള്‍ കൊണ്ട് നോവിക്കില്ല അവര്‍. അവരുടെ ശബ്ദം പോലെ തന്നെ സുതാര്യമാണ് ആ വ്യക്തിത്വവും.'' ജാനകിയെ കുറിച്ച് സംസാരിച്ചു മതിയാകുന്നില്ല വസന്തയ്ക്ക്.

വസന്തയുടെ വാക്കുകള്‍ക്ക് മുന്‍പില്‍ വിനയാന്വിതയാകുന്നു എസ് ജാനകി. ഇത്രയൊക്കെ സ്‌നേഹിക്കപ്പെടാന്‍ തനിക്ക് യോഗ്യതയുണ്ടോ എന്നാണവരുടെ സംശയം. മുന്‍ഗാമികളില്‍ നിന്ന് ലഭിച്ച സ്‌നേഹവും വാത്സല്യവും അതെ അളവില്‍ പിന്‍ഗാമികളിലേക്ക് പകരാന്‍ ശ്രമിച്ചിട്ടേയുള്ളൂ താന്‍ എന്ന് എളിമയോടെ പറയുന്നു ജാനകി. സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ ലഭിച്ച ആ കരുതല്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ എസ് ജാനകി എന്ന ഗായിക തന്നെ ഉണ്ടാകുമായിരുന്നില്ല. സിനിമ ഇന്നത്തെ പോലെ കടുത്ത മത്സരങ്ങളുടെ വിളനിലമായിരുന്നു അന്നും. പക്ഷേ വാശിയേറിയ ആ പന്തയത്തിനിടയിലും മനസ്സിലെ നന്മയുടെ വെട്ടം കെടാതെ സൂക്ഷിച്ചു ചിലരെങ്കിലും. ``പി ലീലയെ മറക്കാനാവില്ല. തനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ക്ലാസിക്ക് പാട്ടാണ് അവര്‍ തുടക്കക്കാരി മാത്രമായിരുന്ന എനിക്ക് വച്ചുനീട്ടിയത്. അന്നെന്നെ നേരിട്ട് പരിചയം പോലുമില്ല അവര്‍ക്ക്. നാളെ ഈ ഗായിക തനിക്കൊരു വെല്ലുവിളിയാകും എന്ന ചിന്തയൊന്നും അവരെ അലട്ടിയതുമില്ല. ആ പാട്ട് പാടി ഫലിപ്പിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണ്, ജാനകി എന്ന പുതിയ ഗായികയെ കൊണ്ട് പാടിച്ചാല്‍ നന്നാകും എന്ന് സംഗീത സംവിധായകന്‍ എസ് എം സുബ്ബയ്യാ നായിഡുവിനോട് തുറന്നുപറയാനുള്ള ആര്‍ജവം കാണിച്ചു ലീല. അതാണ് ഏറ്റവും ആത്മാര്‍ഥമായ സ്‌നേഹം എന്ന് ഞാന്‍ കരുതുന്നു.'' നിറഞ്ഞ മനസ്സോടെ ലീല അന്ന് സമ്മാനിച്ച പാട്ടാണ് ജാനകിയുടെ സംഗീത ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായത് എന്നു കൂടി അറിയുക -- കൊഞ്ചും സിലങ്കൈയിലെ ``ശിങ്കാരവേലനേ ദേവാ...''

കാലം മാറുന്നു. സിനിമാലോകവും. നന്മ നിറഞ്ഞ ഈ കൊച്ചു കൊച്ചു ഓര്‍മകള്‍ക്ക് മാത്രം മാറ്റു കുറയുന്നില്ല. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു അവ.

(പാട്ടെഴുത്തില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights : s janaki vasantha ravi menon pattezhuthu