പാടുന്ന പാട്ടിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ എസ് ജാനകി തയ്യാർ. റെക്കോർഡിസ്റ്റ് ഓക്കേ ചെയ്താലും മതിവരുവോളം പാടിയിട്ടേ അവർ മൈക്കിനോട് വിടവാങ്ങൂ. എല്ലാ അർത്ഥത്തിലും ഒരു പെർഫെക്ഷനിസ്റ്റ്.

പൂവച്ചൽ ഖാദറിന്റെ ഓർമ്മയിൽ ഒരനുഭവമുണ്ട്. ``ചെന്നൈ പാംഗ്രൂവ് ഹോട്ടലിന്റെ പിന്നിൽ പ്രശസ്ത പത്രപ്രവർത്തകൻ പി സി സുകുമാരൻ നായർക്ക് ഒരു മുറിയുണ്ടായിരുന്നു. അവിടെ വെച്ചാണ് തകരയുടെ കംപോസിംഗ്. ഭരതനും നെടുമുടി വേണുവുമൊക്കെ സാക്ഷികൾ. എം ജി രാധാകൃഷ്ണൻ ഈണം പാടിക്കേൾപ്പിക്കുമ്പോൾ തബലയിൽ രസിച്ചു താളമിടും വേണു. ഭരതൻ ഒപ്പം പാടും. മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അവ. ആ ആഘോഷരാവിലാണ് തകരയിലെ രണ്ടു പാട്ടും പിറന്നത് -- മൗനമേ നിറയും മൗനമേ, കുടയോളം ഭൂമി കുടത്തോളം കുളിര്...''
പിറ്റേന്ന് റെക്കോർഡിംഗ്. മൗനമേ പാടിക്കേട്ടപ്പോഴേ ആവേശഭരിതയായി ജാനകി. ശുഭപന്തുവരാളിയുടെ

സ്പർശമുള്ള, മൂന്ന് സ്ഥായികളിലൂടെയും ഒഴുകിപ്പോകുന്ന ഈണം. ``അത്രയും ആസ്വദിച്ച് ആവർത്തിച്ചു പാടിയ പാട്ടുകൾ കുറവായിരിക്കും ജാനകിയുടെ സംഗീത ജീവിതത്തിൽ.''-- പൂവച്ചലിന്റെ ഓർമ്മ. ``ഓരോ ടേക്കും കഴിഞ്ഞാൽ റെക്കോർഡിസ്റ്റും സംഗീത സംവിധായകനും ഓക്കേ പറഞ്ഞാലും തൃപ്തിയാകാതെ വീണ്ടും പാടും ജാനകി. കേട്ടിരുന്ന ഞങ്ങൾക്കെല്ലാം അത്ഭുതം. ഏത് ടേക്ക് ആണ് മികച്ചത് എന്ന് പറയാൻ വയ്യ. എല്ലാം ഒന്നിനൊന്ന് മെച്ചം. ഒടുവിൽ പൂർണ്ണ തൃപ്തിയോടെ അവർ പാടി നിർത്തുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു...റെക്കോർഡിംഗ് കഴിഞ്ഞു തിരിച്ചു പോകും മുൻപ്, അത്രയും നല്ലൊരു പാട്ട് പാടാൻ അവസരം നൽകിയതിന് തൊഴുകൈയോടെ നന്ദി പറഞ്ഞു അവർ.''

പല്ലവിയിലെ ``ഇതിലെ പോകും കാറ്റിൽ, ഇവിടെ വിരിയും മലരിൽ, കുളിരായ് നിറമായ് ഒഴുകും ദുഃഖം'' എന്ന വരിയാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്ന് പറഞ്ഞിട്ടുണ്ട് ജാനകി. നിഗൂഢമായ ഒരു വിഷാദഭാവമുണ്ടായിരുന്നു ആ വരിയിലും അതിന്റെ ഈണത്തിലും. ഓരോ തവണയും അത് പാടുമ്പോൾ മനസ്സിൽ നിശ്ശബ്ദമായ ഒരു വിങ്ങൽ ഉണ്ടായിരുന്നു എന്ന് പറയും ജാനകി. കേൾക്കുന്ന നമ്മുടെയും മനസ്സിനെ വന്നു തൊടുന്നു ആ ആലാപനം.ആ വർഷത്തെ (1979) ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ജാനകിക്ക് നേടിക്കൊടുത്തതും അതേ പാട്ട് തന്നെ -- ``മൗനമേ നിറയും മൗനമേ..''


അടുത്ത വർഷവും ചരിത്രം ആവർത്തിച്ചു. സംസ്ഥാന അവാർഡ് ഇത്തവണ ജാനകിയെ തേടിയെത്തിയത് പൂവച്ചൽ -- എം ജി രാധാകൃഷ്ണൻ ടീമിന്റെ മറ്റൊരു പാട്ടിന്റെ പേരിൽ: ചാമരത്തിലെ ``നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ.'' (മഞ്ഞണിക്കൊമ്പിൽ, ഒരു മയിൽപ്പീലിയായ് എന്നീ പാട്ടുകൾക്കൊപ്പം).
ആകാശവാണി ലളിതഗാനങ്ങളോടായിരുന്നു ചാമരത്തിന്റെ സംവിധായകൻ ഭരതന് ഭ്രമം. ഇഷ്ടപ്പെട്ട പാട്ടുകളെ ഓർമ്മിപ്പിക്കുന്ന, എന്നാൽ വ്യത്യസ്തമായ ശ്രവ്യാനുഭൂതി പകരുന്ന സൃഷ്ടികൾ സ്വന്തം സിനിമകളിൽ ഉൾപ്പെടുത്താൻ മടിച്ചില്ല അദ്ദേഹം. റേഡിയോയിൽ എം ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി സുശീലാദേവി പാടിക്കേട്ട ``നാഥാ നിൻ സിംഹാസനത്തിൽ ഭവാൻ ആരാലിറങ്ങിവന്നു'' എന്ന ടാഗോർ കവിത (മൊഴിമാറ്റം: ജി ശങ്കരക്കുറുപ്പ്)യുടെ ഈണം `ചാമര'ത്തിൽ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് ആ ഗാനത്തോടുള്ള സ്നേഹം കൊണ്ടുതന്നെ.

നാഥാ എന്ന ആദ്യ പദം മാത്രം നിലനിർത്തിക്കൊണ്ട് തീർത്തും വ്യത്യസ്തമായ മൂഡിലും ഭാവത്തിലുമുള്ള ഒരു ഗാനമെഴുതി പൂവച്ചൽ : ``നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു...'' എസ് ജാനകിയുടെ എക്കാലത്തെയും മികച്ച പ്രണയഗീതങ്ങളിൽ ഒന്ന്. ``താവക വീഥിയിൽ എൻ മിഴിപ്പക്ഷികൾ തൂവൽ വിരിച്ചു നിന്നു'' എന്ന വരിയിലൂടെ ജാനകി ഒഴുകിപ്പോകുമ്പോൾ ആരുടെയുള്ളിലാണ് പ്രണയം വന്നു നിറയാത്തത്....

Content Highlights: Poovachal Khader S Janki hit songs malayalam, Mouname, Natha Ne varum