സിനിമയില്‍ കാമുകിയെ ഓര്‍ത്ത് കാമുകന്‍ പാടേണ്ട പാട്ട്. മൃദുപാദപതനങ്ങളോടെ ലജ്ജാവിവശയായി നടന്നുവരുന്ന കാമുകിയെ അല്ല; കുളിമുറിയില്‍ കയറി വാതിലടച്ച് വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചുമാറ്റുന്ന കാമുകിയെ. `ഇതിത്തിരി കടുപ്പം തന്നെ' എന്ന് ഉള്ളില്‍  പറഞ്ഞു തുടക്കക്കാരനായ, മീശ മുളയ്ക്കാത്ത പാട്ടെഴുത്തുകാരന്‍. പിന്നെ വെണ്മണി പ്രസ്ഥാനത്തിന്റെ സകല ആചാര്യന്മാരെയും  മനസ്സില്‍ ധ്യാനിച്ച് പാട്ടിന്റെ പല്ലവി എഴുതി: ``രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ, രഞ്ജിനി രാഗത്തിന്‍ രോമഞ്ചമേ, സര്‍പ്പ സൗന്ദര്യമേ നിന്നിലെന്‍ പൗരുഷം സംഗമപ്പൂ വിടര്‍ത്തും പ്രേമത്തിന്‍ കുങ്കുമപ്പൂ വിടര്‍ത്തും...''

നാല് പതിറ്റാണ്ടിനിപ്പുറത്തു നിന്നുകൊണ്ട് ആ പാട്ട് പിറന്നുവീണ നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അന്നത്തെ 21 വയസ്സുകാരന് ആഹ്ലാദം കലര്‍ന്ന അത്ഭുതം മാത്രം. 'നൂറു കണക്കിന് പാട്ടുകള്‍ സിനിമക്കുവേണ്ടിയും അല്ലാതെയും എഴുതിയിട്ടുണ്ടെങ്കിലും നല്ലൊരു വിഭാഗം ആളുകള്‍ എന്നെ ഇന്നും തിരിച്ചറിയുക രവിവര്‍മ്മ ചിത്രത്തിന്റെ രചയിതാവായാണ്'- ആര്‍ കെ ദാമോദരന്‍ പറയുന്നു.  `രതികല്‍പ്പനകള്‍ നിറഞ്ഞ പാട്ടായിരുന്നു അത്. തിരണ്ടുനില്‍ക്കുന്ന താരുണ്യവും വെണ്മണി ശ്ലോകത്തിന്‍ നഗ്നശൃംഗാരവുമൊക്കെ കടന്നുവരുന്നുണ്ട് വരികളില്‍. എന്നിട്ടും പ്രായഭേദമന്യേ ഗാനം സ്വീകരിക്കപ്പെട്ടു. രഞ്ജിനി രാഗത്തിന്റെ സൗരഭ്യം മുഴുവന്‍ ചാലിച്ചുചേര്‍ത്ത് അത് ചിട്ടപ്പെടുത്തിയ അര്‍ജുനന്‍ മാഷിനും പാടി അവിസ്മരണീയമാക്കിയ ദാസേട്ടനും നന്ദി. പിന്നെ സിനിമയിലേക്ക് എന്നെ വിശ്വസിച്ചു ക്ഷണിച്ചുകൊണ്ടുപോയ കൊച്ചിന്‍ ഹനീഫക്കും. 'നസീറും വിധുബാലയും ഉമ്മറുമൊക്കെ അഭിനയിച്ച `രാജുറഹിം' എന്ന തട്ടുപൊളിപ്പന്‍ മസാലപ്പടത്തിന്റെ പ്രിന്റ് പോലും കണ്ടുകിട്ടില്ല ഇന്ന്. പക്ഷേ പാട്ട് ഇന്നും നിലനില്‍ക്കുന്നു. പഴയ അതേ പ്രൗഢിയോടെ. 

1977 നവംബര്‍ 2 നായിരുന്നു ``രവിവര്‍മ്മ ചിത്ര''ത്തിന്റെ റെക്കോര്‍ഡിംഗ്. ആദ്യമായി യേശുദാസിനെ നേരില്‍ കാണുകയാണ്. എ വി എം സി തിയേറ്ററിലെ  വോയ്സ് ബൂത്തിന്റെ ചില്ലുജാലകത്തിലൂടെ ഗന്ധര്‍വഗായകനെ അന്തം വിട്ടു നോക്കിനിന്നത് ദാമോദരന് ഓര്‍മ്മയുണ്ട്. സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത  കാര്യമല്ലേ നടക്കാന്‍ പോകുന്നത്. ടേക്കിന് മുന്‍പ് രണ്ടാമത്തെ ചരണത്തിലെ അവസാന ഭാഗം  പാടി നോക്കിയ ശേഷം യേശുദാസ്  പറഞ്ഞു: കൗമാര സങ്കല്‍പ്പ നിര്‍വൃതിയും എന്ന വരിയിലെ `നിര്‍വൃതി' യ്ക്ക്  ഒരു പ്രശ്‌നമുണ്ട്. `ര്‍' എന്ന അക്ഷരം അത്രയും നീട്ടിപ്പാടിയാല്‍ അരോചകമാകും. പകരം മറ്റൊരു വാക്ക് അവിടെ ഉപയോഗിച്ചുകൂടെ?'' ആദ്യരചന  ഗാനഗന്ധര്‍വന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതിന്റെ ആവേശലഹരിയില്‍ മതിമറന്നുനിന്ന തനിക്ക് ആ ഘട്ടത്തില്‍ പകരമൊരു വാക്ക് മനസ്സില്‍ തോന്നിയില്ലല്ലോ  എന്ന് ദു:ഖത്തോടെ ഓര്‍ക്കുന്നു ദാമോദരന്‍. അവിടെയും രക്ഷകനായത് യേശുദാസ് തന്നെ. ഒട്ടും അരോചകത്വം തോന്നിക്കാത്ത രീതിയില്‍ ആ വരി അദ്ദേഹം പാടിയൊപ്പിക്കുക തന്നെ ചെയ്തു.''  വിശ്വനാഥനായിരുന്നു ശബ്ദലേഖകന്‍. വാദ്യവിന്യാസത്തില്‍ അര്‍ജുനന്‍ മാസ്റ്ററെ സഹായിച്ചത്  ഗോവര്‍ദ്ധനും.

ശ്രീസായ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച് എ ബി രാജ് സംവിധാനം ചെയ്ത `രാജുറഹി'മില്‍ ആ ഒരൊറ്റ പാട്ടെഴുതാനാണ് പടത്തിന്റെ തിരക്കഥാകൃത്ത് കൊച്ചിന്‍ ഹനീഫ ദാമോദരനെ മദ്രാസിലേക്ക് വിളിച്ചുവരുത്തിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ രണ്ടാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ഥിയാണ് അന്ന്  ദാമോദരന്‍. `ചിത്രപൗര്‍ണ്ണമി' പോലുള്ള  വാരികകളില്‍ പതിവായി പാട്ടുകളെഴുതിയിരുന്ന പയ്യനെ പ്രസന്നന്‍ എന്നൊരു സുഹൃത്ത് വഴി ഹനീഫക്ക് നേരത്തെ അറിയാം. മാത്രമല്ല ദാമോദരന്റെയും ഹനീഫയുടെയും പിതാക്കന്മാര്‍ അടുത്ത കൂട്ടുകാരായിരുന്നു താനും. 'അന്ന് ഫോണൊക്കെ ആഡംബര വസ്തുവാണ്. കത്തെഴുത്താണ് നാട്ടുനടപ്പ്. മദ്രാസില്‍ നിന്ന് എനിക്കയച്ച ഇന്‍ലന്‍ഡില്‍ ഹനീഫക്ക ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ശ്രീസായി പ്രൊഡക്ഷന്‍സ് അതിനു മുന്‍പ് നിര്‍മ്മിച്ച ഹലോ ഡാര്‍ലിംഗ് എന്ന സിനിമയില്‍ വയലാര്‍ രാമവര്‍മ്മയും അര്‍ജുനനും ചേര്‍ന്നൊരുക്കിയ പാട്ടുകളെല്ലാം ഹിറ്റാണ്. പ്രത്യേകിച്ച് അനുരാഗമേ അനുരാഗമേ. അതിനോട് കിടപിടിക്കാന്‍ പോന്ന  ശൃംഗാരലോലമായ അര്‍ദ്ധശാസ്ത്രീയ ഗാനമാണ് വേണ്ടത്. പാട്ട് കൊള്ളില്ലെങ്കില്‍ സിനിമയില്‍ ഉപയോഗിക്കില്ല. വയലാര്‍ മരിച്ചുപോയതുകൊണ്ട് മാത്രമാണ് അവര്‍ വേറൊരു പാട്ടെഴുത്തുകാരനെ അന്വേഷിക്കുന്നത് എന്നുകൂടി  എഴുതിയിരുന്നു കത്തില്‍. 'ശരിക്കും ബേജാറായിപ്പോയെന്ന് ദാമോദരന്‍. ആരാധനാപാത്രമായ വയലാറിന്റെ രചനയോടാണ് മത്സരം. ഭാഗ്യത്തിന് വലിയ പരിക്ക് പറ്റിയില്ല. എഴുതിയ പാട്ട് സൂപ്പര്‍ഹിറ്റായി. ആദ്യ  രചന ഇഷ്ടപ്പെട്ടത്കൊണ്ടാവണം `രാജുറഹി'മില്‍ ഒരു ഹാസ്യഗാനം കൂടി എഴുതാന്‍ അവസരം നല്‍കി ഹനീഫ. ബ്രൂസിലിക്കുഞ്ഞല്ലയോ (ജയചന്ദ്രന്‍, പി ബി ശ്രീനിവാസ്) എന്ന ആ പാട്ടും അക്കാലത്ത് ഹിറ്റായിരുന്നു. പടത്തിലെ മറ്റു പാട്ടുകളെല്ലാം ഭരണിക്കാവ് ശിവകുമാറാണ് എഴുതിയത്.  

`രാജുറഹി'മിലെ നായിക വിധുബാലയുടെയും പ്രിയഗാനങ്ങളില്‍ ഒന്നാണ് `രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ.' സേലം മെജസ്റ്റിക്ക് സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം എന്നോര്‍ക്കുന്നു വിധുബാല. `മേക്കപ്പിന് ചെന്നിരുന്നപ്പോള്‍ ആരോ ഒരു ടര്‍ക്കി ടവ്വല്‍ അടുത്തുകൊണ്ടുവെച്ചു. ഇതെന്തിനെന്ന് അത്ഭുതത്തോടെ എന്റെ ചോദ്യം. ഇതാണ് പാട്ടിനുള്ള കോസ്റ്റ്യൂം എന്ന് മറുപടി. ഞെട്ടിപ്പോയി ഞാന്‍. രവിവര്‍മ്മ ചിത്രം പോലെ മനോഹരമായ വിഷ്വല്‍സിനു പകരം ഈ ടര്‍ക്കി ടവ്വല്‍ ഉടുത്ത് ബാത്ത് ടബ്ബില്‍ കയറി കിടക്കണമത്രെ ഞാന്‍. അല്‍പ്പവസ്ത്രധാരിയായി അഭിനയിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ല എന്ന് അറിയിച്ചപ്പോള്‍, എങ്കില്‍ പകരം ഒരു മിനി സാരിയാക്കാം എന്നായി സംവിധായകന്‍. സാരിയുടുത്തു ബാത് ടബ്ബില്‍ കിടക്കുന്നത്തിന്റെ കോമഡി ഒന്നോര്‍ത്തുനോക്കൂ. ഒടുവില്‍ എങ്ങനെയൊക്കെയോ ആ ഗാനം ഷൂട്ട് ചെയ്തു തീര്‍ത്തു ഞങ്ങള്‍. അത്തരമൊരു ഗാനം കൂടുതല്‍ ഔചിത്യബോധത്തോടെ ചിത്രീകരിക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.' എങ്കിലും സംവിധായകനെ കുറ്റപ്പെടുത്തുന്നില്ല വിധുബാല. അന്നത്തെ മുഖ്യധാരാ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നല്ലോ കുളിസീന്‍.

അര്‍ജുനന്‍ മാസ്റ്റര്‍ക്ക് പിന്നാലെ ദേവരാജന്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, ഇളയരാജ, ശ്യാം തുടങ്ങി നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം ഹിറ്റുകളില്‍ പങ്കാളിയായി ദാമോദരന്‍. സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍, മഞ്ഞില്‍ ചേക്കേറും  (രക്തം), തിരുവൈക്കത്തപ്പാ, മുഖശ്രീ വിടര്‍ത്തുന്ന കൗമാരം (അകലങ്ങളില്‍ അഭയം), ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും (മിഴിനീര്‍പ്പൂക്കള്‍),  ഹേമന്തഗീതം (താളം തെറ്റിയ താരാട്ട്) തുടങ്ങി തങ്കക്കിനാപൊങ്കല്‍ (ഫ്രണ്ട്‌സ്) വരെ  അസംഖ്യം ജനപ്രിയ ഗാനങ്ങള്‍. ജോണ്‍സന്റെ ആദ്യ ചലച്ചിത്രഗാനവും (ഇണയെ തേടിയിലെ വിപിനവാടിക) സാക്ഷാല്‍ എ ആര്‍ റഹ്മാന്‍ ആദ്യമായി റിക്കോര്‍ഡിംഗില്‍ കീബോര്‍ഡ് വായിച്ച പാട്ടും (അടിമച്ചങ്ങലയിലെ ഹസ്ബീ റബ്ബീ സല്ലള്ളാ) രചിക്കാന്‍ ഭാഗ്യമുണ്ടായതും ദാമോദരന് തന്നെ.  നൂറുകണക്കിന് ഭക്തിഗാനങ്ങളും, പെണ്ണായാല്‍ പൊന്നു വേണം പോലുള്ള സൂപ്പര്‍ ഹിറ്റ് പരസ്യ ജിംഗിളുകളും അതിനു പുറമെ. 'എങ്കിലും രവിവര്‍മ്മ ചിത്രത്തിന്റെ രചയിതാവല്ലേ എന്ന് ആരാഞ്ഞുകൊണ്ട്  ഇന്നും ആരെങ്കിലുമൊക്കെ പരിചയപ്പെടാന്‍ വരുമ്പോള്‍  സന്തോഷം തോന്നും. ആ കാലം, ആ പ്രായം, അന്നത്തെ സ്വപ്നങ്ങള്‍... അതൊന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ...'