രജനിക്ക് പിറന്നാള്‍ ആശംസകള്‍ (ഡിസം 12)

'മന്നന്‍' സിനിമയിലെ തീപ്പൊരി നേതാവാകാന്‍ സന്തോഷം മാത്രം രജനീകാന്തിന്. പക്ഷേ  തളര്‍ന്നുപോയ അമ്മയെ കൈകളില്‍ ചുമന്നുകൊണ്ട് മനം നൊന്തു പാടി അമ്പലം വലം വെക്കുന്ന മകനാകാന്‍ വയ്യ. വെളളിത്തിരയിലെ തന്റെ ആക്ഷന്‍ ഹീറോ ഇമേജിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന് രജനിക്ക് സംശയം. 'ആ പാട്ടും പാട്ടു സീനും ഒഴിവാക്കണം. അത്രയും മെലോഡ്രാമ അവിടെ വേണ്ട. എന്നെ അത്ര ദുര്‍ബലനായി സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല..'  രജനി പറഞ്ഞു. 

തളര്‍ന്നുപോയത് പടത്തിന്റെ സംഗീത സംവിധായകന്‍ ഇശൈജ്ഞാനി ഇളയരാജയാണ്. ഹൃദയം പകര്‍ന്നു നല്‍കി  താന്‍ സൃഷ്ടിച്ച ഗാനമിതാ അനാഥമാകാന്‍ പോകുന്നു. എത്ര ക്ലാസിക് ഗാനമാണെങ്കിലും സിനിമയില്‍ ഇടം നേടിയിലെങ്കില്‍ ആരും കേള്‍ക്കാതെ മൃതിയടയാനാകും അതിന്റെ യോഗമെന്ന് സ്വാനുഭവത്തില്‍ നിന്ന് നന്നായി അറിയാം രാജക്ക്. 'പ്രസാദ് സ്റ്റുഡിയോയിലും പരിസരത്തെ അമ്പലത്തിലും വെച്ചാണ് ഗാനരംഗം ഷൂട്ട് ചെയ്യേണ്ടത്. ഷൂട്ടിംഗ് കാണാന്‍ ഞാനും ചെന്നിരുന്നു. പക്ഷേ സമയമായിട്ടും രജനിയുടെ പൊടി പോലുമില്ല.

പിറ്റേന്നും അതിന്റെ പിറ്റേന്നും കഥ ആവര്‍ത്തിച്ചു. ആ ഗാനരംഗം എങ്ങനെയെങ്കിലും ഒഴിവാക്കിത്തണമെന്ന് അദ്ദേഹം സംവിധായകനോട് ആവശ്യപ്പെട്ടതായി അറിഞ്ഞത് അപ്പോഴാണ്.' രാജ പിന്നെ സംശയിച്ചുനിന്നില്ല.  രജനിയുടെ താമസസ്ഥലത്തേക്ക് നേരിട്ടു ചെന്നു. പതിവില്ലാതെ രാജ തന്നെ കാണാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ സൂപ്പര്‍ താരത്തിനു വേവലാതി. എന്തായിരിക്കണം ഈ വരവിന് പിന്നില്‍ ? 

രജനിയുടെ മനസ്സ് മാറ്റാനാണ് രാജ വന്നത്. 'ഈ ഗാനരംഗം നിങ്ങളിലെ ആക്ഷന്‍ ഹീറോക്ക് ഗുണം ചെയ്യില്ലായിരിക്കാം. പക്ഷേ അത് നിങ്ങളെ തമിഴകത്തെ ഓരോ അമ്മയുടെയും ഹൃദയത്തിന്റെ ഭാഗമാക്കി മാറ്റും. ഉറപ്പ്.  സ്റ്റണ്ട് സീനുകളെക്കാള്‍, തീപാറുന്ന  ഡയലോഗുകളെക്കാള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യാന്‍ പോകുന്ന ഗാനമായിരിക്കും ഇത്. ഞാന്‍ പറയുന്നത് വിശ്വസിക്കുക.' രാജയുടെ വാക്കുകളിലെ ആത്മാര്‍ത്ഥതയുടെ തെളിച്ചം രജനിയെ നിരായുധനാക്കി എന്നതാണ് സത്യം. പിറ്റേന്ന് തന്നെ ഗാനരംഗം അഭിനയിക്കാന്‍ സ്റ്റുഡിയോയിലെത്തുന്നു തെന്നിന്ത്യയുടെ സൂപ്പര്‍ താരം. അന്ന് പാടി അഭിനയിച്ച പാട്ടും ആ രംഗവും ഇന്ന് ചരിത്രത്തിന്റെ ഭാഗം: 'അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ അമ്മാവെ വണങ്കാതൈ ഉയര്‍വില്ലയേ...' അമ്മയായി അഭിനയിച്ച പഴയകാല നടി പണ്ഡരീബായിയെ ചുമന്നുകൊണ്ട് രജനി പാടി അഭിനയിച്ച ഗാനം ആ രംഗത്തിന്റെ എല്ലാവികാരതീവ്രതയോടും കൂടി ഇടനെഞ്ചില്‍ ഏറ്റുവാങ്ങുകയായിരുന്നു ജനം. 
   
സിനിമാ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ താന്‍ ചിട്ടപ്പെടുത്തി പാടിയ ഒരു ഗാനത്തില്‍ നിന്നാണ്  'അമ്മാ എന്‍ട്രഴൈക്കാത''എന്ന പാട്ടുണ്ടായതെന്ന്  പറയുന്നു ഇളയരാജ. 1982 ല്‍ പുറത്തുവന്ന 'തായ് മൂകാംബിക' എന്ന ചിത്രത്തോളം പഴക്കമുള്ള കഥ. കെ ശങ്കര്‍ സംവിധാനം ചെയ്ത ആ സിനിമയില്‍ സാക്ഷാല്‍ ശങ്കരാചാര്യര്‍ മൂകാംബികയെ സ്തുതിച്ചു പാടുന്ന ഒരു രംഗമുണ്ട്. 'പാട്ട് കംപോസ് ചെയ്യാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പൂജാമുറിയിലെ ശങ്കരാചാര്യരുടെ പടത്തിനു മുന്നില്‍ ചെന്നു നിന്ന് തൊഴുതു ഞാന്‍.' രാജ ഓര്‍ക്കുന്നു.  'മഹാഗുരുവേ, ഇന്നത്തെ എന്റെ ഈണത്തില്‍ അങ്ങയുടെ സാന്നിധ്യമുണ്ടാവണം എന്നായിരുന്നു മനസ്സിലുണ്ടായിരുന്ന ഒരേയൊരു പ്രാര്‍ത്ഥന. ഭാഗ്യത്തിന് കംപോസ് ചെയ്യാനിരുന്നപ്പോഴേ ട്യൂണ്‍ മനസ്സില്‍ കയറിവന്നു. സംവിധായകന്‍ ശങ്കര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷെ എനിക്ക് എന്തോ ഒരു അതൃപ്തി. ഇതല്ലല്ലോ ഈ സിറ്റുവേഷന് വേണ്ട പാട്ട് എന്ന് ആരോ മനസ്സിലിരുന്ന് പറയും പോലെ. കുറച്ചുനേരം ആലോചിച്ചപ്പോള്‍ കാര്യം പിടികിട്ടി. ഒരു സന്യാസിയുടെ നിര്‍മമത ഈ ഈണത്തില്‍ വന്നിട്ടില്ല.  ഭൗതിക ജീവിതത്തോട് പൂര്‍ണ്ണമായും അകല്‍ച്ച പാലിക്കുന്ന ഒരാളുടെ മനോനിലയാണ് പാട്ടില്‍  വേണ്ടത്. അല്ലാതെ  പണ്ഡിതന്റെ അഹങ്കാരം നിറഞ്ഞ  മനസ്സല്ല.'
 
ശങ്കരനെ ധ്യാനിച്ച് മറ്റൊരു ഈണം സൃഷ്ടിക്കുന്നു ഇളയരാജ. പഴയതിനേക്കാള്‍ ലളിതമായ ഒരു ഈണം. രാജ ഈണം പാടിക്കേള്‍പ്പിച്ചതും കവിഞ്ജര്‍ വാലിയുടെ തൂലികയില്‍ നിന്ന് വരികള്‍ വാര്‍ന്നുവീണതും ഒപ്പം.'ജനനീ ജനനീ ജഗം നീ അകം നീ ജഗത് കാരണി നീ പരിപൂരണി നീ..' വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും  സാരം ഒരു ചിമിഴില്‍ ഒതുക്കുകയായിരുന്നു വാലി എന്ന് പറയും രാജ. ഹാര്‍മോണിയം വായിച്ചു രാജ തന്നെ ആ പാട്ട് പൂര്‍ണ്ണമായി പാടിക്കേള്‍പ്പിച്ചപ്പോള്‍ കൂടിയിരുന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞു. പാട്ട് യേശുദാസ് പാടണം എന്നാണ് സംവിധായകന്റെ  ആഗ്രഹം. നിര്‍ഭാഗ്യവശാല്‍ ദാസ് സ്ഥലത്തില്ല. വിദേശ പര്യടനത്തിലാണ്. ഇന്നത്തെ പോലെ ട്രാക്ക് സമ്പ്രദായമൊന്നും അത്ര പ്രചാരം നേടിയിട്ടില്ലാത്ത കാലമാണ്. ദാസ് വരും വരെ കാത്തിരിക്കാമെന്നായി സംഗീതസംവിധായകന്‍. ശങ്കര്‍ സമ്മതിച്ചെങ്കിലും സൗണ്ട് എഞ്ചിനീയര്‍ ഉള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു: ഇത് രാജ തന്നെ പാടിയാല്‍ മതി. മറ്റാരു പാടിയാലും ആ ഫീല്‍ കിട്ടില്ല.  ഒടുവില്‍ ആ ഗാനം ഇളയരാജയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. 

പത്തു വര്‍ഷത്തിന് ശേഷം 'മന്നനി'ലെ (1992) പാട്ടുകള്‍ ചിട്ടപ്പെടുത്താനിരിക്കുമ്പോള്‍ ആ പഴയ ഓര്‍മ്മകള്‍ വീണ്ടും വന്നു രാജയുടെ മനസ്സിനെ തഴുകി. അമ്മയെ കുറിച്ചുള്ള പാട്ടാണ്. സിറ്റുവേഷന്‍ വിവരിച്ചു കൊടുത്ത ശേഷം സംവിധായകന്‍ പി വാസു പറഞ്ഞു: 'എനിക്ക് ഇവിടെ വേണ്ടത് ജനനീ ജനനീ പോലൊരു പാട്ടാണ്. അത്രയും ഫീല്‍ ഉള്ള പാട്ട്. ഇന്നും ആ പാട്ട് കേട്ടാല്‍ ഞാന്‍ കരയും. അതേ ട്യൂണ്‍ തന്നെ ആവര്‍ത്തിച്ചാലും കുഴപ്പമില്ല.' അമ്പരപ്പും ചിരിയും ഒരുമിച്ചുവന്നു ഇളയരാജക്ക്. വാസുവിന്റെ മുഖത്തു നോക്കി അദ്ദേഹം പറഞ്ഞു: 'ജനനീ ജനനീ നേരത്തെ വന്നുപോയില്ലേ? ഇനി അതുപോലൊരു പാട്ടിന് പ്രസക്തിയില്ല. മാത്രമല്ല മഹാമായയായ മൂകാംബികാ ദേവിയെ കുറിച്ചാണ് ആ പാട്ട്. ഇവിടെ വേണ്ടത് പാവപ്പെട്ട ഒരു  അമ്മയെ കുറിച്ചുള്ള പാട്ടും. നിങ്ങളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം.'
 
'ജനനീ ജനനീ' എന്ന ഗാനത്തിന്റെ പല്ലവിയുടെ തുടക്കത്തിലെ നോട്ട്‌സ് അതേ പടി നിലനിര്‍ത്തിക്കൊണ്ട് പുതിയൊരു ഈണം സൃഷ്ടിക്കുന്നു ഇളയരാജ. 'ശ്രദ്ധിച്ചു പാടിനോക്കിയാലേ സാമ്യം മനസ്സിലാകൂ.' രാജയുടെ വാക്കുകള്‍. ആദ്യ വരി കഴിഞ്ഞാല്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു പാതയിലൂടെയാണ് ഗാനത്തിന്റെ സഞ്ചാരം. ട്യൂണ്‍ മൂളിക്കൊടുത്തപ്പോഴേ വാലി വരികള്‍ എഴുതി. ' പൊരുളോട് പുകള്‍ വേണ്ടും മകനല്ല തായേ ഉന്‍ അരുള്‍ വേണ്ടും എനക്കിന്‍ട്രു അതു പോതുമേ, അടുത്തിങ്ങു പിറപ്പൊന്‍ട്രു അമൈന്താലും നാന്‍ ഉന്തന്‍ മകനാക പിറക്കിന്‍ട്ര വരം വേണ്ടുമേ എന്ന വരി വായിച്ചു കേട്ടപ്പോള്‍ കൂടിയിരുന്നവരെല്ലാം വികാരാധീനനായി എന്നോര്‍ക്കുന്നു രാജ. എത്ര ഹൃദയസ്പര്‍ശിയായ വരികള്‍. പേരും പെരുമയും വേണ്ടെനിക്ക്, അമ്മേ നിന്റെ അനുഗ്രഹം മാത്രം മതി. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അമ്മയുടെ മകനായിത്തന്നെ ജനിക്കണമെന്ന ഒരൊറ്റ വരം മാത്രം മാത്രം മോഹിക്കുന്നു ഞാന്‍...'

ഗാനം പാടേണ്ടത് യേശുദാസ് ആയിരിക്കണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു സംവിധായകന്‍ വാസു.  
റെക്കോര്‍ഡിംഗിനിടെ മറക്കാനാവാത്ത മറ്റൊരു അനുഭവം കൂടി ഉണ്ടായി. പാട്ടിന്റെ ഒടുവില്‍ പല്ലവി ആവര്‍ത്തിക്കുന്ന ഭാഗത്ത് അഴൈക്കാത എന്ന് പാടുമ്പോള്‍ യേശുദാസിന്റെ തൊണ്ട ചെറുതായൊന്ന് ഇടറിയോ എന്ന് സംശയം. ഒരു നേര്‍ത്ത അപഭ്രംശം. വരികളില്‍ സ്വയം മറന്ന് അലിഞ്ഞുപോയതുകൊണ്ടുണ്ടായ പ്രശ്‌നമാണ്.  വരികള്‍ വായിച്ചുകേട്ട ശേഷം പാടാന്‍ മൈക്രോഫോണിനു മുന്നില്‍ നിന്നപ്പോഴേ വികാരാധീനനായിരുന്നു ദാസ്. ഇടര്‍ച്ച ബാധിച്ച വാക്ക് മാത്രം ഒന്നു കൂടി പാടി കൂട്ടിച്ചേര്‍ക്കാം എന്ന് സംഗീത സംവിധായകനും ശബ്ദലേഖകനും നിര്‍ദേശിച്ചപ്പോള്‍ യേശുദാസ് പറഞ്ഞു: 'എന്തിന്? പാട്ട് അമ്മയെ കുറിച്ചാകുമ്പോള്‍ വികാരാധിക്യമുണ്ടാകുന്നത് സ്വാഭാവികം. അപ്പോള്‍ ഇത്തരം ഇടര്‍ച്ചകളൊക്കെ ഉണ്ടാകാം. ആ പിഴവ്  അങ്ങനെ തന്നെ നിലനില്‍ക്കട്ടെ. ' രാജ പിന്നെ മറുത്തൊന്നും പറഞ്ഞില്ല. ഇന്നും ആ പാട്ടില്‍ ആ നേര്‍ത്ത ഇടര്‍ച്ച കേള്‍ക്കാം. പില്‍ക്കാലത്ത് വേദിയില്‍ അത് പാടുമ്പോഴും വികാരാധീനനായിക്കണ്ടിട്ടുണ്ട് ഗാനഗന്ധര്‍വനെ; പലവട്ടം.  

'അമ്മാ എന്‍ട്രഴൈക്കാത  എന്ന പാട്ട് എന്റെ അമ്മയെ കുറിച്ചാണോ എന്ന് പലരും ചോദിക്കാറുണ്ട്.' ഇളയരാജ. 'എന്റെ മാത്രമല്ല എല്ലാവരുടെയും അമ്മയെ കുറിച്ചാണെന്നു പറയും ഞാന്‍. ഒരു സുപ്രഭാതത്തില്‍ പറക്കമുറ്റാത്ത  മക്കള്‍ മൂവരും മുന്നില്‍ വന്നുനിന്ന് സംഗീതം പഠിക്കാന്‍ കേട്ടുകേള്‍വി മാത്രമുള്ള  മദ്രാസിലേക്ക് പോകണം എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ തനിക്കേറ്റവും പ്രിയപ്പെട്ട ട്രാന്‍സിസ്റ്റര്‍ റേഡിയോ വിറ്റുകളയാന്‍ മടിക്കാതിരുന്ന ആളാണ് എന്റെ അമ്മ. റേഡിയോ വിറ്റു കിട്ടിയ 400 രൂപ മുഴുവനായും ഞങ്ങളെ ഏല്‍പ്പിച്ച് ഞങ്ങളെ യാത്രയാക്കി അവര്‍. വേണമെങ്കില്‍ അതില്‍ നിന്നൊരു നൂറു രൂപയെടുത്ത്  വീട്ടുചെലവിനെന്നു പറഞ്ഞു കയ്യില്‍ സൂക്ഷിക്കാമായിരുന്നു അമ്മക്ക്. അതുപോലും ചെയ്തില്ല അവര്‍. മക്കളെ ജീവനേക്കാള്‍ ഏറെ സ്‌നേഹിച്ച ആ അമ്മയില്ലെങ്കില്‍ ഇന്ന് നിങ്ങള്‍ അറിയുന്ന ഇളയരാജയും ഇല്ല.  നിങ്ങളില്‍ ഓരോരുത്തര്‍ക്കുമുണ്ടാകും  സ്വന്തം അമ്മയെ കുറിച്ച് അയവിറക്കാന്‍ ഇതുപോലുള്ള ആര്‍ദ്രമായ ഓര്‍മ്മകള്‍. അവര്‍ക്കെല്ലാം വേണ്ടിയാണ് ഈ പാട്ട്...'

 (പാട്ടുചെമ്പകം പൂത്തുലയുമ്പോള്‍)

Content Highlights : ravi menon article rajanikanth birthday special article ilayaraja