മൈക്കില്ല, മള്‍ട്ടി വാട്ട്സ് സ്പീക്കറുകളില്ല, ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടമില്ല, ആകാംക്ഷാഭരിതമായ കുറെ കുഞ്ഞിക്കണ്ണുകള്‍ മാത്രം മുന്നില്‍. നിഷ്കളങ്കമായ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി പാടിത്തുടങ്ങുന്നു പാലിയത്ത് ജയചന്ദ്രന് കുട്ടന് എന്ന പതിമൂന്നുകാരന്: ``ഓഹോ വെണ്ണിലാവേ വിണ്ണാളും വെണ്ണിലാവേ ..'' ഘണ്ടശാല വെങ്കിടേശ്വര റാവുവും പി ലീലയും ചേര്‍ന്ന് പാടിയ ``പ്രേമപാശ''ത്തിലെ ഹിറ്റ് ഗാനം.
പില്ക്കാലത്ത് മലയാളികളുടെ പ്രിയ ഭാവഗായകനായി വളര്‍ന്ന ജയചന്ദ്രന്റെ ആദ്യ `സ്റ്റേജ്' പരിപാടി'യായിരിക്കണം അത്. ഇരിഞ്ഞാലക്കുട നാഷണല്‍ സ്കൂളിലെ എട്ടാം ക്ലാസ് എ ഡിവിഷന് വിദ്യാര്‍ത്ഥി വെള്ളിയാഴ്ച വൈകുന്നേരത്തെ സാഹിത്യസമാജം പീരിയഡില്‍ പാടിക്കേട്ട ആ പാട്ട് ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറവും സ്നേഹവാത്സല്യങ്ങളോടെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു അന്നത്തെ യോഗാദ്ധ്യക്ഷന്‍ രാമനാഥന് മാഷ്.
``1958 ജൂലൈയിലാണ്. പാടാന്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോ എന്ന് വിളിച്ചു ചോദിച്ചപ്പോള്‍ മേശക്കരികിലേക്ക് ചുറുചുറുക്കോടെ നടന്നുവന്നു വെളുത്തുരുണ്ട ഒരു കുട്ടി. മെറൂണ്‍ ഷോര്‍ട്സും ഇളം മഞ്ഞ സില്‍ക്ക് ഷര്‍ട്ടുമാണ് വേഷം. നെറ്റിയില്‍ കാലത്ത് തൊട്ട ചന്ദനക്കുറി അതേപടിയുണ്ട്. എന്റെ മേശക്കടുത്ത് വന്നു നിന്നതും സ്വിച്ചിട്ട പോലെ പാടിത്തുടങ്ങുന്നു അയാള്‍. ശബ്ദത്തില്‍ തരിമ്പുമില്ല വിക്കലും വിറയലും. ഓമനത്തമുള്ള ആ മുഖത്ത് കണ്ട ആത്മവിശ്വാസം എന്നെ ഒട്ടൊന്ന് അത്ഭതപ്പെടുത്തി എന്നത് സത്യം..'' മുപ്പത്താറു വര്‍ഷത്തോളം നാഷണല്‍ സ്കൂളില്‍ അധ്യാപകനായിരുന്ന പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്റെ വാക്കുകള്‍.
അതായിരുന്നു തുടക്കം.പിന്നീടുള്ളത് ചരിത്രമാണ്; മലയാള സിനിമയിലെ ഭാവോജ്വലമായ ഒരു സംഗീത യുഗത്തിന്റെ ചരിത്രം. ആ വര്‍ഷം തന്നെ രാമനാഥന് മാഷിന്റെ പ്രോത്സാഹനത്തോടെ സംസ്ഥാന യുവജനോത്സവത്തില്‍ നാഷണല്‍ സ്കൂളിനെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു തുടങ്ങുന്നു ജയചന്ദ്രന്. മൃദംഗത്തിലായിരുന്നു ആദ്യ വിജയം. അടുത്ത വര്‍ഷം ലളിതസംഗീതത്തിലും. മൃദംഗത്തില്‍ നിന്ന് സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിലൂടെ ജയചന്ദ്രന്റെ ശ്രദ്ധ പാട്ടിലേക്ക് തിരിച്ചുവിട്ട രാമനാഥന് മാഷിന് നന്ദി പറയണം മലയാളികള്‍. ക്രൈസ്റ്റ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവുമായി ജയചന്ദ്രന് ചെന്നൈയില്‍ എത്തിയതും, അവിടെ പ്യാരി ആന്‍ഡ് കമ്പനിയില്‍ ഉദ്യോഗം വഹിക്കേ കുഞ്ഞാലി മരക്കാറിലും (ഒരു മുല്ലപ്പൂമാലയുമായ്) കളിത്തോഴനിലും (മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി) പാടി പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നതും പിന്നീടുള്ള കഥ.
സിനിമയില്‍ പാടിത്തുടങ്ങും മുന്‍പേ സ്റ്റേജ് പരിപാടികളില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയിരുന്നു ജയചന്ദ്രന്. അത്തരമൊരു ഗാനമേളയാണ് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്റെ വഴിതിരിച്ചുവിട്ടതും. ഡിഫന്‍സ് ഫണ്ടിന് വേണ്ടി എം.ബി ശ്രീനിവാസന്റെ നേതൃത്വത്തില്‍ 1965 ല്‍ ചെന്നൈയില്‍ നടന്ന സംഗീത പരിപാടിയില്‍ യേശുദാസിന് പാടാന്‍ വെച്ചിരുന്ന പഴശ്ശിരാജയിലെ `ചൊട്ട മുതല്‍ ചുടല വരെ' എന്ന ഗാനം ദാസിന്റെ അഭാവത്തില്‍ പാടാന്‍ ഭാഗ്യം ലഭിച്ചത് ജയചന്ദ്രന്. ഹൃദയസ്പര്‍ശിയായ ആ ആലാപനം സദസ്സിലിരുന്ന് കേട്ട ശോഭന പരമേശ്വരന് നായരും ആര് എസ് പ്രഭുവും ``കുഞ്ഞാലിമരക്കാര്‍'' എന്ന സിനിമയില്‍ പാടാന്‍ യുവഗായകന് അവസരം നല്കുന്നു. പിന്നണിഗായകനായി അരങ്ങേറ്റം കുറിച്ച ശേഷമുള്ള ജയചന്ദ്രന്റെ ആദ്യ ഗാനമേളക്ക് വേദിയൊരുക്കിയത് കൊല്ലം ഫാത്തിമാ കോളേജാണ് -- 1967 ല്‍. പാടിയതേറെയും യേശുദാസിന്റെ ഹിറ്റുകള്‍. ``ഹാര്‍മോണിയം, തബല, ഗിറ്റാര്‍, വയലിന്...പിന്നെ ബോംഗോസും... ഇത്രയേയുള്ളൂ അന്നത്തെ ഓര്‍ക്കസ്ട്ര. ഗാനമേളാ ട്രൂപ്പിന്റെ പ്രതിഫലം 1500 രൂപ.''-- ജയചന്ദ്രന് ഓര്‍ക്കുന്നു. ഇന്ത്യയിലും പുറത്തുമായി പിന്നീട് ആയിരക്കണക്കിന് വേദികള്‍. നൂറു കണക്കിന് സഹഗായികമാര്‍ -- പി ലീല മുതല്‍ രാജലക്ഷ്മി വരെ.
``ഓരോ ഗാനമേളയും ഓരോ അനുഭവമാണെനിക്ക്'' -- ജയചന്ദ്രന് പറയും. ``റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ ഏകാന്ത മൂകമായ അന്തരീക്ഷമല്ല ഗാനമേളയുടേത്. അവിടെ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ ഉള്ള വലിയൊരു ജനക്കൂട്ടവുമായി നേരിട്ടുള്ള ഇടപഴകലാണ്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം. പ്രതീക്ഷിക്കുന്ന പാട്ടുകള്‍ കേള്‍ക്കാതെ വരുമ്പോള്‍ സ്വാഭാവികമായും പലരും ചൊടിക്കും.'' ഉദാഹരണമായി പഴയൊരനുഭവം വിവരിച്ചു ജയചന്ദ്രന്. തെക്കന്‍ കേരളത്തിലെ ഒരു ഗാനമേള കഴിഞ്ഞു തിരികെ വണ്ടികയറാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ് ഗായകന്.
കുറച്ചു നേരം നിന്നപ്പോള്‍ ഒരാള്‍ ഓടിക്കിതച്ചു മുന്നിലെത്തുന്നു. ശകാരവര്‍ഷവുമായാണ് വരവ്. ``ആദ്യം എനിക്കൊന്നും പിടികിട്ടിയില്ല. ക്ഷമയോടെ കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറയുകയാണ്: എടോ, തന്റെ കരിമുകില്‍ കാട്ടിലെ എന്ന പാട്ട് കേള്‍ക്കാന്‍ 40 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വന്നതാണ് ഞാന്‍. ആ പാട്ട് പാടണമെന്ന് കുറിപ്പെഴുതി കൊടുത്തയച്ചിട്ടുപോലും താന്‍ പാടിയില്ല. താനെന്തു പാട്ടുകാരനാടോ?'' ഒരു യഥാര്‍ത്ഥ സംഗീതാസ്വാദകന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകള്‍. ആദ്യം നീരസം തോന്നിയെങ്കിലും പിന്നെ ചിന്തിച്ചപ്പോള്‍ അയാളുടെ ഭാഗത്തും ന്യായമുണ്ടെന്നു തോന്നിയെന്ന് ജയചന്ദ്രന്. ``ക്ഷമ ചോദിക്കുക മാത്രമല്ല, അവിടെ നിന്നുകൊണ്ട് തന്നെ കരിമുകില്‍ കാട്ടിലെ എന്ന പാട്ട് അയാള്‍ക്ക് വേണ്ടി പാടുക കൂടി ചെയ്തു ഞാന്‍. സന്തോഷത്തോടെയാണ് ആ മനുഷ്യന് യാത്ര പറഞ്ഞു പിരിഞ്ഞത്.''
തലയില്‍ മുറി പണിയുകയോ?
----------------------------------------------
ചലച്ചിത്ര ഗാനവുമായുള്ള മലയാളിയുടെ ഹൃദയബന്ധം ജയചന്ദ്രനെ പോലെ തൊട്ടറിഞ്ഞവര്‍ അപൂര്‍വം. തലമുറകളേ മാറുന്നുള്ളൂ. സദസ്സിന്റെ മനശാസ്ത്രം അന്നും ഇന്നും ഒരുപോലെ. ആലാപനത്തിലെ ചില്ലറ പിഴവുകള്‍ പോലും സഹിക്കില്ല മലയാളികള്‍. ``ഒരു ഗാനമേളക്കിടെ സുപ്രഭാതം എന്ന ഗാനത്തിന്റെ അവസാന ഭാഗത്ത് നിന്റെ നീല വാര്‍മുടി ചുരുളിന്റെയറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ എന്നതിന് പകരം ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ എന്ന് പാടിപ്പോയി. അറിയാതെ പറ്റിയ അബദ്ധം. പാടിക്കഴിഞ്ഞ് ബാക്ക് സ്റ്റേജില്‍ വന്നപ്പോള്‍ ഒരു അപരിചിതന് അവിടെ ക്ഷുഭിതനായി കാത്തുനില്ക്കുന്നു --തലയിലെങ്ങനാ സാറേ മുറി പണിയണത്, ആ വിദ്യയൊന്ന് കാണിച്ചുതരാമോ എന്ന ചോദ്യത്തോടെ. തെറ്റിപ്പോയി, ക്ഷമിക്കണം എന്ന് പറഞ്ഞുനോക്കിയെങ്കിലും അയാള്‍ വിടാനുള്ള ഭാവമില്ല. ഒടുവില്‍ ഭാരവാഹികള്‍ വന്ന് ബലം പ്രയോഗിച്ചു പുറത്തുകൊണ്ടുപോകേണ്ടി വന്നു അയാളെ.''
പാട്ടിനോട് സാധാരണ ശ്രോതാവിനുള്ള ആത്മബന്ധത്തിന്റെ തീവ്രത മനസ്സിലാക്കിത്തന്ന വേറെയും അനുഭവങ്ങളുണ്ട്. 1970 കളില്‍ ഒരു കലാസമിതി ഉദ്ഘാടനത്തിനായി മധ്യകേരളത്തിലെ പട്ടണത്തില്‍ ചെന്നതോര്‍ക്കുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ പ്രിയഗായകന് പാട്ട് പേടിക്കേള്ക്കണമെന്ന് സദസ്സിന് മോഹം. തൊണ്ട ശരിയല്ലെന്നും പാടാനുള്ള മൂഡില്ലെന്നും പറഞ്ഞു ജയചന്ദ്രന് ഒഴിഞ്ഞുമാറിയപ്പോള്‍ സ്വാഭാവികമായും ജനം ഇടഞ്ഞു. പാടാന്‍ വേണ്ടി വന്നതല്ല എന്ന വിശദീകരണം അവരെ കൂടുതല്‍ പ്രകോപിതരാക്കിയതേയുള്ളൂ. അതോടെ അന്തരീക്ഷം മാറി. ഗായകന് വന്ന കാര്‍ തല്ലിത്തകര്‍ത്തുകൊണ്ടാണ് നാട്ടുകാര്‍ അരിശം തീര്‍ത്തത്. നിസ്സഹായനായി എല്ലാം കണ്ടുനിന്നു ജയചന്ദ്രന്.
നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞു തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്തുനില്ക്കേ ജയചന്ദ്രനെ തേടി ഒരു അപരിചിതന് എത്തുന്നു. ആമുഖമൊന്നും കൂടാതെ അയാള്‍ പറഞ്ഞു: ``സാര്‍, എനിക്ക് മാപ്പു തരണം. അന്ന് സാറിന്റെ കാര്‍ തല്ലിത്തകര്‍ക്കാന്‍ മുന്‍കൈ എടുത്തത് ഞാനാണ്. സാറിന്റെ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ചെയ്തുപോയതാണ്. ശുദ്ധ തെമ്മാടിത്തമാണ് ചെയ്തതെന്ന് പിന്നീട് മനസ്സിലായി. എത്രയോ കാലമായി ആ കുറ്റബോധം ഉള്ളില്‍ കൊണ്ടുനടക്കുന്നു. ക്ഷമിച്ചുവെന്ന് അങ്ങ് പറയാതെ ഞാന്‍ പോകില്ല.'' എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു ജയചന്ദ്രന്. ``എത്ര ആശ്വസിപ്പിച്ചിട്ടും അയാള്‍ക്ക് തൃപ്തിയാകുന്നില്ല. കരയുന്ന മുഖവുമായി അങ്ങനെ നില്‍ക്കുകയാണ്. ഒടുവില്‍ എങ്ങനെയൊക്കെയോ ഞാന്‍ അയാളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. അത്തരമൊരനുഭവം നടാടെയായിരുന്നു എനിക്ക്.' ആരാധകനെ കുറ്റപ്പെടുത്തുന്നില്ല ഗായകന്. ആത്യന്തികമായി കല ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലേ? ആസ്വാദകരുണ്ടെങ്കിലേ ഗായകന് നിലനില്‍പ്പുള്ളൂ. ആഗ്രഹം നടക്കാതെ വരുമ്പോള്‍ അവര്‍ ക്രുദ്ധരാകുക സ്വാഭാവികം -- ജയചന്ദ്രന് എന്ന ഗായകന്റെ സവിശേഷ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നു, പക്വതയാര്‍ന്ന ഈ നിരീക്ഷണം.
ആദ്യമായി ജയചന്ദ്രന്റെ ഗാനമേള കേള്‍ക്കാന്‍ പോയത് രസകരമായ ഓര്‍മ്മയാണ് ഗായകന് ജി വേണുഗോപാലിന്. ``നാലിലോ അഞ്ചിലോ പഠിക്കുന്ന കാലം. തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജില്‍ ജയേട്ടന്റെ ഗാനമേള നടക്കുന്നു എന്നറിഞ്ഞപ്പോള്‍ പോയേ തീരൂ എനിക്ക്. മനസ്സില്ലാമനസ്സോടെ ആണെങ്കിലും അമ്മ വഴങ്ങി. അടുത്ത വീട്ടിലെ മൂന്നു ചേച്ചിമാരുടെ കൂടെയാണ് വിട്ടത്. ചെന്നപ്പോള്‍ കോളേജ് അങ്കണം ആളുകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പിന്‍നിരയിലാണ് ഞങ്ങള്‍ക്ക് ഇരിപ്പിടം കിട്ടിയത്. ദൂരെ സ്റ്റേജില്‍ കയ്യിലൊരു കൊച്ചു ഡയറിയും തുറന്നുപിടിച്ച് മൈക്കിന് മുന്നില്‍ നിശ്ചലനായി ജയേട്ടന്. പാന്റ്സും കറുത്ത പുള്ളികളുള്ള ഷര്‍ട്ടുമാണ് വേഷം. ചെറിയൊരു താടി വെച്ചിട്ടുണ്ട്. ശ്രീശബരീശ ദീനദയാളാ എന്ന പാട്ട് പാടിത്തുടങ്ങിയപ്പോഴേ സദസ്സിലെ ബഹളം നിലച്ചു. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, സന്ധ്യക്കെന്തിനു സിന്ദൂരം, അനുരാഗഗാനം പോലെ.... ഹിറ്റ് ഗാനങ്ങള്‍ ഒന്നൊന്നായി പാടി ജയേട്ടന്. എല്ലാ പാട്ടിനും നിലക്കാത്ത കയ്യടി.''
അതിനു ശേഷം കാലമെത്ര കഴിഞ്ഞു? പക്ഷെ ജയചന്ദ്രന്റെ പ്രണയസ്വരത്തിനു തെല്ലുമില്ല ഇടര്‍ച്ച. കാലം അനുപമമായ ആ ശബ്ദസൗഭഗത്തിനു മുന്നില്‍ സവിനയം ശിരസ്സ് നമിക്കുന്നു. സത്യനും പ്രേംനസീറിനും വേണ്ടി പാടി അറുപതുകളിലെ മലയാളിയുടെ ഹൃദയം കവര്‍ന്ന അന്നത്തെ കൗമാരക്കാരന് പുതുകാലത്തിന്റെ നായകരായ പൃഥ്വിരാജിനും ജയസൂര്യയ്ക്കും നിവിന്‍ പോളിക്കുമൊക്കെ വേണ്ടി ഈ എഴുപത്തിനാലാം വയസ്സിലും അതീവഹൃദ്യമായ പ്രണയഗാനങ്ങള്‍ പാടുന്നു; യൗവനഗരിമയാര്ന്ന ശബ്ദത്തില്‍. ജയചന്ദ്രന് തന്നെ പണ്ടൊരു പാട്ടില്‍ പ്രണയപൂര്‍വ്വം ചോദിച്ച ചോദ്യം തിരിച്ച് അദ്ദേഹത്തോട് ചോദിച്ചുകൊണ്ടിരിക്കുന്നു മലയാളിയുടെ സംഗീതമനസ്സ്: ``ആത്മാവിന് സൗഭാഗ്യമല്ലേ നീ അനുരാഗ സൗരഭ്യമല്ലേ....?''
Content Highlights : p jayachandran singing career ravimenon pattuvazhiyorathu