ന്തരിച്ച സംഗീത സംവിധായകന്‍ പുകഴേന്തി വിവരിച്ച ഒരനുഭവം: മൂന്നു പൂക്കള്‍'' (1971) എന്ന സിനിമയിലെ ''വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ'' എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടക്കുകയാണ് ചെന്നൈ വിജയാ ഗാര്‍ഡന്‍സില്‍. പി ഭാസ്‌കരന്റെ രചന, പുകഴേന്തിയുടെ സംഗീതം. ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ചുള്ള ചിന്തോദ്ദീപകമായ വരികള്‍ മായാമരീചികയില്‍ മനസ്സിലെ ആശകളാല്‍ മാളിക കെട്ടുന്നു മാനവന്‍, കാലത്തിന്‍ കയ്യിലുള്ള പീലിയൊന്നുഴിയുമ്പോള്‍ കാണുന്നു മുന്നില്‍ വെറും ശൂന്യത..''

മരണത്തിന്റെ താളമാണ് ഗാനത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടതെന്ന് നിശ്ചയിക്കുന്നു ഭാസ്‌കരനും പുകഴേന്തിയും. അതെങ്ങനെ തീവ്രത ചോരാതെ ഗാനത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിയുമെന്ന് മാത്രം പിടികിട്ടുന്നില്ല. പലവിധ കോമ്പിനേഷനുകള്‍ പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടാതായപ്പോള്‍ റെക്കോര്‍ഡിംഗ് നീട്ടിവെക്കുന്നതിനെ കുറിച്ചായി പുകഴേന്തിയുടെ ചിന്ത.

ആ ഘട്ടത്തിലാണ് വിധിയുടെ അപ്രതീക്ഷിത ഇടപെടല്‍. സ്റ്റുഡിയോയില്‍ ആരോ കൊണ്ടുവെച്ച ടിഫിന്‍ കാരിയര്‍ യാദൃച്ഛികമായി പുകഴേന്തിയുടെ ശ്രദ്ധയില്‍ പെടുന്നു. പെട്ടെന്ന് ഒരു ആശയം മനസ്സില്‍ തോന്നി. ദൈവം ആ നിമിഷം തോന്നിച്ചതാവണം. ടിഫിന്‍ കാരിയറിന്റെ പ്രതലത്തില്‍ ഡ്രം സ്റ്റിക്ക് കൊണ്ട് പതുക്കെ ഒന്ന് തട്ടിനോക്കി. അത്ഭുതം- അതാ കേള്‍ക്കുന്നു ഞാന്‍ തേടിനടന്ന ശബ്ദം.'' പിന്നെ സംശയിച്ചില്ല പുകഴേന്തി. ജയചന്ദ്രന്‍ പാടിയ ഗാനത്തിന്റെ പശ്ചാത്തല വാദ്യ വൃന്ദത്തില്‍ തൂക്കുപാത്രത്തിനും ഇടം നല്‍കി അദ്ദേഹം. ആ താളം കൂടി ചേര്‍ന്നപ്പോഴേ ആ പാട്ട് പൂര്‍ണ്ണമായുള്ളൂ എന്നതാണ് സത്യം..''

രണ്ടു പതിറ്റാണ്ടിലേറെ കാലം മുന്‍പ് ചെന്നൈയിലെ പുകഴേന്തിയുടെ വീടിന്റെ പൂമുഖത്തിരുന്ന്, കൗതുകമുള്ള ആ കഥ കേട്ട് വിസ്മയിക്കാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു എനിക്കൊപ്പം - ഗാനം പാടിയ ജയചന്ദ്രന്‍; മലയാളിയുടെ പ്രിയ ഭാവഗായകന്‍. പുകഴേന്തി സാര്‍ ഉദ്ദേശിക്കുന്ന ഭാവം പാട്ടില്‍ കൊണ്ടുവരുക എളുപ്പമല്ല. അത്രയും വലിയ പെര്‍ഫെക്ഷനിസ്റ്റ് ആണ് അദ്ദേഹം.''-- ജയചന്ദ്രന്‍ പറഞ്ഞു.

കെ.വി മഹാദേവന്റെ വിശ്വസ്ത സഹായി ആയിരുന്ന പുകഴേന്തി അപൂര്‍വം സിനിമകള്‍ക്കേ മലയാളത്തില്‍ സംഗീതം പകര്‍ന്നിട്ടുള്ളു. എങ്കിലെന്ത്? പകരം വെക്കാനില്ലാത്ത ശ്രവ്യാനുഭവങ്ങളായി നിലനില്‍ക്കുന്നു അവയിലെ പാട്ടുകളെല്ലാം: മധുരപ്രതീക്ഷ തന്‍ പൂങ്കാവില്‍ വെച്ചൊരു (ഭാഗ്യമുദ്ര), നിന്റെ മിഴികള്‍ നീല മിഴികള്‍, ചൈത്ര മാസത്തിലെ ആദ്യത്തെ മുല്ലപ്പൂ, ലോകം മുഴുവന്‍ സുഖം പകരാനായ് (സ്‌നേഹദീപമേ മിഴി തുറക്കൂ), ഗോപുരക്കിളി വാതിലില്‍ (വില കുറഞ്ഞ മനുഷ്യന്‍), സഖീ കുങ്കുമമോ (മൂന്ന് പൂക്കള്‍), സുന്ദരരാവില്‍ (കൊച്ചനിയത്തി), അപാരസുന്ദര നീലാകാശം, ഗോപുരമുകളില്‍ വസന്തചന്ദ്രന്‍ , മരണദേവനൊരു (വിത്തുകള്‍)... ഏതു പാട്ടാണ് നമുക്ക് ഒഴിച്ചു നിര്‍ത്താനാകുക?

Content Highlights: p bhaskaran pukazhenthi p jayachandran evergreen malayalam songs, world music day 2019