``സംഗീതത്തെ പോലെ ഹൃദയത്തെ സ്പർശിക്കുന്ന, മനസ്സുകളുടെ മുറിവുണക്കുന്ന മറ്റേത് കലയുണ്ട്?''-- ഇസൈജ്ഞാനി ഇളയരാജയുടെ ചോദ്യം. ഗായകൻ ജയചന്ദ്രൻ വിവരിച്ച രണ്ട് അനുഭവങ്ങൾ ഓർമ്മവന്നു ആ വാക്കുകൾ കേട്ടപ്പോൾ; ഹൃദയത്തെ തൊട്ട അനുഭവങ്ങൾ..
1980 കളിലെ കഥ. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ടി നഗറിലെ തന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷ പിടിച്ചതായിരുന്നു ഭാവഗായകൻ. ``വീട്ടിന് മുന്നിലെത്തിയപ്പോൾ കീശയിലുണ്ടായിരുന്ന നൂറു രൂപ നോട്ട് ഞാൻ ഡ്രൈവർക്ക് നേരെ നീട്ടി. ചില്ലറയില്ലായിരുന്നു. അത്ഭുതത്തോടെ നോട്ടിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി അയാൾ. എന്നിട്ട് വികാരഭരിതനായി നീട്ടിയൊരു വിളി: ``സാ..........ർ''. ഒപ്പം ഒരു പൊട്ടിക്കരച്ചിലും. കരച്ചിലിനിടെ എന്റെ കൈ മുറുകെ പിടിച്ചു അയാൾ..''
ഇതെന്തു കഥ എന്നോർത്ത് അമ്പരന്നു നിൽക്കുകയാണ് ജയചന്ദ്രൻ. കരച്ചിലിനിടയിലൂടെ ഓട്ടോറിക്ഷക്കാരൻ പറഞ്ഞു: ``സാർ പാടിയ ആ പാട്ടില്ലേ? വൈദേഹി കാത്തിരുന്താളിലെ ``കാത്തിരുന്ത് കാത്തിരുന്ത് കാലങ്കൾ പോവുതെടി, പൂത്തിരുന്ത് പൂത്തിരുന്ത് പൂവിഴി നോകുതെടീ... അതിൽ എന്റെ ലൈഫുണ്ട് സാർ. വലിയൊരു കാത്തിരിപ്പാണ് എന്റെ ജീവിതം. ഇനിയൊരിക്കലും അവൾ തിരിച്ചു വരില്ല എന്നറിഞ്ഞുകൊണ്ടു തന്നെ.''
പ്രിയഗായകനെ റോഡരികിൽ നിർത്തി കണ്ണീരോടെ അയാൾ തന്റെ ജീവിത കഥ പറഞ്ഞു. പ്രേമനൈരാശ്യവും വഞ്ചനയുമെല്ലാം നിറഞ്ഞ കഥ. ഒടുവിൽ കയ്യിലുള്ള പത്തു രൂപാ നോട്ടിൽ തന്റെ ഓട്ടോഗ്രാഫും വാങ്ങിയാണ് ഡ്രൈവർ യാത്രയായതെന്നോർക്കുന്നു ജയചന്ദ്രൻ.
``നമ്മൾ ഏതോ സിനിമക്ക് വേണ്ടി റെക്കോർഡിംഗ് റൂമിന്റെ ഏകാന്തതയിൽ നിന്നുകൊണ്ട് തിടുക്കത്തിൽ പാടിത്തീർക്കുന്ന പാട്ട് ഒരു സാധാരണക്കാരന്റെ മനസ്സിനെ എത്ര അഗാധമായി സ്വാധീനിക്കുന്നു എന്ന തിരിച്ചറിവാണ് ആ അനുഭവം എനിക്ക് നൽകിയത്. പാട്ടെഴുതിയ കവിഞ്ജർ വാലിയേയും ശിവരഞ്ജിനി രാഗത്തിൽ അത് മനസ്സറിഞ്ഞു സ്വരപ്പെടുത്തിയ ഇളയരാജയെയും നന്ദിയോടെ ഓർത്തു അപ്പോൾ.''-- ജയചന്ദ്രൻ.
മറ്റൊരോർമ്മ ഇളയരാജ തന്നെ പങ്കുവെച്ചതാണ്. കഥാപാത്രങ്ങൾ മനുഷ്യരായിരുന്നില്ല എന്ന് മാത്രം. ജയചന്ദ്രന്റെ വാക്കുകൾ: ``തേനിയിൽ ഇളയരാജക്ക് ഒരു വീടുണ്ട്. അതിനടുത്താണ് ആ പ്രദേശത്തെ ഏക സിനിമാ കൊട്ടക. വനപ്രദേശമായതുകൊണ്ട് മൃഗങ്ങളും കുറവല്ല. കൊട്ടകയിൽ വൈദേഹി കാത്തിരുന്താൾ പ്രദർശിപ്പിക്കുന്നു. പടത്തിൽ `രാസാത്തി ഉന്നെ കാണാത നെഞ്ചം' എന്ന പാട്ടിന്റെ സന്ദർഭം എത്തുമ്പോൾ ഉൾക്കാട്ടിൽ നിന്ന് ആനകൾ വരിവരിയായി ഇറങ്ങിവരും. പാട്ടു തീരും വരെ കൊട്ടകയുടെ പരിസരത്ത് മേഞ്ഞ ശേഷം ആനക്കൂട്ടം തിരിച്ചു പോകുകയും ചെയ്യും. തേനിയിൽ ആ സിനിമ പ്രദർശിപ്പിച്ച കാലം മുഴുവൻ ഈ പതിവ് ആവർത്തിച്ചിരുന്നുവെന്നും രാജ പറഞ്ഞു. മൃഗങ്ങളേയും സംഗീതം സ്വാധീനിക്കും എന്നതിന് ഉദാഹരണമായാണ് അദ്ദേഹം ഈ അനുഭവം വിശദീകരിച്ചത്.''
അത്ഭുതം തോന്നിയിരിക്കില്ല ഇളയരാജക്ക്. ആ പാട്ടിന് കാടുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തിനല്ലേ അറിയൂ? `വൈദേഹി കാത്തിരുന്താൾ' എന്ന പടത്തിനു വേണ്ടി രാജ ചിട്ടപ്പെടുത്തിയതല്ല ആ ഗാനങ്ങളൊന്നും എന്നറിയുക. ആ ഗാനങ്ങളിൽ നിന്നുണ്ടായതാണ് വൈദേഹി കാത്തിരുന്താൾ എന്നതാണ് സത്യം.
മുതുമലൈ ഫോറസ്ററ് ഡിവിഷന്റെ ഗസ്റ്റ് ഹൗസിൽ കാക്കി സട്ടൈ (1985) എന്ന സിനിമയുടെ കമ്പോസിംഗിലാണ് ഇളയരാജ. മൂന്ന് ദിവസത്തെ ഷെഡ്യൂൾ അര ദിവസം കൊണ്ട് തീർന്നു. അഞ്ച് പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടും സമയം ഇഷ്ടം പോലെ ബാക്കി. അവസരം പാഴാക്കാതെ ആറ് ഈണങ്ങൾ കൂടി തയ്യാറാക്കി വെച്ചു രാജ. കാടിന്റെ കാതടപ്പിക്കുന്ന നിശബ്ദത മാത്രമായിരുന്നു പശ്ചാത്തല സംഗീതം. യാദൃച്ഛികമായി ആ ഈണങ്ങൾ കേട്ട നിർമ്മാതാവ് പഞ്ചു അരുണാചലത്തിന് ഒരാഗ്രഹം: അവയിലൊന്ന് തന്റെ അടുത്ത പടത്തിൽ ഉപയോഗിക്കാൻ അനുവദിക്കണം...
``എന്തിന് ഒന്നിൽ നിർത്തണം. ആറ് ട്യൂണും എടുത്തോളൂ. അവയെല്ലാം ഉൾപ്പെടുത്താൻ പോന്ന ഒരു കഥയും ആലോചിച്ചോളൂ..'' രാജയുടെ മറുപടി.
സന്തോഷത്തോടെ ആ ``വെല്ലുവിളി'' സ്വീകരിക്കുന്നു പഞ്ചു അരുണാചലം. ``വൈദേഹി കാത്തിരുന്താൾ'' എന്ന സിനിമ പിറവിയെടുക്കുന്നത് അങ്ങനെയാണ്.
Content Highlights :P Jayachandran Ilayaraja Vaidehi Kathirunthal Movie Songs Ravi Menon Paattuvazhiyorathu