'സ്വർണസ്പർശ'മുള്ള  പരസ്യ ജിംഗിളുകളുടെ പ്രളയമാണ്  മലയാളത്തിൽ. ആഭരണശാലകൾ തമ്മിലുള്ള കഴുത്തറുപ്പൻ പോരാട്ടം പരസ്യ കാമ്പയ്നുകളിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.   പരസ്യങ്ങളിൽ മത്സരം  കുറെ കൂടി സർഗാത്മകം ആണെന്ന്  മാത്രം. മലയാള സിനിമയിലെ തിരക്കേറിയ ഗാനസ്രഷ്ടാക്കളിൽ  പലരും പരസ്യ ജിംഗിൾ രംഗത്തും സജീവമാണിന്ന്. 

``നല്ല ഭാഷാജ്ഞാനവും നമ്മുടെ സംസ്കാരത്തെ കുറിച്ചുള്ള അറിവും ഉണ്ടെങ്കിൽ മലയാളികൾ എളുപ്പം സ്വീകരിക്കുന്ന ഒരു പരസ്യ ഗീതം സൃഷ്ടിക്കുന്നതിനു പ്രയാസമുണ്ടാവില്ല എന്നാണ് എന്റെ അനുഭവം,'' സിനിമാഗാനങ്ങളിലും ആൽബംരംഗത്തും സാന്നിധ്യം അറിയിച്ച ശേഷം പരസ്യ മേഖലയിൽ എത്തിയ ഗാനരചയിതാവ് ആർ കെ ദാമോദരൻ പറയുന്നു. ഒന്നര പതിറ്റാണ്ടോളമായി ടെലിവിഷൻ ചാനലുകളിലൂടെ പതിവായി മലയാളിയെ തേടി എത്തുന്ന ഭീമ ജ്വല്ലറിയുടെ ``പെണ്ണായാൽ പൊന്നു വേണം'' എന്ന പരസ്യം സൃഷ്ടിച്ചത് ആർ കെ ദാമോദരനും ബേണി-ഇഗ്നേഷ്യസും ചേർന്നാണ്.  1996 ലാണ് ജിംഗിളിന്റെ ആശയവുമായി മുദ്ര കമ്മ്യൂണിക്കേഷൻസുകാർ ദാമോദരനെ സമീപിച്ചത്. അതിനു മുൻപ് ഒന്നോ രണ്ടോ പരസ്യങ്ങൾക്ക് വേണ്ടി രചന നടത്തിയ പരിചയമേ ഉള്ളൂ. ആശയം വിശദീകരിച്ചു കേട്ടപ്പോൾ ദാമോദരൻ ഒരു നിർദേശം മുന്നോട്ടു വെച്ചു. നമുക്ക് തെക്കൻ പാട്ടിനെ കൂട്ട് പിടിച്ചാലോ? 

വടക്കൻ പാട്ട് അറിയാത്തവർ ഉണ്ടാവില്ല. പക്ഷെ തെക്കൻ പാട്ട് അത്ര പ്രശസ്തമല്ല. പെണ്ണായാൽ പൊന്നു വേണം എന്നെഴുതുമ്പോൾ ആലായാൽ തറവേണം എന്ന് തുടങ്ങുന്ന പരമ്പരാഗത തെക്കൻ പാട്ടായിരുന്നു മനസ്സിൽ. മറ്റു വരികൾ പിന്നാലെ വന്നു: പൊന്നും കുടമായിടേണം/പത്തരമാറ്റവൾക്കെകാൻ/ഭീമ തൻ സ്വർണം ചാർത്തിടേണം. ഉണ്ണിമേനോന്റെ ശബ്ദത്തിലാണ് ആദ്യം ആ ജിംഗിൾ റെക്കോർഡ്‌ ചെയ്തത് എന്നോർക്കുന്നു ദാമോദരൻ. പിന്നെ മറ്റു പലരും പാടി. ഇപ്പോൾ കേൾക്കുന്ന റീമിക്സ് കാർത്തിക്കിന്റെ സ്വരത്തിലാണ്. ``ഗായകരും ദൃശ്യങ്ങളും ഒക്കെ മാറി മാറി വന്നിട്ടും പാട്ട് ഉപേക്ഷിക്കാൻ അവർ തയ്യാറായിട്ടില്ല. അതൊരു അംഗീകാരമായി തന്നെ ഞാൻ കരുതുന്നു.''

രാജു റഹിം എന്ന ചിത്രത്തിന്  വേണ്ടി എം കെ അർജുനന്റെ ഈണത്തിൽ ``രവിവർമ ചിത്രത്തിൻ രതിഭാവമേ'' എന്ന ഹിറ്റ്‌ ഗാനം എഴുതിക്കൊണ്ട്  കടന്നു വന്ന ദാമോദരൻ  സിനിമയിലും ഭക്തിഗാന ആൽബങ്ങളിലുമായി നിരവധി മികച്ച ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ``പക്ഷെ എൻറെ സിനിമാ പാട്ടുകളെക്കാൾ  മലയാളി കേട്ടിരിക്കുക ഭീമയുടെ  പരസ്യഗാനം ആയിരിക്കും. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി ദിവസം ഒരു ചാനലിലെങ്കിലും ആ പരസ്യം വരാതിരുന്നിട്ടില്ല. നിർഭാഗ്യവശാൽ ജിംഗിളുകളുടെ യഥാർത്ഥ സ്രഷ്ടാക്കൾക്ക് പലപ്പോഴും അതിന്റെ ക്രെഡിറ്റ് ലഭിക്കാറില്ല. ഒരു സർഗ സൃഷ്ടി എന്ന നിലയ്ക്ക് ആരും അവയെ ഗൗരവത്തോടെ കാണാറുമില്ല. അത് കഷ്ടം തന്നെയാണ്.'' സിനിമാ പാട്ടെഴുത്ത് പോലെ, ഒരു പക്ഷെ അതിനേക്കാൾ, ഉത്തരവാദിത്തമുള്ള ജോലിയാണ് ജിംഗിൾ രചനയും എന്ന് വിശ്വസിക്കുന്ന ദാമോദരൻ   പറയുന്നു.

``പെണ്ണായാൽ പൊന്നു വേണം എന്ന വരി പലരെയും ധാർമിക രോഷം കൊള്ളിച്ചതായി അറിയാം; പ്രത്യേകിച്ച് സ്ത്രീപക്ഷ എഴുത്തുകാരെ.  കുറച്ചുകാലം മുൻപ്  കെ ആർ ഗൗരിയമ്മ ഒരു പ്രസംഗത്തിൽ ആ പരസ്യത്തെ പരാമർശിച്ചു സംസാരിച്ചിരുന്നു. സ്ത്രീയ്ക്ക്  സ്വർണം നിർബന്ധമാണ്‌ എന്ന കാഴ്ചപ്പാടിനോട് വ്യക്തിപരമായി എനിക്കും യോജിപ്പില്ല. പരസ്യ ജിംഗിളിൽ പ്രതിഫലിക്കുന്നത് നമ്മുടെ വിശ്വാസ പ്രമാണം ആകണമെന്നില്ലല്ലോ.  ഒരു പ്രൊഫഷണൽ സൃഷ്ടി മാത്രമാണത്. ദൈവവിശ്വാസി അല്ലാത്ത വയലാർ അല്ലേ മലയാളത്തിലെ ഏറ്റവും മികച്ച ഭക്തിഗാനങ്ങൾ പലതും എഴുതിയിട്ടുള്ളത്?'' ദാമോദരൻ ചോദിക്കുന്നു.

 സ്ത്രീധനം (1993) എന്ന ചിത്രത്തിന് വേണ്ടി മുൻപെഴുതിയ ഗാനത്തിന്റെ വരികൾ ഓർമ്മയിൽ നിന്ന് മൂളുന്നു അദ്ദേഹം: ``സ്ത്രീയെ മഹാലക്ഷ്മി എന്നറിയാതെ സ്ത്രീധനം ചോദിക്കുമാചാരം, പുരുഷാർത്ഥങ്ങളെ കൈവെടിയുന്നോരു പൗരുഷം, പുണ്യമാം ധന്യമാം ദാമ്പത്യ ശാപഭാരം..''  എസ് പി വെങ്കിടേഷിന്റെ ഈണത്തിൽ യേശുദാസ് പാടിയ ഈ പാട്ടിന്റെ ചരണത്തിൽ സ്ത്രീയെ ധനമെന്ന വേദാന്ത ചിന്തയിൽ സ്ത്രീധനം ബീഭത്സ ഭാവമല്ലോ എന്നും എഴുതിയിട്ടുണ്ട് ദാമോദരൻ. ``അത് ആ സിനിമയിലെ കഥാപാത്രത്തിന്റെ ആത്മഗതമാണ്. അല്ലാതെ എന്റെ ആത്മപ്രകാശനമല്ല. ഗാനരചന ഒരു പ്രൊഫഷൻ ആകുമ്പോൾ ഇത്തരത്തിൽ വൈരുദ്ധ്യമാർന്ന പാട്ടുകളും നമുക്കെഴുതേണ്ടി വരും. അതൊക്കെ കവിയുടെ വിശ്വാസങ്ങളും വീക്ഷണങ്ങളുമായി വിലയിരുത്തുന്നത് കഷ്ടമാണ്..''

Content Highlights : RK Damodaran Berny Ignatius Bhima jwellery Jingle