കൈതപ്രം ഇതിലും  മികച്ച ഗാനങ്ങൾ എഴുതിയിരിക്കാം. രവീന്ദ്രൻ കൂടുതൽ പ്രൗഢഗംഭീരമായ ഗാനങ്ങൾ  ചിട്ടപ്പെടുത്തിയിട്ടുമുണ്ടാകാം. പക്ഷേ, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ പ്രമദവനം എന്ന പാട്ടിനെ വേറിട്ടു നിർത്തുന്നത് മറ്റൊരു ഘടകമാണ്: യേശുദാസ് സ്വന്തം ശബ്ദസൗകുമാര്യത്താൽ  ആ ഗാനത്തിന് കനിഞ്ഞു നല്‍കിയ വിശിഷ്ടമായ വ്യക്തിത്വം. കാൽ  നൂറ്റാണ്ടിലേറെക്കാലം മുൻപ്  തരംഗിണിയുടെ ഓഡിയോ കാസറ്റിൽ ഈ ഗാനം ആദ്യം കേട്ട് തരിച്ചിരുന്നത് ഓർമയുണ്ട്. ഒരു സിനിമാഗാനത്തിൽ ദാസിന്റെ ശബ്ദം അത്രയും അഗാധഗാംഭീര്യമാർന്ന് ആദ്യം കേൾക്കുകയായിരുന്നു. 

പ്രമദവനത്തെ കുറിച്ച് രവീന്ദ്രൻ മാസ്റ്റർ പങ്കുവച്ച വ്യക്തിപരമായ ഒരനുഭവം ഓർക്കുന്നു: ഹിസ് ഹൈനസ് അബ്ദുള്ള പുറത്തിറങ്ങി ഏറെക്കഴിയും മുൻപൊരു നാൾ കോട്ടയം ട്രാൻ‍സ്പോർട്ട് സ്റ്റാന്റിൽ ബസ് കാത്തുനിൽക്കുകയാണ്  മാസ്റ്റർ. സായാഹ്നത്തിരക്കിൽ മുങ്ങിനിൽക്കുന്നു ബസ് സ്റ്റാൻഡും പരിസരവും. ചുറ്റിലും  കാതടപ്പിക്കുന്ന ശബ്ദഘോഷം മാത്രം. തൊട്ടടുത്തു നിന്നു സംസാരിച്ചാൽ  പോലും കേൾക്കാനാവാത്ത അവസ്ഥ. ആ ശബ്ദ ബാഹുല്യത്തിലേക്ക്  സമീപത്തുള്ള  റസ്റ്റോറണ്ടിലെ സ്പീക്കറിൽ  നിന്ന് പൊടുന്നനെ പ്രമദവനം ഒഴുകി വരുന്നു. യേശുദാസിന്റെ ഗാംഭീര്യമാർന്ന ഹമ്മിംഗിൽ നിന്ന് പാട്ട് തുടങ്ങിയതും ബസ്‌ സ്റ്റാന്‍ഡിൽ നിശബ്ദത പടർന്നതും ഒപ്പം. നിലവിളിച്ചുകൊണ്ടിരുന്ന എയർ ഹോണുകൾ അടക്കം അന്തരീക്ഷത്തിലെ സകലചരാചരങ്ങളും മൗനം. എല്ലാ കാതുകളും ഒരൊറ്റ ശബ്ദത്തിന് വേണ്ടി കാത്തിരുന്ന പോലെ. ``പറഞ്ഞറിയിക്കാനാവില്ല ആ അനുഭൂതി. എന്റെ ജീവിതത്തിൽ  നടാടെയായിരുന്നു അത്തരമൊരു അനുഭവം. മലയാളിക്ക് യേശുദാസ് എന്താണെന്നും ആരാണെന്നും വിസ്മയപൂർവം തിരിച്ചറിയുകയായിരുന്നു ഞാൻ.'' രവീന്ദ്രൻ പറഞ്ഞു. മലയാളികളുടെ വരും തലമുറകൾ എക്കാലവും ആരാധനാപൂർവം നോക്കിക്കാണുന്ന ഗാനമായി പ്രമദവനം വളരുമെന്ന് അന്ന് ആ ആൾക്കൂട്ടത്തിൽ ഒരാളായി തൂണിൽ ചാരിനിന്ന രവീന്ദ്രൻ സങ്കൽപിച്ചിരിക്കുമോ?    അപ്രതീക്ഷിത സാഹചര്യങ്ങളിൽ  പ്രമദവനം വന്ന് മനസ്സിനെ തൊട്ട രസകരമായ അനുഭവങ്ങൾ വേറെയുമുണ്ട് രവീന്ദ്രൻ മാസ്റ്ററുടെ ജീവിതത്തിൽ. ``ഉത്തരേന്ത്യൻ യാത്രക്കിടെ  ഒരു പഞ്ചാബി ധാബയിൽ പ്രാതൽ കഴിക്കാൻ ചെന്നപ്പോൾ ചടുലമായ  ഭാംഗ്ഡാ നൃത്ത ഗാനങ്ങളുടെ ഒഴുക്കിലേക്ക് സ്പീക്കറിലൂടെ തെല്ലും നിനച്ചിരിക്കാതെ പ്രമദവനം കടന്നുവന്നത് ഓർമയുണ്ട്.  ഒരു തവണയല്ല, പല തവണ. കൗണ്ടറിലിരുന്ന വിമുക്തഭടനായ സർദാർജിയോട് നേരിട്ട് ചോദിച്ചപ്പോഴാണ് ആ പാട്ടിനോടുള്ള അയാളുടെ സ്നേഹത്തിന്റെ ആഴം മനസ്സിലായത്. പട്ടാള ജീവിതകാലത്തെ ഏറ്റവുമടുത്ത മലയാളി സുഹൃത്തിന്റെ ഇഷ്ടഗാനമായിരുന്നത്രെ പ്രമദവനം. ആവർത്തിച്ച് കേട്ട് കേട്ട് സർദാർജിയും ആ പാട്ടിന്റെ അടിമയായി. ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട കൂട്ടുകാരന്റെ ഓർമയ്ക്കായി ദിവസവും അഞ്ചോ ആറോ തവണ സ്വന്തം ഹോട്ടലിൽ ഈ പാട്ട് വെക്കും അയാൾ. ഇന്നും ആ പാട്ട് നിറഞ്ഞ കണ്ണോടെയല്ലാതെ കേട്ടുതീർക്കാൻ കഴിയാറില്ലത്രേ അയാൾക്ക്. '' പ്രമദവനത്തിന്റെ ശിൽപിയാണ് തൊട്ടുമുന്നിൽ വന്നുനിൽക്കുന്നത് എന്നറിഞ്ഞപ്പോൾ ആഹ്ളാദം കൊണ്ട് മതിമറന്നുപോയി ആ മനുഷ്യൻ. അതിഥികളെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുക മാത്രമല്ല  രാത്രി വൈകുവോളം മദ്യത്തിൽ കുളിപ്പിച്ചുകിടത്തുക കൂടി ചെയ്തു സർദാർജി എന്നത് കഥയുടെ രത്നച്ചുരുക്കം. അങ്ങനെ എത്രയെത്ര വിചിത്രമായ ഓർമകൾ...

ചെന്നൈ പാംഗ്രൂവ് ഹോട്ടലിൽ പ്രമദവനം പിറന്നു വീണ നിമിഷങ്ങൾ കൈതപ്രം ഓർ‍ത്തെടുത്തത്‌ ഇങ്ങനെ: ``കഥാസന്ദർഭം  ലോഹിതദാസ് വിവരിച്ചു കൊടുത്തപ്പോൾ രവിയേട്ടൻ പറഞ്ഞു: ഒരു മെയ്‌മാസപ്പുലരിയിൽ എന്ന പടത്തിനു വേണ്ടി മുൻപ് ഞാനൊരു പാട്ട് ചെയ്തിട്ടുണ്ട്: ഭാസ്കരൻ  മാഷിന്റെ വരികളാണ്. എനിക്കേറെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു. പക്ഷേ, വിചാരിച്ച പോലെ ഹിറ്റായില്ല. ആ പാട്ട് ബേസ് ചെയ്തു പുതിയൊരീണം സൃഷ്ടിച്ചാലോ?'' പാട്ട് കേൾ‍ക്കട്ടെ എന്നായി ലോഹി. പരുഷഹൃദ്യമായ തന്റെ ശബ്ദത്തിൽ രവീന്ദ്രൻ  പാടിത്തുടങ്ങുന്നു : ``ഇരു ഹൃദയങ്ങളിലൊന്നായ് വീശും നവ്യ സുഗന്ധം...''. ജോഗ് രാഗ സ്പർശമുള്ള ഗാനം. ലോഹിക്കും കൈതപ്രത്തിനും അത് ഇഷ്ടമായി. നിമിഷങ്ങൾക്കകം രവീന്ദ്രന്റെ ഹാർ‍മോണിയത്തിൽ പ്രമദവനം പിറക്കുന്നു. മറ്റൊരു വേറിട്ട ജോഗ് അനുഭവം. ഈണമാണ് ആദ്യം വന്നത്; പിന്നാലെ വരികളും. ``ഞങ്ങളുടേത് ഒരു അപൂർ‍വ കൂട്ടായ്മ ആയിരുന്നു. രവിയേട്ടന്റെ മനസ്സ് എനിക്കും ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് ലോഹിക്കും എളുപ്പം പിടികിട്ടും. അതുകൊണ്ട് തന്നെ ഗാനസൃഷ്ടിയിൽ  ഭിന്നാഭിപ്രായങ്ങൾ  കുറവ്. ഈ പൊരുത്തമാണ് പ്രമദവനത്തിന്റെയും വിജയ രഹസ്യം,'' കൈതപ്രം പറയുന്നു.

Content Highlights: Pramadavanam His Highness Abdullah Mohanlal Yesudas Raveendran Kaithapram Malayalam Music Ravi Menon