പാട്ടുകാർക്കിടയിൽ സീനിയോറിറ്റി ഇന്നും ഒരു നിർണായക ഘടകം തന്നെ -- സ്റ്റേജ് പരിപാടികളാകുമ്പോൾ വിശേഷിച്ചും. പ്രായം കൊണ്ടും പരിചയസമ്പത്ത് കൊണ്ടും തന്നേക്കാൾ ഇളയവരായവരുടെ പാട്ടുകൾ, അവർ എത്ര തന്നെ പ്രശസ്തരായാലും, പാടുന്ന പതിവ് ഗായകർക്കിടയിൽ അപൂർവം. ഹരിഹരന്റെ ``ഉയിരേ'' സ്റ്റേജിൽ പാടി സദസ്സിനെ വിസ്മയിപ്പിച്ച എസ് പി ബാലസുബ്രഹ്മണ്യമാണ് ഇതിനൊരപവാദം.

ഭാവഗായകൻ ജയചന്ദ്രനേയും ഈ സഹൃദയക്കൂട്ടത്തിൽ പെടുത്താം എന്ന് സാക്ഷ്യപ്പെടുത്തുന്നു സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ. തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ ഭാവചന്ദ്രിക എന്ന പരിപാടിക്കിടെ ഉണ്ടായ അനുഭവം മാസ്റ്റർ വികാരാധീനനായി വിവരിച്ചുകേട്ടത് കഴിഞ്ഞ ദിവസമാണ്.

ജയചന്ദ്രന് ആദരമർപ്പിച്ചു കൊണ്ട് നടന്ന പരിപാടിക്കിടയിൽ സദസ്സിലിരുന്ന വിദ്യാധരനെ വേദിയിലേക്ക് ക്ഷണിക്കുന്നു ഗായകൻ. ഇനിയുള്ള കഥ വിദ്യാധരൻ മാസ്റ്ററുടെ തന്നെ വാക്കുകളിൽ: ``എന്നെ പറ്റി ഹൃദയസ്പർശിയായ കുറെ നല്ല വാക്കുകൾ പറഞ്ഞ ശേഷം എന്റെ ചില പാട്ടുകൾ പാടുകയും ചെയ്തു അദ്ദേഹം. രാധാമാധവത്തിലെ മന്ദഹാസപുഷ്പങ്ങളിലെ ആയിരുന്നു അവയിലൊന്ന് . എം ജി ശ്രീകുമാർ പാടിയ പാട്ട്. തനിക്കേറ്റവും പ്രിയപ്പെട്ട കോമ്പസിഷൻ എന്ന വിശേഷണത്തോടെ ജയചന്ദ്രൻ അപ്രതീക്ഷിതമായി ആ പാട്ട് പാടിത്തുടങ്ങിയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി. പാട്ടിന്റെ വരികളിലും ഈണത്തിലും അലിയുകയായിരുന്നു ജയചന്ദ്രൻ. തന്നെക്കാൾ എത്രയോ ജൂനിയർ ആയ പാട്ടുകാരന്റെ പാട്ടുപോലും ആസ്വദിച്ച് മനഃപാഠമാക്കി പൊതുവേദിയിൽ അവതരിപ്പിക്കാൻ മടിച്ചില്ല അദ്ദേഹം. വലിയ മനസ്സുള്ളവർക്കേ അങ്ങനെ ചെയ്യാനാകൂ. എത്ര പേർക്ക് ആ മനസുണ്ടാകും?''അർത്ഥവത്തായ ചോദ്യം.

അതിനും കുറച്ചു കാലം മുൻപ് ബംഗളൂരുവിൽ സംവിധായകൻ വി കെ പ്രകാശ് മുൻകൈയെടുത്ത് സംഘടിപ്പിച്ച ``ഓർമ്മ'' എന്ന പരിപാടിയിലും വിദ്യാധരന് പ്രണാമം അർപ്പിച്ചുകൊണ്ട് അതേ ഗാനം പാടിയിരുന്നു ജയചന്ദ്രൻ. ``അന്ന് എന്റെ അസാന്നിധ്യത്തിലാണ് പാടിയതെന്ന് മാത്രം. അവതാരകനായ ജയരാജ് വാര്യർ അപ്പോൾ തന്നെ തൃശൂരിലേക്ക് വിളിച്ച് ഫോണിൽ ആ പാട്ട് എന്നെ കേൾപ്പിക്കുകയും ചെയ്തു. മനസ്സുകൊണ്ട് ആരും നമിച്ചു പോകില്ലേ ആ മനുഷ്യനെ?''-- വിദ്യാധരൻ ചോദിക്കുന്നു.

``പാട്ട് ആരുടേതായാലും, ഇഷ്ടപ്പെട്ടാൽ പാടും; ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയുകയും ചെയ്യും'' -- ജയചന്ദ്രന്റെ നയം സുതാര്യം, സുവ്യക്തം.
ഭാവഗായകന് ഒരു കൂപ്പുകൈ.....

Content Highlights : Ravi Menon About P Jayachandran