``നമ്മള്‍ വലിയ പ്രതീക്ഷയോടെ ചെയ്ത പാട്ടായിരിക്കും. പറഞ്ഞിട്ടെന്തു കാര്യം. ആരുടേയും ശ്രദ്ധയില്‍ പെടാതെ മറവിയില്‍ ഒടുങ്ങാനാകും അതിനു യോഗം.   മനസ്സില്ലാ മനസ്സോടെ ചെയ്യുന്ന പാട്ടുകള്‍ ജനം ചിലപ്പോള്‍ ഹൃദയപൂര്‍വം സ്വീകരിച്ചെന്നും വരാം. ഒരു പാട്ടിന്റെയും വിധി നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റില്ല..'' -- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ വാക്കുകള്‍.

``സ്‌നേഹം''  എന്ന ചിത്രത്തിലെ ``പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചൂ'' എന്ന ഗാനം ഉദാഹരണമായി എടുത്തുപറയുന്നു രവീന്ദ്രനാഥ്. ``യുസഫലി കേച്ചേരി വരികള്‍ എഴുതിയ ശേഷം ഞാന്‍ ട്യൂണ്‍ ചെയ്ത പാട്ടാണത്.തൃശൂരില്‍ വെച്ചായിരുന്നു കമ്പോസിംഗ്. പതിവ് ശൈലിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കുറച്ചു പാട്ടുകള്‍ സൃഷ്ടിക്കണം  എന്നുണ്ടായിരുന്നതിനാല്‍ നേരത്തെ ചിട്ടപ്പെടുത്തി വെച്ച ഈണങ്ങളുമായാണ് ചെന്നത്. സിനിമയില്‍ പൊതുവെ അപൂര്‍വമായി മാത്രം ഉപയോഗിച്ചു കേട്ടിട്ടുള്ള  ദ്വിജാവന്തി രാഗത്തിലുള്ള ഒരു ഈണവും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരീണം. പ്രേമത്തെ കുറിച്ചുള്ള ഗാനത്തിന്  ആ ഈണം അനുയോജ്യമാകുമെന്ന് മനസ്സ് പറഞ്ഞു.''

പക്ഷെ ട്യൂണ്‍ കേള്‍പ്പിച്ചുകൊടുത്തപ്പോള്‍ സംവിധായകന്‍ ജയരാജിനും യൂസഫലിക്കും തൃപ്തി പോര. കുറച്ചു കൂടി ലളിതമായ ഈണമാണ് വേണ്ടതെന്ന് ജയരാജ്. `എനിക്ക് കൂടി പാടാന്‍ കഴിയുന്നതാവണം പാട്ട്' - അദ്ദേഹം പറഞ്ഞു. ഒപ്പം മോഹനരാഗത്തില്‍ ചെയ്താല്‍ നന്നാവുമെന്ന് ഒരു നിര്‍ദേശവും. ശരിക്കും നിരാശ തോന്നിയ ഘട്ടം. നൂറു കണക്കിന് പാട്ടുകളാണ് മോഹനത്തില്‍ മലയാള സിനിമയില്‍ വന്നിട്ടുള്ളത്. ഇനി അതില്‍ എന്ത് പുതുമയാണ് എനിക്ക് കൊണ്ടുവരാന്‍ പറ്റുക? 

തെല്ലൊരു വൈമനസ്യത്തോടെ രവീന്ദ്രനാഥ്   മോഹനത്തില്‍ ചിട്ടപ്പെടുത്തിയ ``പേരറിയാത്തൊരു നൊമ്പരം'' ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളില്‍  ഒന്നായി മാറി എന്നതാണ് കഥയുടെ ക്ലൈമാക്‌സ്. 

എങ്കിലും ദ്വിജാവന്തിയില്‍ വലിയ പ്രതീക്ഷകളോടെ താന്‍ ആദ്യം ചെയ്ത ട്യൂണ്‍ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല രവീന്ദ്രനാഥിന്.  പടത്തിന്റെ പശ്ചാത്തല സംഗീതത്തില്‍  അത് ഇടം നേടിയത്  അങ്ങനെയാണ്. ഏതോ വിഷ്വലിനൊപ്പം വ്യത്യസ്തമായ ആ `ദ്വിജാവന്തി' ഒഴുകിവന്നപ്പോള്‍  ജയരാജിന് കൌതുകം: ``അസാധ്യമായിരിക്കുന്നു ഈ ട്യൂണ്‍. നമുക്കിതൊരു പാട്ടാക്കിയാലോ?.''  ചിരിച്ചുപോയി രവീന്ദ്രനാഥ്. ആദ്യം താന്‍ തന്നെ കേട്ട്  തള്ളിക്കളഞ്ഞ ഈണമാണ് അതെന്നു ജയരാജ് ഉണ്ടോ അറിയുന്നു? 

"എങ്കിലും ഇന്നോര്‍ക്കുമ്പോള്‍ ജയരാജിന്റെ നിലപാടായിരുന്നു  ശരി  എന്ന് തോന്നാറുണ്ട്''-- രവീന്ദ്രനാഥ് പറയുന്നു.  ``സിനിമാ ഗാനങ്ങള്‍ കഴിയുന്നതും ലളിതമാകുന്നതു തന്നെയാണ് നല്ലത്. സാധാരണക്കാരന്‍ മൂളിനടക്കേണ്ടതല്ലേ?'' സംഗീതം ചെയ്ത പടങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും, ശാസ്ത്രീയ രാഗങ്ങളുടെ ചിട്ടവട്ടങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു തന്നെ, ലളിതമധുരമായ ഗാനങ്ങള്‍  സമ്മാനിച്ചിട്ടുണ്ട് രവീന്ദ്രനാഥ് എന്നോര്‍ക്കുക: മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി, ഒന്നാം രാഗം പാടി (തൂവാനത്തുമ്പികള്‍), കണ്ണില്‍  നിന്‍ മെയ്യില്‍, നീ വിണ്‍ പൂ പോല്‍ (ഇന്നലെ), കോടിയുടുത്തും (ആലഞ്ചേരി തമ്പ്രാക്കള്‍), തങ്ക കളഭ കുങ്കുമ (അക്ഷരം), ദേവഭാവന, രാവ് നിലാപ്പൂവ്, മറക്കാന്‍ കഴിഞ്ഞെങ്കില്‍, കൈതപ്പൂ മണമേന്തേ (സ്‌നേഹം), ഹിമഗിരി നിരകള്‍ (താണ്ഡവം), കാലമേ കൈക്കൊള്ളുക (സായാഹ്നം)... 

Content Highlights : Ravi Menon Pattuvazhiyorathu Sneham Movie song Jayaraj Perumbavoor G Raveendranath