പി സുശീലയ്ക്കുള്ള ഏറ്റവും ഹൃദയസ്പർശിയായ പ്രണാമങ്ങളിലൊന്ന് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെതായിരിക്കും. പ്രിയഗായികയെ കുറിച്ച്  വൈരമുത്തു ഒരിക്കൽ പറഞ്ഞു:

``വടുഗപ്പട്ടി  എന്ന കുഗ്രാമത്തിന്റെ നാട്ടുവഴികളിലൂടെ കീറിയ കുപ്പായക്കീശയിൽ സ്വപ്നങ്ങളും പേറി അലഞ്ഞ ബാല്യത്തിൽ എത്രയെത്ര വിചിത്ര ധാരണകളാണ് ഞാൻ മനസ്സിൽ കൊണ്ടുനടന്നിരുന്നത് എന്നറിയാമോ?

വരാഗ നദിയായിരുന്നു എന്റെ കണ്ണിൽ ലോകത്തെ ഏറ്റവും സുന്ദരമായ നദി. ഈസോപ്പ് കഥകളാണ്  ലോകത്തെ ഏറ്റവും മഹത്തായ സാഹിത്യ സൃഷ്ടിയെന്നും കപ്പലണ്ടി മിട്ടായിയെ കവിഞ്ഞൊരു മധുരപദാർത്ഥം ലോകത്തില്ലെന്നും വിശ്വസിച്ചു ഞാൻ. രണ്ടാം ക്‌ളാസിലെ അദ്ധ്യാപികയായിരുന്നു എന്റെ കണ്ണിലെ വിശ്വസുന്ദരി. ഗ്രാമത്തിലെ ഏക സിനിമാക്കൊട്ടകയുടെ സ്ഥാപകനായ തിരുമല ചെട്ടിയാരെ ഏറ്റവും വലിയ കോടീശ്വരനായും പി സുശീലയെ ഭൂമിയിലെ ഏറ്റവും മധുരമുള്ള ശബ്ദത്തിന്റെ ഉടമയായും സങ്കൽപ്പിച്ചു ഞാൻ..''

കാലപ്രവാഹത്തിൽ ആ മിഥ്യാധാരണകൾ ഒന്നൊന്നായി ചുറ്റും തകർന്നുവീഴുന്നത് അമ്പരപ്പോടെ കണ്ടുനിന്നു വൈരമുത്തു -ഒന്നൊഴികെ. ``അന്നത്തെ വിശ്വാസങ്ങളിൽ ഒന്ന് മാത്രം ഞാൻ ഇന്നും കൂടെ കൊണ്ടുനടക്കുന്നു. സുശീലയുടെ ശബ്ദമാധുര്യത്തെ കുറിച്ചുള്ള എന്റെ ശൈശവ സങ്കല്പം എത്ര സത്യമായിരുന്നുവെന്ന് കാലം തന്നെ തെളിയിച്ചുതന്നു. ദുഃഖങ്ങളിൽ, ആഹ്ളാദങ്ങളിൽ, ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളിൽ... എല്ലാം തണലായി എനിക്കൊപ്പമുണ്ടായിരുന്നു സുശീലാമ്മയുടെ ശബ്ദം. ഇന്നുമുണ്ട്..''

മറ്റൊരു ``സ്വകാര്യം'' കൂടി പങ്കുവെക്കുന്നു വൈരമുത്തു:  ``മരണം തൊട്ടടുത്ത് എത്തിനിൽക്കുന്ന വേളയിൽ മനസ്സിൽ അവശേഷിക്കുന്ന ആഗ്രഹം എന്തെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, സുശീലാമ്മയുടെ ശബ്ദം അവസാനമായി ഒരിക്കൽ കൂടി കേൾക്കുക. ആ പാട്ടുകൾ മാത്രമുള്ള മ്യൂസിക് സിസ്റ്റം എനിക്കുവേണ്ടി ഓൺ ചെയ്തുവെച്ച് പതുക്കെ വാതിൽ ചാരി നിങ്ങൾ സ്ഥലം വിട്ടോളൂ. എല്ലാം മറന്ന് ആ സ്വരമാധുരിയിൽ മുഴുകി ഞാൻ കണ്ണടയ്ക്കട്ടെ ..'' ചിലപ്പോൾ തോന്നും വൈരമുത്തു പങ്കുവെച്ചത്  എന്റെയൊക്കെ മനസ്സിലെ ആഗ്രഹം തന്നെയല്ലേ എന്ന്..

പി സുശീലയ്ക്ക് പാടാൻ മലയാളത്തിൽ ഏറ്റവും മികച്ച ഈണങ്ങൾ സൃഷ്ടിച്ചുനൽകിയ സംഗീത സംവിധായകൻ ജി ദേവരാജന്റെ നിരീക്ഷണം കൂടി ശ്രദ്ധിക്കുക:  ``സിനിമാഗാനങ്ങളിൽ ഞാൻ പ്രാധാന്യം നൽകുന്നത് ഭാവത്തിനാണ്. ഉച്ചാരണം അതുകഴിഞ്ഞേ വരൂ. ഉച്ചാരണവും ശ്രുതിശുദ്ധിയുമെല്ലാം കഠിനപരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കഴിയും.  പക്ഷേ ഭാവം ജന്മസിദ്ധമായി വന്നുചേരണം. സുശീല മലയാളിയല്ലെങ്കിലും അവരുടെ ശബ്ദം ഭാവമധുരമാണ്. എന്റെ ആലാപനത്തിൽ വരുന്ന ചെറു സംഗതികൾ പോലും അവരുടെ ശബ്ദത്തിൽ സ്വതന്ത്രമായി വരും. സുശീലയുടെ ശബ്ദത്തെ മഞ്ചാടിമണികളോട് ഉപമിക്കാനാണ് എനിക്കിഷ്ടം. മഞ്ചാടിക്ക് ഒരു പ്രത്യേക തരിതരിപ്പുണ്ട്. സുഖകരമായ ഒരു വഴുവഴുപ്പും. ഇതേ സൗന്ദര്യമാണ് സുശീലയുടെ ആലാപനത്തിനുമുള്ളത്.''
ഇതിലും മനോഹരമായി എങ്ങനെ വിലയിരുത്താനാകും പകരം വെക്കാനില്ലാത്ത ആ ശബ്ദത്തെ?

Content Highlights : P Susheela 85th Birthday Vairamuthu P devarajan Ravi Menon Pattuvazhiyorathu