പി സുശീലയ്ക്ക് പിറന്നാൾ (നവംബർ 13)

പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ചുണ്ടുകൾ കൊണ്ട് പാടി നോക്കും ആദ്യം. തൃപ്തി വന്നില്ലെങ്കിൽ ഹൃദയം കൊണ്ടും. അപ്പോൾ കേൾക്കുക പി സുശീലയുടെ ശബ്ദമാണെന്ന് ദേവരാജൻ മാസ്റ്റർ.  ചുരുങ്ങിയ വാക്കുകളിൽ ഒരു ഗായികയുടെ വ്യക്തിത്വം ഇത്രയും ലളിതസുന്ദരമായി വരച്ചിടാൻ മറ്റാർക്ക് കഴിയും?

അഗ്രജൻ'' എന്ന സിനിമയുടെ റെക്കോർഡിംഗിനിടയിൽ മാസ്റ്റർ പങ്കുവെച്ച ഈ നിരീക്ഷണത്തിൽ, സുശീലയുടെ  ശബ്ദത്തോടും ഭാവദീപ്തമായ ആലാപനശൈലിയോടുമുള്ള  സ്നേഹവാത്സല്യങ്ങളും പ്രണയവുമെല്ലാം നിറഞ്ഞുതുളുമ്പിയിരുന്നുവെന്ന്  സംവിധായകൻ ഡെന്നിസ് ജോസഫ്. ദേവരാജൻ -- സുശീലമാർ അവസാനമായി ഒന്നിച്ച ചിത്രമായിരുന്നു അഗ്രജൻ (1995). ഇരുവരുടെയും ആരാധകനായ ഡെന്നിസിന്റെ നിർബന്ധത്തിന് വഴങ്ങിയുള്ള ഒത്തുചേരൽ. ``വോയ്‌സ് ബൂത്തിൽ സുശീലാമ്മ പാടിക്കൊണ്ടിരിക്കേ, മാസ്റ്റർ അറിയാതെ ആ മുഖം ശ്രദ്ധിക്കുകയായിരുന്നു ഞാൻ.''-- ഡെന്നിസിന്റെ വാക്കുകൾ ഓർമ്മവരുന്നു. ``നിർവചിക്കാനാവാത്ത ഒരു വികാരം അലയടിക്കുന്നു അവിടെ. സ്ഥായിയായ പരുക്കൻ ഭാവം  പൊടുന്നനെ ആർദ്രതക്ക് വഴിമാറിയ പോലെ.  ഒരു ഗായികയും  സംഗീത സംവിധായകനും തമ്മിലുള്ള ആത്മബന്ധം എത്രകണ്ട് വൈകാരികമാകാം എന്ന് തിരിച്ചറിയുകയായിരുന്നു ഞാൻ..''

ഒ എൻ വി രചിച്ച ``യേശുമഹേശാ'' എന്ന പാട്ടാണ് അന്ന് സുശീല പാടി റെക്കോർഡ് ചെയ്തത്. ട്രാക്ക് എടുക്കുന്ന പതിവൊന്നുമില്ല ദേവരാജൻ മാസ്റ്റർക്ക്. ലൈവ് റെക്കോർഡിംഗാണ്. പാടിക്കഴിഞ്ഞു ഭവ്യതയോടെ യാത്രപറയാനെത്തിയ  സുശീലയോട് മാസ്റ്റർ ചോദിച്ചു: ``കാശൊക്കെ കിട്ടിയല്ലോ അല്ലേ? കുറഞ്ഞുപോയെങ്കിൽ പറയണം.'' അത്ഭുതത്തോടെ സുശീലാമ്മയുടെ മറുപടി: ``അതെന്താ അങ്ങനെ ചോദിച്ചത്? മാഷോട് എന്നെങ്കിലും ഞാൻ കണക്ക് പറഞ്ഞിട്ടുണ്ടോ? മാഷ് പറഞ്ഞ തുക അവർ തന്നു; ഞാൻ അത് എണ്ണിനോക്കുക പോലും ചെയ്യിട്ടില്ല. ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല..'' വികാരഭരിതനായി ആ വാക്കുകൾ കേട്ടുനിന്നു ഡെന്നിസ്.

ദേവരാജൻ മാസ്റ്ററായിരുന്നു മലയാളത്തിൽ എക്കാലവും സുശീലയുടെ ``ഗോഡ്ഫാദർ''; ഏറ്റവും ചുരുങ്ങിയത് മാധുരി അദ്ദേഹത്തിന്റെ സംഗീത ഭൂമികയിൽ കടന്നുവരുംവരെ എങ്കിലും.  ``വളരെ പ്രത്യേകതയുള്ള ശബ്ദമാണ് സുശീലയുടേത്. മഞ്ചാടിമണി പോലെ എന്നാണ് ഞാൻ പറയുക. വഴുവഴുപ്പുണ്ട്. ഒപ്പം തരിതരിപ്പും.'' -- ദേവരാജൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞു. എന്തുകൊണ്ട് തന്റെ ഏറ്റവും മികച്ച ഇരുനൂറ്റിയൻപതോളം പാട്ടുകൾ സുശീലക്ക് നൽകി എന്നതിന്റെ ഉത്തരം കൂടിയായിരുന്നു മാസ്റ്ററുടെ വാക്കുകൾ.``സിനിമാഗാനങ്ങളിൽ ഞാൻ പ്രാധാന്യം നൽകുന്നത് ഭാവത്തിനാണ്. ഉച്ചാരണം അതുകഴിഞ്ഞേ വരൂ. ഉച്ചാരണവും ശ്രുതിയുമൊക്കെ നിരന്തര സാധനയിലൂടെ മെച്ചപ്പെടുത്താൻ കഴിയും. പക്ഷേ ഭാവം ജന്മസിദ്ധമായി വന്നുചേരേണ്ടതാണ്. സുശീല മലയാളിയല്ലായിരിക്കാം. പക്ഷേ അവരുടെ ശബ്ദത്തിൽ ഭാവമുണ്ട്. മാത്രമല്ല, എന്റെ ആലാപനത്തിൽ വരുന്ന നുറുങ്ങു സംഗതികൾ പോലും അവരുടെ ശബ്ദത്തിൽ സ്വതന്ത്രമായി അനായാസം വരും.'' 

ദേവരാജ സംഗീതത്തിൽ ആദ്യം പാടിയ ``ഭാര്യ'' (1962) യിൽ തന്നെയുണ്ടായിരുന്നു കാലത്തിനപ്പുറത്തേക്ക് വളർന്ന പാട്ടുകൾ: പെരിയാറേ പെരിയാറേ (എ എം രാജയോടൊപ്പം), മുൾക്കിരീടമിതെന്തിന് നൽകി, ഓമനക്കൊമ്പിൽ ഒലീവിലകൊമ്പുമായ്‌. പിന്നീടങ്ങോട്ട് ദേവരാജൻ -- സുശീല കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളിൽ സംഗീത സംവിധായകനും ഗായികയും തമ്മിലുള്ള  അപൂർവ  രസതന്ത്രത്തിന്റെ മായാജാലം  കൂടി അനുഭവിച്ചറിയുന്നു നാം. രാജശില്പി നീയെനിക്കൊരു (പഞ്ചവൻകാട്), കറുത്ത ചക്രവാള മതിലുകൾ ചൂഴും, ഏഴു സുന്ദരരാത്രികൾ (അശ്വമേധം), കിനാവിന്റെ കുഴിമാടത്തിൽ (ഡോക്ടർ), അഷ്ടമിരോഹിണി രാത്രിയിൽ (ഓമനക്കുട്ടൻ), ഹിമവാഹിനി ഹൃദയഹാരിണി (നാടൻ പെണ്ണ്), പ്രിയതമാ (ശകുന്തള), പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക (ഒരു പെണ്ണിന്റെ കഥ), മാറോടണച്ചു ഞാൻ ഉറക്കിയിട്ടും, അറിയുന്നില്ല ഭവാൻ (കാട്ടുകുരങ്ങ്), ചന്ദ്രകിരണം ചാലിച്ചെടുത്തൊരു   (ദേവി), തുറന്നിട്ട ജാലകങ്ങൾ (ദത്തുപുത്രൻ), പൂവുകൾക്ക് പുണ്യകാലം (ചുവന്ന സന്ധ്യകൾ), വിളിച്ചു ഞാൻ വിളികേട്ടു (യക്ഷി), കാറ്റിൽ ഇളംകാറ്റിൽ (ഓടയിൽ നിന്ന്), എന്തിനീ ചിലങ്കകൾ (കരുണ), അജ്ഞാതഗായകാ (ഹോട്ടൽ ഹൈറേഞ്ച്), കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു (വാഴ്‌വേമായം),  വെള്ളോട്ടുവളയിട്ടു കമ്മലിട്ടു, കദളീവനങ്ങൾക്കരികിലല്ലോ (ഒതേനന്റെ മകൻ),  കാറ്റു വന്നു കള്ളനെപ്പോലെ (കരകാണാക്കടൽ)....

content highlights : P Susheela Birthday Devarajan Master P Susheela songs