വനിതാ ദിനത്തിൽ ഒരു ഉർവശിയോർമ്മ 

പ്രണയം, വിരഹം, വിഷാദം, പരിഭവം, ലജ്ജ, കോപം, ഏഷണി, കുസൃതി, അസൂയ .... അവതരിപ്പിച്ച സമസ്ത ഭാവങ്ങളിലും, ഭാവപ്പകച്ചകളിലുമുണ്ട് സവിശേഷമായ ഒരു ഉർവശി ശൈലി. ഗാനാഭിനയത്തിൽ പോലും.

മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട ഗാനരംഗങ്ങളിൽ ഒന്ന് ഉർവശിയുടേതാണ്. മഴവിൽക്കാവടിയിലെ ``തങ്കത്തോണി തെന്മലയോരം കണ്ടേ....'' കൈതപ്രം -- ജോൺസൺ -- ചിത്ര  കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച സൃഷ്ടികളിൽ ഒന്ന്. വരികളും ഈണവും ദൃശ്യവും ഇത്രയേറെ പരസ്പരപൂരകമായിത്തീർന്ന പാട്ടുകൾ അധികമില്ല മലയാളത്തിൽ. സത്യൻ അന്തിക്കാടിനും വിപിൻ മോഹനും നന്ദി.

``ഇന്ന് ആ ഗാനരംഗം കാണുമ്പോൾ അത്ഭുതം തോന്നും.'' -- ഛായാഗ്രാഹകൻ വിപിൻ മോഹന്റെ വാക്കുകൾ. ``തിടുക്കത്തിൽ എടുത്തു തീർത്ത സീനാണത്. ഉർവശിക്ക് മറ്റൊരു പടത്തിന്റെ വർക്കിൽ പെട്ടെന്ന് ജോയിൻ ചെയ്യണം. വൈകീട്ട് കോയമ്പത്തൂരിലേക്ക് പോയി ഫ്ലൈറ്റ് പിടിച്ചേ പറ്റൂ. ഒരു ദിവസം കാലത്ത് തുടങ്ങി നാല് മണിക്കുള്ളിൽ എടുത്തു തീർക്കേണ്ടിവന്നു  ആ രംഗം. ഉർവശി എന്ന  കലാകാരിയുടെ സമാനതകളില്ലാത്ത പ്രതിഭ എന്നെ വിസ്മയിപ്പിച്ച അനേകം സന്ദർഭങ്ങളിൽ ഒന്ന്..''

സ്ലോ മോഷനിൽ ഉർവശിയുടെ ധാവണിക്കാരിയായ ആനന്ദവല്ലി  ഫ്രെയിമിലേക്ക് ഒഴുകിവരുന്നത് മുതലുള്ള  ഓരോ നിമിഷവും ഇന്നുമുണ്ട് ഓർമ്മയിൽ. മറക്കാനാവാത്ത ആ ദൃശ്യങ്ങൾക്കൊപ്പം, മലയാളസിനിമയുടെ പോയി മറഞ്ഞ ഗ്രാമ്യ വിശുദ്ധിയിലേക്ക്, നിഷ്കളങ്കതയിലേക്ക്  മനസ്സ് തിരികെ നടക്കുന്നു....പ്രണയം ഉള്ളിലൊതുക്കിയ  ഒരു നാട്ടിൻപുറത്തുകാരിയുടെ ഹൃദയം എത്ര സുന്ദരമായാണ് ഉർവശി സൂക്ഷ്മഭാവങ്ങളിലൂടെ വരച്ചുകാട്ടുന്നത്. 

ചില ദിവസങ്ങൾ അങ്ങനെയാണെന്ന് പറയും വിപിൻ. ``വലിയ പ്ലാനിംഗ് ഒന്നും കൂടാതെ തിടുക്കത്തിൽ ചിത്രീകരിച്ച രംഗങ്ങൾ പ്രതീക്ഷകൾക്കപ്പുറത്തേക്ക് വളരും. ദൈവത്തിന്റെ ഇടപെടൽ തന്നെയാണ് കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു. പഴനിയുടെ പ്രാന്തപ്രദേശങ്ങളിൽ എവിടെയോ മഴവിൽക്കാവടി ചിത്രീകരിക്കുമ്പോൾ ഇഷ്ടദൈവമായ മുരുകൻ എനിക്കൊപ്പമുണ്ടായിരുന്നു. മഴവിൽക്കാവടിയിലെ   ഫ്രെയിമുകൾ പലതും നിങ്ങൾ ഇന്നും ഓർത്തിരിക്കുന്നുവെങ്കിൽ അതിന് പിന്നിൽ  ആ അനുഗ്രഹവർഷം തന്നെ. പിന്നെ സത്യന്റെ ഭാവന, കൈതപ്രവും ജോൺസണും ചേർന്ന് സൃഷ്ടിച്ച പാട്ടിന്റെ മാജിക്. ചിത്രയുടെ കുസൃതി നിറഞ്ഞ  ആലാപനം....എല്ലാത്തിനും ഉപരി ഉർവശി എന്ന അഭിനേത്രിയുടെ പകരം വെക്കാനില്ലാത്ത  അഭിനയചാതുരി.....  32 വർഷങ്ങൾ കഴിഞ്ഞിട്ടും ആ പാട്ട് ജീവിക്കുന്നു എന്നറിയുമ്പോൾ സന്തോഷം..''

Content Highlights : Ravi menon About actress urvashi On international womens day mazhavilkkavadi movie song