സ്ക്രീനിൽ നോക്കി മിഴിച്ചിരിക്കുന്ന പാർവതിയേടത്തിയെ തോണ്ടിവിളിച്ച് അക്ഷമയോടെ ഞാൻ ചോദിച്ചു: ``എവിടെ പാറേട്ത്തിടെ സ്വന്തം ആള്? ഇനീം വന്നില്യല്ലോ...''

ഞെട്ടിത്തിരിഞ്ഞുനോക്കി ഏട്ത്തി. പിന്നെ, രസച്ചരട് മുറിഞ്ഞുപോയതിന്റെ അമർഷം മറച്ചുവെക്കാതെ പറഞ്ഞു: ``മുണ്ടാണ്ടിരി ചെക്കാ. ഇപ്പ വരും. ഇങ്ങനെ തോണ്ടിത്തോണ്ടി ബോറടിപ്പിക്കല്ല മനുഷ്യനെ...''

അധികം കാത്തിരിക്കേണ്ടി വന്നില്ല കോട്ടക്കൽ രാധാകൃഷ്ണ ടോക്കീസിന്റെ വെള്ളിത്തിരയിൽ പാറേട്ത്തിടെ ``ആൾ'' വന്നു നിറയാൻ. അതും എന്തൊരു വരവ്. തോക്കും വാളും വടിവാളും കുതിരയും തൊപ്പിയും കറുത്ത തുണികൊണ്ട് മറച്ച കണ്ണും ഒക്കെയായി അസ്സലൊരു നാടൻ കൗബോയ്. സംസാരം ഹിന്ദിയിൽ ആണെന്നേയുള്ളൂ. പേരും കിടിലൻ: ഉസ്താദ് റോബർട്ട് ടെയിലർ. ഇറ്റാലിയൻ സ്പഗേറ്റി വെസ്റ്റേൺ പരമ്പരയിലെ പേരില്ലാ കൗബോയ് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ രൂപഭാവങ്ങളും വേഷപ്പകർച്ചയുമായി വന്ന ടെയിലർജി ഏതാനും മിനിറ്റുകളേ വിഹരിച്ചുള്ളൂ സ്ക്രീനിൽ. എങ്കിലും ആ വരവും വാൾപ്പയറ്റും പോനാൽ പോകട്ടും പോടാ മട്ടിലുള്ള ഡയലോഗ് ഡെലിവറിയും അന്നേ മനസ്സിൽ തങ്ങി.

അതായിരുന്നു അമിതാഭ് ബച്ചനുമായുള്ള ആദ്യ ``കൂടിക്കാഴ്ച.'' ശിഷ്ടകാല ജീവിതത്തിന്റെ ഭാഗമായി മാറാൻ പോകയാണ് ഈ ആറടി രണ്ടിഞ്ചുകാരൻ എന്ന് അന്നറിയില്ലല്ലോ.

``ഗരം മസാല''യിലെ (1972) ആ മീശക്കാരൻ അമിതാഭിലേക്ക് എന്നെ നയിച്ചത് പാറേട്ത്തി തന്നെ. രാധാകൃഷ്ണയിൽ അപൂർവമായി മാത്രമേ ഹിന്ദി സിനിമ കളിക്കാറുള്ളൂ അന്ന്. ഏതോ മലയാളം പടത്തിന്റെ ഫിലിം പെട്ടി വൈകിയത് കാരണം ഗ്യാപ് പടമായി ഇട്ടതാവണം മെഹമൂദും അരുണാ ഇറാനിയും അഭിനയിച്ച ആ ആക്ഷൻ കോമഡി. പക്ഷേ സിനിമയുടെ പോസ്റ്ററിൽ മുഖ്യതാരങ്ങളുടെ കൂറ്റൻ ചിത്രങ്ങൾക്കിടയിൽ അതിഥി താരം മാത്രമായ ബച്ചന്റെ കുഞ്ഞിത്തല കണ്ടപ്പോൾ ആവേശം മൂത്തു പാറേട്ത്തിക്ക്. ഫിലിംഫെയറിലും സ്റ്റാർഡസ്റ്റിലും ``ബോംബെ ടു ഗോവ''യിലെ താരതമ്യേന നവാഗതനായ യുവനടന്റെ പ്രകടനത്തെ പറ്റി വന്ന പ്രശംസാവാചകങ്ങളിൽ മയങ്ങിപ്പോയതുകൊണ്ടാവണം.

``എടോ രവ്യെ, മ്മക്ക് ആ സിൽമ ഒന്നുപോയി കണ്ടു നോക്കാം. ഈ അമിതാബച്ചൻ എങ്ങനെയുണ്ട് എന്നറിയാലോ. തോട്ടിക്കോല് പോലെയാണെങ്കിലും ഭയങ്കര സ്റ്റൈലാന്നാ കുട്ട്യോളൊക്കെ പറേണത്.....''-- പാറേട്ത്തി.

അമിതാബച്ചനെയെന്നല്ല ഏത് അച്ചനെ കാണാനും റെഡിയായിരുന്നു അന്നത്തെ ആറാം ക്ലാസുകാരൻ. സിനിമാ കൊട്ടകയുടെ ഇരുട്ടിൽ രണ്ടു രണ്ടര മണിക്കൂർ സ്വപ്നലോകത്തെന്നോണം സർവവും മറന്നിരിക്കുന്നതോളം ഹരം കൊള്ളിക്കുന്ന മറ്റെന്തുണ്ട് ആ പ്രായത്തിൽ അവന്? ഹിന്ദി സിനിമ കണ്ടിട്ടില്ലെങ്കിലും താരങ്ങളോട് അന്നേയുണ്ട് ആരാധന. വായിക്കുന്നതധികവും എടരിക്കോട്ടെ തറവാട്ടു വീട്ടിന്റെ തട്ടിൻപുറത്തു പൊടിപിടിച്ചു കിടന്ന സ്റ്റാർഡസ്റ്റിന്റെയും സ്റ്റാർ ആൻഡ് സ്റ്റൈലിന്റെയും ഫിലിം ഫെയറിന്റെയുമൊക്കെ പഴയ ലക്കങ്ങളായതുകൊണ്ടാവാം. പൊന്നുപോലെ സൂക്ഷിച്ചിരുന്ന ഫിലിം കഷ്ണ ശേഖരത്തിൽ ഒട്ടുമുക്കാലും ഹിന്ദി ചിത്രങ്ങളുടേതായിരുന്നു താനും. നോട്ടുബുക്കിൽ വെട്ടിയൊട്ടിച്ചിരുന്ന തലകൾ ഹിന്ദി താരങ്ങളുടെയും... ധർമേന്ദ്ര, രാജേഷ് ഖന്ന, ദേവാനന്ദ്, ജിതേന്ദ്ര, ശശികപൂർ....

സിനിമ കാണാൻ ചെന്നപ്പോൾ കൊട്ടകയിൽ പേരിനു പോലുമില്ല ആൾക്കൂട്ടം. ഞാനും പാറേട്ത്തിയും ഗോപ്യേട്ടനും ഉൾപ്പെടെ പത്തുപതിനഞ്ചു പേർ മാത്രം. പോസ്റ്ററിൽ അമിതാഭ് ബച്ചന്റെ പേരുകണ്ടാൽ പ്രാന്ത് പിടിച്ചപോലെ ആളുകൂടുന്ന കാലം എത്തിയിരുന്നില്ലല്ലോ. എങ്കിലും ടോക്കീസ് വിട്ടു പോരുമ്പോൾ ആകെ മനസ്സിൽ അവശേഷിച്ചത് ഗസ്റ്റ് ആർട്ടിസ്റ്റ് റോബർട്ട് ടെയിലറുടെ നാട്യങ്ങൾ ഇല്ലാത്ത സംഭാഷണ ശൈലിയും ഇടംകൈ കൊണ്ടുള്ള വാൾപ്പയറ്റും മാത്രം. ചെവി മറയ്ക്കുന്ന ആ ഹെയർ സ്റ്റൈലിലും ഉണ്ടായിരുന്നു ഒരു പുതുമ. ശബ്ദം ഇന്നത്തെ പോലെ അഗാധ ഗാംഭീര്യം കൈവരിച്ചിരുന്നില്ല എന്നാണോർമ്മ. എങ്കിലും ഉസ്താദിന്റെ നോട്ടത്തിനൊരു തീക്ഷ്ണതയുണ്ടായിരുന്നു. ഹിന്ദിയിലെ പതിവ് ചോക്ലേറ്റ് ഹീറോകളിൽ കാണാത്ത ഒന്ന്.


പിന്നീട് ആ നോട്ടം കണ്ടത് മൂന്ന് കൊല്ലം കഴിഞ്ഞാണ്-- രമേഷ് സിപ്പിയുടെ ``ഷോലേ''യിൽ. മൈസൂരിലെ ഏതോ തിയേറ്ററിന്റെ ഇരുട്ടിൽ കൂട്ടുകാർക്കും അധ്യാപകർക്കും ഒപ്പം ഇരുന്ന് ഷോലേ ആദ്യമായി കണ്ട നിമിഷങ്ങൾ ഇന്നുമോർക്കുന്നു. പഠനയാത്രയുടെ ഭാഗമായി വയനാട്ടിലെ സ്കൂളിൽ നിന്നെത്തിയതായിരുന്നു ഞങ്ങളുടെ സംഘം. ഹിന്ദി സിനിമയാണ് കാണാൻ പോകുന്നതെന്നറിഞ്ഞപ്പോൾ ആദ്യം വലിയ ഉത്സാഹമൊന്നും തോന്നിയില്ല. ``ഗരം മസാല'' അത്ര ആവേശകരമായ ഓർമ്മയായിരുന്നില്ലല്ലോ. പക്ഷെ ആ പഴയ ഉസ്താദ് റോബർട്ട് ടെയിലറിനെയല്ല മൈസൂരിലെ തിയേറ്ററിന്റെ വിശാലമായ സ്ക്രീനിൽ ഞങ്ങൾ കണ്ടത്. പകരം കൂടുതൽ പക്വതയാർജിച്ച, അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ അനായാസം വഴങ്ങുന്ന ഒരു നടൻ അവിടെ ജ്വലിച്ചു നിന്നു. ഇതിഹാസതുല്യമായ ആ ജൈത്രയാത്ര തുടങ്ങിയിരുന്നേയുള്ളൂ.

കഥയുടെ അവസാനഭാഗത്ത് ആത്മസുഹൃത്തായ വീരുവിന്റെ മടിയിൽ കിടന്ന് അമിതാഭിന്റെ ജയ് മരണത്തിനു കീഴടങ്ങുമ്പോൾ മുന്നിലെ തിരശ്ശീലയിൽ നോക്കാനാകാതെ നിറകണ്ണുകളോടെ തലതാഴ്ത്തിയിരിക്കുന്ന കൂട്ടുകാരുടെ ചിത്രം ഓർമ്മയിലുണ്ട്. അത്രയേറെ ഞങ്ങളെ സ്പർശിച്ചിരുന്നു ആ കഥാപാത്രം. തിരിഞ്ഞുനോക്കുമ്പോൾ, ആ മരണമായിരുന്നില്ലേ അമിതാഭ് ബച്ചൻ എന്ന മഹാനടന്റെ ജനനത്തിന് വഴിയൊരുക്കിയത് എന്ന് തോന്നും.


പിന്നെ എത്രയെത്ര സിനിമകൾ. എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. സഞ്ജീറിലെ ഇൻസ്പെക്ടർ വിജയ് ഖന്ന, ദീവാറിലെ വിജയ് വർമ്മ, മിലിയിലെ ശേഖർ ദയാൽ, കഭി കഭിയിലെ അമിതാഭ് മൽഹോത്ര, അമർ അക്ബർ ആന്റണിയിലെ ആന്റണി ഗോൺസാൽവസ്, മുഖദ്ദർ കാ സികന്ദറിലെ സികന്ദർ, സിൽസിലയിലെ അമിത് മൽഹോത്ര, ശക്തിയിലെ വിജയ് കുമാർ, കൂലിയിലെ ഇക്ബാൽ ഖാൻ, അഗ്നീപഥിലെ വിജയ് ദിനനാഥ് ചൗഹാൻ, ഖുദാ ഗവയിലെ ബാദ്ഷാ ഖാൻ, ബൺടി ഔർ ബബ്ലിയിലെ ദശരഥ് സിംഗ്, ചീനി കമ്മിലെ ബുദ്ധദേബ് ഗുപ്ത, 102 നോട്ടൗട്ടിലെ ദത്താത്രേയ വഖാരിയ, പികുവിലെ ഭാഷ്കർ ബാനർജി..... അര നൂറ്റാണ്ടിനിപ്പുറവും അമിതാഭിനെ കണ്ടും ആസ്വദിച്ചും മടുത്തിട്ടില്ല എനിക്ക്. താജ് മഹൽ ആർക്കാണ് മടുക്കുക.


ഒടുവിൽ കണ്ടത് കോവിഡ് കാലത്ത് ആമസോണിൽ റിലീസായ ``ഗുലാബോ സിതാബോ''യിലെ പടുകിളവൻ മിർസ നവാബിന്റെ വേഷത്തിൽ. അതിനു മുൻപ് വന്ന ബദ്ലയും 102 നോട്ടൗട്ടും എത്ര സുന്ദരം. വിചിത്രമായ വിഗ്ഗുകളും ഗ്രാഫിക്സ് കൊണ്ടുള്ള ചെപ്പടിവിദ്യകളും ക്ലിപ്പിട്ട് ഒതുക്കിയ നരാജരാദികളുമായി വാർദ്ധക്യത്തെ തടുത്തുനിർത്താൻ പെടാപ്പാടുപെടുന്ന നായകർക്കിടയിൽ പ്രായത്തെ ഹൃദയപൂർവം ആശ്ലേഷിച്ചും ആഘോഷിച്ചും കൊണ്ട് അമിതാഭ് ബച്ചൻ ഇതാ തലയുയർത്തിനിൽക്കുന്നു. 77 വയസ്സ് ഒരു വയസ്സല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട്.

കോവിഡ് ദുരിതത്തിൽ നിന്ന് എളുപ്പം കരകയറ്റി ഈശ്വരൻ അദ്ദേഹത്തെ വീണ്ടും ക്യാമറക്ക് മുന്നിൽ നിർത്തട്ടെ. ഈ പ്രാർത്ഥനയിൽ ഇന്ത്യ മുഴുവൻ എനിക്കൊപ്പമുണ്ടാകും; ഉറപ്പ്...

Content Highlights :ravi menon paatuvazhiyorathu amitabh bachchan covid 19