പെണ്ണ് ഫോര്‍ട്ടുകൊച്ചിക്കാരി; പയ്യന്‍ ആലുവക്കാരന്‍. ഇരുവരും ആദ്യം കണ്ടതും അനുരാഗബദ്ധരായതും കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് പരിസരത്തു വെച്ച്. അതിനു നിമിത്തമായതാകട്ടെ 'ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ...'' എന്ന സിനിമാപ്പാട്ടും. 'കാത്തിരുന്ന നിമിഷം'' (1978) എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി എഴുതി എം കെ അര്‍ജുനന്‍ ഈണമിട്ട് യേശുദാസ് പാടിയ ഗാനം.
എട്ടു വര്‍ഷം മുന്‍പായിരുന്നു ആലുവക്കാരന്‍ ജോണ്‍സന്റെ ഫോണ്‍ വിളി. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളില്‍ ഒന്നായി ചെമ്പകത്തൈകള്‍ തിരഞ്ഞെടുത്തുകൊണ്ട് ഒരു വാരികയില്‍ എഴുതിയ ലേഖനം വായിച്ച് വിളിച്ചതാണ് വിദേശത്ത് ലിഫ്റ്റ് ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുന്ന ജോണ്‍സണ്‍. `` ആ പാട്ട് പുറത്തിറങ്ങിയിട്ട് മുപ്പതു കൊല്ലമായി എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി . കാലം എത്ര പെട്ടെന്ന് കടന്നുപോകുന്നു.,'' ജോണ്‍സണ്‍ പറഞ്ഞു.
``പക്ഷെ എനിക്കും എന്റെ ഭാര്യക്കും ഒരു പരിഭവമുണ്ട്. ചെമ്പകത്തൈകളുടെ ചിത്രീകരണത്തെ കുറിച്ചു മാത്രം നിങ്ങള്‍ എന്തുകൊണ്ട് ഒന്നും എഴുതിയില്ല? അതിലും റൊമാന്റിക് ആയി ചിത്രീകരിക്കപ്പെട്ട മറ്റൊരു മലയാളം പാട്ടുണ്ടോ? കമല്‍ഹാസനും വിധുബാലയും എത്ര ഇഴുകിച്ചേര്‍ന്നാണ് അഭിനയിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും കാമുകീകാമുകന്മാര്‍ ആണെന്ന് തോന്നും അവരുടെ അഭിനയം കാണുമ്പോള്‍...'' നിമിഷനേരത്തെ മൗനത്തിനു ശേഷം ജോണ്‍സണ്‍ തുടര്‍ന്നു: `` ആ ഗാനചിത്രീകരണമാണ് എന്നെയും ആന്‍സിയെയും (പേര് ഓര്‍മ്മയില്‍ നിന്ന്) ഒന്നിപ്പിച്ചത് എന്നറിയുമോ? അന്ന് ആ ഷൂട്ടിംഗ് കാണാന്‍ പോയിരുന്നില്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും പരസ്പരം കാണുക പോലുമില്ലായിരുന്നു ഞങ്ങള്‍...''
വിചിത്രമായി തോന്നിയേക്കാവുന്ന ആ പ്രണയകഥ ഇങ്ങനെ. കമല്‍ഹാസന്റെ കടുത്ത ആരാധകരാണ് ജോണ്‍സണും ആന്‍സിയും. ഏറണാകുളത്തിന്റെ രണ്ടു വ്യത്യസ്ത കോണുകളില്‍ നിന്ന് ``കാത്തിരുന്ന നിമിഷ''ത്തിന്റെ ഷൂട്ടിംഗ് കാണാന്‍ അവര്‍ ഒരേ ദിവസം ബോള്‍ഗാട്ടിയില്‍ ചെന്നതിനു പിന്നില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: പ്രിയതാരത്തെ ഒരു നോക്കു കാണുക. പറ്റുമെങ്കില്‍ ഒരു ഓട്ടോഗ്രാഫ് വാങ്ങുക. ചെന്നപ്പോള്‍ ഉത്സവത്തിനുള്ള ആള്‍ക്കൂട്ടം ഉണ്ടവിടെ . പക്ഷേ വെറുംകയ്യോടെ മടങ്ങാനാകുമോ? ഷൂട്ടിംഗിന്റെ ഇടവേളയില്‍ ഇടിച്ചുകയറി കമലിനെ കണ്ടു; ഓട്ടോഗ്രാഫും വാങ്ങി.
എനിക്കും ഒരു ഓട്ടോഗ്രാഫ് സംഘടിപ്പിച്ചു തരുമോ എന്ന അപേക്ഷയുമായി പിന്നാലെ വന്ന പെണ്‍കുട്ടിയെ ജോണ്‍സണ്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ``ആദ്യനോട്ടത്തില്‍ അനുരാഗം എന്നൊക്കെ പറയില്ലേ. അതാണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് തോന്നുന്നു. അന്നത്തെ ആ ഗാനചിത്രീകരണവും ഞങ്ങളെ സ്വാധീനിച്ചിരിക്കാം. അത്ര കണ്ട് സ്വാഭാവികമായിരുന്നു കമലിന്റെയും വിധുബാലയുടെയും അഭിനയം. ഉറ്റ സുഹൃത്തുക്കളായിട്ടാണ് അന്നു വൈകുന്നേരം ഞാനും ആന്‍സിയും പിരിഞ്ഞത്...'' രണ്ടു മാസത്തിനകം ഇരുവരും വിവാഹിതരായി എന്നത് കഥയുടെ രത്‌നച്ചുരുക്കം. അഭിരുചികളും ചിന്താഗതികളും ഏതാണ്ട് ഒരേ ജനുസ്സില്‍ പെട്ടതായിരുന്നതിനാല്‍ അപശ്രുതികള്‍ കുറവായിരുന്നു ദാമ്പത്യത്തില്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു ജോണ്‍സണ്‍.
കൗതുകമുള്ള ആ കഥ വിവരിച്ചുകേട്ടപ്പോള്‍ കമല്‍ഹാസന്‍ സ്വതസിദ്ധമായ ശൈലിയില്‍ ഉറക്കെ ചിരിച്ചു. ``വലിയ സന്തോഷമുണ്ട്. സിനിമക്ക് നല്ല രീതിയിലും ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നു തെളിയിക്കുന്ന സംഭവമാണല്ലോ. മാത്രമല്ല, എനിക്കേറ്റവും പ്രിയപ്പെട്ട മലയാളം പാട്ടുകളില്‍ ഒന്നാണ് ചെമ്പകത്തൈകള്‍. ഞാന്‍ അഭിനയിച്ചതു കൊണ്ടല്ല. ആ വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും ചേര്‍ന്ന് സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷമുണ്ടല്ലോ. അതിനു പകരം വെക്കാവുന്നവ അധികമില്ല മലയാളത്തില്‍. ആ പാട്ടിന്റെ വരികള്‍ ഇന്നും കാണാപ്പാഠമാണെനിക്ക്..'' ചെമ്പകത്തൈകളുടെ ചരണം ഓര്‍മ്മയില്‍ നിന്ന് വീണ്ടെടുത്ത് പതുക്കെ മൂളുന്നു കമല്‍: ``അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ, വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ...''
ബോള്‍ഗാട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട പ്രണയഗാനങ്ങള്‍ വേറെയുമുണ്ട് മലയാളത്തില്‍. മിക്കതും ഒരേ അച്ചില്‍ വാര്‍ത്ത രംഗങ്ങള്‍. `ചെമ്പകത്തൈക'ളെ അവയില്‍ നിന്നെല്ലാം വേറിട്ടു നിര്‍ത്തുന്നത് അഭിനേതാക്കളുടെ അസാധാരണമായ ഇന്‍വോള്‍വ്‌മെന്റ് തന്നെയാവണം. ഷൂട്ട് ചെയ്യുന്നതിനിടെ താന്‍ കട്ട് പറയാന്‍ മറന്നുപോയ രംഗങ്ങളില്‍ ഒന്നായിരുന്നു അതെന്ന് ഒരു കൂടിക്കാഴ്ചയില്‍ ഛായാഗ്രാഹകന്‍ വിപിന്‍ദാസ് പറഞ്ഞത് ഓര്‍മ്മവരുന്നു. അലകളിളകുന്ന കായല്‍പ്പരപ്പില്‍ വന്നുവീണ് പൊന്‍നാണയങ്ങളായി ചിതറുന്ന സൂര്യരശ്മികളെ എത്ര കാല്‍പനികമായാണ് വിപിന്‍ദാസിന്റെ ക്യാമറ കാമുകീ കാമുകന്മാരുടെ ഹൃദയവികാരങ്ങളുമായി കൂട്ടിയിണക്കിയിരിക്കുന്നത്. (യുട്യൂബില്‍ കാണാം ഇപ്പോഴും ആ രംഗം). ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രകൃതിയെ ഇത്ര പ്രണയസുരഭിലമാക്കാന്‍ കഴിഞ്ഞിട്ടുള്ള ഛായാഗ്രാഹകര്‍ അധികമുണ്ടാവില്ല മലയാളത്തില്‍. കമലിന്റെയും വിധുബാലയുടെയും പ്രണയതീവ്രമായ ഭാവങ്ങളും ചലനങ്ങളും കൂടി ചേരുമ്പോള്‍ അതൊരു അവിസ്മരണീയ രംഗമായി മാറുന്നു.
ശരിക്കും പ്രണയത്തിലായിരുന്നോ ഇരുവരും? ഏറെ നാളായി ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഒരു ചോദ്യം. ``എന്താ സംശയം? ആയിരുന്നു''-- ചിരിച്ചുകൊണ്ടു തന്നെ കമലിന്റെ മറുപടി. ``പരസ്പരം അല്ലെന്നു മാത്രം. പടത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ മുരളിയുമായി പ്രണയത്തിലാണ് ആ സമയത്ത് വിധുബാല. എന്റെ കാര്യമാണെങ്കില്‍, വിവാഹം തൊട്ടടുത്ത് എത്തിനില്‍ക്കുന്നു. ഒരു ഏപ്രില്‍ 26 നായിരുന്നു ചെമ്പകത്തൈകള്‍ ഷൂട്ട് ചെയ്തത് എന്നാണ് ഓര്‍മ്മ. വാണിയുമായുള്ള എന്റെ വിവാഹം മെയ് അഞ്ചിനാണ്. കഷ്ടിച്ച് പത്തു ദിവസം മാത്രം അകലെ. സ്വാഭാവികമായും അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് എന്റെ ചലനങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം. 24 വയസ്സല്ലേ ഉള്ളൂ അന്ന്.''
ഇന്നും വല്ലപ്പോഴുമൊക്കെ പഴയ `ചെമ്പകത്തൈകള്‍' ടെലിവിഷനില്‍ കാണുമ്പോള്‍ പ്രണയ സുഗന്ധമുള്ള ഓര്‍മ്മകള്‍ മനസ്സിനെ വന്നു മൂടാറുണ്ടെന്നു പറയും വിധുബാല. ``ആ ഗാനരംഗത്തില്‍ അഭിനയിച്ച ദിവസം ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. മറക്കാന്‍ പറ്റില്ലല്ലോ. അന്ന് വൈകുന്നേരമാണ് മുരളിയേട്ടന്‍ എന്നോട് ആദ്യമായി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഔപചാരികമായ പ്രൊപ്പോസല്‍ ഒന്നും ആയിരുന്നില്ല. ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹ പ്രകടനം മാത്രം; കുറച്ചു നാള്‍ പഴക്കമുള്ള ഒരു പ്രണയത്തിന്റെ ക്ലൈമാക്‌സ് ആയിരുന്നു അത്.'' തലേന്ന് എന്തോ ചെറിയ കാര്യം പറഞ്ഞു കലഹിച്ചതാണ് കാമുകീ കാമുകര്‍. എല്ലാ പ്രണയത്തിലും എന്ന പോലെ കലഹം ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു എന്നത് ഇന്നോര്‍ക്കുമ്പോള്‍ ചിരിക്കാന്‍ വകയുള്ള കാര്യം.
``തീര്‍ച്ചയായും ഒരു തരം പ്രണയ ലഹരിയില്‍ തന്നെയായിരുന്നു ആ ഗാനരംഗത്ത് അഭിനയിക്കുമ്പോള്‍ ഞാന്‍. കമലും അങ്ങനെ തന്നെ ആയിരുന്നിരിക്കാം. ആ ഷൂട്ടിംഗിനിടയ്ക്കാണ് വാണി ഗണപതിയെ കല്യാണം കഴിക്കാന്‍ പോകുന്ന കാര്യം തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം എന്നോട് പറയുന്നത്.'' വിധുബാലയും കമലും ഒന്നിച്ചഭിനയിച്ച രണ്ടാമത്തെ ചിത്രമായിരുന്നു കാത്തിരുന്ന നിമിഷം. ആദ്യം ഒരുമിച്ചത് എം മസ്താന്‍ സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമയിലാണ്. കമലിന്റെ അമ്മയുടെ വേഷമായിരുന്നു ആ പടത്തില്‍ വിധുബാലക്ക്. വിധുബാല- മുരളിമാരുടെ പ്രണയത്തെ കുറിച്ച് നേരത്തേ തന്നെ തനിക്കു അറിയാമായിരുന്നുവെന്ന് കമല്‍ഹാസന്‍ പറയുന്നു.
മുരളിയുമായി അടുത്ത സൗഹൃദമാണ് കമലിന്. കോഴിക്കോടിനടുത്ത് ഫറോക്ക് സ്വദേശിയായ മുരളിയെ ഫാറൂക്ക് ഷെയ്ക്ക് എന്നാണു തമാശയായി കമല്‍ വിളിക്കുക. മുരളി മാത്രമല്ല ആ ലോക്കേഷനിലെ എല്ലാവരുമായും തനിക്ക് ഹൃദയബന്ധം ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു കമല്‍. ``ദിവസവും ഷൂട്ടിംഗ് കഴിഞ്ഞാല്‍ രാത്രി വൈകുവോളം ആഘോഷമാണ്. എന്റെ വിവാഹത്തിന്റെ പേര് പറഞ്ഞായിരിക്കും മിക്ക ദിവസത്തെയും സല്‍ക്കാരം. ജീവിതത്തില്‍ ഒരിക്കലും മറന്നുകൂടാത്ത പലരും ഉണ്ടായിരുന്നു ആ സെറ്റില്‍. സോമന്‍, സുകുമാരന്‍, ജയന്‍, സുരാസു, വിജയന്‍, വിപിന്‍ദാസ്, സംവിധായകന്‍ ബേബിയേട്ടന്‍, നിര്‍മാതാവും സംഗീത സംവിധായകനുമായ രഘുകുമാര്‍ .... അങ്ങനെ പലരും. അവരാരും ഇന്ന് ഒപ്പമില്ലല്ലൊ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം.''-- കമല്‍.
(മണ്‍വിളക്കുകള്‍ പൂത്ത കാലം)
Content Highlights: Paatuvazhiyorath Kathirunna Nimisham Movie Song Kamalhasan and Vidhubala