ബസു ചാറ്റര്‍ജിക്ക് ആദരാഞ്ജലികള്‍
------------------


രണ്ടു ബസുമാര്‍ക്ക് നന്ദി പറയണം നാം, ഹിന്ദി സിനിമയിലൂടെ യേശുദാസിന്റെ ഗന്ധര്‍വനാദം ഇന്ത്യയൊട്ടുക്കും കേള്‍പ്പിച്ചതിന്. ഇരുവരും പ്രതിഭാശാലികളായ സംവിധായകര്‍. മധ്യവര്‍ത്തി സിനിമയുടെ വക്താക്കള്‍.

ആദ്യത്തെയാള്‍ ബസു ഭട്ടാചാര്യ (1934 --1997). സലില്‍ ചൗധരിയുടെ ശുപാര്‍ശ പ്രകാരം ``ആനന്ദ് മഹലി''ല്‍ യേശുദാസിനെ ഗായകനായി പരീക്ഷിച്ചത് ഭട്ടാചാര്യയാണ്. പുറത്തിറങ്ങാതെ പോയ ജയ് ജവാന്‍ ജയ് കിസാന്‍ എന്നൊരു ചിത്രത്തില്‍ പാടി ഹിന്ദിയില്‍ നേരത്തെ തന്നെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും യേശുദാസിനെ ഉത്തരേന്ത്യന്‍ ആസ്വാദക വൃന്ദത്തിന്റെ ആരാധനാപാത്രമാക്കിയത് ആനന്ദ് മഹലിലെ ``നിസ ഗ മ പ'' എന്ന മനോഹര ഗാനമായിരുന്നു. സരികയെയും വിജയ് അറോറയേയും നായികാനായകരായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടും ആനന്ദ് മഹലിന്റെ ഫൈനല്‍ പ്രിന്റില്‍ അതൃപ്തനായിരുന്ന ഭട്ടാചാര്യ പടം പുറത്തിറക്കേണ്ടെന്ന് തീരുമാനിച്ചതോടെ മധ്യപ്രദേശിലെ മനോഹരമായ ദതിയ മഹല്‍ കൊട്ടാരത്തില്‍ ചിത്രീകരിച്ച യേശുദാസിന്റെ പാട്ട് അര്‍ഹിച്ച ശ്രദ്ധ നേടാതെ പോയി.

അടുത്ത ഊഴം ബസു ചാറ്റര്‍ജിയുടേതായിരുന്നു. സലില്‍ദായുടെ ശക്തമായ ശുപാര്‍ശയിലാണ് ചാറ്റര്‍ജി ``ചോട്ടി സി ബാത്തി''ല്‍ യേശുദാസിന് അവസരം നല്‍കാന്‍ തയ്യാറായത്. ദാസും ആശ ഭോസ്ലെയും പാടിയ ജാനേമന്‍ ജാനേമന്‍ ഇന്നത്തെ തലമുറയ്ക്കും ഏറെ പ്രിയങ്കരം. ആനന്ദ് മഹലിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് മെഹബൂബ് സ്റ്റുഡിയോയിലെ റോബിന്‍ ചാറ്റര്‍ജി ആയിരുന്നെങ്കില്‍, ജാനേമന്‍ പിറന്നു വീണത് ഫേമസ് സ്റ്റുഡിയോവില്‍. റെക്കോര്‍ഡിസ്റ്റ് പ്രശസ്തനായ മിനു ഖത്രക്കും. അമോല്‍ പലേക്കറും വിദ്യാസിന്ഹയും മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത ചോട്ടി സി ബാത്തില്‍ ഈ ഗാനരംഗം `സിനിമയ്ക്കുള്ളിലെ സിനിമ'യുടെ ഭാഗമായിരുന്നു - പാടി അഭിനയിച്ചത് ധര്‍മേന്ദ്ര - ഹേമമാലിനിമാരും .

ചിത്‌ചോര്‍. യേശുദാസിന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായ ഈ ചിത്രം ബസു ചാറ്റര്‍ജിയുടെ സംവിധാനത്തില്‍ പുറത്തു വന്നത് 1976 ല്‍. രവീന്ദ്ര ജെയ്നുമായുള്ള യേശുദാസിന്റെ ആത്മബന്ധത്തിന് തുടക്കമിട്ടതും ഈ ചിത്രം തന്നെ.

``ആനന്ദ് മഹലിന് വേണ്ടി റെക്കോര്‍ഡ് ചെയ്ത ചില ശ്ലോകങ്ങളാണ് യേശുവിന്റെ സ്വരത്തില്‍ ഞാന്‍ ആദ്യം കേട്ടത്. ബസു ഭട്ടാചാര്യ തന്നെയാണ് അവയുടെ റെക്കോര്‍ഡ് എന്നെ കേള്‍പ്പിച്ചതെനാണ് ഓര്‍മ്മ.''-- രവീന്ദ്ര ജെയിനിന്റെ വാക്കുകള്‍. ``വിസ്മയകരമായ അനുഭവമായിരുന്നു അത്. ദൈവികത്വമുള്ള ശബ്ദം. രാജശ്രീ പ്രൊഡക്ഷന്‍സ് അടുത്ത ചിത്രത്തിന് വേണ്ടി പുതിയൊരു ഗായകനെ തേടുന്ന സമയമായിരുന്നു. താരാചന്ദ് ബര്‍ജാത്യയുടെ മകന്‍ രാജ് കുമാറിനോട് ഞാന്‍ യേശുദാസിനെ കുറിച്ച് പറഞ്ഞു. എല്ലാം എന്റെ തീരുമാനത്തിന് വിട്ടു തരികയാണ് അദ്ദേഹം ചെയ്തത്. ചോട്ടി സി ബാത്തില്‍ നേരത്തെ യേശുദാസിന്റെ ശബ്ദം ഉപയോഗിച്ചിരുന്ന ബസു ചാറ്റര്‍ജിക്കും ഇല്ലായിരുന്നു മറിച്ചൊരു അഭിപ്രായം.''

രവീന്ദ്ര ജെയ്ന്‍ എഴുതി ഈണമിട്ട് ഫേമസ് സ്റ്റുഡിയോയിലെ സൗണ്ട് എന്‍ജിനീയര്‍ ബന്‍സാലി ആലേഖനം ചെയ്ത ചിത്‌ചോറിലെ ഗാനങ്ങള്‍ ഒന്നൊഴിയാതെ ഇന്ത്യ ഏറ്റുപാടിയത് പില്‍ക്കാല ചരിത്രം : ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ആജ്സെ പെഹലേ എന്നീ സോളോകള്‍ക്ക് പുറമേ ഹേമലതയ്‌ക്കൊപ്പം ജബ് ദീപ് ജലേ ആനാ, തുജോ മേരെ സുര്‍ മേ എന്നീ യുഗ്മഗാനങ്ങളും... ഇവയില്‍ ഏതു പാട്ടാണ് നമുക്ക് മറക്കാനാവുക? ഗോരി തേരാ ഗാവ് ബഡാ എന്ന ഗാനം യേശുദാസിന് ഏറ്റവും മികച്ച പിന്നണി ഗായകനുള്ള 1977 ലെ ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. അമോല്‍ പലേക്കറും സറീന വഹാബും മുഖ്യ റോളുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്‌ചോറിന്റെ ബോക്‌സ് ഓഫിസ് വിജയത്തില്‍ യേശുദാസിന്റെ ഗാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലായിരുന്നു.

ചിത്‌ചോറിന്റെ വിജയത്തിന് പിന്നാലെ ബസു ചാറ്റര്‍ജി സിനിമകളില്‍ പിന്നേയും യേശുദാസിന്റെ നാദസൗഭഗം മുടങ്ങാതെ കേട്ടു നാം. അപ്‌നേ പരായേയിലെ ശ്യാം രംഗ് രംഗാരെ, ഗാവോ മേരെ മന്‍,
സഫേദ് ജൂട്ടിലെ നീലെ അംബര്‍ കേ തലേ, സ്വാമിയിലെ ``കാ കരൂം സജ്നി'' എന്നീ പാട്ടുകള്‍ ഉദാഹരണം. യേശുദാസിന്റെ ഉച്ചാരണത്തെയും ആലാപനപാടവത്തെയും മുന്‍വിധിയോടെ നോക്കിക്കണ്ടവര്‍ 1970 - 80 കാലഘട്ടത്തില്‍ മുംബൈ സിനിമാലോകത്ത് കുറവല്ലായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് അക്കാലത്തെ പല സഹപ്രവര്‍ത്തകരും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌ക്രീന്‍ വാരികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ രാജേഷ് രോഷന്‍ പങ്കുവച്ച അനുഭവം ഓര്‍ക്കുന്നു. ബഡേ ഗുലാം അലി ഖാനെ പോലുള്ള മഹാ സംഗീതജ്ഞര്‍ ആലപിച്ച് അനശ്വരമാക്കിയ ``കാ കരൂം സജ്നീ'' എന്ന ക്ലാസിക് തുമ്രി യേശുദാസിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു രാജേഷിന്. ഹിന്ദി വാക്കുകളുടെ ഉച്ചാരണത്തിലും അത്ര തൃപ്തി പോര. സംവിധായകന്‍ ബസു ചാറ്റര്‍ജിയുടെ നിര്‍ബന്ധപ്രകാരമാണ് ഒടുവില്‍ ദാസിനെ കൊണ്ട് ആ ഗാനം പാടിക്കാന്‍ അദ്ദേഹം തയ്യാറായത്. യേശുദാസിന്റെ കഴിവുകളില്‍ അത്രയും വിശ്വാസമായിരുന്നു ചാറ്റര്‍ജിക്ക് എന്നതു തന്നെ കാരണം.

``ലാഘവത്തോടെ കാണാവുന്ന പാട്ടല്ല കാ കരൂം സജിനി. അതായിരുന്നു എന്റെ ആശങ്കക്ക് കാരണം. പക്ഷെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ഞങ്ങളെ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് യേശുദാസ് അത് ഗംഭീരമായി പാടി. റെക്കോഡിംഗ് കഴിഞ്ഞു നിമിഷങ്ങളോളം പരിപൂര്‍ണ നിശബ്ദതയായിരുന്നു സ്റ്റുഡിയോയില്‍ .'' രാജേഷ് പറഞ്ഞു.

Content Highlights : ravi menon on  director basu chatterjee death kj yesudas