`അറബിക്കടലൊരു മണവാളൻ.....'
ഒ വി വിജയന്റെ പ്രിയഗാനം
-----------------
വാക്കുകളുടെ സംഗീതം മലയാളികളെ മതിവരുവോളം കേൾപ്പിച്ച, അനുഭവിപ്പിച്ച എഴുത്തുകാരന് എങ്ങനെ സംഗീതത്തെ സ്നേഹിക്കാതിരിക്കാനാകും? ഒ വി വിജയനും ഉണ്ടാവില്ലേ ഒരു പ്രിയഗാനം?

``അങ്ങനെയൊന്നിനെ കുറിച്ച് ഏട്ടൻ പറഞ്ഞുകേട്ടിട്ടില്ല.''-- അനിയത്തി ഒ വി ഉഷയുടെ ഓർമ്മ. ``എങ്കിലും ഭാർഗ്ഗവീനിലയത്തിലെ അറബിക്കടലൊരു മണവാളൻ ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ട് എന്ന് തോന്നിയിട്ടുണ്ട്. ആവർത്തിച്ചു കേൾക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു ആ ഗാനം. എനിക്കാകട്ടെ ഒരു പൊടിയ്ക്ക് ഇഷ്ടക്കൂടുതൽ അതേ സിനിമയിലെ താമസമെന്തേ വരുവാൻ എന്ന പാട്ടിനോടായിരുന്നു. ഭാസ്കരൻ മാസ്റ്ററുടെ രചനകളോടാണ് അന്നേ ആഭിമുഖ്യം. കേരളത്തിന്റെ പ്രകൃതിയും മലയാളത്തിന്റെ തനിമയും അറിയാതെ മനസ്സിൽ വന്നു നിറയും ആ പാട്ടുകൾ കേൾക്കുമ്പോൾ.. ഏട്ടനും ഇഷ്ടമായിരുന്നു മാഷിന്റെ പാട്ടുകൾ-- അപ്പം വേണം അടവേണം, കൊട്ടും ഞാൻ കേട്ടില്ല കുഴലും ഞാൻ കേട്ടില്ല....''

1960 കളുടെ അവസാനം വിജയൻ ഫിലിപ്സിന്റെ ഒരു റെക്കോർഡ് പ്ലേയർ വീട്ടിൽ വാങ്ങിക്കൊണ്ടുവന്നത് സഹോദരിയുടെ ഓർമ്മയിലുണ്ട്. ആയിരം രൂപയാണ് അന്നതിന് വില. ഭാർഗവീനിലയം, തച്ചോളി ഒതേനൻ തുടങ്ങിയ സിനിമകളുടെ 78 ആർ പി എം റെക്കോർഡുകൾക്ക് പുറമെ മഞ്ഞണിപ്പൂനിലാവ്, സ്വപ്നങ്ങൾ സ്വപ്നങ്ങൾ എന്നിങ്ങനെ അക്കാലത്തെ ഹിറ്റ് പാട്ടുകളുടെ ഒരു ഡിസ്കും ഉണ്ടായിരുന്നു ഒപ്പം കൊണ്ടുവന്ന ഗാനശേഖരത്തിൽ എന്നാണ് ഓർമ്മ. ബാക്കി മുഴുവൻ കർണ്ണാടക സംഗീത കൃതികളായിരുന്നു. മധുരൈ മണി അയ്യർ, എം എസ് സുബ്ബുലക്ഷ്മി, ശെമ്മാങ്കുടി, ബാലമുരളികൃഷ്ണ, ലാൽഗുഡി ജയറാം എന്നിവരുടെ ഗ്രാമഫോൺ റെക്കോർഡുകൾ.

ഡൽഹിയിൽ രൂപ് നഗറിലാണ് അന്ന് വിജയൻ താമസം. ദിവസവും കാർട്ടൂൺ വരയ്ക്കണം. എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ തുടങ്ങി പല പ്രസിദ്ധീകരണങ്ങൾക്കും വരക്കുന്നുണ്ട് അക്കാലത്ത്. അതിനുള്ള തയ്യാറെടുപ്പ് പുലർച്ചെ തന്നെ തുടങ്ങും; നാല് ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചുകൊണ്ട്. പിന്നെ കുളിച്ചു പ്രാതൽ കഴിച്ച് നേരെ കൊണോട്ട് പ്ലേസിലെ സ്റ്റുഡിയോയിലേക്ക്. കാർട്ടൂൺ വരയ്ക്കാനായി വാടകക്കെടുത്ത സ്ഥലമാണത്. ഇടയ്ക്ക് പത്രപ്രവർത്തക സുഹൃത്തുക്കളുമായി ചർച്ചകളൊക്കെ ഉണ്ടാകും. ഇതിനിടെ പാട്ടുകേൾക്കാൻ എവിടെ സമയം? ഇന്നത്തെ പോലെ ഏതുതരം സംഗീതവും വിരൽത്തുമ്പിൽ വന്നുനിൽക്കുന്ന കാലമല്ലല്ലോ. റെക്കോർഡ് പ്ലേയർ പോലും ഒരു ആഡംബരമാണ്. എങ്കിലും സംഗീതത്തോട് വിരോധമൊന്നും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. അധികം താല്പര്യം ശാസ്ത്രീയ സംഗീതത്തോടാണ് എന്നു മാത്രം. ആവർത്തിച്ചു കേൾക്കാറുള്ളത് മധുരൈ മണി അയ്യരുടെ പാട്ടുകളും ടി ആർ മഹാലിംഗത്തിന്റെ പുല്ലാങ്കുഴലും. ബാലമുരളിയുടെ പിബരേ രാമരസം, നഗുമോമു ഒക്കെ ഇഷ്ടകൃതികൾ.

``സംഗീതത്തെ കുറിച്ച് ഏട്ടൻ ഒന്നും കാര്യമായി സംസാരിച്ചു കേട്ടിട്ടില്ല. ഞങ്ങൾക്കിടയിൽ അത് സംബന്ധിച്ച ചർച്ചകളും ഉണ്ടായിട്ടില്ല. ഏട്ടന്റെ കൃതികളിലും അത്തരം പരാമർശങ്ങൾ ഉണ്ടോ എന്ന് സംശയം. എങ്കിലും സംഗീത സ്നേഹം എന്നും ഉള്ളിൽ കൊണ്ടുനടന്നിരുന്നു അദ്ദേഹം എന്നുതന്നെയാണ് വിശ്വാസം''-- അനിയത്തിയുടെ വാക്കുകൾ.

വർഷങ്ങൾക്ക് ശേഷം ബാലമുരളീകൃഷ്ണയുടെ ഒരു ഭജൻ കാസറ്റ് ഏട്ടൻ വീട്ടിൽ വാങ്ങിക്കൊണ്ടുവന്നത് ഉഷ ഓർക്കുന്നു. `` മധുരം ഗായതി വനമാലി എന്ന കൃതി അദ്ദേഹം വളരെ ആസ്വദിച്ചു കേൾക്കുന്നതിന്റെ ഓർമ്മയുണ്ട്. കൃഷ്ണൻ കന്നുകാലികളെ മേച്ചുകൊണ്ട് യമുനാതീരത്തെ പച്ചപ്പുകളിൽ ഓടക്കുഴലൂതുന്നതും പ്രകൃതി ആ നാദതരംഗങ്ങളിൽ അഭിരമിക്കുന്നതും പക്ഷിമൃഗാദികൾ കാതോർക്കുന്നതുമൊക്കെ ഏട്ടന് പ്രചോദനമായി എന്നു വേണം കരുതാൻ. കാരണം പരിസ്ഥിതി ഇതിവൃത്തമാക്കിയ തന്റെ അടുത്ത നോവലിന് ഏട്ടൻ ``മധുരം ഗായതി'' എന്നാണ് പേരിട്ടത്. സുകന്യ എന്ന പെൺകുട്ടിയും ഒരു ആൽമരവും തമ്മിലുള്ള പ്രണയത്തിലൂടെ പ്രകൃതിയുടെ സചേതനത്വവും നാം പ്രകൃതിയുടെ ഭാഗമാണെന്ന ബോധത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുകാട്ടുന്ന അപൂർവ രചനയാണത്..''

മറ്റൊരിക്കൽ, പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു മാധ്യമപ്രവർത്തകർക്കും കലാകാരന്മാർക്കും വേണ്ടി സംഘടിപ്പിച്ച ഒരു അനൗപചാരിക ചടങ്ങിൽ വെച്ച് മഹേന്ദ്രകപൂറിന്റെ പാട്ട് കേട്ട അനുഭവം ആവേശപൂർവം ഏട്ടൻ വിവരിച്ചു കേട്ടിട്ടുണ്ട് ഉഷ. ഏ നീലെ ഗഗൻ കേ തലേ എന്ന ഹിറ്റ് ഗാനമാണ് മഹേന്ദ്ര കപൂർ ആ വിരുന്നിൽ ആലപിച്ചത് എന്നാണ് ഓർമ്മ. ``എന്തൊരു സ്വരമാണ് അദ്ദേഹത്തിന്റേത്. അങ്ങനെ കേട്ടിരുന്നുപോകും.''-- പരിപാടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിജയൻ പറഞ്ഞു. അത്രയും മതിപ്പോടെ മറ്റൊരു പിന്നണി ഗായകനെക്കുറിച്ചും സംസാരിച്ചു കേട്ടിട്ടില്ല. ലതാ മങ്കേഷ്കറുടെ ജ്യോതി കലശ് ചൽകെ ആണ് വിജയൻ ആസ്വദിച്ചിരുന്ന മറ്റൊരു ഹിന്ദി ഗാനം.

അനിയത്തി രചിച്ച സിനിമാഗാനങ്ങളെ കുറിച്ച് എന്തായിരുന്നു ഏട്ടന്റെ അഭിപ്രായം? -- ഉഷയോടൊരു ചോദ്യം. ''കാര്യമായി ഒന്നും പറഞ്ഞു കേട്ടിട്ടില്ല. ഇൻക്വിലാബ് സിന്ദാബാദ് എന്ന ചിത്രത്തിനു വേണ്ടി ആരുടെ മനസ്സിലെ ഗാനമായി എന്ന പാട്ടെഴുതുമ്പോൾ തീരെ ചെറുപ്പമാണല്ലോ എനിക്ക്. എന്തെങ്കിലും അഭിപ്രായം പറഞ്ഞതായി ഓർമ്മയില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം മഴ എന്ന സിനിമയിൽ ഉൾപ്പെടുത്തിയ ആരാദ്യം പറയും എന്ന കവിത കേൾക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സന്തോഷത്തോടെ കേട്ടിട്ടുമുണ്ട്; അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും..''

അവസാനനാളുകളിലെ ഒരു അഭിമുഖത്തിൽ വിജയൻ പറഞ്ഞ വാക്കുകളാണ് ഓർമ്മയിൽ: ``സംഗീതത്തോട് ഇഷ്ടം പണ്ടേയുണ്ട്. പക്ഷേ പഠിച്ചിട്ടൊന്നുമില്ല. വലിയ അറിവുമില്ല. കാതിന് ഇമ്പം തോന്നുന്ന പാട്ടുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നും. അങ്ങനെ അടുത്ത കാലത്ത് സന്തോഷം തോന്നിയത് നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ എന്ന പാട്ട് കേട്ടപ്പോഴാണ്. ഭക്തനായതുകൊണ്ടൊന്നുമല്ല. എന്തോ ഒരു രസമുണ്ട് ആ പാട്ട് കേൾക്കാൻ...''

Content Highlights :ov vijayan favourite malayalam movie song ravi menon paatuvazhiyorathu