ജെറി മാഷ്, ഇത് അങ്ങേയ്ക്കുള്ള പിറന്നാള്‍ സമ്മാനം
---------------------------------------
ജെറി അമല്‍ദേവിനുള്ള ഏറ്റവും മികച്ച ജന്മദിനസമ്മാനം മലയാള സിനിമയിലെ മുതിര്‍ന്ന നിര്‍മ്മാതാക്കളില്‍ ഒരാളായ ഈരാളിയുടെ ഈ വാക്കുകളായിരിക്കും: ``വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിണഞ്ഞ ഒരു പിഴവിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒരുങ്ങുകയാണ് ഞാന്‍; അടുത്ത് നിര്‍മ്മിക്കാന്‍ പോകുന്ന ഒരു സിനിമയില്‍ ജെറി മാസ്റ്ററെ സംഗീത സംവിധായകനാക്കിക്കൊണ്ട്..''

ആ പിഴവ് എന്തെന്നറിയാന്‍ ജെറി മാഷിന്റെ ആദ്യ സിനിമ ആകേണ്ടിയിരുന്ന ``മമത''യിലേക്ക് തിരിച്ചുപോകണം നാം. വര്‍ഷം 1979. എന്‍ ശങ്കരന്‍ നായരെ സംവിധായകനാക്കി തന്റെ ആദ്യ ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഈരാളി. ഗാനരചന ഒ എന്‍ വി. സംഗീതസംവിധായകനായി അടുത്ത ബന്ധു കൂടിയായ ജെറി അമല്‍ദേവിന്റെ പേര് ഡോ സെബാസ്റ്റ്യന്‍ പോള്‍ നിര്‍ദേശിക്കുന്നു. നൗഷാദിനൊപ്പം പ്രവര്‍ത്തിച്ച പരിചയമുള്ള ജെറിയെ പരീക്ഷിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ സംഗീത പ്രേമിയായ ഈരാളിക്ക്. ശങ്കരന്‍ നായര്‍ക്കുമില്ല നവാഗതന് അവസരം നല്‍കുന്നതില്‍ എതിര്‍പ്പ്.

ചെന്നൈ തരംഗിണിയില്‍ പൂജയും റെക്കോര്‍ഡിംഗും. യേശുദാസിന്റെ ശബ്ദത്തില്‍ ഏതോ കിനാവില്‍, പൂക്കളും പുടവയും പൂത്താലി മാലയുമായി എന്നീ ഗാനങ്ങളാണ് ആദ്യം റെക്കോര്‍ഡ് ചെയ്തത്. പിന്നാലെ വാണി ജയറാമിന്റെയും ജയചന്ദ്രന്റെയും പാട്ടുകള്‍. യുവ സംഗീതസംവിധായകനെ അഭിനന്ദിക്കുന്നതില്‍ പിശുക്ക് കാട്ടിയില്ല ആരും. രൂപഭാവങ്ങളിലും സൗണ്ടിംഗിലും പുതുമ തോന്നിച്ച പാട്ടുകളായിരുന്നല്ലോ എല്ലാം.

ഇനിയാണ് ആന്റി ക്‌ളൈമാക്‌സ്. പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങും മുന്‍പ്, സംവിധായകന്‍ ശങ്കരന്‍ നായര്‍ അപ്രതീക്ഷിതമായി നിലപാട് മാറ്റുന്നു. തൊട്ടു മുന്‍പത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ``മദനോത്സവ''ത്തിലെ വിജയസഖ്യമായ ഒ എന്‍ വി -- സലില്‍ ചൗധരി ടീം തന്നെ വേണം പുതിയ സിനിമയിലും സംഗീതമൊരുക്കാന്‍ എന്ന് സംവിധായകന് നിര്‍ബന്ധം. നിര്‍മ്മാണ രംഗത്തെ തുടക്കക്കാരനായ ഈരാളി കഴിയുന്നത്ര എതിര്‍ത്തു നോക്കി. വാനോളമുയര്‍ന്ന പ്രതീക്ഷകളുമായി സിനിമയില്‍ കടന്നുവന്ന ഒരു പുതിയ സംഗീത സംവിധായകന്റെ ഹൃദയം തകര്‍ക്കും അത്തരമൊരു തീരുമാനം എന്ന് പറഞ്ഞു നോക്കി. എന്തു ഫലം? സിനിമയില്‍ അന്നന്നത്തെ വിജയസമവാക്യങ്ങള്‍ക്കാണല്ലോ പ്രസക്തി.

അങ്ങനെ ഒ എന്‍ വി -- സലില്‍ ചൗധരി ടീം ഈരാളിയുടെ ആദ്യ ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നു. നവാഗത സംഗീതസംവിധായകന്‍ ചിത്രത്തില്‍ നിന്ന് പുറത്താകുന്നു. ``മമത'' എന്ന പേര് അതിനകം ``ചുവന്ന ചിറകുകള്‍'' എന്നായി മാറിയിരുന്നു. ജെറിയുടെ സാന്നിധ്യമില്ലാതെ തന്നെ അങ്ങനെ അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം പുറത്തുവന്നു എന്നത് കഥയുടെ രത്‌നച്ചുരുക്കം. ``ചുവന്ന ചിറകുക''ളില്‍ സലില്‍ ചൗധരി ഒരുക്കിയ ഈണങ്ങളെല്ലാം ഹിറ്റായിരുന്നു.

ഭാഗ്യവശാല്‍ ജെറിയുടെ പാട്ടുകളും പാഴായില്ല. അവയെല്ലാം റെക്കോര്‍ഡുകളായി മലയാളികളെ തേടിയെത്തി. കൂട്ടത്തില്‍ ഒരു പാട്ടിന്റെ ഈണം (വാണി ജയറാം പാടിയ ചൊല്ല് ചൊല്ലു തുമ്പി, ചൊല്ലു ചെല്ലത്തുമ്പി) പില്‍ക്കാലത്ത് മറ്റൊരു സിനിമയില്‍ ഉപയോഗിക്കുകയും ചെയ്തു ജെറി. ആറു വര്‍ഷം കഴിഞ്ഞു പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തുവന്ന ``പുന്നാരം ചൊല്ലിച്ചൊല്ലി'' എന്ന ചിത്രത്തിലെ ``അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി'' എന്ന ആ ഗാനം രചിച്ചതും ഒ എന്‍ വി തന്നെ. ഒരേ ഈണത്തിനൊത്ത് രണ്ടു വ്യത്യസ്ത സിനിമകളില്‍ രണ്ടു വ്യത്യസ്ത ഗാനങ്ങള്‍ രചിക്കാന്‍ യോഗമുണ്ടായ അപൂര്‍വം കവികളില്‍ ഒരാളായിരിക്കും ഒ എന്‍ വി.

ആദ്യ ചിത്രത്തില്‍ നിന്ന് നിര്‍ദ്ദയം തിരസ്‌കൃതനായെങ്കിലും ജെറിയുടെ ശുക്രദശ തെളിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ``മഞ്ഞില്‍ വിരിഞ്ഞ പൂക്കളി''ലൂടെ ജെറിയുടെ ഈണങ്ങള്‍ മലയാള സിനിമാ സംഗീതത്തിന്റെ തലക്കുറി തിരുത്തിയത് തൊട്ടടുത്ത വര്‍ഷം. ജെറിയുഗം തുടങ്ങിയിരുന്നതേ ഉള്ളൂ. ആ വളര്‍ച്ച ആഹ്ളാദത്തോടെ കണ്ടു കണ്ടുനിന്നവരില്‍ ഈരാളിയും ഉണ്ടായിരുന്നു.

``ജെറിയോട് അന്ന് ചെയ്യേണ്ടി വന്ന അപരാധത്തില്‍ ഇന്നും വേദനയുണ്ടെനിക്ക്; കുറ്റം എന്റേതല്ലെങ്കില്‍ പോലും.''-- നിര്‍മ്മാതാവ് ഈരാളി പറയുന്നു. ``തുടക്കക്കാരനായ ഒരു നിര്‍മ്മാതാവിന് പല പരിമിതികളും ഉണ്ടായിരുന്നു അന്ന്; സംവിധായകന്‍ വളരെയേറെ സീനിയര്‍ ആയ ആളായതുകൊണ്ട് പ്രത്യേകിച്ചും. ആ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.'' അത് തന്റെ രണ്ടാമത്തെ ചിത്രമായിരുന്നെങ്കില്‍ അങ്ങനെയൊരു അനീതിക്ക് ഒരിക്കലും കൂട്ടു നില്‍ക്കില്ലായിരുന്നു എന്ന് ആണയിട്ടു പറയുന്നു ഈരാളി. ``സിനിമയില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ഞാന്‍. എല്ലാം പ്രതീക്ഷ പോലെ നടക്കുകയാണെങ്കില്‍ ഭാവിയില്‍ എന്റെ സിനിമയില്‍ ജെറി അമല്‍ദേവിനെ സംഗീതസംവിധായകനായി കാണാം നിങ്ങള്‍ക്ക്. അതൊരു പ്രായശ്ചിത്തമാണെന്ന് കൂട്ടിക്കോളൂ..''

Content Highlights : ravi menon about jerry amal dev music director