ടത്തിലെ പാട്ടുകൾ  റെക്കോഡ്  ചെയ്യേണ്ട ഘട്ടമെത്തിയപ്പോൾ  സംഗീതസംവിധായകനെ വിളിച്ച് നിർമാതാവ് പറഞ്ഞു: ‘‘മാഷേ, ചുരുങ്ങിയ ബജറ്റിലുള്ള സിനിമയാണ് നമ്മളെടുക്കുന്നത്. അതുകൊണ്ട് പാട്ടുകളിൽ വയലിൻ വേണ്ട...’’- ഞെട്ടിപ്പോയി ജെറി അമൽദേവ്. സിനിമയിൽ വന്നിട്ട് അധികമായിട്ടില്ല അദ്ദേഹം. ഇതുപോലൊരു അനുഭവം ആദ്യമായിട്ടാണ്‌. വയലിൻ പൂർണമായി ഒഴിവാക്കിക്കൊണ്ട് എങ്ങനെ നല്ല മെലഡികൾ സൃഷ്ടിക്കാനാകും? പക്ഷേ, നിർമാതാവിന്റെ  തീരുമാനം ഉറച്ചതായിരുന്നു.  ഒരു വയലിനിസ്റ്റിന്റെ സേവനം വേണമെങ്കിൽ അന്ന് ചുരുങ്ങിയത് മുന്നൂറുരൂപ മുടക്കണം. ശരാശരി എട്ട് വയലിനെങ്കിലും ഉണ്ടെങ്കിലേ പാട്ടിന് ഉദ്ദേശിച്ച പൊലിമ കിട്ടൂ. തൽക്കാലം അത്രയും തുക മുടക്കാനുള്ള പാങ്ങില്ല നിർമാതാവിന്. ‘‘വയലിൻ ഒഴിച്ചുള്ള  ഉപകരണങ്ങൾ വെച്ചും  മനോഹരമായ പാട്ടുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ടല്ലോ അങ്ങ്. ഈ പടത്തിലും അതേ  ആവശ്യമുള്ളൂ’’  എന്നായി അദ്ദേഹം. 

പൂർണമനസ്സോടെയല്ലെങ്കിലും ആ ദൗത്യം വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കുന്നു ജെറി അമൽദേവ്.  യേശുദാസ് പാടിയ ‘‘പൂവല്ല പൂന്തളിരല്ല മാനത്തെ മഴവില്ലല്ല’’ എന്ന സുന്ദര പ്രണയഗാനത്തിന്റെ പിറവി ആ ചങ്കൂറ്റത്തിൽ  നിന്നാണ്. വെളിച്ചം കാണാൻ ഭാഗ്യമുണ്ടാകാതെപോയ ‘കാട്ടുപോത്ത്’ എന്ന ചിത്രം നമ്മുടെ മനസ്സിൽ  അവശേഷിപ്പിക്കുന്ന ഏറ്റവും ഹൃദ്യമായ ഓർമയും ആ പാട്ട് തന്നെ. ‘‘അദ്‌ഭുതം തോന്നിയിട്ടുണ്ട്, ഇറങ്ങാതെ പോയ ഒരു പടത്തിലെ പാട്ട് എങ്ങനെ ഇത്രയും സ്വീകരിക്കപ്പെട്ടു എന്ന്. ദൃശ്യങ്ങളുടെ പിന്തുണ ഇല്ലാതെയും പാട്ട്  ജനഹൃദയത്തിൽ ഇടം നേടാം എന്ന തിരിച്ചറിവ് നൽകിയ അനുഭവം’’- ജെറി മാസ്റ്റർ  പറയും.

ഭാസ്കരൻ മാഷിന്റെ പ്രതിഭ  

പ്രത്യേകതകൾ വേറെയുമുണ്ട്  ‘‘പൂവല്ല പൂന്തളിരല്ല’’യ്ക്ക്. മലയാളത്തിൽ സ്റ്റീരിയോഫോണിക് തികവോടെ പുറത്തുവന്ന  ആദ്യകാല  ഗാനങ്ങളിൽ  ഒന്നാണത്.  തരംഗിണിക്കുവേണ്ടി  ജപ്പാനിൽനിന്ന് യേശുദാസ് ഇറക്കുമതി ചെയ്ത ഒട്ടാരി 8-ട്രാക്ക് മെഷീനിലായിരുന്നു ‘കാട്ടുപോത്തി’ലെ ഗാനങ്ങളുടെ റെക്കോഡിങ്‌.’’ അതുവരെ  മലയാളം പാട്ടുകൾ പൊതുവേ ആലേഖനം ചെയ്തിരുന്നത് നാല് ട്രാക്ക് മാത്രമുള്ള അമേരിക്കൻ നിർമിത എം.സി.ഐ. മെഷീനിലാണ്. വോയ്സിനും താളവിഭാഗത്തിനും ഓരോ ട്രാക്ക് വീതം, മറ്റ് ഉപകരണങ്ങൾക്ക് എല്ലാം കൂടി രണ്ട്  - അതായിരുന്നു പഴയ  രീതി.’’- ജെറിയുടെ ഓർമ. ‘‘പുതിയ ജാപ്പനീസ് മെഷീൻ വന്നതോടെ ആ സൗകര്യം കുറേക്കൂടി വിപുലമായി. തരംഗിണിയിലെ  യൂജിൻ പെരേര എന്ന സൗണ്ട് എൻജിനീയറെയും മറക്കാനാവില്ല. പുതുതായി വാങ്ങിയ റിവോക്സ് എന്ന സ്വിസ് ടേപ്പ് റെക്കോഡറിൽ പെരേരയാണ്  ആ പാട്ടുകൾ വിദഗ്‌ധമായി ആലേഖനം ചെയ്തത്. മൈക്കിനും ഉണ്ടായിരുന്നു പ്രത്യേകത. ജർമൻ നിർമിത നോയ്‌മാൻ യു 87 മൈക്കിലാണ് പാട്ട് റെക്കോഡ് ചെയ്തത്. അന്ന് ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട് ആ മൈക്കിന്.’’  

‘‘പൂവല്ല പൂന്തളിരല്ല’’ എന്ന പാട്ടിനെ  എല്ലാ സാങ്കേതികത്തികവിനും അപ്പുറത്ത്  മലയാളിമനസ്സിനോട്  ചേർത്തുനിർത്തിയത് പി. ഭാസ്കരന്റെ ലളിത സുന്ദരമായ രചനതന്നെ എന്ന കാര്യത്തിൽ സംശയമില്ല ജെറിയ്ക്ക്. പുതിയ സിനിമയ്ക്ക് പാട്ടൊരുക്കാൻവേണ്ടി ഭാസ്കരൻ മാസ്റ്റർ വിളിക്കുമ്പോൾ, മാന്നാനത്ത് സി.എം. ഐ. സഭ സംഘടിപ്പിച്ച  ഒരു ചടങ്ങിൽ ക്വയർ കണ്ടക്റ്റ് ചെയ്യുന്ന തിരക്കിലാണ് ജെറി. ‘‘ആ ഫോൺ വിളി മറക്കാനാവില്ല. ചിരപരിചിതനെ പോലെയാണ്  മാഷിന്റെ സംസാരം. അദ്‌ഭുതമായിരുന്നു എനിക്ക്. പെട്ടെന്ന് ഓർമ വന്നത് 1950- കളിൽ കൊച്ചിയിൽനിന്ന് പുറത്തുവന്നിരുന്ന ദീപ്തി എന്ന സിനിമാമാസികയിൽ  മാഷ് എഴുതിയിരുന്ന മലയാളം പാട്ടുകളാണ്.  അന്നത്തെ  ഹിന്ദി ഹിറ്റ് പാട്ടുകളുടെ ഈണത്തിലായിരുന്നു ആ രചനകൾ. അളവുകളും സ്കെയിലുമൊക്കെ  കിറുകൃത്യം. ചെറുപ്പത്തിൽ ആ പാട്ടുകൾ ആസ്വദിച്ചു പാടാറുണ്ടായിരുന്നു ഞാൻ. പിന്നീട് 1955-ൽ കൊച്ചിവിട്ടശേഷം മലയാള സിനിമയിൽ നടക്കുന്ന കാര്യങ്ങളൊന്നും അറിയാറില്ല. തിരിച്ചുവന്നപ്പോഴേക്കും ഭാസ്കരൻ മാഷ് അതിപ്രശസ്തനായ സംവിധായകനും ഗാനരചയിതാവുമായി മാറിക്കഴിഞ്ഞിരുന്നു...’’

ശിഷ്യനായ പി. ഗോപികുമാർ സംവിധാനംചെയ്യാനിരുന്ന ‘കാട്ടുപോത്തി’ന്റെ സംഗീതസംവിധാനം നിർവഹിക്കാൻ ജെറിയെ ക്ഷണിക്കുന്ന വേളയിൽ ദീപികാ വാരികയുടെ പത്രാധിപരായി കോട്ടയത്താണ് ഭാസ്കരൻമാഷ് താമസം. ‘സി.എം.എസ്. കോളേജിനടുത്തുള്ള വാടകവീട്ടിൽ പിറ്റേന്ന് അതികാലത്തുതന്നെ ഞാൻ അദ്ദേഹത്തെ ചെന്ന് കണ്ടു. തോർത്ത് മാത്രമുടുത്ത് പല്ലുതേക്കുകയാണ് മാഷ്. കണ്ടയുടൻ അകത്ത്‌ ചെന്ന് ഒരു കടലാസ് എടുത്തുകൊണ്ട്‌ എന്റെ കയ്യിൽ തന്നു അദ്ദേഹം. അമ്മേ നാരായണ എന്ന് മുകളിൽ എഴുതിയിട്ടുണ്ട്. താഴെ പൂവല്ല പൂന്തളിരല്ല എന്ന പാട്ടിന്റെ വരികൾ. ആദ്യവായനയിൽതന്നെ പാട്ട് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. സ്വന്തം കാമുകിയെ വിശേഷിപ്പിക്കാൻ ഇതിലും ഭംഗിയുള്ള ഇമേജറികളും വാക്കുകളുമുണ്ടോ? മണ്ണിലേക്ക് വിരുന്നുവന്ന മധുചന്ദ്രലേഖ മാത്രമല്ല മാമകാകാശവാനിലുദിച്ച സൗഭാഗ്യതാരവും കാത്തുകാത്തെൻ കയ്യിൽ കിട്ടിയ കൈവല്യധാമവുമൊക്കെയാണ് അവന് അവൾ...’’

കുളിക്കാനായി കവി അകത്തുപോയപ്പോൾ, കയ്യിലെ കടലാസിൽ നോക്കി പാട്ടിന്റെ വരികൾ വെറുതേ മൂളിനോക്കി ജെറി. ആദ്യവരിയിൽതന്നെയുണ്ട് ‘ല്ല’ എന്ന അക്ഷരം നാലിടത്ത്. സംഗീതസംവിധായകന് സന്തോഷമുള്ള കാര്യം. ആദ്യവായനയിൽതന്നെ വളരെ ലളിതമായ ഒരു ഈണം മനസ്സിൽ തടഞ്ഞു. ജെറിയുടെ മൂളൽ കേട്ടുകൊണ്ടാണ് മാഷ് കുളികഴിഞ്ഞ്‌ പുറത്തുവന്നത്. ആദ്യ രണ്ടുവരി കേട്ടപ്പോഴേ അദ്ദേഹം പറഞ്ഞു. നല്ല ഫ്രെഷ്നെസ് തോന്നുന്നു. ഇതുതന്നെ മതി ട്യൂൺ.’’ മറ്റ്‌ പാട്ടുകൾ പിന്നാലെ വന്നു: മാനവഹൃദയത്തിൻ, കളമൊഴിപ്പെണ്ണിനെ; പിന്നെ ഇല്ലക്കം തേവി എന്ന നാടൻപാട്ടും. 

‘കൈവിട്ട’ നാദസ്വരം 

ആദ്യമായി സ്റ്റീരിയോനിലവാരത്തിൽ ചെയ്യുന്ന പാട്ടുകൾക്ക് അല്പം ആർഭാടം വേണമെന്ന് സംഗീതസംവിധായകൻ ആഗ്രഹിച്ചുപോയത് ന്യായം. അപ്പോഴാണ് വയലിൻ പാടേ ഒഴിവാക്കാനുള്ള നിർമാതാവിന്റെ കർശന നിർദേശം. ലഭ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ പാട്ട് മെച്ചപ്പെടുത്താനുള്ള ശ്രമമായി പിന്നെ. നാദസ്വരം, തവിൽ, കീബോഡ്, തബല, മാൻഡലിൻ... ഇത്രയൊക്കെയേയുള്ളൂ മിക്ക പാട്ടുകളുടെയും പിന്നണിയിൽ. ‘‘പൂവല്ല പൂന്തളിരല്ല എന്ന പാട്ടിന്റെ തുടക്കംതന്നെ നാദസ്വരത്തിൽനിന്നാണ്.

തമിഴനായ ഒരു നാദസ്വരക്കാരനെ അതിനായി സംഘടിപ്പിച്ചു. അമ്പലത്തിലും മറ്റും പതിവായി വായിക്കുന്ന ആളായതുകൊണ്ട് തികച്ചും ശാസ്ത്രീയശൈലിയിലാണ് വായന. പാട്ടിന് ആവശ്യമുള്ള ബിറ്റ് ഞാൻ പറഞ്ഞുകൊടുത്തപോലെതന്നെ വായിച്ചു അയാൾ. ഒരൊറ്റ പ്രശ്നം മാത്രം. ക്ലാസിക്കൽശൈലിയിൽ ഗമകങ്ങളൊക്കെ ചേർത്താണ് വായിച്ചുനിർത്തുക. റെക്കോഡിങ്ങിൽ അത് ആവശ്യമില്ല എന്ന് പലതവണ പറഞ്ഞുകൊടുത്തിട്ടും ഫലമുണ്ടായില്ല. അയാളെ കുറ്റംപറഞ്ഞുകൂടാ. വായിച്ചുശീലിച്ചത് അങ്ങനെയായതുകൊണ്ടാണ്. ഒടുവിൽ ഗത്യന്തരമില്ലാതെ ഒരു സാഹസം ചെയ്യേണ്ടിവന്നു എനിക്ക്. ഫൈനൽ ടേക്ക് സമയത്ത് ആവശ്യമുള്ള ബിറ്റ് വായിച്ചുകഴിഞ്ഞയുടനെ ബലംപ്രയോഗിച്ച് നാദസ്വരം മൈക്കിന് മുന്നിൽനിന്ന് പിടിച്ചുമാറ്റി. അയാൾക്കും എനിക്കും ഒരുപോലെ സന്തോഷം, സംതൃപ്തി...’’ -ജെറിമാഷ് പൊട്ടിച്ചിരിക്കുന്നു.

പാട്ടുകൾ റെക്കോഡ്ചെയ്ത്‌ കേട്ടപ്പോൾതന്നെ അവ ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല സംവിധായകൻ ഗോപികുമാറിന്. ‘‘പൂവല്ല പൂന്തളിരല്ല എന്ന പാട്ടിനോട് പ്രത്യേകിച്ചൊരു ഇഷ്ടം തോന്നി. ആ ഇഷ്ടം അതിന്റെ ചിത്രീകരണത്തിലും പ്രതിഫലിച്ചിരിക്കാം. ശങ്കറും അരുണ എന്ന നടിയും ചേർന്നുള്ള പ്രേമരംഗമായിരുന്നു. പീരുമേട്ടിൽ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഗാനം ഷൂട്ട്ചെയ്തത്.’’ -ഗോപികുമാർ ഓർക്കുന്നു. ചിത്രീകരണം പൂർത്തിയായെങ്കിലും നിർമാതാവിനും വിതരണക്കാർക്കും ഇടയിലുള്ള എന്തോ പ്രശ്നം കാരണം പെട്ടിയിൽതന്നെ ഒടുങ്ങാനായിരുന്നു ‘കാട്ടുപോത്തി’ന്‌ യോഗം. പുറത്തുവന്നിരുന്നെങ്കിൽ മധുവിന്റെ ഏറ്റവും വ്യത്യസ്തമായ റോളുകളിലൊന്നായേനെ ആ സിനിമയിലെ ആദിവാസിനായകൻ എന്ന് വിശ്വസിക്കുന്നു ഗോപികുമാർ. ദേഹമാകെ കരി തേച്ചുപിടിപ്പിച്ചാണ് മധു അതിൽ അഭിനയിച്ചത്. നളിനി, കെ.പി. ഉമ്മർ, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.

പാട്ട് ഗ്രാമഫോൺ റെക്കോഡിലാക്കാൻവേണ്ടി കൊൽക്കത്തയിലെ എച്ച്.എം.വി. ആസ്ഥാനത്തേക്ക് അയച്ചുകൊടുത്തപ്പോൾ ലഭിച്ച പ്രതികരണം ഗംഭീരമായിരുന്നു. ഇത്രയും മികച്ച സ്റ്റീരിയോ ഇഫെക്‌റ്റുള്ള ഒരു ഇന്ത്യൻ ഭാഷാഗാനം ആദ്യമായി കേൾക്കുകയായിരുന്നത്രേ അവർ. പടം വെളിച്ചംകണ്ടില്ലെങ്കിലും കാട്ടുപോത്തിലെ പാട്ടുകൾ ജെറിക്ക് ഗുണംചെയ്തു; പ്രത്യേകിച്ച് ‘പൂവല്ല പൂന്തളിരല്ല’. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ അസാധാരണ വിജയത്തിനുശേഷം ജെറിയിലെ സംഗീതസംവിധായകൻ മലയാളികളുടെ ഹൃദയം കവർന്നത് ഈ പാട്ടിലൂടെയായിരുന്നു എന്നതാണ് കാരണം. തൊട്ടുപിന്നാലെ രണ്ട്‌ ചിത്രങ്ങളിൽകൂടി ഭാസ്കരൻമാഷുമൊത്ത് ഒരുമിക്കാനും അത് നിമിത്തമായി - സി.വി. ഹരിഹരൻ സംവിധാനംചെയ്ത ‘ദ്വന്ദ്വയുദ്ധ’ത്തിലും ജേസിയുടെ ‘ഒരു വിളിപ്പാടകലെ’യിലും. ‘‘ചെയ്ത പടങ്ങൾ പലതും തിയേറ്ററിൽ എത്തിയില്ല എന്നതാണ് എന്റെ ദുര്യോഗം.’’-ജെറി പറയും. ‘‘സ്വാഭാവികമായും അവയിലെ പാട്ടുകൾ ആരും ശ്രദ്ധിച്ചുമില്ല. കാട്ടുപോത്തിലെ പാട്ടുകൾക്ക് ആ വിധി വന്നുപെട്ടില്ല എന്നത് എന്റെ ഭാഗ്യം.’’

‘സംഗീതപ്രേമികളുടെയും’ എന്ന് കൂട്ടിച്ചേർക്കണം നമ്മൾ മലയാളികൾ. ഭാവനയ്ക്കനുസരിച്ച്‌ ചിത്രീകരിക്കാനും മനസ്സിന്റെ വ്യൂഫൈൻഡറിലൂടെ മതിവരുവോളം നോക്കിക്കാണാനും മനോഹരമായ ഒരു പാട്ട് കിട്ടിയല്ലോ നമുക്ക്. 

Content Highlights:  poovalla poonthaliralla, kaatuopothu movie song, Shankar, Madhu, jerry Amaldev, P Bhaskaran