ജോൺസന്റെ സ്മൃതിദിനം ഇന്ന്
--------------------------

``പാർവതി''യിലെ പാട്ടുകൾ സൃഷ്ടിച്ചത് ചെന്നൈ അശോക് നഗറിലുള്ള ഭരതന്റെ കൊച്ചു വീടിന്റെ ഇറയത്തിരുന്നാണ്. പാട്ടുണ്ടാക്കാൻ ഹാർമോണിയവുമായി കയറിവന്ന മെലിഞ്ഞ ചെറുപ്പക്കാരന്റെ ചിത്രം ഇന്നുമുണ്ട് എം ഡി രാജേന്ദ്രന്റെ ഓർമയിൽ, കണ്ടാൽ കോളേജ് വിദ്യാർഥിയാണെന്നെ തോന്നൂ. കയ്യിൽ അല്പം കുസൃതിത്തരവും ഉണ്ട്. കാണുന്നപോലെയല്ല; ആൾ കേമനാണ് എന്ന് പറഞ്ഞ് ഭരതൻ നവാഗതനെ ഗാനരചയിതാവിന് പരിചയപ്പെടുത്തുന്നു. ഔപചാരികതകൾ ഒന്നുമില്ല. തന്റെ ദൗത്യത്തിലേക്ക് നേരിട്ട് പ്രവേശിക്കുകയായി ജോൺസൺ. കേൾവിക്കാരായി ഭരതനും കെ പി എ സി ലളിതയും.

ആദ്യം വേണ്ടത് ഒരു ഗുരുവായുരപ്പ ഭക്തിഗാനമാണ്. പ്രിയപ്പെട്ട ശ്രീരാഗത്തിൽ തന്നെ വേണം അതെന്നു ഭരതന് നിർബന്ധം. രാജേന്ദ്രന് പെട്ടെന്ന് ഓർമ വന്നത് കുറച്ച് കാലം മുൻപ് ആകാശവാണിക്ക് വേണ്ടി താൻ തന്നെ എഴുതിയ ഒരു ഭക്തിഗാനമാണ്. ``പി കെ കേശവൻ നമ്പൂതിരി സംഗീതം നൽകി സുധാവർമ പാടിയ ആ പാട്ടിന്റെ പല്ലവി ഞാൻ മൂളിക്കൊടുത്തു. ഭരതൻ മനസ്സിൽ ഉദ്ദേശിച്ച ഭാവം ഇത് തന്നെയോ എന്ന് അറിയുകയാണ് ഉദ്ദേശം. പല്ലവി കേട്ടപ്പോൾ പാട്ട് മുഴുവൻ കേൾക്കാതെ വയ്യ ഭരതന്. കണ്ണടച്ച് ഗാനം പൂർണമായി ആസ്വദിച്ച ശേഷം ഭരതൻ പ്രഖ്യാപിച്ചു: ഇതാണ് നമ്മുടെ പാട്ട്. ഇത് തന്നെ മതി. പക്ഷെ ട്യൂൺ മാറ്റണം. ശ്രീരാഗം വരട്ടെ.''

``നന്ദസുതാവര തവജനനം, വൃന്ദാവനസുധ പുളിനം''-- പാട്ടിന്റെ തുടക്കം അതായിരുന്നു. മനസ്സിൽ തോന്നിയ ഈണത്തിന് ചെറിയൊരു ഫോക്ക് സ്പർശം നൽകി ഭരതൻ അത് ജോൺസണ് മൂളിക്കൊടുക്കുന്നു. ആദ്യ വരി മാത്രം. അത് ധാരാളമായിരുന്നു ജോൺസണ്. നിമിഷങ്ങൾക്കകം ശ്രീരാഗത്തിൽ, ഭക്തിയും പ്രണയവും ശൃംഗാരവും ഇടകലർന്ന ഒരു ഗാനം പിറക്കുകയായി. `` ചരണത്തിന്റെ അവസാന ഭാഗമെത്തിയപ്പോൾ ജോൺസണ് ഒരു സംശയം. ``ആടകൾക്കായവർ കൈനീട്ടി ആറ്റിലെ ഓളങ്ങൾക്ക് ചിരി പൊട്ടി'' എന്നാണ് ഞാൻ എഴുതിയിരുന്നത്. ഇവിടെ ഒരു ചെറിയ കല്ലുകടി തോന്നുന്നില്ലേ? . ഈ പൊട്ടൽ അത്യാവശ്യമാണോ പാട്ടിൽ? -- നിഷ്കളങ്കമായ ചോദ്യം. ശരിയാണ്. ഭരതൻ അപ്പോൾ തന്നെ ആ വരി ചെറുതായൊന്നു മാറ്റി- ആറ്റിലെ ഓളങ്ങൾ ചിരി തൂകി എന്നാക്കി മാറ്റി. ജോൺസണ് സന്തോഷം. പാട്ട് പൂർത്തിയായപ്പോൾ ഞങ്ങൾ നാലുപേരും ചേർന്നു ആഘോഷമായി അത് പാടിയത് ഓർക്കുന്നു. വാണി ജയറാമിന്റെ ശബ്ദത്തിലാണ് ആ ഗാനം റെക്കോർഡ് ചെയ്തത്.

``കുറുനിരയോ മഴമഴ മുകിൽ നിരയോ കുനുകുനു ചികുരമദനലാസ്യ ലഹരിയോ'' എന്നൊരു പാട്ടുണ്ട് അതേ ചിത്രത്തിൽ. കഥാനായകനായ ഉറുമീസ് (പ്രേംനസീർ) , തമിഴ് നടി ലത അവതരിപ്പിച്ച തമ്പുരാട്ടിയെ പ്രാപിക്കുന്ന രംഗത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന ഗാനം. രതിയുടെ ഉന്മാദാവസ്ഥ പ്രതിഫലിക്കുന്നതാവണം പാട്ട് എന്ന് നിർബന്ധമുണ്ടായിരുന്നു ഭരതന്. പടത്തിന്റെ അസോഷ്യെറ്റ് ഡയറക്റ്ററും തോപ്പിൽ ഭാസിയുടെ മകനുമായ അജയന്റെ കോടമ്പാക്കത്തെ ഹോട്ടൽ മുറിയിൽ ഇരുന്നു രാജേന്ദ്രൻ എഴുതിയതാണ് ആ പാട്ട്. കമ്പോസിംഗ് പതിവ് പോലെ ഭരതന്റെ വീട്ടിൽ വച്ച് തന്നെ. സിറ്റുവേഷൻ കൃത്യമായി മനസ്സിലാക്കി വച്ചിരുന്നത് കൊണ്ടാവണം, ഒരൊറ്റ വായന കൊണ്ട് തന്നെ വരികളെ തന്റെ ഹൃദയത്തിലേക്ക് ആവാഹിച്ചു കഴിഞ്ഞിരുന്നു സംഗീത സംവിധായകൻ. ``ജോൺസന്റെ ശബ്ദത്തിൽ പിന്നെ ഞങ്ങൾ കേട്ടത് രതിയുടെ താളത്തിലുള്ള സംഗീതമാണ്. ആ പാട്ടിൽ തന്നെ ഉണ്ടായിരുന്നു അതിന്റെ ദൃശ്യഭാഷയും.'' ചെന്നൈ എ വി എം സി തിയറ്ററിൽ നിന്നു ജയചന്ദ്രന്റെയും വാണിജയറാമിന്റെയും ശബ്ദത്തിൽ കുറുനിരയോ എന്ന ഗാനം ആദ്യമായി ഒഴുകി വന്നപ്പോൾ ഓടിച്ചെന്നു ജോൺസനെ കെട്ടിപ്പിടിച്ചു മൂർധാവിൽ ഉമ്മവക്കുന്ന ഭരതന്റെ ചിത്രം എത്ര മായ്ച്ചാലും രാജേന്ദ്രന്റെ മനസ്സിൽ നിന്നു മായില്ല; തൊട്ടു പിന്നാലെ വന്ന ഭരതന്റെ ഉറക്കെയുള്ള പ്രഖ്യാപനവും: ``എടാ, നീയാണ് മന്നൻ. ഇനിയങ്ങോട്ട് നിന്റെ സംഗീതകാലം.'' എല്ലാം കണ്ടും കേട്ടും സൗമ്യമായി ചിരിച്ചുനിന്നു ജോൺസൺ.

പശ്ചാത്തല സംഗീതസംവിധായകൻ എന്ന നിലയിൽ മാത്രമല്ല, ഗാനസ്രഷ്ടാവ് എന്ന നിലയിലും തന്റെ കഴിവുകൾ അംഗീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവ് ജോൺസണ് നൽകിയ നൽകിയ ആത്മവിശ്വാസം ചില്ലറയല്ല. `പാർവതി' ബോക്സ് ഓഫിസിൽ രക്ഷപ്പെട്ടില്ലെങ്കിലും പാട്ടുകൾ ജനം ശ്രദ്ധിച്ചു. യേശുദാസിന്റെ ശബ്ദ സാന്നിധ്യമില്ലാതെ സിനിമകൾ പുറത്തിറങ്ങുന്നത് അപൂർവമായിരുന്ന അക്കാലത്ത് `പാർവതി''യുടെ സംഗീതത്തിനു ലഭിച്ച വരവേൽപ്പ് അത്ഭുതകരമായിരുന്നു. ``എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ അപ്പോഴും ഒരു മോഹം ബാക്കി നിന്നു. യേശുദാസിനെ കൊണ്ട് ഒരു പാട്ട് പാടിക്കണം. ആ ശബ്ദത്തിന്റെ അപാര സാധ്യതകൾ സിനിമാലോകം പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം.'' ജോൺസന്റെ വാക്കുകൾ. ``പ്രേമഗീതങ്ങൾ'' (1981 ) എന്ന പടം ആ സ്വപ്നത്തിന്റെ സാക്ഷാത്‌കാരമായി. വാണിജ്യസിനിമയിലെ ശക്തമായ സാന്നിധ്യം എന്ന നിലയിലേക്ക് ജോൺസണെ കൈപിടിച്ചുയർത്തിയത് ആ ബാലചന്ദ്രമേനോൻ ചിത്രമാണ്.

പ്രേമഗീതങ്ങളിൽ യേശുദാസ് മൂന്നു പാട്ടുകൾ പാടി -- ജാനകിയ്ക്കൊപ്പം സ്വപ്നം വെറുമൊരു സ്വപ്നം, വാണിജയറാമിനൊപ്പം മുത്തും മുടിപ്പൊന്നും നീ ചൂടിവാ, പിന്നെ `നീ നിറയൂ ജീവനിൽ പുളകമായ്' എന്ന സോളോയും. ഹരിപ്പാട്ടുകാരൻ ദേവദാസ് ആണ് ഗാനരചയിതാവ് --. രാധ എന്ന പെൺകുട്ടിയിലെ ``കാട്ടുകുറിഞ്ഞി പൂവും ചൂടി'' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ ശില്പി. തുടർച്ചയായി മൂന്നു പടങ്ങളിൽ (കലിക, നട്ടുച്ചക്കിരുട്ട്, താളം മനസ്സിന്റെ താളം) ദേവരാജൻ മാഷുമായി ഒരുമിച്ചു പ്രവർത്തിച്ചതിന്റെ വിശാലമായ അനുഭവസമ്പത്തുമായി പ്രേമഗീതങ്ങൾക്ക് പാട്ടെഴുതാൻ എത്തിയ ദേവദാസിനെ അവിടെ കാത്തിരുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്. ``ജീവിതത്തിൽ ആദ്യമായി ട്യൂണിനൊത്തു പാട്ടെഴുതിയത് ആ സിനിമയിൽ ആയിരുന്നു. സംവിധായകൻ വിവരിച്ചു തന്ന സിറ്റുവേഷനുകൾക്ക് അനുസരിച്ച് നേരത്തെ തന്നെ പാട്ടുകൾ എഴുതി വച്ചതാണ്. അവ പക്ഷേ പുറത്തെടുക്കേണ്ടി വന്നതുപോലുമില്ല. ചെന്നൈ പാംഗ്രൂവ് ഹോട്ടലിൽ കംപോസിംഗിനു ചെന്നയുടൻ ജോൺസൺ ആരാഞ്ഞത് ഈണത്തിനനുസരിച്ച് വരികൾ എഴുതി നോക്കിക്കൂടെ എന്നാണ്. പരീക്ഷണം പാളിപ്പോയാൽ നമുക്ക് പഴയ രീതിയിലേക്ക് തന്നെ മടങ്ങാം എന്നും പറഞ്ഞു അദ്ദേഹം.''

പക്ഷെ ദേവദാസ് ആ പരീക്ഷണം ജയിച്ചുകയറുക തന്നെ ചെയ്തു. ആദ്യമെഴുതിയത് നീ നിറയൂ ജീവനിൽ എന്ന ഗാനം. സ്വപ്നം എന്ന വാക്കിൽ നിന്നു ഒരു പല്ലവി ഉണ്ടാക്കാമോ എന്ന ബാലചന്ദ്ര മേനോന്റെ ചോദ്യമാണ് സ്വപ്നം വെറുമൊരു സ്വപ്നം, സ്വപ്നം സ്വപ്നം സ്വപ്നം എന്ന പാട്ടിലേക്ക് വഴിതുറന്നത് എന്നോർക്കുന്നു ദേവദാസ്. പല്ലവി ആദ്യമെഴുതി ഈണമിട്ടതാണെങ്കിലും, ഗാനത്തിന്റെ ബാക്കി വരികൾ ട്യൂണിനു അനുസരിച്ച് എഴുതിയവ തന്നെ . മൂന്നാമത്തെ ഗാനമായ ``മുത്തും മുടിപ്പൊന്നും നീ ചൂടിവാ''യുടെ സൃഷ്ടിയിൽ പാശ്ചാത്യ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളാണ് ജോൺസൺ പിന്തുടർന്നത്. പിന്നീടൊരു സംഭാഷണ മദ്ധ്യേ ആ ഗാനം പരാമർശവിഷയമായപ്പോൾ ജോൺസൺ പറഞ്ഞ വാക്കുകൾ ഓർമ വരുന്നു: ``പുതിയ കാലത്തിന്റെ സംഗീതവുമായി ഇണങ്ങി ചേരാൻ പറ്റാത്തത് കൊണ്ടാണ് ജോൺസൺ മാഷ് സിനിമയിൽ നിന്നു പുറത്തായതെന്ന് ചിലരൊക്കെ പറഞ്ഞു കേട്ടു . മുപ്പതു കൊല്ലം മുൻപ് വെസ്റ്റേൺ നോട്ട്സ് മാത്രം വച്ച് പാട്ടുണ്ടാക്കിയ ആളാണ് ഞാൻ. സംശയമുണ്ടെങ്കിൽ മുത്തും മുടിപ്പൊന്നും എന്ന പാട്ട് കേട്ട് നോക്കട്ടെ. അതല്ലെങ്കിൽ മാനത്തെ വെള്ളിത്തേര് എന്ന സിനിമക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയ പാട്ടുകൾ..'' ഒരു വെല്ലുവിളിയുടെ ധ്വനി ഉണ്ടായിരുന്നോ ആ വാക്കുകളിൽ?

ജെ എം രാജുവും സുശീലയും പാടിയ നല്ലൊരു യുഗ്മഗാനം കൂടി ഉണ്ടായിരുന്നു പ്രേമഗീതങ്ങളി ൽ: കളകളമൊഴി പ്രഭാതമായ് . സുശീലയുടെ ശബ്ദം അപൂർവമായേ ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളൂ ജോൺസൻ. ആ ശബ്ദത്തിന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളായിരുന്ന ദേവരാജനിൽ നിന്നു നിന്നു ശിഷ്യനെ വേറിട്ട് നിർത്തുന്ന ഘടകവും അത് തന്നെ. ``ജാനകിയുടേതു കൂടുതൽ ഫ്ലെക്സിബ്ൾ ആയ ശബ്ദമായി തോന്നിയിട്ടുണ്ട്. സൂക്ഷ്മ ഭാവങ്ങൾ പോലും അവരുടെ ആലാപനത്തിൽ എളുപ്പം വരും ഉച്ചാരണ ശുദ്ധിയും എടുത്തു പറയണം. പക്ഷെ സുശീലയുടെ ശബ്ദത്തോട് എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ തന്നെ പാട്ടുകളിൽ ഒന്ന് അവർ പാടിയതാണ്-- ``ഫുട്ബാളി''ലെ `മനസ്സിന്റെ മോഹം മലരായ് പൂത്തു'. എന്തുകൊണ്ടോ ആ പാട്ട് വേണ്ടവണ്ണം ശ്രദ്ധിക്കപ്പെട്ടില്ല.'' സന്ദർഭത്തിലെ പണ്ടൊരു കാട്ടിലൊരാൺസിംഹം ആണ് ജോൺസണ് വേണ്ടി സുശീല പാടിയ മറ്റൊരു ഹിറ്റ് ഗാനം.

Content Highlights :ravi menon article on johnson master death anniversary paatuvazhiyorathu