ഇന്ന് ദേവരാജന്‍ മാസ്റ്ററുടെ ജന്മവാര്‍ഷികം

 

റ്റവുമധികം എഴുതിയിട്ടുള്ളത് ദേവരാജന്‍ മാഷെ കുറിച്ചായിരിക്കും. എന്തുകൊണ്ട് എന്നോര്‍ത്തു നോക്കിയിട്ടുണ്ട്. നന്മ നിറഞ്ഞ ആ സുതാര്യ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റാത്തത് കൊണ്ടാവുമോ? ആവാം...ദേവരാജന്‍ എന്ന വ്യക്തിയുടെ സ്വഭാവവിശേഷത്തിലേക്ക് വെളിച്ചം വീശുന്ന ഒരു പഴയ അനുഭവം ഇതാ. സംഗീത സംവിധായകന്‍ ജോബ് മാസ്റ്റര്‍ പങ്കുവെച്ചത്..

'റോസി' (1965) യിലെ ''അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം'' എന്ന മനോഹര പ്രണയഗാനം പുറത്തുവന്നിട്ട് അധികനാളായിട്ടില്ല. സംഗീത സംവിധായകനായ ജോബിനെപ്പോലും അതിശയിപ്പിക്കും വിധമായിരുന്നു അല്ലിയാമ്പലിന്റെ  സ്വീകാര്യത.

താരതമ്യേന നവാഗതനായ ഒരു സംഗീത സംവിധായകന്റെ സൃഷ്ടി  ഇത്ര വിസ്മയകരമായ വേഗത്തില്‍ ജനപ്രീതി നേടുമെന്ന് പ്രതീക്ഷിച്ചവര്‍ കുറവായിരുന്നു. സ്വാഭാവികമായും ആ സത്യം ഉള്‍ക്കൊള്ളാന്‍ മടിച്ചു സമകാലീനരായ പല സംഗീത സംവിധായകരും. അവരിലൊരാള്‍ തന്റെ അവജ്ഞ   തെല്ലുറക്കെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ സദസ്സില്‍ അദ്ദേഹം "അല്ലിയാമ്പലി''നെ കുറിച്ച് നടത്തിയ സാമാന്യം ക്രൂരമായ അഭിപ്രായപ്രകടനം  ഒരു സുഹൃത്ത് വഴി അറിയാനിടവരുന്നു ജോബ് മാസ്റ്റര്‍. "ഇന്നലെ പെയ്ത മഴക്ക് കുരുത്ത തകര എന്നാണ് അദ്ദേഹം എന്നെ വിശേഷിപ്പിച്ചതത്രെ. അല്ലിയാമ്പല്‍ വെറുമൊരു പള്ളിപ്പാട്ടാണെന്നും പറഞ്ഞു. അതിലെനിക്ക് പരിഭവമൊന്നുമില്ലായിരുന്നു. അതദ്ദേഹത്തിന്റെ സ്വാതന്ത്ര്യം.

ഞാന്‍ ഏറ്റവും ആരാധിക്കുന്ന ഒരാളാണ് അങ്ങനെ പറഞ്ഞത് എന്നതാണ് എന്നെ വേദനിപ്പിച്ചത്. അദ്ദേഹത്തിന് എന്റെ ഗാനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനൊരു വ്യക്തമായ കാരണം ഉണ്ടാകും എന്നു  എന്റെ മനസ്സ് പറഞ്ഞു. പാട്ട് മോശമായതുകൊണ്ട് തന്നെയാവണം അത്.'' സ്വതേ വികാരജീവിയായ ജോബ് മാസ്റ്ററെ ആ അഭിപ്രായപ്രകടനം തളര്‍ത്തിക്കളഞ്ഞു. "എന്റെ ആത്മവിശ്വാസത്തിനേറ്റ ക്ഷതമായിരുന്നു ആ വാക്കുകള്‍. ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നെ. സിനിമയോട് തന്നെ വിരക്തി തോന്നിയ ഘട്ടം. ഇനിയൊരിക്കലും സിനിമക്ക് പാട്ടുണ്ടാക്കില്ല എന്ന തീരുമാനത്തോടെ മദ്രാസ് വിട്ട് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ തീരുമാനിച്ചു. ബാലിശം  എന്നു പറഞ്ഞു പലരും പരിഹസിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു.''

ഇനിയാണ് നാടകീയമായ ആ "ട്വിസ്റ്റ്.'' നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിനിന്ന ജോബിന് ഒരു നാള്‍ തപാല്‍ വഴി ഒരു കത്ത് കിട്ടുന്നു. ഇന്‍ലന്‍ഡ് ആണ്. പരിചിതമല്ലാത്ത കൈപ്പട. കത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ:"പ്രിയപ്പെട്ട മിസ്റ്റര്‍ ജോബിന്, എന്നെ താങ്കള്‍ക്ക് അറിയില്ല. ഈയിടെ താങ്കളുടെ ഒരു പാട്ട് കേട്ടു. അല്ലിയാമ്പല്‍ എന്നാണു തുടക്കം. എനിക്ക് വലിയ ഇഷ്ടമായി. അഭിനന്ദിക്കാതിരിക്കാന്‍ ആവാത്തത് കൊണ്ട് എഴുതുന്നു. ഇനിയും ഇതുപോലുള്ള നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു.'' കത്തിനടിയില്‍ സ്‌നേഹപൂര്‍വ്വം എന്നെഴുതി  ഒപ്പിട്ട ആളുടെ പേര് വായിച്ചു തരിച്ചിരുന്നു ജോബ് മാസ്റ്റര്‍: ജി ദേവരാജന്‍. സംഗീത സംവിധായകന്‍.

സിനിമയോട് എന്നെന്നേക്കുമായി വിടപറഞ്ഞു നാട്ടിലേക്ക്  തിരിച്ചുപോകാന്‍ ഒരുങ്ങിനിന്ന തന്നെ ആ  തീരുമാനത്തില്‍ നിന്ന്  പിന്തിരിപ്പിച്ചത് ദേവരാജന്റെ  കത്താണെന്ന് പറഞ്ഞിട്ടുണ്ട് ജോബ്. നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ആ വാക്കുകള്‍ ധാരാളമായിരുന്നു. "അതിനു മുന്‍പൊരിക്കലും ദേവരാജന്‍ മാസ്റ്ററുമായി സംസാരിച്ചിട്ടില്ല. പിന്നീടും അദ്ദേഹവുമായി അധികം ഇടപഴകേണ്ടി വന്നിട്ടില്ല -- അദ്ദേഹത്തിന്റെ ചില പാട്ടുകളുടെ റെക്കോര്‍ഡിംഗില്‍ സിതാര്‍ വായിച്ചിട്ടുണ്ടെങ്കിലും. എന്റെ വേദനകളും ആശങ്കകളും ജാള്യവുമെല്ലാം ആ വാക്കുകളില്‍ അലിഞ്ഞുപോയി.''

ജീവിതത്തില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴെല്ലാം ദേവരാജന്റെ  കത്തെടുത്തു വായിച്ചു നോക്കാറുണ്ടായിരുന്നു ജോബ്. എവിടെനിന്നോ മനസ്സിന് ഒരു പ്രത്യേക ഊര്‍ജം വീണുകിട്ടുന്നതുപോലെ തോന്നും അപ്പോള്‍. ജോബ് മാസ്റ്റര്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചു മരണം വരെ കൊണ്ടുനടന്ന ഈ അനുഭവം നേരിട്ട് ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് ഒരിക്കല്‍. അങ്ങനെയൊരു കത്തിന്റെ കാര്യം മാസ്റ്റര്‍  മറന്നുകഴിഞ്ഞിരുന്നു അപ്പോഴേക്കും. എങ്കിലും ഓര്‍മ്മയില്‍ നിന്ന് അല്ലിയാമ്പല്‍ കടവില്‍ എന്ന പാട്ടിന്റെ പല്ലവി മൂളിക്കേള്‍പ്പിച്ചു  അദ്ദേഹം. എന്നിട്ട് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു: "ഈ പാട്ടിന്റെ വരികളും ഈണവും ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലേ? അതിപ്പോഴും ജീവിക്കുന്നു എന്നാണ് അതിന്റെ അര്‍ഥം.''  സംഗീതത്തെ  നിരുപാധികം ഉപാസിക്കുന്ന  ഒരു മനസ്സില്‍ നിന്ന് ഒഴുകിയെത്തിയ വാക്കുകള്‍.