മൈലാപ്പുരിലെ ഗോപീസുന്ദറിന്റെ സ്റ്റുഡിയോയിൽ ആദ്യം വരികയായിരുന്നു 76  വയസ്സുകാരനായ ആ അതിഥി. റെക്കോഡിങ്‌ബൂത്തിന് പുറത്തെ  സോഫയിൽ ചാരിയിരുന്ന്, വെണ്മയാർന്ന താടിയിലൂടെ വിരലോടിച്ച് വാത്സല്യത്തോടെ അദ്ദേഹം ചോദിച്ചു: ‘‘മോനേ,  എന്തിനുവേണ്ടിയാ നീ ഈ പാട്ടുണ്ടാക്കിയത്? എന്ത് ഭാവമാണ് നീ മനസ്സിൽ കാണുന്നത്?’’

അമ്പരന്നുപോയി ഗോപീസുന്ദർ.  പാട്ടുപാടി റെക്കോഡ്ചെയ്യാൻ തനിക്കുമുന്നിൽ വന്നിരുന്ന ഒരു ഗായകനും ഇന്നുവരെ ചോദിച്ചിട്ടില്ലാത്ത ചോദ്യം. ചോദിക്കുന്നതാകട്ടെ ദക്ഷിണാമൂർത്തിസ്വാമി മുതൽ അനിരുദ്ധ് രവിചന്ദർവരെ സംഗീതസംവിധായകരുടെ നിരവധി തലമുറകൾക്കൊപ്പം പ്രവർത്തിച്ച  ഇതിഹാസതുല്യനായ ഗായകനും. ആയുസ്സിലൊരിക്കലെങ്കിലും   അടുത്തുനിന്ന് കാണാൻ  ഭാഗ്യമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്തയാൾ. ‘‘പത്തുപതിനെട്ട്‌ വർഷംമുമ്പ് എ.വി.എം. സ്റ്റുഡിയോയിൽവെച്ച് യേശുദാസ് സാറിനെ ആദ്യമായിക്കണ്ട നിമിഷങ്ങളായിരുന്നു അപ്പോൾ മനസ്സിൽ. ഔസേപ്പച്ചൻസാറിന്റെകൂടെ വർക്ക്ചെയ്യുകയാണ്   തുടക്കക്കാരനായ ഞാൻ. ‘അനിയത്തിപ്രാവി’ലെ ‘എന്നും നിന്നെ പൂജിക്കാൻ...’ എന്ന പാട്ട് റെക്കോഡ്ചെയ്യാൻ ദാസ് സാർ വരുന്നു; ഒരു വെണ്മേഘം ഒഴുകിവരുംപോലെ. അദ്ദേഹത്തിന്റെ ഓരോ ചലനവും കൗതുകത്തോടെ, ഭയംകലർന്ന ആദരവോടെ ദൂരത്തുനിന്ന് നോക്കിനിന്നത്‌ ഓർമയുണ്ട്. ഒടുവിൽ ആ ശബ്ദം സ്പീക്കറുകളിലൂടെ ഒഴുകിവന്നപ്പോൾ തരിച്ചുനിന്നുപോയതും. എന്റെ സംഗീതത്തിൽ യേശുദാസ് ഒരു പാട്ട് പാടുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല അന്നൊന്നും.’’

‘പുലിമുരുക’നിലെ ‘കാടണിയും കാൽച്ചിലമ്പേ കാനനമൈനേ...’ എന്ന പാട്ട്‌ റെക്കോഡ്ചെയ്യാൻ ചെന്നൈയിലെ ഗോപിയുടെ  സ്റ്റുഡിയോയിൽ വന്നതാണ് യേശുദാസ്. ചിത്രയോടൊപ്പമുള്ള യുഗ്മഗാനം. ‘‘ദാസ് സാറിന്റെ ആ ഒരൊറ്റച്ചോദ്യത്തിൽ എന്റെ എല്ലാ ഭയവും ഉരുകിയൊലിച്ചുപോയി  എന്നതാണ് സത്യം’’ -ഗോപീസുന്ദർ.  ‘‘വലിയ ദേഷ്യക്കാരനാണ്, പുതിയ ആളുകളോട് ഒട്ടും മയമില്ലാതെയാണ് പെരുമാറുക എന്നൊക്കെ പലരും പറഞ്ഞുപേടിപ്പിച്ചിരുന്നു. പക്ഷേ, ഞാൻ കണ്ടത് തുടക്കക്കാരനായ ഒരു കുട്ടിയുടെ ആകാംക്ഷകലർന്ന മുഖഭാവത്തോടെ ഇളമുറക്കാരനായ  സംഗീതസംവിധായകനുമുന്നിൽ  ക്ഷമാപൂർവം പാട്ടുപഠിക്കാനിരിക്കുന്ന  വന്ദ്യവയോധികനായ  ഗായകനെയാണ്. അവിശ്വസനീയമായിരുന്നു ആ കാഴ്ച. സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ആ മഹാഗായകനെവിടെ, ഈ കാലത്തിന് യോജിക്കുന്ന ഈണങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണ സംഗീതസംവിധായകൻമാത്രമായ ഞാനെവിടെ?’’ ദിനംപ്രതിയെന്നോണം എത്രയോ പാട്ടുകാർ വന്ന്‌ പാടിപ്പോകാറുണ്ട് ഗോപീസുന്ദറിന്റെ   സ്റ്റുഡിയോയിൽ; പ്രശസ്തരും അപ്രശസ്തരും. പറഞ്ഞുകൊടുത്തപോലെ പാടാൻശ്രമിക്കുമെന്നല്ലാതെ ആ ഗാനത്തിൽനിന്ന് സംഗീതസംവിധായകൻ പ്രതീക്ഷിക്കുന്നത് എന്തൊക്കെയെന്ന് ആരും ചോദിച്ചുകേട്ടിട്ടില്ല ഇതുവരെ. ഇവിടെയിതാ ഗാനശില്പിയുടെ  മനസ്സിലെ ഭാവം ഉൾക്കൊണ്ടുകൊണ്ട് പാടാൻ ശ്രമിക്കുന്ന ഒരു  ഗായകൻ. ‘‘ഒരു യഥാർഥ പ്രൊഫഷണൽ ഗായകൻ പാട്ടിനെ സമീപിക്കേണ്ടത്‌ എങ്ങനെയെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം.’’ 

ആദ്യം റഫീക്ക് അഹമ്മദിന്റെ  വരികൾ സ്വന്തം കൈപ്പടയിൽ എഴുതിയെടുത്ത്  ശ്രദ്ധയോടെ രണ്ടുമൂന്നാവർത്തി വായിച്ചു യേശുദാസ്. പിന്നെ, സംശയമുള്ള ഭാഗങ്ങൾ സൂക്ഷ്മമായി ചോദിച്ച്‌ മനസ്സിലാക്കി. ചില വാക്കുകൾ പലതവണ ഉരുവിട്ട്‌ ഹൃദിസ്ഥമാക്കി. റെക്കോഡ്ചെയ്തുവെച്ച ട്രാക്ക് ശ്രദ്ധിച്ചുകേൾക്കലാണ് അടുത്തപടി.   വരികൾ മനസ്സിൽ ഒപ്പിയെടുക്കുന്നതിനിടെ വീണ്ടും ചില കൊച്ചുകൊച്ചു സംശയങ്ങൾ. ‘‘ഈ നോട്ടുകൊണ്ട് നീയെന്താണ് ഉദ്ദേശിച്ചത്,  ഇവിടെ ചെറുതായൊന്നു മാറ്റിപ്പാടുന്നതിൽ വിരോധമുണ്ടോ, ഈ എക്സ്പ്രഷൻ ഇവിടെവന്നാൽ ശരിയാകുമോ?...’’ എന്തുമറുപടി പറയണമെന്നറിയാതെ ഗോപീസുന്ദർ പകച്ചുനിന്നപ്പോൾ ചിരിച്ചുകൊണ്ട് യേശുദാസ് പറഞ്ഞു: ‘‘ഇത് നിന്റെ പാട്ടാണ്. എവിടെയെങ്കിലും എന്തെങ്കിലും പോരായ്മ തോന്നുന്നുവെങ്കിൽ അപ്പോൾത്തന്നെ തുറന്നുപറയണം. എത്രതവണ വേണമെങ്കിലും ആവർത്തിച്ചുപാടാൻ തയ്യാറാണ്  ഞാൻ.  ദാസേട്ടനായതുകൊണ്ട് പാടുന്നതെല്ലാം ഓക്കെ ചെയ്യണമെന്നില്ല.  ഇവിടെ നീ സംഗീതസംവിധായകനും ഞാൻ ഗായകനുമാണ്. പൂർണസംതൃപ്തിവന്നാലേ ഓക്കെ ചെയ്യാവൂ...’’  

‘ഫ്ലാഷ്’ (2007) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി മാറിയകാലത്തേ യേശുദാസിന്റെ ശബ്ദത്തിൽ ഒരു ഗാനം റെക്കോഡ്ചെയ്യണമെന്ന ആഗ്രഹം ഗോപിയുടെ മനസ്സിലുണ്ട്. എങ്കിലും അനുയോജ്യമായ അവസരം ഒത്തുവന്നാലേ അതിന് ഇറങ്ങിപ്പുറപ്പെടൂവെന്ന് നേരത്തേ ഉറച്ചിരുന്നു. യേശുദാസിനെയും ചിത്രയെയും പോലുള്ള ലെജൻഡുകളെ പാടിക്കണമെങ്കിൽ അതുപോലുള്ള മെഗാ പ്രോജക്ടുകൾ വരണം. മോഹൻലാലിനെയോ മമ്മൂട്ടിയെയോപോലുള്ളവർ അഭിനയിക്കുന്ന, ബോക്സോഫീസിൽ  മിനിമം ഗ്യാരണ്ടിയുള്ള ചിത്രങ്ങൾ.  ‘‘ദാസ് സാർ എനിക്കുവേണ്ടി ആദ്യമായി പാടുന്ന പാട്ട് ശ്രദ്ധിക്കപ്പെടാതെ പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി എത്രകാലം കാത്തിരിക്കാനും ഒരുക്കമായിരുന്നു ഞാൻ. ആ കാത്തിരിപ്പിന്റെ ഫലമാണ്  പുലിമുരുകൻ’’ -ജാസി ഗിഫ്റ്റിനെയും ശ്വേതയെയുംകൊണ്ട് ‘കാടണിയും’ പാടിക്കാനായിരുന്നു ആദ്യതീരുമാനം. ജാസി ഗിഫ്റ്റിന്റെ  സ്വരത്തിൽ അത് റെക്കോഡ് ചെയ്തതുമാണ്. ജാസി നന്നായി പാടിയെങ്കിലും സിനിമയിലെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ പാട്ട്  കേട്ടുനോക്കിയപ്പോൾ എവിടെയോ എന്തോ ഒരു അപൂർണതപോലെ. യേശുദാസ്-ചിത്രമാരെക്കൊണ്ട് പാടിച്ചാലോ എന്ന ചിന്ത ഉയർന്നുവന്നത് ആ ഘട്ടത്തിലാണ്. എത്രയെത്ര അപൂർവസുന്ദര ഗാനങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ്: ഒരു രാത്രികൂടി വിടവാങ്ങവേ, എന്തിനുവേറൊരു സൂര്യോദയം,  ആകാശദീപമെന്നും, ഗോപികാവസന്തം, ഒരു കിളി പാട്ടുമൂളവേ... കാലമേറെയായി അവർ ഒരുമിച്ചുപാടിയിട്ട്.

‘‘ഗാനസൃഷ്ടിയെ അങ്ങേയറ്റം  പ്രൊഫഷണലായി സമീപിക്കുന്ന വ്യക്തിയാണ് ഞാൻ. അവിടെ വൈകാരികതയ്ക്ക് സ്ഥാനമില്ല. എങ്കിലും ചിലപ്പോഴൊക്കെ റെക്കോഡിങ്‌വേളയിൽ നമ്മളറിയാതെ വികാരങ്ങൾക്ക് അടിപ്പെട്ടുപോകും. പാട്ടിന്റെ ഭാവം, വരികൾ, ഗായകന്റെ ആലാപനം  ഒക്കെ കാരണങ്ങളാകാം. യേശുദാസ് അന്ന് ആ പാട്ട് പാടിക്കേട്ടപ്പോൾ കൺസോളിലിരുന്ന് അറിയാതെ കരഞ്ഞുപോയി ഞാൻ. എന്തുകൊണ്ടെന്ന്‌ എനിക്കറിയില്ല. കുട്ടിക്കാലത്ത് അമ്മയുടെ മടിയിൽക്കിടന്ന്‌ കേട്ട നൂറുനൂറു പാട്ടുകൾ ഓർമവന്നിരിക്കാം. അതിനുമുമ്പൊരിക്കലേ സ്റ്റുഡിയോയിലിരുന്ന് ഞാൻ കരഞ്ഞിട്ടുള്ളൂ. ജയചന്ദ്രൻ ‘ഓലഞ്ഞാലിക്കുരുവീ...’ എന്ന പാട്ടിന്റെ ആദ്യത്തെ വരി മൂളിയപ്പോൾ. എന്തുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെ ഭാവഗായകൻ എന്നുവിളിക്കുന്നതെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി. മഹാന്മാരായ ഈ കലാകാരന്മാരുടെ  മുന്നിൽ നമ്മൾ എത്ര നിസ്സാരരെന്ന് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം. എന്റെ തലമുറയിലെയും എനിക്ക് പിന്നാലെവന്ന തലമുറകളിലെയും പാട്ടുകാർ ഈ പ്രതിഭാശാലികളിൽനിന്ന് വല്ലതുമൊക്കെ പഠിച്ചെടുത്തിരുന്നെങ്കിൽ!’’

അറിഞ്ഞോ അറിയാതെയോ മധുരതരമായ ഒരു പ്രായശ്ചിത്തംകൂടിയായിമാറി ഗോപീസുന്ദറിന് ‘കാടണിയും’ എന്ന ഗാനം. ഒരുവർഷംമുമ്പത്തെ കഥയാണ്. ‘എന്ന്‌ നിന്റെ മൊയ്തീൻ’ എന്ന സിനിമയിൽ പശ്ചാത്തലസംഗീതത്തിനുപുറമേ ഒരു മുഴുനീളഗാനംകൂടി ഒരുക്കണമെന്ന ആവശ്യവുമായി പടത്തിലെ  നായകൻ പൃഥ്വിരാജ് ഗോപിയെ വിളിക്കുന്നു. പാട്ടുകൾ എം. ജയചന്ദ്രനും രമേഷ് നാരായണനും ചേർന്ന് ചിട്ടപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്തിനാണ് പുതിയൊരു ഗാനമെന്ന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല ഗോപിക്ക്. ഇടവേളയ്ക്കുശേഷമുള്ള  ചെറിയ ഇഴച്ചിൽ ഒഴിവാക്കാൻവേണ്ടി എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘‘യേശുദാസിന്റെയും സുജാതയുടെയും ശബ്ദത്തിൽ നേരത്തേ റെക്കോഡ്ചെയ്ത പാട്ടിന്റെ സ്ഥാനത്താണ് പുതിയ ഗാനം ചെയ്യേണ്ടത് എന്നറിഞ്ഞപ്പോൾ ഒഴിവാകാൻ ശ്രമിച്ചു ഞാൻ. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ആവർത്തിച്ച് വാദിച്ചുനോക്കി. പക്ഷേ, ഇതൊരു നിയോഗമായി കണ്ടാൽമതി എന്നായിരുന്നു എനിക്കുലഭിച്ച മറുപടി. സിനിമയ്ക്ക് അനിവാര്യമായത് ചെയ്യുക എന്നതാണ് സംഗീതസംവിധായകന്റെ ധർമം എന്നും. ഒടുവിൽ മനസ്സില്ലാ മനസ്സോടെയാണ് ‘മുക്കത്തെ പെണ്ണേ...’ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. വലിയൊരു ഹിറ്റായി മാറിയിരിക്കാം ആ ഗാനം. പക്ഷേ, ഉള്ളിന്റെയുള്ളിൽ ആ ദുഃഖം എന്നുമുണ്ടായിരുന്നു. യേശുദാസിന്റെ ഗാനത്തിനുപകരമാണല്ലോ എന്റെ പാട്ട് സിനിമയിൽവന്നത് എന്ന ദുഃഖം.’’

‘പുലിമുരുകൻ’ എല്ലാ കുറ്റബോധവും  തുടച്ചുനീക്കിയിരിക്കുന്നു. ‘‘എന്റെ ഈ ചെറിയ സംഗീതജീവിതം സാർഥകമായെന്ന് തോന്നിയത് യേശുദാസ് സാറിന്റെ ഘനഗാംഭീര്യമാർന്ന ശബ്ദം തിയേറ്ററിലെ മൾട്ടി വാട്ട്‌സ് സ്പീക്കറുകളിലൂടെ കാതിൽ വന്നുവീണപ്പോഴാണ്... ‘ഒടുവിൽ നീയും ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു’ എന്ന് ആരോ ഉള്ളിൽനിന്ന് മന്ത്രിച്ച നിമിഷം.