‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽസ്റ്റാർ’ എന്ന വിശ്വവിഖ്യാതമായ നഴ്‌സറിപ്പാട്ടിൽനിന്ന് അത്രതന്നെ ലളിതസുന്ദരമായ ഒരു ചലച്ചിത്രഗാനം രൂപപ്പെടുത്തിയിട്ടുണ്ട് ഔസേപ്പച്ചൻ. മലയാളികൾ വാത്സല്യപൂർവം ഏറ്റുപാടിയ ‘കണ്ണാംതുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ...’ കമൽ സംവിധാനംചെയ്ത ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’ എന്ന ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല എഴുതി ചിത്ര പാടിയ ഗാനം. ശ്രദ്ധിച്ചുകേട്ടാൽ എന്തോ പ്രത്യേകത  തോന്നും ചിത്രയുടെ ശബ്ദത്തിന്. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കത  തുടിച്ചുനിൽക്കുന്നു അതിൽ. മേമ്പൊടിക്ക് ചെറിയൊരു അനുനാസികത്വവും.  സിനിമയിലെ കുസൃതികലർന്ന ഗാനപശ്ചാത്തലത്തോട് അങ്ങേയറ്റം ഇണങ്ങിച്ചേർന്നുനിൽക്കുന്ന പാട്ട്.  ‘‘കടുത്ത ജലദോഷവുമായാണ് ചിത്ര റെക്കോഡിങ്ങിന് വന്നത്’’-ഔസേപ്പച്ചന്റെ ഓർമ. ‘‘വോയ്‌സ് ബൂത്തിൽ കയറാൻനേരം ആ കുട്ടി പറഞ്ഞു: സാർ, ഇന്ന് വയ്യ. ശബ്ദം അടഞ്ഞിരിക്കയാണ്. പാട്ടുനന്നാവില്ല.  പക്ഷേ, ഒരു പരീക്ഷണം നടത്തുന്നതിൽ തെറ്റില്ല എന്നായിരുന്നു എന്റെ പക്ഷം.’’ ജലദോഷത്തോടെ അന്ന് ചിത്ര പാടി റെക്കോഡ്ചെയ്ത പാട്ട് ഇന്ന് മലയാള സിനിമാഗാനചരിത്രത്തിന്റെ ഭാഗം.  കുട്ടിത്തത്തിന്റെ നിഷ്കളങ്കഭാവവും  ഓമനത്തവും ചിത്രയുടെ ശബ്ദത്തിൽ എത്ര അനായാസം വന്നുനിറഞ്ഞിരിക്കുന്നെന്ന്‌ നോക്കുക. തുറന്ന ശബ്ദത്തിലാണ് അത് പാടിയിരുന്നതെങ്കിൽ ആ  എഫക്ട്  കിട്ടുമായിരുന്നോ? ഇല്ലെന്ന് ഇന്നും വിശ്വസിക്കുന്നു’’ ഔസേപ്പച്ചൻ.
 
തീർന്നില്ല. ജലദോഷപ്പാട്ടുകൾ വേറെയുമുണ്ട് ചിത്രയുടെ വക.  ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ചിത്രത്തിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷി...’ ഓർക്കുക. അസുഖത്തോടെ  റെക്കോഡ്ചെയ്തതാണ് ഒ.എൻ.വി.-എം.ബി. ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ആ മനോഹരമായ മെലഡി.  പാടിഫലിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ടെങ്കിലും ഭയപ്പെട്ടപോലെ   മോശമായില്ല പാട്ട്. ‘‘പിന്നീടെപ്പോൾ കാണുമ്പോഴും പടത്തിന്റെ സംവിധായകൻ ഫാസിൽ സാർ കളിയാക്കുമായിരുന്നു, ആദ്യ ചരണത്തിൽ  ‘താമരപ്പൂമൊട്ടുപോലെ’ എന്നതിനുപകരം ‘മൊട്ടുബോലേ’ എന്നാണ് ഞാൻ പാടിയതെന്ന്’’-ചിത്ര.


 

ജലദോഷത്തിന്റെ ലാഞ്ഛന ചിലപ്പോൾ പാട്ടിന്റെ ചാരുതയ്ക്ക്  മാറ്റുകൂട്ടുമെന്നതിന് ഇനിയുമുണ്ട് ക്ലാസിക്ക് ഉദാഹരണങ്ങൾ.  ‘റെസ്റ്റ് ഹൗസ്’ (1969) എന്ന ചിത്രത്തിലെ ‘പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു...’, ‘മുത്തിലും മുത്തായ മണിമുത്തുകിട്ടി...’ എന്നീ ഗാനങ്ങൾ ഓർക്കുക. രണ്ടും  റെക്കോഡ് ചെയ്യുമ്പോൾ കടുത്ത ജലദോഷത്തിന്റെ പിടിയിലായിരുന്നു ഗാനഗന്ധർവൻ എന്ന് സാക്ഷ്യപ്പെടുത്തുന്നു സംഗീതസംവിധായകൻ അർജുനൻ മാസ്റ്റർ. ‘‘പടത്തിന്റെ പൂജാദിവസം റെക്കോഡ്ചെയ്ത പാട്ടുകളാണ്. അസുഖംമൂലം പിന്നൊരുദിവസത്തേക്ക് റെക്കോഡിങ്‌ മാറ്റിവെച്ചാലോ എന്നൊരു നിർദേശമുയർന്നെങ്കിലും നിർമാതാവും സംവിധായകനും വഴങ്ങിയില്ല. പൂജാദിവസം ഗാനലേഖനം മുടങ്ങുന്നത് നല്ല ശകുനമല്ല എന്നായിരുന്നു  പൊതുവേയുള്ള വിശ്വാസം. അങ്ങനെയാണ് അസുഖത്തോടെതന്നെ പാട്ടുകൾ റെക്കോഡ്ചെയ്യാൻ തീരുമാനിച്ചത്.’’ ഇന്ന് അവ കേൾക്കുമ്പോൾ അന്നത്തെ ഗന്ധർവശബ്ദത്തിലെ നിഷ്കളങ്കപ്രണയഭാവമാണ് മനസ്സിൽ തങ്ങുക. സൂപ്പർഹിറ്റായി മാറിയ ആ രണ്ടുപാട്ടുകളിൽ നിന്ന് തുടങ്ങുന്നു മലയാളസിനിമയിൽ ശ്രീകുമാരൻ തമ്പി-എം.കെ. അർജുനൻ കൂട്ടുകെട്ടിന്റെ സുവർണയുഗം. ഇതേ ടീമിന്റെ മറ്റൊരു ഗാനത്തിലുമുണ്ട്  ജലദോഷത്തിന്റെ ഗുണകരമായ ഇടപെടൽ. ‘സിന്ധു’വിൽ ജയചന്ദ്രനും സുശീലയും പാടിയ ‘ചന്ദ്രോദയംകണ്ട്‌ കൈകൂപ്പി നിൽക്കും.’ ‘‘മടിച്ചുമടിച്ചാണ്  പാടിയത്. എന്റെ അടഞ്ഞ ശബ്ദം ആ ഗാനത്തിന് വ്യത്യസ്തമായൊരു  ആസ്വാദനതലം നൽകിയെന്ന് ഇന്ന്‌ പലരും പറഞ്ഞുകേൾക്കുമ്പോൾ അദ്‌ഭുതം തോന്നും’’ -ജയചന്ദ്രൻ.


 
ജലദോഷപ്പാട്ടുകളെക്കുറിച്ചുള്ള കവി രാംമോഹൻ പാലിയത്തിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഈ  അന്വേഷണത്തിന് പ്രചോദനം. ബാലിശമെന്ന്‌ തോന്നുമെങ്കിലും കൗതുകകരമായിരുന്നു അന്വേഷണത്തിൽ ലഭിച്ച അറിവുകൾ. പൊള്ളുന്ന പനിയും തൊണ്ടവേദനയുമായി ‘മൂടൽമഞ്ഞി’ലെ പാട്ടുകൾ റെക്കോഡ്ചെയ്യാൻ മുംബൈയിൽച്ചെന്ന എസ്. ജാനകിയുടെ അനുഭവം കേൾക്കുക. ഉഷാഖന്നയാണ് സംഗീതസംവിധായിക. എഴുന്നേറ്റുനിൽക്കാൻപോലും വയ്യാത്ത അവസ്ഥയിൽ പാട്ടുപാടുന്നതെങ്ങനെയെന്നായിരുന്നു സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലാൻ ഹോട്ടലിലെത്തിയ ആളോട് ജാനകിയുടെ ഭർത്താവിന്റെ ചോദ്യം. അസുഖവിവരമറിഞ്ഞ്‌ ജാനകിയുടെ ഉറ്റസുഹൃത്തും ആരാധികയുമായ അരുണാമൂർത്തി സ്ഥലത്തെത്തുന്നു. ‘‘ഉഷാഖന്ന നിങ്ങളെ മാത്രം ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയ പാട്ടുകളാണ്. എങ്ങനെയും അവ പാടിയേ തീരൂ. എന്ത് സഹായത്തിനും ഞാനുണ്ടാകും.’’ കൂട്ടുകാരിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനുവഴങ്ങി അങ്ങനെ അടുത്ത ദിവസം ജാനകി ഫെയ്‌മസ് സ്റ്റുഡിയോയിലെത്തുന്നു. പ്രശസ്തനായ മിനു ഖാത്രകാണ് സൗണ്ട് എൻജിനീയർ. ജാനകിയുടെ അവസ്ഥകണ്ട് ഖാത്രക്കിന് ദുഃഖംതോന്നി. സ്റ്റുഡിയോയിലെ വിശ്രമമുറിയിലെ  സോഫയിൽച്ചെന്ന്‌  കിടന്നുകൊള്ളാൻ അദ്ദേഹം ഗായികയ്ക്ക്‌ അനുവാദം നൽകി. ഓരോ തവണയും  റിഹേഴ്‌സലിന്റെയും റെക്കോഡിങ്ങിന്റെയും ഘട്ടമെത്തുമ്പോൾ ഖാത്രക് ജാനകിയെ വിളിക്കും. വിറച്ചുവിറച്ച്, അരുണയുടെ ചുമലിൽച്ചാഞ്ഞ്‌ ജാനകി മൈക്കിനുമുന്നിലെത്തും. ‘‘ദൈവാനുഗ്രഹത്താൽ മൈക്കിന് മുന്നിലെത്തിയാൽ ഞാൻ എല്ലാം മറക്കും. എവിടെനിന്നോ ധൈര്യവും ശക്തിയും ലഭിക്കും. പാടിക്കഴിഞ്ഞാൽ വീണ്ടും പഴയപടി. മൂന്ന്‌ പാട്ടുപാടി സോഫയിൽ കുഴഞ്ഞുവീണതേ ഓർമയുള്ളൂ. ഉണരുമ്പോൾ അരുണയുടെ മടിയിലാണ്...’’ -ജാനകി ഓർക്കുന്നു. അന്ന് എല്ലാ തളർച്ചയോടെയും ജാനകി പാടി റെക്കോഡ്ചെയ്ത പാട്ടുകൾ ഏതെന്നുകൂടി അറിയുക: ‘ഉണരൂവേഗം നീ സുമറാണി..., മാനസമണിവേണുവിൽ..., മുകിലേ...’. നാലുദശകങ്ങൾക്കിപ്പുറവും മലയാളി കേട്ടുമതിവന്നിട്ടില്ലാത്ത പാട്ടുകൾ.


 
ജലദോഷത്തിന്റെ പേരിൽ പാടാതിരിക്കേണ്ടതില്ലെന്ന്‌ തന്നെ ആദ്യം ബോധ്യപ്പെടുത്തിയത് സാക്ഷാൽ എ.ആർ. റഹ്‌മാനാണെന്ന് പറയും സുജാത. റഹ്‌മാൻ സിനിമയിൽ വരുന്നതിനുമുമ്പത്തെ കഥ. ജീവിതത്തിലാദ്യമായി ഒരു പരസ്യജിംഗിൾ പാടാൻ ക്ഷണം ലഭിക്കുന്നു സുജാതയ്ക്ക്. കടുത്ത ജലദോഷമായതുകൊണ്ട് ശബ്ദം മോശമാണെന്നും തന്നെ ഒഴിവാക്കണമെന്നും പറഞ്ഞുനോക്കി. ആ മോശം ശബ്ദമാണ് തനിക്കുവേണ്ടതെന്ന്‌ റഹ്‌മാന്റെ മറുപടി. ‘‘അന്നുപാടിയ ജിംഗിൾ കേട്ടപ്പോഴാണ് റഹ്‌മാൻ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായത്’’ -സുജാത. റഹ്‌മാന് സിനിമയിലേക്ക് വഴിതുറന്ന ഒട്ടേറെ  ജിംഗിളുകൾ സുജാതയുടെ സ്വരത്തിൽ പിന്നീട് പുറത്തുവന്നു.  ജലദോഷം അവഗണിച്ച്‌ പാടിയ മറ്റൊരു നല്ല പാട്ടുകൂടി സുജാതയുടെ ഓർമയിലുണ്ട്. ‘മിൻസാരക്കണ്ണാ’ എന്നചിത്രത്തിലെ ‘ഉൻ പേർ സൊല്ല ആസൈ താൻ...’ ഉണ്ണിമേനോന്റെ സിനിമാജീവിതത്തിലുമുണ്ട് സമാനമായ നിരവധി അനുഭവങ്ങൾ. ‘‘ഉമാനിലയത്തിൽ ജാനകിയോടൊപ്പം പാടിയ ‘മധുമഴപൊഴിയും, കനകാംബരങ്ങളിൽ...’ ചിത്രയുടെ കൂടെ പാടിയ ‘തൊടല്ലേ...’ എന്നിവ പെട്ടെന്ന് ഓർമവരുന്നു. രണ്ടും ജലദോഷത്തിന്റെ അതിപ്രസരമുള്ള പാട്ടുകളാണ്.’’
പനിയുടെയോ ജലദോഷത്തിന്റെയോ നേർത്ത സൂചനയെങ്കിലുമുണ്ടെങ്കിൽ  സ്റ്റുഡിയോയുടെ ഏഴയലത്തുപോലും കാണില്ല ലതാ മങ്കേഷ്‌കറെ. അതേ ലതാജിക്ക് ഒന്നുരണ്ടുതവണ തന്റെ നിലപാടിൽ അയവുവരുത്തേണ്ടിവന്നു.  ‘ബൈജു ബാവര’യിൽ പാടാനെത്തുമ്പോൾ  പനിയും തൊണ്ടവേദനയുമാണ് ലതയ്ക്ക്. ഇനിയൊരു ദിവസം പാടാമെന്നുപറഞ്ഞ്‌ തിരിച്ചുപോകാനൊരുങ്ങിയ ഗായികയെ സംഗീതസംവിധായകൻ നൗഷാദ് തടയുന്നു. 
മീനാകുമാരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മനോവ്യഥ തീവ്രതയോടെ ആവിഷ്കരിക്കാൻ ലതയുടെ അടഞ്ഞശബ്ദത്തിന്‌ കഴിയുമെന്ന്‌ കണക്കുകൂട്ടിയിരിക്കണം അദ്ദേഹം. മനസ്സില്ലാമനസ്സോടെ അന്ന് ലത പാടി റെക്കോഡ്ചെയ്ത പാട്ട് ഹിന്ദി സിനിമയിലെ അനശ്വര വിരഹഗീതങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു ഇന്ന്-‘മൊഹെ ഭൂൽ ഗയേ സാവരിയാ...’ ജലദോഷം അവഗണിച്ച് ലത പാടി അവിസ്മരണീയമാക്കിയ മറ്റൊരു സുന്ദരഗാനംകൂടിയുണ്ട്: താജ്മഹലിലെ ‘പാവോം ചൂലേനേ ദോ ഫൂലോം കോ.’ രോഷന്റെ സംഗീതസംവിധാനത്തിൽ കൂടെപ്പാടിയത് മുഹമ്മദ് റഫി. ജലദോഷം അത്ര വലിയ ദോഷമല്ലെന്നതിന് ഇനിയും തെളിവുവേണോ...