വീണ്ടുമൊരു 'കെ ജെ ജസ്റ്റിന്‍' എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിരുമായി സമൂഹമാധ്യങ്ങളില്‍ പടരുമ്പോള്‍, ആ ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമയായ പാവം പാട്ടുകാരന്‍ ഇങ്ങ് വടയാറിലെ വീട്ടിലിരുന്ന് അത്ഭുതത്തോടെ, തെല്ലൊരു പരിഭ്രമത്തോടെ ചോദിക്കുന്നു: ``മനസാ വാചാ കര്‍മ്മണാ നമ്മള്‍ അറിയാത്ത കാര്യമാണ്. ഇതുകൊണ്ടെനിക്ക് വല്ല ദോഷവും ഉണ്ടാകുമോ സാറേ?''

കെ എം റോയ് എന്ന ഗായകന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചുകാണില്ല, അഞ്ചു വര്‍ഷം മുന്‍പ് വെറുതെ വീട്ടിലിരുന്ന് താന്‍ പാടിയ ഗാനം എന്നെങ്കിലുമൊരിക്കല്‍ ഇത്തരത്തില്‍ വൈറല്‍ ആയി മാറുമെന്ന്. റോയിയുടെ പാട്ട് വെറുതെ ഒരു കൗതുകത്തിന് യുട്യൂബില്‍ അപ്ലോഡ് ചെയ്തത് അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് തന്നെ. ഇത്രകാലം യുട്യൂബില്‍ ഉണ്ടായിരുന്നിട്ടും അധികം ശ്രദ്ധിക്കപ്പെട്ടില്ലായിരുന്ന ആ വീഡിയോ ഇപ്പോള്‍ ലോകമെങ്ങും മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിക്കഴിഞ്ഞു -- ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ, ഈയിടെ അന്തരിച്ച അനിയന്‍ ജസ്റ്റിന്‍ പാടിയ പാട്ട് എന്ന പേരില്‍. പതിവു തെറ്റിക്കാതെ നല്ലൊരു വിഭാഗം മലയാളികള്‍ ആ വിജ്ഞാനശകലം സത്യമെന്ന് വിശ്വസിച്ചു പങ്കുവെച്ചുകൊണ്ടിരിക്കുന്നു.

``വലിയൊരു പാട്ടുകാരനൊന്നുമല്ല ഞാന്‍.''-- റോയ് പറയുന്നു. ``അത്യാവശ്യം സംഗീതം പഠിച്ചിട്ടുണ്ടെന്നു മാത്രം. പാട്ടിനോടുള്ള ഇഷ്ടം മാത്രമാണ് ആകെയുള്ള കൈമുതല്‍. ഇടക്കൊക്കെ വൈക്കത്തും പരിസരത്തുമുള്ള ഗാനമേളകളില്‍ പാടും.'' വെല്‍ഡിംഗ് ആണ് റോയിയുടെ തൊഴില്‍. അമ്മയും ഭാര്യയുമൊത്ത് വടയാറില്‍ താമസിക്കുന്നു. ``എന്നും ചിരിക്കുന്ന എന്ന പാട്ടിനോട് എനിക്ക് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട്. ആരോഹണവും അവരോഹണവുമൊക്കെ ശരിക്കും പരീക്ഷിക്കപ്പെടുന്ന പാട്ട്. പതിവായി ഞാന്‍ പരിപാടികളില്‍ പാടാറുണ്ടത്.'' ഒരു നിമിഷത്തെ മൗനത്തിന് ശേഷം റോയ് കൂട്ടിച്ചേര്‍ക്കുന്നു: ``എന്റെ പാട്ട് പലര്‍ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. പക്ഷെ യേശുദാസ് സാറിന്റെ അനിയന്റെ പേരിലാണ് അത് പ്രചരിക്കുന്നത് എന്നറിയുമ്പോള്‍ ചെറിയൊരു ടെന്‍ഷന്‍ തോന്നുന്നു. ആരാണ് ഇതിനൊക്കെ പിന്നില്‍ എന്നറിയില്ല.'' റോയി പാടിയ രാജാക്കന്മാരുടെ രാജാവേ എന്നൊരു പാട്ട് കൂടിയുണ്ട് യൂട്യൂബില്‍. വെറുതെ ഒരു രസത്തിനു വേണ്ടി തബല വായിച്ചു പാടിയതാണ്.

കൊറോണക്കാലമായതിനാല്‍ ഇപ്പോള്‍ വീട്ടില്‍ തന്നെയാണ് റോയ്. ഒഴിവുസമയം മുഴുവന്‍ ചെലവഴിക്കുന്നത് പാട്ട് പ്രാക്ടീസ് ചെയ്യാന്‍. വാട്‌സാപ്പും ഫേസ്ബുക്കുമൊന്നും പരതുന്ന പതിവേയില്ല. അതുകൊണ്ടുതന്നെ തന്റെ പാട്ട് ജസ്റ്റിന്റെ പാട്ടായി നാട്ടിലെങ്ങും പ്രചരിക്കുന്ന കഥ റോയ് അറിഞ്ഞത് കഴിഞ്ഞ ദിവസം മാത്രം. ``ദാസേട്ടന്റെ പാട്ടുകളുടെ വലിയൊരു ആരാധകനാണ് ഞാന്‍. അദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം എന്ന ആഗ്രഹം പോലുമുണ്ട്. പക്ഷേ നമ്മളെ പോലുള്ളവര്‍ക്ക് അതൊക്കെ സ്വപ്നം മാത്രമല്ലേ?''-- റോയിയുടെ ചോദ്യം.


ജസ്റ്റിന്റെ പാട്ടുകള്‍
----------------------
യേശുദാസിന്റെ അനിയന്‍ പാടിയതെന്ന് പറയപ്പെടുന്ന പാട്ടുകളുടെ പ്രളയം തുടങ്ങിയിട്ട് കുറച്ചുകാലമായി. ജീവിച്ചിരുന്ന കാലത്ത് ലഭിക്കാതെ പോയ അംഗീകാരങ്ങളും ആദരവും ആരാധനയും സമൂഹ മാധ്യമങ്ങളിലെ അഭ്യുദയകാംക്ഷികള്‍ തന്റെ മേല്‍ നിര്‍ലോപം വാരിച്ചൊരിയുന്ന കാഴ്ച്ച കണ്ട് അന്തം വിടുന്നുണ്ടാകും ജസ്റ്റിന്റെ ആത്മാവ്.

തുടക്കം ``ഇല കൊഴിയും ശിശിരത്തില്‍'' എന്ന പാട്ടില്‍ നിന്നാണ്. വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ ഗാനത്തിന്റെ ഒറിജിനല്‍ വെര്‍ഷന്‍ ജസ്റ്റിന്റേത് എന്ന പേരില്‍ വാട്‌സാപ്പില്‍ ഒഴുക്കിവിടുകയായിരുന്നു ഏതോ വിരുതന്‍. ഒപ്പം ഹൃദയഭേദകമായ ഒരു കമന്റും: ``കേള്‍ക്കൂ നമ്മുടെ ജസ്റ്റിന്റെ പാട്ട്. എന്നിട്ട് തീരുമാനിക്കൂ ആരാണ് യഥാര്‍ത്ഥ ഗാനഗന്ധര്‍വന്‍ എന്ന്. യേശുദാസിനെ പോലും അതിശയിക്കുന്ന ഈ ഗായകനെ നമ്മള്‍ എന്തുകൊണ്ട് കാണാതെ പോയി? കേള്‍ക്കാതെ പോയി? ആരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍?''

അധികനേരം വേണ്ടിവന്നില്ല ഫേസ് ബുക്കിലും വാട്‌സാപ്പിലും ആ സന്ദേശം ആളിപ്പടരാന്‍. കേട്ടവര്‍ കേട്ടവര്‍ അമ്പരന്നുകൊണ്ടേയിരുന്നു: ഇതെന്തൊരു ശബ്ദസാമ്യം? എന്തുകൊണ്ട് ഈ ഗായകന്‍ തഴയപ്പെട്ടു? ആരാണ് ഇതിന് ഉത്തരവാദി. സത്യം മനസ്സിലാക്കിയവര്‍ ഇത് യേശുദാസിന്റെ ശബ്ദം തന്നെ എന്ന് വിശദീകരിച്ചിട്ടും കാര്യമായ ഗുണമുണ്ടായോ എന്ന് സംശയം. ചിലരൊക്കെ അബദ്ധം മനസ്സിലാക്കി പിന്മാറിയെങ്കിലും മറ്റുള്ളവര്‍ ആ സന്ദേശം ഫോര്‍വേഡ് ചെയ്തുകൊണ്ടേയിരിക്കുന്നു ഇപ്പോഴും. ചെറിയൊരു വ്യത്യാസത്തോടെ ആണെന്ന് മാത്രം. യേശുദാസിന് പകരം സതീഷ് ബാബുവിന്റെ പാട്ടായി കൂട്ടിന്.

പിന്നാലെ വന്നു, ``പൊന്‍വെയില്‍ മണിക്കച്ച'' എന്ന പാട്ട്. അജിത് കുമാര്‍ തയ്യില്‍ എന്നൊരു ഗായകന്‍ കൊള്ളാവുന്ന രീതിയില്‍ പാടി യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഗാനത്തിന്റെ വീഡിയോ മാത്രം റാഞ്ചിയെടുത്ത് ജസ്റ്റിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പറത്തിവിടുകയായിരുന്നു ഏതോ മിടുക്കന്‍. കേട്ടവര്‍ കേട്ടവര്‍ വിസ്മയം കൊണ്ടു -- ഇതുവരെ എന്തുകൊണ്ട് നമ്മളീ ഗായകനെ കണ്ടില്ല? ജസ്റ്റിന്റെ പടമെങ്കിലും കണ്ടിട്ടുള്ളവര്‍ ഈ ആനവങ്കത്തം വെള്ളം തൊടാതെ വിഴുങ്ങില്ലായിരുന്നു എന്നതാണ് സത്യം. പക്ഷേ സത്യം അന്വേഷിക്കാന്‍ ആര്‍ക്കുണ്ട് സമയം?

1970 കളിലും 80 കളുടെ തുടക്കത്തിലുമായിരുന്നു സ്റ്റേജ് ഗായകന്‍ എന്ന നിലയില്‍ ജസ്റ്റിന്‍ സജീവം. അക്കാലത്തെ പാട്ടുകളൊന്നും റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്ന ശീലം ഉണ്ടായിരുന്നില്ലെന്ന് ജസ്റ്റിന്‍ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. ജസ്റ്റിന്‍ പാടിയ ഏതെങ്കിലുമൊരു പാട്ട് കേള്‍ക്കാനുള്ള ആഗ്രഹം പങ്കുവെച്ചപ്പോഴായിരുന്നു ആ മറുപടി.

കഴിഞ്ഞ ദിവസം രണ്ടു പാട്ടുകള്‍ കൂടി ജസ്റ്റിന്റേത് എന്ന പേരില്‍ അയച്ചു കിട്ടി. സതീഷ് ബാബു പാടിയ ``ഇലഞ്ഞിപ്പൂമണ''വും എടപ്പാള്‍ വിശ്വന്റെ ``പ്രളയപയോധി''യും. ഇനിയും പ്രതീക്ഷിക്കാം ഇത്തരം പൊട്ടാത്ത ``വെടിയുണ്ട''കള്‍; വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍ ഇവരുടെയൊക്കെ പാട്ടുകളുടെ രൂപത്തില്‍. ഇത്തരം പാട്ടുകള്‍ അയച്ചുകിട്ടിയ സുഹൃത്തുക്കളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു മടുത്തതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് തന്നെ.

മരിച്ചുപോയവരോടുള്ള അനീതി മാത്രമല്ല ഇത്തരം ദുഷ്പ്രവൃത്തികള്‍. ജീവിച്ചിരിക്കുന്നവരോടുള്ള നെറികേട് കൂടിയാണ്.