മേരി ഷൈലയെ ആരോർക്കുന്നു? ഒരേയൊരു ഗാനം പാടി മറവിയിൽ മറഞ്ഞ പിന്നണിഗായിക. പക്ഷേ, ഷൈല പാടിയ ഗാനം ഇന്നുമുണ്ട്  മലയാളിയുടെ ചുണ്ടിലും മനസ്സിലും: ‘വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം, വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം, നീയെന്റെ പ്രാർഥന കേട്ടു നീയെന്റെ മാനസം കണ്ടു....’’  മലയാളസിനിമയിൽ കേട്ട  ഏറ്റവും ഹൃദയസ്പർശിയായ പ്രാർഥനാഗീതങ്ങളിൽ ഒന്ന്.

മറ്റാര് മറന്നാലും മേരി ഷൈലയെ മറക്കില്ല പൂവച്ചൽ ഖാദർ. ഷൈലയെ മാത്രമല്ല  ‘‘കാറ്റു വിതച്ചവൻ’’ (1973) എന്ന ചിത്രത്തിനുവേണ്ടി ആ ഗാനം ചിട്ടപ്പെടുത്തിയ പീറ്റർ -- രൂബൻ  സഖ്യത്തെയും.  സിനിമക്കുവേണ്ടി താൻ എഴുതിയ ആദ്യ മുഴുനീള ഗാനത്തിന്  ശബ്ദത്തിലൂടെയും ഈണത്തിലൂടെയും അമരത്വമേകിയവരല്ലേ അവർ? അടുത്തിടെ ഒരു ക്രിസ്തീയ ദേവാലയം സംഘടിപ്പിച്ച  സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ  യാദൃച്ഛികമായി വീണ്ടും ആ പാട്ട് വന്നു മനസ്സിനെ തൊട്ടു. പ്രാർഥനയായി ഏതോ പെൺകുട്ടി വേദിയിൽ ‘‘വാഴ്ത്തുന്നു ദൈവമേ’’  പാടുന്നു. സദസ്സും വേദിയും ഭക്തിനിർഭരമായ ആ ആലാപനത്തിൽ മുഴുകി തരിച്ചിരിക്കുന്നു. പാടിത്തീർന്നപ്പോൾ  അടുത്തിരുന്ന പുരോഹിതന്റെ ആത്മഗതം:  ‘‘ഇത്ര  മനോഹരമായ ഒരു  പ്രാർഥന കേട്ട കാലം മറന്നു...’’ നിശബ്ദമായി പുഞ്ചിരിച്ചുകൊണ്ട്  ഖാദർ മുന്നിലെ സദസ്സിനെ നോക്കിയിരുന്നപ്പോൾ  അച്ചൻ ഇത്രയും  കൂടി പറഞ്ഞു: ‘‘ഒരു യഥാർഥ ഭക്തന് മാത്രം എഴുതാൻ കഴിയുന്ന വരികൾ.  മരിച്ചുപോയ ഏതോ സുവിശേഷ പ്രവർത്തകൻ  എഴുതിയ പാട്ടാണെന്നാണ് കേട്ടിട്ടുള്ളത്...’’

ഞെട്ടിയില്ല ഖാദർ. പുരോഹിതനെ തിരുത്താൻ പോയതുമില്ല. സ്വന്തം സൃഷ്ടികൾക്ക്  പിന്നിൽ അജ്ഞാതനായി മറഞ്ഞിരിക്കുന്നതിലും ഉണ്ടല്ലോ ഒരു സുഖം. ‘‘എത്രയോ ദേവാലയങ്ങളിലെ ക്വയർ സംഘങ്ങൾ ഈ ഗാനം പാടുന്നതായി അറിയാം. പല സന്ദർഭങ്ങളിലും ഞാൻ തന്നെ അതിനു സാക്ഷിയായിട്ടുണ്ട്. ഒരു പാട്ടെഴുത്തുകാരൻ എന്ന നിലയിൽ വലിയ ആത്മസംതൃപ്തി തോന്നും അപ്പോൾ. സിനിമയ്ക്കുവേണ്ടി  ആദ്യമെഴുതിയ പാട്ട് ഇത്രകാലം കഴിഞ്ഞിട്ടും ജീവിച്ചിരിക്കുന്നുണ്ടല്ലോ. മാത്രമല്ല നമ്മൾ കണ്ടിട്ടുപോലുമില്ലാത്ത എത്രയോ സാധാരണ മനുഷ്യർ ആ ഗാനത്തിന്റെ വരികളിൽ  ഈശ്വരനെ തേടുകയും കണ്ടെത്തുകയും ചെയ്യുന്നു.  ഒരു സിനിമാപ്പാട്ടിനെ സംബന്ധിച്ച് ഇതൊക്കെ മഹാഭാഗ്യമല്ലേ ?’’ 

ഇസ്‌ലാം മതവിശ്വാസിയായ ഒരാൾക്ക്  എങ്ങനെ ഇതുപോലൊരു  ക്രിസ്തീയ ഭക്തിഗാനം എഴുതാൻ കഴിഞ്ഞുവെന്ന് അവിശ്വസനീയതയോടെ  ചോദിക്കുന്നവരുണ്ട്. മറുപടിയായി മറ്റൊരു  ഗാനത്തിന്റെ വരികൾ മൂളിക്കേൾപ്പിക്കും ഖാദർ. ‘‘ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ  തൃക്കാൽ കഴുകുന്നു  നാഥാ..’’  ചുഴി എന്ന സിനിമക്കുവേണ്ടി  ഖാദറും എം.എസ്. ബാബുരാജും ചേർന്നൊരുക്കിയ  ആർദ്രമായ സ്തുതിഗീതം.  ‘‘സിനിമയോളം മതനിരപേക്ഷമായ മറ്റൊരു  മേഖലയില്ലെന്നതിന് ഇനിയും തെളിവ് വേണോ?’’ - ചിരിയോടെ  ഖാദർ ചോദിക്കുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളുമെല്ലാം നിത്യവിശുദ്ധമായ  ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സ്രഷ്ടാക്കളായി മാറുന്ന മാജിക് മറ്റെവിടെ കാണാനാകും?  കന്യാമറിയമേ തായേ (അഭയദേവ് - ദക്ഷിണാമൂർത്തി), പാവനനാം ആട്ടിടയാ (പി. ഭാസ്കരൻ - ബാബുരാജ്), നിത്യവിശുദ്ധയാം കന്യാമറിയമേ, ആകാശങ്ങളിലിരിക്കും ഞങ്ങടെ, ദൈവപുത്രന് വീഥിയൊരുക്കുവാൻ  (വയലാർ - ദേവരാജൻ), ദൈവത്തിൻ പുത്രൻ ജനിച്ചു (പി.ഭാസ്കരൻ - കെ. രാഘവൻ), സത്യനായകാ മുക്തിദായകാ (ശ്രീകുമാരൻ തമ്പി- എം.എസ്. വിശ്വനാഥൻ),  വാതിൽ തുറക്കൂ നീ കാലമേ  ( യൂസഫലി കേച്ചേരി - ബോംബെ രവി), കരുണാമയനേ കാവൽവിളക്കേ (ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ), കാലിത്തൊഴുത്തിൽ പിറന്നവനേ (രചന:  യൂസഫലി)...  അങ്ങനെ ഉദാഹരണങ്ങൾ നിരവധി.  

ചെന്നൈ ആൾവാർപേട്ടിലെ എൽഡാംസ് റോഡിലുള്ള ക്രിസ്ത്യൻ ആർട്‌സ്‌ ആൻഡ് കമ്യൂണിക്കേഷൻ സർവീസസിന്റെ  ആസ്ഥാനത്ത് തന്റെ ആദ്യസിനിമാഗാനം പിറവിയെടുത്ത നിമിഷങ്ങൾ മറക്കാനാവില്ല പൂവച്ചൽ ഖാദറിന്.  ക്രിസ്ത്യൻ ആർട്സിലെ ആസ്ഥാന ഗായകരിൽ ഒരാളായിരുന്ന മേരി ഷൈലയെ പാട്ടുകാരിയായി നിർദേശിച്ചത് സിനിമയുടെ  സംവിധായകൻ റവ. സുവിശേഷമുത്തു (സുവി) തന്നെ.  കൂട്ടത്തിൽ ഒരു കാര്യം  വ്യക്തമാക്കിയിരുന്നു അദ്ദേഹം:  ഷൈലയുടെ മലയാളം  മോശമാണെങ്കിൽ പാട്ട് സിനിമയിൽനിന്ന് ഒഴിവാക്കും.  ‘‘രണ്ടുദിവസം മുഴുവൻ ഇരുന്ന് ഷൈലയെ മലയാളം ഉച്ചാരണം പഠിപ്പിച്ചത് ഞങ്ങൾ എല്ലാവരും കൂടിയാണ് - ഗായകൻ ജെ.എം. രാജുവും അസിസ്റ്റന്റ് ഡയറക്ടർ ജെ.സി. ജോർജും ഞാനും.’’-- ഖാദറിന്റെ ഓർമ.  ഭരണി സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയർ കണ്ണൻ റെക്കോഡ് ചെയ്ത  പാട്ടിന്  വാദ്യവിന്യാസം നിർവഹിച്ചത് ആർ.കെ. ശേഖർ.  പുതിയ പാട്ടെഴുത്തുകാരന് പ്രശസ്തിയിലേക്കുള്ള ആദ്യ  ചവിട്ടുപടിയായി മാറി ആ ഗാനം. പക്ഷേ,  പാടിയ ആദ്യഗാനം തന്നെ സൂപ്പർഹിറ്റാക്കിയ  ഗായിക പിന്നീടൊരിക്കലും സിനിമയിലേക്ക് തിരിച്ചുചെന്നില്ല എന്നത് വിധി വൈചിത്ര്യം. ഗാനം സ്വരപ്പെടുത്തിയ സംഗീത സംവിധായകർക്കും ഉണ്ടായില്ല സിനിമാലോകത്ത്  ശ്രദ്ധിക്കപ്പെട്ട ഒരു തുടർജീവിതം. പീറ്റർ -- രൂബൻ കൂട്ടുകെട്ട് പിന്നീട് ഒരൊറ്റ പടത്തിനെ സംഗീതം പകർന്നുള്ളൂ -- ബിന്ദു (1985).  ഗാനരംഗത്ത് അഭിനയിച്ച പ്രശസ്ത നടി സുജാതയും ഇന്ന് ഓർമ.  പക്ഷേ, ഗാനം മാത്രം ഇന്നും പഴയ അതേ ശോഭയോടെ, പ്രൗഢിയോടെ  നിലനിൽക്കുന്നു.

പീറ്റർ -- രൂബനെ പരമശിവം ഭാഗവതരും രൂബനാഥനും ആയി അറിയുന്നവർ ചുരുങ്ങും. കായംകുളം പുതുപ്പള്ളി സ്വദേശി പരമേശ്വരൻ നായർ എന്ന  പരമശിവമാണ് പിന്നീട്  ക്രിസ്തുമതം സ്വീകരിച്ചു പീറ്റർ ആയത്. മധുരൈ ബോയ്സ് നാടകക്കമ്പനിയിൽ ഹാർമോണിസ്റ്റ് ആയിട്ടായിരുന്നു  തുടക്കം.  ഗായകനാകാൻ കൊതിച്ചു 1960 കളിൽ കോടമ്പാക്കത്ത് വന്നിറങ്ങിയ പരമേശ്വരൻ ആദ്യം കോറസ് ഗായകനായി; പിന്നെ നൃത്ത സംഗീത സംവിധായകനും. പാട്ടുകാരനായി അരങ്ങേറിയത് ബാബുരാജിന്റെ സംഗീതത്തിൽ ‘‘ഭാഗ്യജാതക’’ത്തിലെ ‘‘ഓം ജീവിതാനന്ദ’’ എന്ന സംഘഗാനത്തിൽ. സംഗീത സംവിധായകനായപ്പോൾ പേരിലെ മലയാളിച്ചുവ ഒഴിവാക്കാൻ വേണ്ടി പരമേശ്വരൻ  പരമശിവമായി മാറുന്നു.  ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് ചുവടുറപ്പിച്ച ശേഷമാണ്   അടുത്ത പേരുമാറ്റം. ഇത്തവണ പരമശിവം ഭാഗവതർ, പീറ്റർ ആകുന്നു. പീറ്ററിനെയും  ചെന്നൈ സ്വദേശിയായ ഹാർമോണിസ്റ്റ്  രൂബനാഥനെയും  ചേർത്ത് പീറ്റർ - രൂബൻ എന്ന സംഗീതസഖ്യത്തിനു രൂപം നൽകിയത് ജെ.എം. രാജു.  പീറ്റർ കുറച്ചുവർഷം മുൻപ് കഥാവശേഷനായി. രൂബൻ ഇന്നും സംഗീത രംഗത്തുണ്ട്; പഴയപോലെ  സജീവമല്ലെങ്കിലും.
ഇനി ഗായികയുടെ കഥ. ബർമ (ഇന്നത്തെ മ്യാൻമാർ) യിൽ വേരുകളുള്ള തമിഴ് ഹിന്ദു കുടുംബത്തിലെ അംഗമായ ഷൈല ക്രിസ്ത്യൻ ആർട്സിൽ വന്ന ശേഷമാണ്  മേരി ഷൈലയാകുന്നത്.   മാതൃഭാഷ തമിഴ്. ഷൈലയുടെ ചേച്ചി വിമല 1960 കളിൽ തന്നെ സിനിമയിൽ നർത്തകിയായി ചുവടുറപ്പിച്ചിരുന്നു.  വിമലയെ പക്ഷേ ഭാഗ്യം തുണച്ചില്ല. ചേച്ചിയെ പിന്തുടർന്ന് ആകസ്മികമായി സിനിമയിലെത്തിയ അനിയത്തിയെ കാത്തിരുന്നതും അതേ വിധി തന്നെ.  അസാധാരണമായ  റേഞ്ച് ഒന്നും അവകാശപ്പെടാനില്ലെങ്കിലും വേറിട്ട ശബ്ദവും ആലാപനത്തിലെ കുട്ടിത്തവുമാകണം ഷൈലയുടെ ആദ്യ ഗാനത്തെ ജനകീയമാക്കി മാറ്റിയത്. സിനിമയിലെ അരങ്ങേറ്റത്തിനുശേഷം ഭക്തിഗാനങ്ങളുമായി ഒതുങ്ങിക്കൂടിയ ഷൈല പിന്നീട് ക്രിസ്ത്യൻ ആർട്സിലെ ഒരു സഹപ്രവർത്തകന്റെ ജീവിതപങ്കാളിയായി. 1984- ൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചശേഷം അവരെ  കണ്ടിട്ടേയില്ല ജെ.എം. രാജുവും ഖാദറും.  തിരുപ്പൂരിൽ  ഷൈല  സന്തുഷ്ട കുടുംബജീവിതം നയിക്കുന്നുവെന്നാണ്  രാജുവിന്റെ അറിവ്.

ജന്മനാട്ടിൽ നിലനിന്ന തികച്ചും ഗ്രാമ്യമായ  മതസൗഹാർദാന്തരീക്ഷം  തന്നെയാവണം വിവിധ മതവിശ്വാസികളുടെ ഭക്തിഗാനങ്ങൾ  അവയുടെ സന്ദേശം ഉൾക്കൊണ്ട് എഴുതാൻ തന്നെ സഹായിച്ചതെന്ന് വിശ്വസിക്കുന്നു ഖാദർ. പൂവച്ചലിലും പരിസരങ്ങളിലും സുവിശേഷ പ്രവർത്തകർ വന്ന് പ്രസംഗിക്കുന്നത് കുട്ടിക്കാലത്ത് കൗതുകത്തോടെ കേട്ടുനിന്നിട്ടുണ്ട്. നീതിയിൻ രാജ്യവും ഗാഗുൽത്താമലയും അൾത്താരയും മുൾമുടിയും യോർദാൻ കരയുമൊക്കെ അന്ന് മനസ്സിൽ പതിഞ്ഞ വാക്കുകളാവാം. പിന്നീട്‌ ഉദ്യോഗാർഥം കോഴിക്കോട്ട് താമസിക്കേണ്ടി വന്നപ്പോൾ ആ അടുപ്പം കുറേക്കൂടി  ദൃഢമായി. നന്ദി പറയേണ്ടത് പ്രശസ്ത ഗിത്താറിസ്റ്റ് ആർച്ചീ ഹട്ടനോട്. ഇംഗ്ലീഷിലെ പ്രശസ്തമായ സ്തുതിഗീതങ്ങളും ബൈബിൾ വചനങ്ങളും മലയാളത്തിലാക്കി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന പതിവുണ്ട് അക്കാലത്ത് ആർച്ചിക്ക്. ആ ദൗത്യത്തിൽ അദ്ദേഹത്തെ പിന്തുണച്ചത് ഖാദറാണ്.  സിനിമയ്ക്കുവേണ്ടിയും അല്ലാതെയും  ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഗാനങ്ങൾ എഴുതേണ്ടിവന്നപ്പോൾ  ആ പരിചയം തുണയായി. ‘‘വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം’’ വെറുമൊരു സിനിമാപ്പാട്ട് മാത്രമായിരുന്നില്ല പൂവച്ചൽ ഖാദറിന്. അതൊരു പ്രാർഥന കൂടിയായിരുന്നു. സിനിമാരംഗത്ത് സ്വന്തം പ്രതിഭ തെളിയിക്കാൻ വെമ്പുന്ന ഒരു യുവമനസ്സിന്റെ പ്രാർഥന. പാട്ടിൽ ഖാദർ എഴുതിയ പോലെ ആ പ്രാർഥന ദൈവം കേട്ടിരിക്കണം; അല്പം വൈകിയാണെങ്കിലും. ഏറെക്കഴിയും മുൻപ്  മലയാളസിനിമയിലെ  തിരക്കേറിയ പാട്ടെഴുത്തുകാരനായി മാറി അദ്ദേഹം.