സിനിമയിലെ ഗുരുദേവ ഗീതികൾ

----------------------
പ്രിയപ്പെട്ട നമ്പിയത്തിന്റെ ഓർമ്മ കൂടിയാണ് ചതയദിനം
-----------------
കെ എസ് ആന്റണിയും രാമൻ നമ്പിയത്തും. ഒരാൾ എറണാകുളം ജില്ലയിലെ ഏലൂർ സ്വദേശി. നാടകകൃത്ത്; ഒപ്പം അടിയുറച്ച കമ്യൂണിസ്റ്റും. മറ്റെയാൾ തൃശൂർ ജില്ലയിലെ കണ്ടശ്ശാംകടവുകാരൻ. കൃഷിയിലും കവിതയിലും ഒരു പോലെ തൽപ്പരനായ, മനസ്സു കൊണ്ട് ശുദ്ധഗ്രാമീണനായ സഹൃദയൻ. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇവർ ഇടം നേടുക രണ്ടു കാര്യങ്ങളുടെ പേരിലാവും: ഒന്ന്, ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ആദ്യമായി സിനിമയിൽ അവതരിപ്പിച്ചു; രണ്ട്, ഒരു ഇതിഹാസ ഗായകനെ മലയാളികൾക്ക് സമ്മാനിച്ചു -- കാട്ടാശ്ശേരി ജോസഫ് യേശുദാസ്.

1962 സെപ്റ്റംബർ ഏഴിന് പ്രദർശനശാലകളിലെത്തിയ ചിത്രത്തിന്റെ പേര് ``കാൽപ്പാടുകൾ.'' സ്വന്തം നാടകത്തിന് അഭ്രാവിഷ്കാരം നൽകിയത് കെ എസ് ആൻറണി; പടം നിർമ്മിച്ചത് നമ്പിയത്ത്. അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠ മുതൽ കളവങ്കോടൻ ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ വരെയുള്ള കാലയളവിലെ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ലളിതമായ ഒരു പ്രണയകഥ പറയുകയായിരുന്നു കാൽപ്പാടുകൾ. ഗുരുദേവനും കുമാരനാശാനും ഒക്കെ കഥാപാത്രങ്ങളായി കടന്നുവരുന്നു ആ സിനിമയിൽ. `കാൽപ്പാടുക''ളുടെ പാട്ടുപുസ്തകത്തിൽ നൽകിയിട്ടുള്ള കഥാ സംഗ്രഹത്തിന്റെ ആമുഖം ഇങ്ങനെ: ``ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്-- എത്ര മഹത്തായ സന്ദേശം, എത്ര ദിവ്യമായ സന്ദേശം, എത്ര ആദർശ സുരഭിലമായ സന്ദേശം. ജാതിയും മതവും കരാള നൃത്തമാടിയിരുന്ന കേരളാന്തരീക്ഷത്തിൽ ആ മന്ത്രധ്വനി മുഴങ്ങിക്കേട്ടു. യാഥാസ്ഥിതികർ ഞെട്ടിത്തെറിച്ചു. അവശത അനുഭവിച്ചിരുന്ന അവർണ്ണ ലക്ഷങ്ങൾ ആനന്ദ നൃത്തം ചെയ്തു. വർഷങ്ങൾക്കു മുൻപൊരു പൊൻചതയ നാളിൽ ചെമ്പഴന്തിയിൽ പൊട്ടി വിടർന്ന ആ വെളിച്ചത്തിന്റെ വിശുദ്ധ സന്ദേശമാണ് ``കാൽപ്പാടുകൾ''ക്ക് പറയാനുള്ളത്; പകരാണുള്ളത്.''

ഗുരുസന്ദേശങ്ങളുടെ ആരാധകനായിരുന്ന ആൻറണിയുടെ സ്വപ്നമായിരുന്നു തന്റെ നാടകം സിനിമയാക്കുക എന്നത്. അതിനദ്ദേഹം ആദ്യം സമീപിച്ചത് നാടകത്തിൽ ഇരവി നമ്പൂതിരിയുടെ വേഷം ഭംഗിയായി അവതരിപ്പിച്ച നമ്പിയത്തിനെ. കാൽപ്പാടുകൾ സിനിമയായി കാണാൻ അദമ്യമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും കടമ്പകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ നമ്പിയത്തിന്റെ മുന്നിൽ. പ്രധാനമായും സാമ്പത്തിക പ്രശ്നങ്ങൾ തന്നെ. സ്വപ്ന സാക്ഷാൽക്കാരത്തിനായുള്ള ആ അലച്ചിലിനെ പറ്റി ആത്മകഥയിൽ വികാര നിർഭരമായി വിവരിച്ചിട്ടുണ്ട് നമ്പിയത്ത്. ``ആദ്യം നടന്നത് പാട്ടുകളുടെ റെക്കോർഡിംഗ് ആണ്. എം ബി ശ്രീനിവാസന്റെ ഈണത്തിൽ ദൈവദശകം ഉദയഭാനുവും ജാനകിയും ചേർന്നു പാടി. ഞാനും പി ഭാസ്കരനും എഴുതിയ ഗാനങ്ങളാണ് പിന്നീട് റെക്കോർഡ് ചെയ്തത്. ഒടുവിൽ ജാതിഭേദം മതദ്വേഷം എന്ന് തുടങ്ങുന്ന ഗുരുദേവ ശ്ലോകം നവാഗത ഗായകനായ യേശുദാസിന്റെ ശബ്ദത്തിലും. ഈ ശ്ലോകത്തിന്റെ ആലാപനത്തെക്കാൾ എനിക്കിഷ്ടപ്പെട്ടത് ചണ്ഡാലഭിക്ഷുകിയിലെ വരികൾ യേശുദാസ് പാടിയതാണ്. എം ബി എസ്സിന്റെ വിരൽപ്പാടുകൾ ആഴത്തിൽ പതിഞ്ഞുകിടന്നതും ആ കവിതയിൽ തന്നെ..''

പാട്ടുകളുടെ ടേപ്പുമായുള്ള തീർത്ഥയാത്രയായിരുന്നു പിന്നെ. പടത്തിന് വേണ്ടി പണം മുടക്കാൻ സന്നദ്ധനായ ഒരാളെ കണ്ടെത്തണം. ``സുഹൃത്തായ തോപ്പിൽ വർക്കിച്ചേട്ടൻ കടമായി കനിഞ്ഞുനൽകിയ അഞ്ഞൂറ് രൂപയുമായി, എന്റെ അംബാസഡർ കാറിലാണ് യാത്ര. കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു ഞങ്ങൾ. കഥ ഇഷ്ടപ്പെട്ടു, പാട്ട് ഇഷ്ടപ്പെട്ടു, നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും ഒക്കെ ഇഷ്ടപ്പെട്ടു. കേമം, കെങ്കേമം. പക്ഷേ പണം വേറെ ഗുരുഭക്തി വേറെ. ഇന്നാ പിടിച്ചോ എന്റെ വക ആയിരം അല്ലെങ്കിൽ പതിനായിരം എന്ന് പറഞ്ഞു ഒരു കയ്യും നീണ്ടുവന്നില്ല.'' -- നമ്പിയത്ത്.

ആ കുറ്റാക്കൂരിരുട്ടിലേക്കാണ് ഒരു കൈത്തിരിയുമായി സി ജി ജനാർദനന്റെ വരവ്. പി എസ് പി നേതാവ്, പട്ടം താണുപിള്ളയുടെ വലംകൈ. ``ഗതികേടുകളുടെ കഥ കെട്ടഴിച്ചപ്പോൾ ക്ഷമയോടെ കേട്ടിരുന്നു അദ്ദേഹം. സ്വതേ പരുക്കനായ മുഖത്ത് കാരുണ്യത്തിന്റെ കടലിരമ്പം. തൃശൂരും പരിസരത്തുമുള്ള ഗുരുദേവ ഭക്തരായ സമ്പന്നരെ നേരിട്ടു ചെന്ന് കാണാൻ ഞങ്ങളെ അനുഗമിക്കുക മാത്രമല്ല അവർക്കു മുന്നിൽ ഹൃദയസ്പർശിയായ ഒരു പ്രസംഗം കാഴ്ചവെക്കുക കൂടി ചെയ്തു അദ്ദേഹം. സെൻട്രൽ ഹോട്ടലിലായിരുന്നു ആ ഒത്തുചേരൽ: ``ശ്രദ്ധിക്കൂ, ഇവനെ ഈ കൊച്ചു പയ്യനെ. ഇവൻ ചെയ്തിരിക്കുന്നത് നല്ല കാര്യമാണ്. വലിയ കാര്യമാണ്. നമുക്കാർക്കും ഇന്നുവരെ തോന്നാത്ത കാര്യം. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളെ ലോകത്തിനു മുന്നിലെത്തിക്കുക എന്ന ദൗത്യം. അഭ്രപാളികളിലൂടെ ശാശ്വതീകരിക്കുക എന്ന കാര്യം. ഇവനെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ഗുരുഭക്തരായ നമ്മുടെ.'' അങ്ങനെ പോയി സി ജിയുടെ വികാരഭരിതമായ പ്രസംഗം. തൊട്ടു പിന്നാലെ ശ്രീനാരായണ സിനി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കണ്ടശ്ശാംകടവ്, ഇരിഞ്ഞാലക്കുട എന്ന ചലച്ചിത്ര നിർമ്മാണ സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെടുന്നു. ടി ആർ രാഘവൻ മാനേജിംഗ് ഡയറക്റ്റർ. ഏഴു ഡയറക്റ്റർമാരിൽ ഒരാളായി നമ്പിയത്ത്. എങ്കിലും നിർമ്മാതാക്കളായി രണ്ടുപേർ മാത്രം: നമ്പിയത്തും രാഘവനും.

ഇനി ഗുരുദേവനെ കുറിച്ച് ആധികാരികമായി അറിവുള്ള ആരെയെങ്കിലും തിരക്കഥ വായിച്ചു കേൾപ്പിക്കണം. ചരിത്ര വിരുദ്ധമായ പരാമർശങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തണം. നവോത്ഥാന കാലഘട്ടത്തിൽ സജീവമായിരുന്ന ഒരാളേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. സഹോദരൻ അയ്യപ്പൻ. `സഹോദര''ന്റെ പത്രാധിപർ. അടിമുടി വിപ്ലവകാരി. കഥ വായിച്ചുകേൾപ്പിക്കാൻ വേണ്ടി നമ്പിയത്തും സുഹൃത്ത് മുൻ മന്ത്രി കെ ഐ വേലായുധനും കൊച്ചിയിൽ ചെന്ന് സഹോദരൻ അയ്യപ്പനെ കാണുന്നു. ഹൃദയാഘാതത്തെ തുടർന്ന് വിശ്രമത്തിലാണ് അദ്ദേഹം. എങ്കിലും വരവിന്റെ ഉദ്ദേശ്യമറിഞ്ഞപ്പോൾ കിടക്കയിൽ എഴുന്നേറ്റിരുന്നു അദ്ദേഹം. കാൽപ്പാടുകൾ നാടകം നേരത്തെ കണ്ടിട്ടുണ്ട്. മുക്തകണ്ഠം പ്രശംസിച്ചു സഹോദരനിൽ എഴുതിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ തിരക്കഥ കൗതുകത്തോടെ കേട്ടു. ``ഉഗ്രൻ'' എന്ന ഒറ്റ വാക്കിൽ തന്റെ പ്രതികരണം നമ്പിയത്തിനെ അറിയിക്കുകയും ചെയ്തു. സ്വന്തം കൈപ്പടയിൽ അദ്ദേഹം എഴുതി ഒപ്പിട്ടു തന്ന കടലാസ് മരണം വരെ നിധി പോലെ സൂക്ഷിച്ചിരുന്നു നമ്പിയത്ത്: ``തിരക്കഥ ഒന്നാന്തരം. കാൽപ്പാടുകൾ സിനിമക്ക് സർവ മംഗളങ്ങളും നേരുന്നു.''

ചെന്നൈയിലെ ഗോൾഡൻ സ്റ്റുഡിയോയിൽ സെറ്റിട്ടായിരുന്നു ഷൂട്ടിംഗ്. കുറച്ചു ഭാഗങ്ങൾ മാത്രം ഔട്ട്ഡോറിൽ എടുത്തു. ഇ എൻ സി നായരാണ് കാമറ. അഭിനേതാക്കളായി പ്രേംനസീർ, പ്രേംനവാസ്, പി ജെ ആന്റണി, രാഗിണി, സുകുമാരി തുടങ്ങിയവർ. നാടകത്തിൽ യഥാക്രമം ഗുരുദേവന്റെയും കുമാരനാശാന്റെയും വേഷമിട്ട കെ പി പോളും കൊല്ലം സുകുമാരനും സിനിമയിലും ആ റോളുകൾ ഭംഗിയാക്കി. തിരുവോണ നാളിൽ തൃശൂർ മാതാ തിയേറ്ററിൽ കാൽപ്പാടുകളുടെ പ്രദർശനോൽഘാടനം നിർവഹിച്ചത് അന്നത്തെ കേരള ഗവർണ്ണർ വി വി ഗിരി. തുടക്കം കേമമായിരുന്നെങ്കിലും ബോക്സാഫീസിൽ പടം വിജയമായില്ല. തിരിച്ചടിയുടെ ആഘാതത്തിൽ തളർന്നുപോയ നമ്പിയത്ത് അതോടെ സിനിമാമോഹങ്ങളോട് വിടചൊല്ലി. പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനടുത്ത പത്തംകുളം എന്ന കുഗ്രാമത്തിലേക്കായിരുന്നു പിന്നീടുള്ള യാത്ര. സിനിമാ നിർമ്മാതാവിൽ നിന്ന് കർഷകനിലേക്കുള്ള പരകായപ്രവേശത്തിന്റെ തുടക്കം. മണ്ണിനോട് പടവെട്ടിയായിരുന്നു നമ്പിയത്തിന്റെ ശിഷ്ടജീവിതം. 2014 ഫെബ്രുവരി 26 ന് സ്നേഹമുദ്രിതമായ കുറെ ഓർമ്മകൾ ബാക്കിയാക്കി നമ്പിയത്ത് ജീവിതം സ്വയം അവസാനിപ്പിക്കുന്നു. ഗുരുദേവ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തിക്കൊണ്ട് ചുറ്റുമുള്ളവർക്കെല്ലാം മാതൃകയായിത്തീർന്ന ഒരു മനുഷ്യന്റെ വേദനാജനകമായ വേർപാട്.``കാൽപ്പാടുകൾ'' ഇന്ന് ഓർമ്മയിൽ അവശേഷിപ്പിക്കുന്നത് അവയിലെ ഗാനങ്ങളാണ്. പ്രത്യേകിച്ച് ഉദയഭാനുവും ജാനകിയും ആലപിച്ച ദൈവദശകത്തിലെ വരികൾ (ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ. ..). യേശുദാസും പി ലീലയും ആനന്ദവല്ലിയും ചേർന്നാലപിച്ച കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ കാവ്യശകലങ്ങളും, നമ്പിയത്ത് രചിച്ച ഗുരുദേവ സ്തുതിയും (കരുണാസാഗരമേ) ആയിരുന്നു കാൽപ്പാടുകളിലെ മറ്റു മികച്ച ശ്രവ്യാനുഭവനങ്ങൾ.

കാൽ നൂറ്റാണ്ടു കഴിഞ്ഞു ഗുരുദേവന്റെ ജീവിതകഥ `ശ്രീനാരായണഗുരു' എന്ന പേരിൽ പി എ ബക്കർ സിനിമയാക്കിയപ്പോൾ സംഗീത സംവിധാനം നിർവഹിക്കാൻ ഭാഗ്യം ലഭിച്ചത് ദേവരാജൻ മാസ്റ്റർക്ക്. ഡോ ബാലമുരളീകൃഷ്ണ, ജയചന്ദ്രൻ, മാധുരി എന്നിവരായിരുന്നു ഗായകർ. ഈ ചിത്രത്തിലെ ശിവശങ്കര ശർവ ശരണ്യ വിഭോ എന്ന് തുടങ്ങുന്ന ശിവപ്രസാദ പഞ്ചകത്തിലെ വരികളുടെ ആലാപനമാണ് ജയചന്ദ്രന് മികച്ച ഗായകനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിക്കൊടുത്തത്. പന്തുവരാളി രാഗത്തിൽ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ``മിഴിമുന കൊണ്ട് മയക്കി നാഭിയാകും കുഴിയിലുരുട്ടി മറിപ്പതിനൊരുങ്ങി'' എന്ന രചനക്ക് ശബ്ദം പകർന്നത് ബാലമുരളീകൃഷ്ണ. ഗുരുദേവ ദർശനങ്ങൾ ജീവിതാന്ത്യം വരെ ആത്മാവിന്റെ ഭാഗമായി കൊണ്ടുനടന്ന ദേവരാജൻ മാസ്റ്റർ അവസാനമായി ഈണം നൽകിയ ആൽബം ``ഗുരുദീപം'' ആയതു യാദൃച്ഛികമാവില്ല. എം ജി ശ്രീകുമാർ, സുദീപ് കുമാർ, മഞ്ജരി, അപർണ്ണ രാജീവ് എന്നിവരാണ് ഈ സമാഹാരത്തിലെ കവിതകൾ ആലപിച്ചത്. ആ ആൽബത്തിന്റെ സൃഷ്ടിക്ക് നിമിത്തമാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ അസുലഭഭാഗ്യം.

ഗുരുദേവ പിക്ചേഴ്സിന്റെ ബാനറിൽ സ്വാമി ശ്രീനാരായണ ഗുരു എന്ന ചലച്ചിത്രം പുറത്തുവന്നത് 1986 ൽ. കൃഷ്ണസ്വാമി ആയിരുന്നു സംവിധായകൻ. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുദേവ രചന മുഹമ്മദ് സുബൈറിന്റെ ഈണത്തിൽ ഈ ചിത്രത്തിന് വേണ്ടി ആലപിച്ചത് ബ്രഹ്മാനന്ദൻ. മൂന്ന് വർഷം കഴിഞ്ഞു ഗുരുദേവൻ എന്ന പേരിൽ ഗുരുവിന്റെ ജീവിതകഥ വീണ്ടും വെള്ളിത്തിരയിൽ എത്തിയപ്പോൾ ആലപ്പി രംഗനാഥ് ആയിരുന്നു സംഗീത സംവിധായകൻ. ഗായകരായി യേശുദാസ്, എം ജി ശ്രീകുമാർ, എന്നിവർ. യേശുദാസ് ഹൃദയസ്പർശിയായി പാടിയ ദൈവദശകമാണ് എൻ ഉദയഭാനു സംവിധാനം ചെയ്ത ``ഗുരുദേവ''നിൽ നിന്ന് ഇന്ന് ഓർമ്മയിൽ അവശേഷിക്കുന്നത്. സിനിമക്ക് വേണ്ടി താൻ ആദ്യം ആലപിച്ച ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം ഒരിക്കൽ കൂടി ആലപിക്കുന്നുണ്ട് യേശുദാസ് ഈ സിനിമയിൽ; വ്യത്യസ്തമായ ഈണത്തിലാണെന്നു മാത്രം. ഇതേ ശ്ലോകം രണ്ടു പതിറ്റാണ്ടിനു ശേഷം വിജയ് യേശുദാസ് എം ജയചന്ദ്രന്റെ ഈണത്തിൽ ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ടു നോക്കിയേ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ചപ്പോൾ ചരിത്രത്തിൽ അതൊരു അപൂർവതയായി. ആർ സുകുമാരൻ സംവിധാനം ചെയ്ത ``യുഗപുരുഷനി'' (2010) ലാണ് പിന്നീട് ഗുരുദേവ കൃതികൾ നാം കേട്ടത്. യേശുദാസിനു പുറമെ മധു ബാലകൃഷ്ണനും ഉണ്ണിമേനോനും മണികണ്ഠനും ഉണ്ടായിരുന്നു ഈ ചിത്രത്തിൽ ഗായകരായി. 2013 ൽ പുറത്തുവന്ന ``ഒളിപ്പോര്'' എന്ന ചിത്രത്തിൽ ജോൺ പി വർക്കിയുടെ സംഗീതത്തിൽ ദൈവദശകം ആലപിച്ചത് ശ്രീവത്സൻ ജെ മേനോൻ.

ഗുരുദേവ സന്ദേശങ്ങൾ ഇതിവൃത്തമായി വരുന്ന ഗാനങ്ങൾ വേറെയും പിറന്നിട്ടുണ്ട് മലയാള സിനിമയിൽ. ഏറ്റവും പ്രശസ്തം ദുർഗ്ഗ (1974) യിൽ വയലാർ -- ദേവരാജൻ സഖ്യം ഒരുക്കിയ യുഗ്മഗാനം ആയിരിക്കണം: ``ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ, ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ ശിവഗിരി തേടിവരുന്നു ഞങ്ങൾ ഗുരുകുലം തേടി വരുന്നു..'' സിന്ധുഭൈരവി രാഗഭാവത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഈ ഗാനം പാടിയത് യേശുദാസും മധുരിയും. ഗുരുദേവ ദർശങ്ങൾ സുലഭമായി സ്വന്തം രചനകളിൽ ആവിഷ്കരിച്ചിട്ടുണ്ട് വയലാർ; പ്രത്യക്ഷത്തിലും പരോക്ഷമായും. ഒരു ജാതി ഒരു മതം ഒരു ദൈവം (കൂട്ടുകാർ), അദ്വൈതം ജനിച്ച നാട്ടിൽ (ലൈൻ ബസ്), മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ഒരു മതമൊരു ജാതി (അച്ഛനും ബാപ്പയും), ഈശ്വരൻ ഹിന്ദുവല്ല (പോസ്റ്റമാനെ കാണ്മാനില്ല) തുടങ്ങിയ പ്രശസ്ത ഗാനങ്ങളിലെല്ലാം പതിഞ്ഞുകിടക്കുന്നത് ഇതേ ആശയത്തിന്റെ വിഭിന്ന ഭാവങ്ങൾ തന്നെ. ``ആനപ്പാച്ചൻ'' എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതിയ ``ഒരു ജാതി ഒരു മതം ഒരു ദൈവമെന്നോതി'' (ഗായകൻ: പട്ടണക്കാട് പുരുഷോത്തമൻ, സംഗീതം: ദേവരാജൻ ), ജോൺ ജാഫർ ജനാർദനൻ എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച മതമേതായാലും രക്തം ചുവപ്പല്ലയോ (ഗായകൻ: യേശുദാസ്; സംഗീതം: ശ്യാം) എന്നീ ഗാനങ്ങളും ഉൾക്കൊള്ളുന്നത് ഇതേ സന്ദേശം തന്നെ.

ശ്രീനാരായണ കൃതികൾ ജനഹൃദയങ്ങളിലെത്തിക്കാൻ വേണ്ടി സംഗീത ജീവിതം തന്നെ നീക്കിവെച്ച ഗായികയാണ് കവിയൂർ സി കെ രേവമ്മ. രേവമ്മ പാടി പുറത്തിറക്കിയ റെക്കോർഡുകളിലൂടെയാണ് ഗുരുദേവ രചനകൾ പണ്ഡിതപാമരഭേദമന്യേ ജനഹൃദയങ്ങളിൽ ചെന്ന് ചേർന്നത്. യുക്തിചിന്തകനായ പിതാവ് സി കെ പദ്മനാഭനായിരുന്നു ഈ ദൗത്യത്തിൽ രേവമ്മക്ക് പ്രചോദനം. ഒന്നായ മാമതിയിൽ എന്ന് തുടങ്ങുന്ന ``ജനനീ നവരത്നമഞ്ജരി'' ഗ്രാമഫോൺ റെക്കോർഡായി പുറത്തിറക്കാൻ മകളെ പ്രേരിപ്പിച്ചത് കവിയൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡൻറ് കൂടിയായ പദ്മനാഭനാണ്. അതായിരുന്നു തുടക്കം. രേവമ്മയുടെ ശബ്ദത്തിൽ പിന്നെയും ഗുരുദേവ കൃതികൾ പുറത്തുവന്നു. കേരളത്തിലും പുറത്തുമുള്ള സ്വന്തം കച്ചേരികളിൽ മുടങ്ങാതെ ഗുരുദേവ കൃതികൾ ഉൾപ്പെടുത്താൻ മറന്നില്ല രേവമ്മ. ശാസ്ത്രീയ കൃതികളുടെ ചിട്ടവട്ടങ്ങളോടെ ഈ രചനകൾ രേവമ്മ ആലപിച്ചപ്പോൾ ശ്രോതാക്കൾക്ക് അതൊരു നവ്യാനുഭൂതിയായി.

ഗുരുദേവ കൃതികൾക്ക് മറ്റെന്നത്തെക്കാൾ പ്രസക്തിയുള്ള കാലമാണിത്. ``ആഴമുള്ള ആശയങ്ങൾ ലളിതമായി പറയുന്ന രീതിയാണ് ഗുരുവിന്റേത്. ആ കവിതകളിൽ തന്നെയുണ്ട് സംഗീതം. അത് തിരിച്ചറിയുക എന്നതാണ് സംഗീത സംവിധായകനെ കാത്തിരിക്കുന്ന വെല്ലുവിളി..'' ദേവരാജൻ മാസ്റ്ററുടെ വാക്കുകൾ. മാനവികതയുടെ സംഗീതം തന്നെയാണ് ഗുരുവിന്റെ രചനകളിൽ എന്ന് പറയാതെ പറയുകയായിരുന്നില്ലേ മാസ്റ്റർ?

Content Highlights :Raman Nambiyath Yesudas ravi menon Pattuvazhiyorathu