കോട്ടക്കൽ രാധാകൃഷ്ണയിൽ നിന്ന് ഒരു രാത്രി ``ശംഖുപുഷ്പം'' സിനിമ കണ്ട് തിരിച്ചുപോരുമ്പോൾ അതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ കൂടി കൂടെ പോന്നു -- കവിയായ പി പി ശ്രീധരനുണ്ണി. ആ സിനിമക്ക് വേണ്ടി അദ്ദേഹമെഴുതിയ മനോഹരമായ ഒരു ഭാവഗീതവും: ``സ്വപ്നത്തിൽ നിന്നൊരാൾ ചോദിച്ചു പ്രേമസ്വർഗ്ഗത്തിൽ കൂട്ടിനു പോരാമോ, രാഗത്തിൻ പൂമാല കോർക്കാമോ നിന്റെ രാജകുമാരന് ചാർത്താമോ...?''
അന്ന് കൂടെക്കൂടിയ ആ ഗാനം ഇന്നുമുണ്ട് കാതിൽ -- ഇതാ ഈ നിമിഷവും. അർജ്ജുനൻ മാഷിന്റെ സംഗീതത്തിൽ ജയചന്ദ്രൻ പാടിയ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്ന്. ``സങ്കല്പഗംഗയിൽ നീരാടിനിൽക്കുമ്പോൾ തങ്കക്കിനാവിന്റെ തേരിറങ്ങി, മന്ദാരമോഹത്തിൻ മാണിക്യവീണയിൽ ഗന്ധർവഗാനങ്ങൾ തൂകിടാമോ'' എന്ന് ജയചന്ദ്രൻ മുഗ്ദമധുരമായി കാതിൽ മന്ത്രിക്കുമ്പോൾ ഏത് കാമുകിയുടെ മനസ്സാണ് ഒന്ന് ചഞ്ചലപ്പെട്ടുപോകാതിരിക്കുക?
സുന്ദരഗാനങ്ങൾ പലതുണ്ടായിരുന്നു ബേബി സംവിധാനം ചെയ്ത ``ശംഖുപുഷ്പ'' (1977) ത്തിൽ. ആയിരമജന്താ ചിത്രങ്ങളിൽ, സപ്തസ്വരങ്ങളാടും സ്വർഗ്ഗപ്രവാഹിനീ, പുതുനാരി വന്നല്ലോ...എല്ലാം ശ്രീകുമാരൻ തമ്പിയുടെ രചനകൾ. തമ്പി -- അർജ്ജുനൻ ടീം കത്തിജ്വലിച്ചു നിൽക്കുന്ന സമയമായിരുന്നല്ലോ. അതിനിടയിലേക്ക് നരിക്കുനിക്കാരനായ ഈ യുവകവിയുടെ കടന്നുവരവ് എങ്ങനെ സംഭവിച്ചു? അറിയാനൊരു കൗതുകം.
``യാദൃച്ഛികമായി സംഭവിച്ചതാണ്.''-- ശ്രീധരനുണ്ണി ചിരിക്കുന്നു. ``ആകാശവാണിയിൽ ഉദ്യോഗസ്ഥനാണ് അന്ന് ഞാൻ. ട്രെയിനിംഗിന്റെ ഭാഗമായി രണ്ടാഴ്ച ചെന്നൈയിൽ തങ്ങേണ്ടി വന്നു. പഴയ വുഡ്‌ലാൻഡ്‌സ് ഹോട്ടലിലാണ് താമസം. തൊട്ടടുത്തൊരു മുറിയിൽ രഘു എന്ന രഘുകുമാറുമുണ്ട്. എ ഐ ആറിലെ തബല ആർട്ടിസ്റ്റ് ആയിരുന്നത് കൊണ്ട് രഘുവിനെ നേരത്തെ അറിയാം. അടുത്ത സൗഹൃദവുമുണ്ട്. ഞാനെഴുതിയ പല ലളിതഗാനങ്ങൾക്കും തബല വായിച്ച ആളാണല്ലോ. പുതിയ സിനിമയുടെ ജോലികളുമായി ഹോട്ടലിൽ താമസിക്കുകയാണ് നിർമ്മാതാവ് കൂടിയായ രഘു. തിരക്കഥാകൃത്തും നടനുമായ വിജയൻ, നിർമ്മാതാക്കളിലൊരാളായ മുരളി, സുരാസു, ബേബി ഇവരൊക്കെയുണ്ട് ഒപ്പം. ആകെയൊരു ആഘോഷാന്തരീക്ഷം.''
ആ നാളുകളിലൊരിക്കൽ, സൗഹൃദസംഭാഷണത്തിനിടെ അപ്രതീക്ഷിതമായി രഘു ശ്രീധരനുണ്ണിയോട് പറഞ്ഞു: ``ഉണ്ണിയേട്ടൻ ഞങ്ങളുടെ ഈ പടത്തിൽ ഒരു പാട്ടെഴുതുന്നു. ഒരു പ്രണയഗാനം.''അത്ഭുതമായിരുന്നു ശ്രീധരനുണ്ണിക്ക്. ആകാശവാണിയിലെ ജോലിയുടെ ഭാഗമായി നൂറുകണക്കിന് പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും സിനിമയിൽ അവസരം തേടുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല അതുവരെ. ഒരുപാട് കെട്ടുപാടുകൾ ഉള്ള സർക്കാർ ജോലിയാണല്ലോ. എന്നാൽ, പ്രിയസുഹൃത്തിന്റെ ആവശ്യമൊട്ട് നിരസിക്കാനും വയ്യ.
അങ്ങനെ, ആ രാത്രി തന്നെ ജീവിതത്തിലാദ്യമായി ഒരു ചലച്ചിത്രഗാനമെഴുതാൻ വുഡ്‌ലാൻഡ്‌സിൽ മുറിയടച്ചിട്ടിരിക്കുന്നു ഉണ്ണിയേട്ടൻ. സംവിധായകൻ വിവരിച്ചുതന്ന ഗാനസന്ദർഭം മനസ്സിലുണ്ട്. ഒരു ക്ലബ്ബ് ഗായകൻ സ്റ്റേജിൽ നിന്ന് പാടുന്ന പാട്ടാണ്. കഥാപാത്രങ്ങളുടെ മനസ്സിലെ ഗൃഹാതുര സ്മൃതികളും ഒതുക്കിവെച്ച പ്രണയവുമെല്ലാം വരികളിൽ വരണം. ``വൈകീട്ട് അർജ്ജുനൻ മാഷെ ആദ്യമായി നേരിൽ കണ്ടപ്പോൾ അദ്ദേഹം നൽകിയ ഉപദേശമായിരുന്നു മനസ്സിൽ. ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട. മനസ്സിൽ തോന്നുന്ന വരികളൊക്കെ എഴുതിക്കൊള്ളൂ. പാട്ടിന് എത്ര നീളം കൂടിയാലും പ്രശ്നമില്ല. നമുക്ക് ആവശ്യമുള്ളത് മാത്രം എടുത്താൽ മതിയല്ലോ.''
സിനിമയിലെ മറ്റു പാട്ടുകളെഴുതിയ ശ്രീകുമാരൻ തമ്പിയുമുണ്ടായിരുന്നു അർജ്ജുനനൊപ്പം. തമ്പിയെ 1960 കളുടെ അവസാനം മുതലേ അടുത്തറിയാം ശ്രീധരനുണ്ണിക്ക്. ``കോഴിക്കോട്ട് അസിസ്റ്റന്റ് ടൗൺപ്ലാനറായിരുന്ന കാലത്ത് മീഞ്ചന്തയിൽ രാമകൃഷ്ണാശ്രമത്തിന് എതിരേയുണ്ടായിരുന്ന വാളിയാടി ലോഡ്ജിലാണ് അദ്ദേഹം താമസിച്ചിരുന്നത്. പിന്നീടത് മോഹൻ ലോഡ്ജായി.അന്നേ അറിയപ്പെടുന്ന കവിയാണദ്ദേഹം. 1969 ൽ ആകാശവാണി ജോലിയുമായി കോഴിക്കോട്ടെത്തിയ എനിക്ക് അഭയമരുളിയതും അതേ ലോഡ്ജ് തന്നെ.'' മുറി തുറന്നുകൊടുക്കുമ്പോൾ മാനേജർ പുതിയ താമസക്കാരനോട് പറഞ്ഞു: ``ഇതേ മുറിയിലാണ് ശ്രീകുമാരൻ തമ്പി താമസിച്ചിരുന്നത്.''
എട്ടു വർഷത്തിന് ശേഷം പ്രിയകവിയ്‌ക്കൊപ്പം ഒരേ സിനിമയിൽ പാട്ടെഴുതേണ്ടി വരുമെന്ന് അന്ന് സങ്കല്പിച്ചിട്ടു പോലുമില്ല ശ്രീധരനുണ്ണി.
കാലത്ത് കമ്പോസിംഗിനായി വീണ്ടും അർജ്ജുനൻ മാഷ് എത്തുന്നു. പുതിയ പാട്ടെഴുത്തുകാരന്റെ രചന വായിച്ചുനോക്കി അദ്ദേഹം പറഞ്ഞു:
``കൊള്ളാം. ഇതിൽ മാറ്റാൻ അധികമൊന്നുമില്ല.'' ചെറിയ ചില മിനുക്കുപണികളേ വേണ്ടിവന്നുള്ളൂ പാട്ട് പൂർണ്ണരൂപത്തിലാക്കാൻ. അടുത്തൊരു ദിവസം ഭരണി സ്റ്റുഡിയോയിൽ വെച്ചു റെക്കോർഡിംഗ്. ജയചന്ദ്രൻ സ്വതഃസിദ്ധമായ ശൈലിയിൽ ഭാവമധുരമായി തന്നെ പാടി. ``മുന്നൂറ് രൂപയാണ് സിനിമാപ്പാട്ടെഴുതിയതിന് ആദ്യമായി കിട്ടിയ പ്രതിഫലം. അന്നത് അത്ര മോശം തുകയല്ല. തിരിച്ചു നാട്ടിൽ വന്ന് കുറെ കാലം കഴിഞ്ഞ ശേഷം ,പാട്ട് ആദ്യമായി റേഡിയോയിൽ കേട്ടത് ഓർമ്മയുണ്ട്. ശംഖുപുഷ്പത്തിലെ മറ്റു പാട്ടുകൾക്കൊപ്പം എന്റെ രചനയും ഹിറ്റായി എന്ന അറിവ് അത്ഭുതകരമായിരുന്നു. ഇന്നും ആ പാട്ട് നിങ്ങളുടെയൊക്കെ മനസ്സിലുണ്ടെന്നറിയുമ്പോൾ ആഹ്‌ളാദം. ആകെയുള്ള ദുഃഖം അറുനൂറിലേറെ ലളിതഗാനങ്ങൾ എഴുതിയിട്ടും ഈ ഒരൊറ്റ പാട്ട് മാത്രമല്ലെ ഓർക്കപ്പെടുന്നുള്ളൂ എന്നതിൽ മാത്രം. പക്ഷേ അതാണല്ലോ സിനിമയുടെ മാജിക്...'' -- ശ്രീധരനുണ്ണി.
മറ്റൊരു സിനിമക്ക് കൂടി പാട്ടെഴുതി ശ്രീധരനുണ്ണി -- ഇത്തവണ എം ടി വാസുദേവൻ നായരുടെ താൽപ്പര്യപ്രകാരം. എം ടി കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ``വിൽക്കാനുണ്ട് സ്വപ്നങ്ങളി''ൽ (1980) കവിത പോലുള്ള ഒരു പാട്ട് വേണം എന്നായിരുന്നു എം ടിയുടെ നിർദ്ദേശം. ദുബായിയുടെ പശ്ചാത്തലത്തിൽ കേൾക്കേണ്ട പാട്ടാണ്. ``എം ടിയുടെ വീട്ടിൽ ഇരുന്നു തന്നെയാണ് ആ വരികൾ എഴുതിയത് -- ഭൂതലം നിന്റെ ഭദ്രാസനം നന്ദനം നിന്റെ കേളീവനം. സംഗീതസംവിധായകൻ എം ബി ശ്രീനിവാസനും ഉണ്ടായിരുന്നു അപ്പോൾ അവിടെ. പാട്ട് അദ്ദേഹം മദ്രാസിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചായിരുന്നു കമ്പോസിംഗും റെക്കോർഡിംഗും.'' എസ് ജാനകി പാടിയ ആ ഗാനം പടം റിലീസായ ശേഷമാണ് താൻ ആദ്യം കേട്ടതെന്ന് ശ്രീധരനുണ്ണി. മാപ്പിളപ്പാട്ടിന്റെ മൂഡിലുള്ള ``ചന്ദനക്കുളിർ വീശുന്ന'' എന്നൊരു ഗാനശകലം കൂടിയുണ്ടായിരുന്നു ഉണ്ണിയേട്ടന്റെ വകയായി ആ സിനിമയിൽ. അവിടെ അവസാനിക്കുന്നു സിനിമയിലെ ശ്രീധരഗാഥ. ഇടക്കൊരു സിനിമക്ക് കൂടി വേണ്ടി എഴുതിയെങ്കിലും പടം വെളിച്ചം കണ്ടില്ല; പാട്ടുകളും. ``കെ ജി ജോർജിന്റെ സംവിധാനത്തിൽ സതീഷ് സത്യനെ നായകനാക്കി കോഴിക്കോട്ടെ റാണി ഓട്ടോമൊബൈൽസ് ദാമോദരൻ നിർമ്മിക്കാൻ ഉദ്ദേശിച്ച പടമായിരുന്നു. കെ രാഘവനാണ് സംഗീതം. ഗാനരചയിതാക്കളായി ഞാനും പരത്തുള്ളി രവീന്ദ്രനും. എന്റെ പാട്ട് യേശുദാസിന്റെ സ്വരത്തിൽ റെക്കോർഡ് ചെയ്‌തെങ്കിലും ആർക്കും കേൾക്കാൻ യോഗമുണ്ടായില്ല.'' പുറത്തുവന്നിരുന്നെങ്കിൽ തന്റെ ഏറ്റവും മികച്ച രചന ആയിരുന്നേനെ അത് എന്ന് വിശ്വസിക്കുന്നു, ആകാശവാണിയിൽ നിന്ന് വിരമിച്ച് വായനയിലും എഴുത്തിലും മുഴുകിക്കഴിയുന്ന ശ്രീധരനുണ്ണി.
1969 ൽ കരാറടിസ്ഥാനത്തിൽ ജൂനിയർ സ്ക്രിപ്റ്റ് റൈറ്റർ ആയി കോഴിക്കോട് ആകാശവാണിയിൽ ചേർന്നതാണ് ശ്രീധരനുണ്ണി. ഉറൂബും അക്കിത്തവും തിക്കോടിയനും എൻ എൻ കക്കാടും ഉൾപ്പെടെ മഹാരഥന്മാരുടെ മേച്ചിൽപ്പുറമാണ് അന്നത്തെ ആകാശവാണി. ഇടക്ക് കുറച്ചുകാലം തിരുവനന്തപുരത്തും പ്രവർത്തിച്ച ശേഷം പ്രോഗ്രാം എക്സിക്യുട്ടീവ് ആയി വിരമിച്ചത് 2004 ൽ. സിനിമക്ക് വേണ്ടി കൂടുതൽ പാട്ടെഴുതാത്തതിൽ ദുഖമൊന്നുമില്ല ഉണ്ണിയേട്ടന്. ശ്രമിച്ചാൽ ചിലപ്പോൾ കുറെക്കൂടി പാട്ടുകൾ എഴുതാൻ കഴിഞ്ഞേനെ. പക്ഷേ ഔദ്യോഗിക പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും ഉള്ളിൽ നിന്നുകൊണ്ട് സിനിമക്കെഴുതുക എന്നത് ഒരു സാഹസം തന്നെയായിരുന്നു അന്ന്. ``മാത്രമല്ല,സിനിമാലോകത്തിന്റെ വഴികളുമായി പൊരുത്തപ്പെടുക എന്നെപ്പോലൊരു ഏകാന്തസഞ്ചാരിക്ക് എളുപ്പവുമല്ല. അത് വേറൊരു ലോകമാണ്....''
എങ്കിലും എഴുതിയ ഗാനങ്ങളിൽ ഒന്ന് ആരുടെയൊക്കെയോ മനസ്സിൽ ഇന്നും ജീവിക്കുന്നു എന്ന അറിവ് കവിയുടെ ഹൃദയത്തെ ഇന്നും ആർദ്രമാക്കുന്നു. ജീവിതത്തിലെ മനോഹരമായ ഒരു കാലത്തിന്റെ ഓർമ്മ കൂടിയാണല്ലോ ആ പാട്ട്...
Content Highlights : PP Sreedharanunni Sankhupushpam Malayalam Movie song Ravi Menon Paattuvazhiyorathu