ഏപ്രിൽ 14 - പി ബി എസ്സിന്റെ ഓർമ്മദിനം

പ്രതിവാദി ഭയങ്കര (പിബി ) ശ്രീനിവാസുമായുള്ള ആദ്യ കൂടിക്കാഴ്ചയിലേക്ക് മനസ്സ് ഒരിക്കൽ കൂടി മടങ്ങിച്ചെല്ലുന്നു. മറ്റു പലരെയുമെന്ന പോലെ പി ബി എസ്സിനെയും പരിചയപ്പെടുത്തിയത് ഗായകൻ ജയചന്ദ്രൻ തന്നെ. ചെന്നൈ ജെമിനി ഫ്ളൈഓവറിനടുത്തുള്ള വുഡ്ലാൻഡ്സ് ഡ്രൈവ് ഇൻ റെസ്റ്റോറന്റിന്റെ (ഇന്നില്ല ആ ഹോട്ടൽ) വിശാലമായ കവാടത്തിലെത്തിയപ്പോൾ കാറിന്റെ വേഗത കുറച്ചു ജയചന്ദ്രൻ പറഞ്ഞു : ``ഒരു സർപ്രൈസിനു കാത്തിരുന്നോളൂ ; നമ്മളൊരു മഹാഗായകനെ കാണാൻ പോകയാണ് .''

വൈകുന്നേരത്തെ പതിവ് തിരക്കാണ് റസ്റ്റോറണ്ടിൽ. ആൾക്കൂട്ടത്തിന്റെ കലപിലയിൽ നിന്നകലെ ഒറ്റയ്ക്ക് ഒരു മേശമേൽ കുറെ പുസ്തങ്ങളിൽ തല പൂഴ്ത്തിയിരിക്കുന്നു ഗായകൻ . ഇടയ്ക്കിടെ കവിതകൾ കുത്തിക്കുറിക്കുന്നു . തലയിൽ ചെമ്പൻ നിറമുള്ള പഞ്ഞിത്തൊപ്പി . കീശ നിറയെ ബഹുവർണ്ണപ്പേനകൾ . ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞപ്പോൾ പി ബി എസ് തലയുയർത്തി. പിന്നെ ജയചന്ദ്രനെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: ``ലഡൂ , സുസ്വാഗതം. അയാം ഓണേഡ് .'' ജയചന്ദ്രനെ ലഡു എന്നാണു പി ബി എസ് സ്നേഹപൂർവ്വം വിളിക്കുക. ജയിൽ (1966) എന്ന സിനിമയിക്ക് വേണ്ടി യേശുദാസിനും ജയചന്ദ്രനും ഒപ്പം മൈക്കലാൻജലോ എന്ന ഗാനം പാടാൻ ചെന്ന കാലം മുതലുള്ള പതിവ് . രൂപം കൊണ്ടും സ്വാദു കൊണ്ടും ജയൻ എനിക്ക് ലഡുവിനെ പോലെ പ്രിയപ്പെട്ടവൻ എന്നൊരു വിശദീകരണം പിന്നാലെ.

മറുപടിയൊന്നും പറഞ്ഞില്ല ജയചന്ദ്രൻ. പകരം ഒരു പാട്ട് പാടി : ``നിലവേ എന്നിടം നെരുങ്കാതെ നീ നിനൈക്കും ഇടത്തിൽ നാനില്ലൈ ..' രാമുവിൽ വിശ്വനാഥൻ - രാമമൂർത്തി ഈണമിട്ട് പി ബി ശ്രീനിവാസ് , കാതൽമന്നൻ ജെമിനി ഗണേശന് വേണ്ടി പാടിയ വിഷാദമധുരമായ ഗാനം . ആകാശത്തേക്ക് കൈകളുയർത്തി പി ബി എസ് പറഞ്ഞു : ``അപ്പപ്പാ , എന്തൊരു പാട്ട് . എന്തൊരു കാലം ..''

കുട്ടിക്കാലം മുതലേ കേട്ടു മനസ്സിൽ പതിഞ്ഞ കാല്പനിക ശബ്ദത്തിന്റെ ഉടമ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് അന്നാണ്. പിന്നെ എത്രയെത്ര കൂടിക്കാഴ്ചകൾ. ആത്മസുഹൃത്തിനെപ്പോലെ സ്വന്തം അനിയനെപ്പോലെ എന്നെ സ്നേഹിച്ച ആ വലിയ മനുഷ്യനെ എങ്ങനെ മറക്കാൻ? ``മുജ്ജന്മത്തിൽ നമ്മൾ കൂടപ്പിറപ്പുകൾ ആയിരുന്നെന്നു തോന്നുന്നു.''-- പി ബി എസ് പറയും. ഒരു ദിവസം വുഡ്ലാൻഡ്സിൽ ചെന്നപ്പോൾ കൈയിലെ പൊതിക്കെട്ടിൽ നിന്ന് സൂക്ഷ്മതയോടെ ഒരു താൾ പുറത്തെടുത്ത് എന്റെ നേരെ നീട്ടി പി ബി എസ്. എന്നിട്ട് പറഞ്ഞു: ``ഇത് നിങ്ങളെ പറ്റിയുള്ള എന്റെ കവിതയാണ്. ഇന്നലെ രാത്രി എഴുതിയത്. എല്ലാ വരികളിലേയും നാലാമത്തെ അക്ഷരങ്ങളിൽ നിങ്ങളുടെ ഓരോ അംശമുണ്ട്. താഴേക്ക് വായിച്ചുനോക്കുക..സൂക്ഷിച്ചുവെക്കണം. എന്നെ മറക്കാതിരിക്കാൻ...''

കുനുകുനുത്ത അക്ഷരങ്ങളിൽ എഴുതിയ ആ വരികൾ വായിക്കവെ കണ്ണുകൾ ഈറനാകുന്നത് ഞാനറിഞ്ഞു. ഇന്നും ആ നിമിഷങ്ങളുടെ ഓർമ്മയിൽ എന്റെ ഹൃദയം വിതുമ്പുന്നു. അകലെയെങ്ങോയിരുന്ന് പി ബി എസ് വിഷാദമധുരമായി പാടുന്നത് ഞാൻ കേൾക്കുന്നു: ``നിറഞ്ഞ കണ്ണുകളോടെ, നിശബ്ദ വേദനയോടെ പിരിഞ്ഞുപോണവരെ വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹവേദന...''

Content Highlights :playback singer and lyricist Prathivadi Bhayankara Sreenivas death Anniversary