വാതിലും ജനലുകളും അടച്ചു കുറ്റിയിട്ടു ആദ്യം;  പിന്നെ കിടപ്പുമുറിയുടെ ഏകാന്ത മൂകതയിലേക്ക് ലതാ മങ്കേഷ്‌കരെ ആവാഹിച്ചു വരുത്തി. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകളുടെ അനുസ്യൂതമായ ഒഴുക്ക്. ഇടയ്‌ക്കെവിടെയോ വെച്ച് ആ നാദപ്രവാഹത്തില്‍ മറ്റൊരു ഈണമായി  ലയിച്ചു ചേരുന്നു സിഷ്ടല ശ്രീരാമമൂര്‍ത്തി ജാനകി. വടക്കിന്റെയും തെക്കിന്റെയും വാനമ്പാടികള്‍ ഹൃദയം കൊണ്ട് ഒന്നായ മുഹൂര്‍ത്തം.
 
ലതാജിയ്‌ക്കൊപ്പം'' താന്‍ പാടി റെക്കോര്‍ഡ് ചെയ്ത പാട്ടുകളുടെ ശേഖരം, പതിനഞ്ചു വര്‍ഷം മുന്‍പ്  ചെന്നൈ നീലാങ്കരയിലെ വീട്ടില്‍ വെച്ച് സ്‌നേഹപൂര്‍വ്വം സമ്മാനിക്കെ, എസ്  ജാനകിയുടെ മുഖത്തു വിരിഞ്ഞ തെല്ലു സങ്കോചം കലര്‍ന്ന പുഞ്ചിരി ഓര്‍മ്മയുണ്ട്.പഴയ കുറെ ഹിന്ദി പാട്ടുകളാണ്; ഞാന്‍ പാടിയത്. അത്ര നന്നായിട്ടൊന്നുമില്ല. അധികമാരേയും കേള്‍പ്പിക്കാതിരുന്നാല്‍ നന്ന്...'' ജാനകിയമ്മ പറഞ്ഞു. അത്ഭുതമായിരുന്നു എനിക്ക് .  ലതാജിയും ജാനകിയമ്മയും ചേര്‍ന്ന് ഏതെങ്കിലും ഭാഷയില്‍ യുഗ്മ ഗാനം പാടി റെക്കോര്‍ഡ് ചെയ്തതായി അറിവില്ല. പിന്നെങ്ങനെ സംഭവിച്ചു  ഈ അപൂര്‍വ സംഗമം ? 

ഞങ്ങള്‍ ഒരുമിച്ചു പാടിയതല്ല,'' എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ജാനകി ചിരിച്ചു. ലതാജി പാടിയത് മുംബൈയിലെ ഏതോ സ്റ്റുഡിയോയില്‍ വെച്ച്; ഞാന്‍ എന്റെ വീട്ടിലെ കിടപ്പ് മുറിയിലും... '' കാസറ്റിനു പിന്നിലെ  കൌതുകമുള്ള കഥ ജാനകിയുടെ വാക്കുകളില്‍ തന്നെ കേള്‍ക്കുക: 1965 ലോ 66 ലോ ആണെന്നാണ് ഓര്‍മ്മ. ഞാന്‍  സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതേയുള്ളൂ. ലതാജിയുടെ പാട്ടുകളോട് കടുത്ത സ്‌നേഹമാണ് അന്ന്.  അവരുടെ എല്ലാ പാട്ടുകളും എനിക്ക് മനപാഠം. എകാന്തതയില്‍ ആ പാട്ടുകളില്‍ മുഴുകി സ്വപ്നം കണ്ടിരിക്കുകയായിരുന്നു പ്രധാന ഹോബി. അക്കാലത്ത് ഉള്ളില്‍  തോന്നിയ  മോഹമാണ് ലതയുടെ പാട്ടുകള്‍ സ്വയം പാടി റെക്കോര്‍ഡ് ചെയ്യണമെന്ന്; അതും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ. ഇന്നത്തെ പോലെ കരോക്കെ സംവിധാനമൊന്നും ഇല്ല അന്ന്. പിന്നെന്തു ചെയ്യും? ''

s janaki
 
പെട്ടെന്നാണ് ഒരു  പോംവഴി  മനസ്സില്‍ തടഞ്ഞത്  വീട്ടില്‍  എച്ച് എം വിയുടെ ഗ്രാമഫോണ്‍ ഉണ്ടായിരുന്നു; ഒരു കൊച്ചു ടേപ്പ് റെക്കോര്‍ഡറും. ആദ്യം ഗ്രാമഫോണില്‍ ലതാജിയുടെ ഹിറ്റ് ഗാനങ്ങളുടെ എല്‍പി റെക്കോര്‍ഡ് വെച്ചു. പിന്നെ ടേപ്പ് ഓണ്‍ ചെയ്തു. പാട്ടില്‍ ലതാജി പാടുന്ന ഭാഗം എത്തുമ്പോള്‍  ഗ്രാമഫോണിന്റെ ശബ്ദം  കുറയ്ക്കും. പകരം അതേ വരികള്‍  ഞാന്‍ ഏറ്റു പാടും. ഉപകരണ സംഗീതത്തിന്റെ ഭാഗം എത്തുമ്പോള്‍ വോള്യം കൂട്ടും. പിന്നെയും ലതാജിയുടെ ശബ്ദം വരുമ്പോള്‍  പകരം എന്റെ പാട്ട്... പശ്ചാത്തല സംഗീതം ഒറിജിനല്‍ തന്നെ; ശബ്ദം മാത്രം എന്റേത്. ഒന്നും രണ്ടുമല്ല 26 പാട്ടുകളാണ് അങ്ങനെ ഞാന്‍ റെക്കോര്‍ഡ് ചെയ്തത്. അത്ര പെര്‍ഫെക്റ്റ് ഒന്നുമല്ല. ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ ലതാജിയുടെ ശബ്ദവും കേള്‍ക്കാം.  നല്ല ജാള്യത ഉണ്ടായിരുന്നത് കൊണ്ട് അധികമാരെയും കേള്‍പ്പിച്ചില്ല. പത്തു മുപ്പത്തഞ്ചു കൊല്ലത്തിനു ശേഷം അടുത്തൊരു ദിവസം വെറുതെ പഴയ കാസറ്റ് എടുത്തു കേട്ട് നോക്കിയപ്പോള്‍ രസം തോന്നി-- അത്ര മോശമൊന്നുമായില്ലല്ലോ എന്നൊരു തോന്നല്‍. എന്തായാലും കേട്ട് അഭിപ്രായം പറയണം...''

ഒന്നല്ല, ഒരു നൂറു തവണയെങ്കിലും കേട്ടിട്ടുണ്ടാകും ആ പാട്ടുകള്‍... എന്റെ സംഗീത ശേഖരത്തിലെ അമൂല്യ നിധികളില്‍ ഒന്ന്. 1950 കളിലും 60 കളുടെ തുടക്കത്തിലുമായി ലതാജി ശബ്ദം നല്‍കി അനശ്വരമാക്കിയ ഗാനങ്ങള്‍  ജാനകി അതേ സ്വരമാധുരിയോടെ, ഭാവാര്‍ദ്രതയോടെ പുനരാവിഷ്‌കരിക്കുന്നു : ജ്യോതി കലശ്, മേരെ മെഹബൂബ് തുജേ, വോ ഭൂലീ ദാസ്താന്‍, കഭി തോ മിലോഗേ ജീവന്‍ സാഥി, എഹസാന്‍ തേരാ ഹോഗാ മുജ് പര്‍, തേരാ മേരാ പ്യാര്‍ അമര്‍, രംഗീലാ രേ, ഓ മേരെ പ്യാര്‍ ആജാ, സാവരെ സാവരെ, ഗുംനാം ഹേ, വോ ദില്‍ കഹാം സെ ലാവൂം, ജൂം ജൂം ഡല്‍തീ രാത്, അജീ രൂട്ട് കര്‍ അബ് കഹാം ജായേഗാ,  ചന്ദന്‍ സപദന്‍, അല്ലാ തേരോ നാം, സയനോരാ, നാ മാനു  നാ മാനു നാ മാനു രേ.... എല്ലാം ക്ലാസിക്കുകള്‍. അനുരാധ (1960 )എന്ന ചിത്രത്തിന് വേണ്ടി പണ്ഡിറ്റ് രവിശങ്കറിന്റെ ഈണത്തില്‍ ലതാജി പാടിയ സാവരെ സാവരെ കാഹേ മോ സേ എന്ന  മനോഹര ഗാനം ജാനകി പുനരാവിഷ്‌കരിച്ചത് കേട്ടപ്പോള്‍, സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത  ഒരാളാണ് അത് പാടിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. 1960 കളിലെ ജാനകിയാണെന്ന് ഓര്‍ക്കണം. ശബ്ദത്തിന്റെ അകൃത്രിമ സൗന്ദര്യം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന കാലം. പാടുന്നത് ലതാജിയുടെ ഗാനങ്ങളെങ്കിലും അവയില്‍ ഓരോന്നിലും സ്വന്തം ആലാപന മുദ്ര ചാര്‍ത്താന്‍ മറന്നിട്ടില്ല ജാനകി. അന്നത്തെ ജാനകിയില്‍ നിന്ന് അന്നത്തെ ലതാ മങ്കേഷ്‌കറിലേക്ക് ഏറെ ദൂരമൊന്നും ഇല്ലല്ലോ എന്നാണു പെട്ടെന്ന് തോന്നിയത്. ഉച്ചാരണം പോലും കിറുകൃത്യം. അക്കാര്യം ഗായികയോട് നേരിട്ട്   പറയുകയും ചെയ്തു.

അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി. "ശരിയായിരിക്കാം. പക്ഷെ ലതാജി വടക്കും നമ്മള്‍ ഇങ്ങു തെക്കുമായി പോയില്ലേ?'' നിരാശയുടെ നേര്‍ത്ത ലാഞ്ഛനയുണ്ടായിരുന്നോ ജാനകിയുടെ  ശബ്ദത്തില്‍? ഓര്‍മ്മ വന്നത് അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ വാക്കുകളാണ്: ജാനകിയെ തെക്കേ ഇന്ത്യയുടെ ലതാ മങ്കേഷ്‌കര്‍  എന്ന് പലരും വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട് . അത് ഒരു തരം താഴ്ത്തിക്കെട്ടലാണ്. ലതാജിയെ വടക്കിന്റെ ജാനകി എന്ന് ആരും വിശേഷിപ്പിക്കാറില്ലല്ലോ. ഹിന്ദിയില്‍ അധികം പാടിയില്ല എന്നത് കൊണ്ട് ജാനകി ദേശീയ ഗായിക ആകാതിരിക്കുന്നില്ല. ഇത്തരം താരതമ്യങ്ങള്‍ അനാവശ്യമാണ് എന്നാണു എന്റെ അഭിപ്രായം. ജാനകിയെ ജാനകിയായും ലതയെ ലതയായും കണ്ടാല്‍ മതി നമുക്ക്. ആരും ആര്‍ക്കും പകരമാവില്ല...''  (ജാനകി സ്വന്തം വീട്ടിലിരുന്ന് പാടി റെക്കോര്‍ഡ് ചെയ്ത ലതാജിയുടെ 'അല്ലാ തേരോ നാം' എന്ന ഗാനം ഈ ലേഖനത്തോടൊപ്പം കേള്‍ക്കാം).

Content Highlights: S janaki, Lata Mangeshkar, rare collection of Hindi song, Indian Legendary singers