നിത്യഹരിത നായകനായ പ്രേംനസീറിന്റെ പേരിലുള്ള ഈ പുരസ്‌കാരം ഏറെ ആഹ്ലാദം പകരുന്നു.  നസീർ അഭിനയിച്ച് അനശ്വരമാക്കിയ നൂറുനൂറു ഗാനങ്ങളെ കുറിച്ച് ഇനിയും എഴുതി മതിവരാത്ത ഒരാളാകുമ്പോൾ പ്രത്യേകിച്ചും. നന്ദി, പ്രേംനസീർ സാംസ്കാരിക സമിതി, ഈ അംഗീകാരത്തിന്.... ജീവിതത്തിൽ ഏറ്റവുമധികം കാണാൻ കൊതിച്ച ഒരാൾ. കാത്തിരുന്നു കണ്ട സിനിമകൾ...... ആദ്യമായി നേരിൽ കണ്ടപ്പോഴോ? വിധിനിയോഗമെന്നോണം അത് അദ്ദേഹത്തിന്റെ വിടവാങ്ങൽ  അഭിമുഖം ആകുമെന്ന് ആരറിഞ്ഞു? 
ജനുവരി 16 ന് നസീർ സാറിന്റെ സ്മൃതിദിനത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ വെച്ചാണ് പുരസ്‌കാര ദാനം എന്നറിയിക്കുന്നു സംഘാടകർ...നസീർ സ്മരണകൾ തുടിച്ചു നിൽക്കുന്ന ഒരു സന്ധ്യയിൽ.

ഇതാ ഒരു ശ്രീകൃഷ്ണൻ  

''നമ്മുടെ റൊമാന്റിക്‌ സങ്കല്പങ്ങളുടെ പാരമ്യമാണ് ശ്രീകൃഷ്ണനെങ്കില്‍ അതാ ഒരു ശ്രീകൃഷ്ണന്‍ എന്ന് ചൂണ്ടിപ്പറയാന്‍ നമ്മുടെ തലമുറയില്‍ ഇനിയൊരു നടന്‍ ഉണ്ടാവില്ല; എനിക്ക് ഉറപ്പാണ്.'' -- പദ്‌മരാജൻ ഒരിക്കൽ എഴുതി. നസീറിന്റെ യൗവന കാലത്താണ് ``ഞാൻ ഗന്ധർവ്വൻ'' എന്ന പടം എടുത്തിരുന്നതെങ്കിൽ ഒരു മറുനാടൻ ഗന്ധർവനെ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുക പോലുമില്ലായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്  അദ്ദേഹം.

ആകാരഭംഗി കൊണ്ടും ശരീരഭാഷ കൊണ്ടും  മനോഹരമായ പുഞ്ചിരി കൊണ്ടും നമ്മെ  വിസ്മയിപ്പിക്കുന്ന ഈ ഗന്ധർവനെ നസീർ അഭിനയിച്ച എത്രയോ ഗാനരംഗങ്ങളിൽ നാം കണ്ടുമുട്ടിയിട്ടുണ്ട്. ഗന്ധർവക്ഷേത്രത്തിലെ ഇന്ദ്രവല്ലരി പൂ കൂടിവരും എന്ന ഗാനം ഓർക്കുക.  നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു നസീർ എന്നത്  അധികമാര്‍ക്കും അറിയാത്ത  സത്യം.  `` സംഗീത പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. അച്ഛന്‍ നന്നായി പാടിയിരുന്നു.''-- നിത്യഹരിതനായകന്‍റെ അടുത്ത ബന്ധുവും പ്രശസ്ത ഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ ഓര്‍ക്കുന്നു. ``റഫിയും സൈഗളും ആയിരുന്നു നസീര്‍ സാറിന്റെ  ഇഷ്ട ഗായകര്‍. കുടുംബാംഗങ്ങളുമായി ഒത്തുകൂടുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഗായകനായി വേഷം മാറിക്കണ്ടിട്ടുണ്ട്. താളബോധത്തോടെ പാടുക മാത്രമല്ല  പാട്ടിന്റെ  വരികള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യും അദ്ദേഹം.'' ഒരുമിച്ചു കാറിൽ സഞ്ചരിക്കവേ ആയിരം പാദസരങ്ങളും കായാമ്പൂവും ശംഖുപുഷ്പം കണ്ണെഴുതുമ്പോഴുമൊക്കെ ഹൃദ്യമായി മൂളുന്ന ഗായകനാണ്  മുൻ മന്ത്രിയും ഗാനരചയിതാവുമായ പന്തളം സുധാകരന്റെ ഓർമ്മയിലെ നസീർ. 

ജന്മസിദ്ധമായ ഈ സംഗീതബോധം തന്നെയാണ് യേശുദാസിന്റെ ആലാപനത്തിലെ സൂക്ഷ്മാംശങ്ങള്‍  പോലും മറ്റൊരു നടനും കഴിയാത്ത വിധം ഭാവതീവ്രമായി വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ നസീറിനെ സഹായിച്ചതെന്ന്  സാക്ഷ്യപ്പെടുത്തുന്നു സംവിധായകന്‍ ഹരിഹരന്‍. ``സഹ സംവിധായകന്‍ എന്ന നിലയില്‍ എന്‍റെ ആദ്യ ചിത്രം കളക്ടര്‍ മാലതി ആയിരുന്നു. നീലക്കൂവള പൂവുകളോ എന്ന മനോഹര ഗാനം അങ്ങേയറ്റം റൊമാന്റിക്‌ ആയി  നസീര്‍ ക്യാമറക്ക് മുന്നില്‍ പാടി അഭിനയിക്കുന്നത് സ്വയം മറന്നു കണ്ടുനിന്നിട്ടുണ്ട് അന്ന്. പിന്നീട് സംവിധായകനായപ്പോഴും ആ ആരാധനയ്ക്ക് മങ്ങലേറ്റില്ല.  എന്‍റെ ആദ്യ  ചിത്രമായ ലേഡീസ് ഹോസ്റ്റലില്‍ ജീവിതേശ്വരിക്കേകുവാന്‍ ഒരു പ്രേമലേഖനമെഴുതി എന്ന ഗാനത്തിന്റെ വരികളിലൂടെ ഒരു ഗന്ധര്‍വനെ പോലെ   ഒഴുകിപ്പോകുകയായിരുന്നു അദ്ദേഹം. ഭൂമിദേവി പുഷ്പിണിയായി എന്ന ചിത്രത്തിലെ പനിനീര്‍ മഴ പൂമഴ, രാജഹംസത്തിലെ സന്യാസിനി, അയലത്തെ സുന്ദരിയിലെ ലക്ഷാര്‍ച്ചന കണ്ടു.... വൈവിധ്യ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗാനങ്ങള്‍. അവയൊക്കെ അനശ്വരമായത് നസീറിന്റെ രംഗസാന്നിധ്യം കൊണ്ട് കൂടിയല്ലേ?'' ഹരിഹരന്‍ ചോദിക്കുന്നു.
''പാട്ടിന്റെ  ഏതെങ്കിലും ഒരു ഭാഗത്ത്‌ യേശുദാസിന്റെ ശബ്ദത്തിലെ ഭാവത്തിനൊത്ത് തനിക്കു ഉയരാന്‍ കഴിഞ്ഞില്ല എന്ന് തോന്നുകയാണെങ്കില്‍ ഉടന്‍ അത് റീഷൂട്ട്‌ ചെയ്യാന്‍ ആവശ്യപ്പെടും അദ്ദേഹം. ഗാനരംഗങ്ങളുടെ പൂര്‍ണതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്നു അദ്ദേഹം.''

Content Highlights: Ravi Menon remembers Prem Nazir after winning Prem Nazeer award