``നവരത്ന മൂവീ മേക്കേഴ്സ് എന്ന പേരില്‍ ഒരു കൂട്ടം മേയ്ക്കപ്പ് കലാകാരന്മാര് ചേര്‍ന്ന് നിര്‍മിച്ച പടമായിരുന്നു ചൂള. ബാലകൃഷ്ണന് എന്നൊരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ആ പടത്തില്‍ രണ്ടു പാട്ടെഴുതണം എന്ന് എന്നോട് വന്നു പറയുന്നത്.''- സത്യന് അന്തിക്കാടിന്റെ ഓര്‍മ്മ. ``ആദ്യം മടിയായിരുന്നു. എനിക്ക് സഹസംവിധായകന്റെ റോള്‍ ഇല്ലാത്ത പടമാണ്. പാട്ടെഴുത്തിനു മാത്രമായി ഒരു ചിത്രവുമായും സഹകരിച്ചിട്ടില്ല അതുവരെ. പക്ഷേ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഗാനഗന്ധര്‍വനാണ് എന്നറിഞ്ഞപ്പോള്‍ മനസ്സ് മാറി. എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ. ആദ്യം ചെയ്തത് വീട്ടിലേക്ക് കത്തെഴുതി സന്തോഷവാര്‍ത്ത അറിയിക്കുകയാണ്. പക്ഷെ റെക്കോര്‍ഡിംഗിന് രണ്ടു ദിവസം മുന്‍പ് നിര്‍മാതാക്കളില്‍ ഒരാള്‍ വന്നു പറഞ്ഞു, കുളത്തൂപ്പുഴ രവി എന്നൊരാളാണ് സംഗീതം നിര്‍വഹിക്കുക എന്ന്. വലിയ നിരാശ തോന്നി.''
യേശുദാസ് തന്നെയാണ് രവിയെ സംഗീത സംവിധായകനായി ശുപാര്‍ശ ചെയ്തതെന്ന് പിന്നീടറിഞ്ഞു. പാട്ടിന് എന്തെങ്കിലും തകരാറു സംഭവിച്ചാല്‍, സ്വന്തം ചെലവില്‍ സ്വന്തം സ്റ്റുഡിയോയില്‍ വീണ്ടും പാടി റെക്കോര്‍ഡ് ചെയ്തുകൊള്ളാം എന്ന് വാക്ക് കൊടുത്തിരുന്നുവത്രേ യേശുദാസ്. മനസ്സില്ലാമനസ്സോടെ പുതിയ സംഗീത സംവിധായകന് വേണ്ടി പാട്ടെഴുതാന്‍ സമ്മതിക്കുന്നു സത്യന്. ``ആയിടക്കൊരു നാള് ഡോ ബാലകൃഷ്ണന്റെ ക്ലിനിക്കിലേക്ക് രവി കയറി വരുന്നു. കറുത്ത വലിയൊരു ടേപ്പ് റെക്കോര്‍ഡറുമായാണ് വരവ്. ട്യൂണ്‍ തയ്യാറായിട്ടുണ്ട്, കേള്‍പ്പിക്കാന്‍ വന്നതാണ് എന്ന് രവി പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും അരിശം വന്നു. നിങ്ങള്‍ മലയാളിയല്ലേ? സലില്‍ ചൗധരിയെ പോലെ ഭാഷ അറിയാത്ത ആളൊന്നുമല്ലല്ലോ? പിന്നെന്തിനാണ് ഈ ട്യൂണിനൊപ്പിച്ചുള്ള പാട്ടെഴുത്ത് എന്നായി ഞാന്‍. ആദ്യം എഴുതി ഈണമിടാന്‍ സമ്മതിച്ചാലേ പാട്ടെഴുതൂ എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ എന്തു പറഞ്ഞിട്ടും രവി വഴങ്ങുന്നില്ല. ഇതെന്റെ ആദ്യത്തെ പടമാണ്. എഴുതിത്തന്നു സഹായിക്കണം എന്ന ഒരൊറ്റ അപേക്ഷ മാത്രം. ഒടുവില്‍ ഞങ്ങള്‍ തമ്മില്‍ പിടിയും വലിയുമായി. പുറത്തിറങ്ങിപ്പോകാന്‍ വാതിലിനരികിലേക്ക് ചെന്നപ്പോള്‍ അവിടെ നെഞ്ചു വിരിച്ച് എനിക്ക് മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചു നില്ക്കുന്നു അദ്ദേഹം.

``ഇനിയെന്തു ചെയ്യണം എന്നോര്‍ത്ത് അമ്പരന്നു നില്‍ക്കുമ്പോഴാണ് രവി എന്നെ അനങ്ങാന്‍ വിടാതെ കൈ രണ്ടും അമര്‍ത്തിപ്പിടിച്ചുകൊണ്ട് `ലാലലാ' എന്നൊരു ഈണം മൂളിയത്-- ഘനഗംഭീരമായ ശബ്ദത്തില്‍. ആ ഈണത്തിന്റെ സൗന്ദര്യത്തില്‍ എന്റെ സകല വാശിയും അലിഞ്ഞ് അപ്രത്യക്ഷമായി എന്നതാണ് സത്യം. ആ നിമിഷം മനസ്സില്‍ പിറന്നതാണ് താരകേ എന്ന വാക്ക്. ബാക്കി വരികള്‍ ഒരുമിച്ചിരുന്ന് എഴുതിത്തീര്ത്തപ്പൊഴേക്കും ഞങ്ങള്‍ക്കിടയില്‍ അപൂര്‍വമായ ഒരു സൗഹൃദം രൂപപ്പെട്ടുകഴിഞ്ഞിരുന്നു.--.രവീന്ദ്രന്റെ മരണം വരെ നീണ്ട സൗഹൃദം.''
രവീന്ദ്രനുമൊത്ത് പിന്നെയും കുറച്ചു പടങ്ങള്‍ കൂടി ചെയ്തു സത്യന്. ``പലപ്പോഴും എന്റെ വരികള്‍ രവീന്ദ്രന് ആദ്യം വായിച്ചുകേള്‍പ്പിക്കുന്നത് തന്നെ അവയ്ക്ക് അനുയോജ്യമായ ട്യൂണിലായിരിക്കും-- ഹാര്‍മോണിയം പോലും ഇല്ലാതെ. `വെറുതെ ഒരു പിണക്ക'ത്തിലെ മനസ്സേ നിന്റെ മണിനൂപുരങ്ങള്‍ ഇന്നെന്തേ മാറ്റി വെച്ചു എന്ന പാട്ട് എഴുതിക്കൊടുത്തപ്പോള്‍ സ്റ്റുഡിയോയിലെ കണ്‍സോളില്‍ ഇരുന്ന് ആ നിമിഷം മനസ്സില്‍ തോന്നിയ ഈണത്തില്‍ അത് വായിച്ചു കേള്‍പ്പിക്കുന്ന രവീന്ദ്രനെ മറക്കാനാവില്ല. ആ ട്യൂണില്‍ തന്നെയാണ് യേശുദാസ് പിന്നെ അത് പാടി റെക്കോര്‍ഡ് ചെയ്തത്.''
വേറെയുമുണ്ട് സത്യന് - രവീന്ദ്രന് ടീമിന്റെ അപൂര്‍വ സൃഷ്ടികള്‍. മലയാളത്തില്‍ കേട്ട മികച്ച രാഗമാലികകളില്‍ ഒന്നായിരുന്നു ``ധ്രുവസംഗമ''ത്തില്‍ യേശുദാസ് പാടിയ ശരത്കാല മേഘം മൂടി മയങ്ങും. ആദ്യമെഴുതി ട്യൂണ്‍ ചെയ്ത പാട്ടാണത്. കളിയില്‍ അല്പം കാര്യത്തിലെ (1984) ``മനതാരില്‍ എങ്ങും'', കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍ എന്നീ ഗാനങ്ങള്‍ എഴുതാന്‍ മാത്രമല്ല ചിത്രീകരിക്കാന്‍ കൂടി അവസരം കിട്ടി സത്യന്. രണ്ടും രവീന്ദ്രന്റെ സിനിമാ ജീവിതത്തിലെ ആദ്യകാല ഹിറ്റുകള്‍. കണ്ണോടു കണ്ണായ എന്ന ഗാനം ജമിനി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പിന്നണി ഗാനരംഗത്ത് താരതമ്യേന തുടക്കക്കാരിയാണ് ചിത്ര. സിനിമയില്‍ പാടാന്‍ വേണ്ടിയുള്ള വാനമ്പാടിയുടെ ആദ്യ ചെന്നൈ യാത്ര. ``അന്നത്തെ ഇരുപതുകാരിയുടെ മുഖത്തെ വേവലാതിയും നിഷ്കളങ്കഭാവവും മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിത്രയുടെ മുഖത്തുനിന്നു വായിച്ചെടുക്കാനാകും നമുക്ക്. പ്രശസ്തിയും അംഗീകാരങ്ങളും ആരാധനയും ഒന്നും ആ വ്യക്തിത്വത്തെ ബാധിച്ചതായി തോന്നിയിട്ടില്ല.''
(അനന്തരം സംഗീതമുണ്ടായി)
Content Highlights: Raveendran Master Music Director death Anniversary, Sathyan Anthikkad, Remembering the legend