• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

ഗുരുവായൂരമ്പല നടയിൽ എന്ന പാട്ടിന് 50 വയസ്സ് ; ഇങ്ങനെയും ഉണ്ടായിരുന്നു ഒരു ജോൺ സാമുവൽ

രവി മേനോൻ | ravi.menon@clubfm.in
പാട്ടുവഴിയോരത്ത്
# രവി മേനോൻ | ravi.menon@clubfm.in
Dec 28, 2020, 02:20 PM IST
A A A

അമ്പതു വയസ്സ് പ്രായമായി ആ പാട്ടിന്. അന്നത്തെ പത്തൊമ്പതുവയസ്സുകാരൻ ഇന്ന് സപ്തതിക്കരികെ. എങ്കിലും രൂപഭാവങ്ങളിൽ, പെരുമാറ്റത്തിൽ പഴയ കൗമാരക്കാരന്റെ ഊർജ്ജസ്വലത ഇന്നും കാത്തുസൂക്ഷിക്കുന്നു ജോൺ സാമുവൽ.

# രവിമേനോൻ
john
X

Photo | Facebook, Ravi Menon

ദൃശ്യമാധ്യമപ്രവർത്തകൻ, കളിയെഴുത്തുകാരൻ, സിനിമാനടൻ, കഥാകൃത്ത്, അവതാരകൻ, അഭിമുഖകാരൻ..... അങ്ങനെ പലതുമാണ് മലയാളിക്ക് ജോൺ സാമുവൽ. ശരിക്കും ഒരു ഓൾറൗണ്ടർ. ആ പേരിനൊപ്പം മനസ്സിൽ തെളിയുന്ന മറ്റൊരു ചിത്രം കൂടിയുണ്ട് -- ``ഒതേനന്റെ മകനി''ലെ നിഷ്കളങ്കനായ കണ്ണന്റെ ചിത്രം. പ്രേംനസീറിനും രാഗിണിക്കും എസ് പി പിള്ളയ്ക്കും കവിയൂർ പൊന്നമ്മക്കുമൊപ്പം ``ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും'' എന്ന വിഖ്യാത ഗാനരംഗത്ത് പുല്ലാങ്കുഴലുമായി നിറഞ്ഞുനിൽക്കുന്ന അനാഗതശ്‌മശ്രുവായ ആ കൗമാരക്കാരൻ ജോൺ സാമുവൽ ആണെന്ന് എത്രപേർക്കറിയാം? എനിക്കറിയില്ലായിരുന്നു, ജോൺ വെളിപ്പെടുത്തുംവരെ....

അമ്പതു വയസ്സ് പ്രായമായി ആ പാട്ടിന്. അന്നത്തെ പത്തൊമ്പതുവയസ്സുകാരൻ ഇന്ന് സപ്തതിക്കരികെ. എങ്കിലും രൂപഭാവങ്ങളിൽ, പെരുമാറ്റത്തിൽ പഴയ കൗമാരക്കാരന്റെ ഊർജ്ജസ്വലത  ഇന്നും കാത്തുസൂക്ഷിക്കുന്നു ജോൺ സാമുവൽ. 

പ്രേംനസീറാണ് പടത്തിലെ കേന്ദ്ര കഥാപാത്രമായ ഒതേനന്റെ മകൻ അമ്പു. അമ്മയായ രാഗിണിയുടെ തണലിൽ പുറംലോകം കാണാതെ വളർന്ന അമ്പുവിന്റെ മനസ്സിലെ മോഹങ്ങളാണ്‌ ഈ പാട്ടിലുടനീളം. ഗുരുവായൂർ അമ്പലത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട യേശുദാസിനെ മനസ്സിൽ കണ്ട്‌ പ്രതിഷേധത്തോടെ എഴുതിയതാണ്  ആ പാട്ടെന്ന് ആയിടക്ക് കോട്ടയത്തെ സിനിമാമാസികയിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു അഭിമുഖത്തിൽ വയലാർ രാമവർമ്മ പറഞ്ഞതോർക്കുന്നു. യേശുദാസിന്റെ ക്ഷേത്രപ്രവേശനത്തിന്  വേണ്ടി സത്യാഗ്രഹം ഇരിക്കാൻ  വരെ മടിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു അക്കാലത്ത് മലയാളത്തിന്റെ പ്രിയ വിപ്ലവകവി.

അതെന്തായാലും ഒതേനന്റെ മകൻ എന്ന ചലച്ചിത്രത്തിന് അപ്പുറത്തേക്ക് വളർന്ന പാട്ടായിരുന്നു ഗുരുവായൂരമ്പല നടയിൽ. വയലാറിനും ദേവരാജനും യേശുദാസിനും നന്ദി. അതുപോലൊരു പാട്ടിന്റെ ഭാഗമായി മാറാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു  ജോൺ സാമുവൽ. ``ഇന്ന് ആ ഗാനരംഗം കാണുമ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ കയറിവരും. എത്ര മഹാരഥന്മാരുടെ കൂടെയാണ് അന്ന് ഫ്രെയിം പങ്കിട്ടതെന്ന് ഓർക്കുമ്പോഴേ രോമാഞ്ചമുണ്ടാകും. അന്നുണ്ടായിരുന്ന  പലരും ഇന്ന് ഒപ്പമില്ല. സംവിധായകൻ കുഞ്ചാക്കോ, ഛായാഗ്രാഹകൻ രാമചന്ദ്രമേനോൻ, തിരക്കഥാകൃത്ത് എൻ ഗോവിന്ദൻകുട്ടി, നസീർ സാർ, രാഗിണിയമ്മ, എസ് പി ആശാൻ.....എല്ലാവരും ദീപ്ത സ്മൃതികൾ.'' 1993 ലെ സന്തോഷ് ട്രോഫിക്കിടെ, എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ വെച്ചാണ് സ്പോർട്സ് ലേഖകനായ ജോൺ സാമുവലിനെ  ആദ്യം കണ്ടതും പരിചയപ്പെട്ടതും . ദൂരദർശനു വേണ്ടി ടൂർണ്ണമെന്റ് കവർ ചെയ്യാൻ എത്തിയതാണ് ജോൺ. ഞാനാകട്ടെ ഇന്ത്യൻ എക്സ്പ്രസിന് വേണ്ടി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യാനും.  അതേ വേദിയിൽ വെച്ച്  എന്നെ  ജീവിതത്തിലാദ്യമായി  ഒരു ദൃശ്യമാധ്യമ  അഭിമുഖത്തിന് നിയോഗിച്ചതും  ജോൺ സാമുവൽ തന്നെ.   ജോൺ സംവിധാനം ചെയ്യുന്ന ഇന്നലെയുടെ രോമാഞ്ചങ്ങൾ എന്ന പരമ്പരക്ക് വേണ്ടി  ഒളിമ്പ്യൻ ഒ  ചന്ദ്രശേഖരനെ ഇന്റർവ്യൂ ചെയ്തുകൊണ്ടായിരുന്നു  ടി വി ക്യാമറക്ക് മുന്നിൽ എന്റെ ``ജ്ഞാനസ്നാനം''.  ക്യാമറക്ക് മുന്നിലെ അരങ്ങേറ്റം അത്ര മോശമായിരുന്നില്ല എന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞപ്പോൾ സന്തോഷം തോന്നി; മനസ്സുകൊണ്ട് ജോൺ സാമുവലിന് നന്ദി പറഞ്ഞു.  താമസിച്ചിരുന്ന ഹോസ്റ്റലിൽ ടെലിവിഷൻ ഇല്ലാതിരുന്നതിനാൽ, കോഴിക്കോട് അൻസാരി പാർക്കിൽ ചെന്നാണ് ആദ്യ അഭിമുഖ സാഹസം സ്‌ക്രീനിൽ കണ്ടത് -- സന്ദർശകർക്കായി അവിടെ  സ്ഥാപിച്ചിരുന്ന ടി വിയിൽ. പാർക്കിലെ ശബ്ദബാഹുല്യത്തിൽ സംസാരം മുങ്ങിപ്പോയത് മറ്റൊരു രസകരമായ ഓർമ്മ. 

യാദൃച്ഛികമായാണ് ജോൺ സാമുവലിന്റെ ജീവിതത്തിലേക്ക് ``ഒതേനന്റെ മകനി''ലെ കണ്ണൻ  കടന്നുവന്നത്. ശാസ്താംകോട്ട ഡി ബി കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് അന്ന് ജോൺ. അത്യാവശ്യം എഴുത്തും നാടകാഭിനയവുമൊക്കെയുള്ള കാലം. സംസ്ഥാനാടിസ്ഥാനത്തിൽ നടന്ന ഇന്റർകൊളീജിയറ്റ് നാടകോത്സവത്തിൽ ജി ശങ്കരപ്പിള്ളയുടെ ബെഡ് നമ്പർ 15 എന്ന നാടകത്തിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് നേടിയ പയ്യനെ ഉദയായുടെ സ്ഥിരം കഥാകൃത്തായ ശാരംഗപാണി കണ്ണുവെക്കുന്നു. മധുവിൽ നിന്ന് ജോൺ അവാർഡ് സ്വീകരിക്കുന്ന ചിത്രം പത്രങ്ങളിലെല്ലാം അടിച്ചുവന്നിരുന്നു അതിനകം. പയ്യന് സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടോ എന്നറിയാൻ ശാരംഗപാണി ബന്ധപ്പെട്ടത് ശങ്കരപ്പിള്ളയെ. ഒരു പരീക്ഷണം നടത്തിനോക്കുന്നതിൽ എന്ത് തെറ്റ് എന്നായിരുന്നു നാടകഗുരുവിന്റെ ചോദ്യം. രണ്ടും കൽപ്പിച്ച് അങ്ങനെ ആലപ്പുഴ ഉദയ സ്റ്റുഡിയോയിലേക്ക് പുറപ്പെടുന്നു 19 കാരൻ ജോൺ.

മേക്കപ്പ് ടെസ്റ്റ് ആണ് ആദ്യം. കുഞ്ചാക്കോ, അപ്പച്ചൻ, സഹസംവിധായകരായ രഘുനാഥ്, സ്റ്റാൻലി ജോസ് എന്നിവരൊക്കെയുണ്ട് സ്ഥലത്ത്. ടെസ്റ്റിൽ ജയിച്ചുകയറിയപ്പോൾ ഒരു പ്രശ്നം. ഡിഗ്രി ഫൈനൽ പരീക്ഷ ദിവസങ്ങൾ മാത്രം അകലെയെത്തിനിൽക്കുന്നു. ഷൂട്ടിംഗ് ചിലപ്പോൾ നീണ്ടു പോയേക്കാം. അവിടെയും മാർഗദർശിയായത്  ശങ്കരപ്പിള്ള തന്നെ. കിട്ടിയ അവസരം പാഴാക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ``സ്റ്റുഡിയോ കോമ്പൗണ്ടിൽ  ഗോവിന്ദൻകുട്ടിയുടെ മുറിയിലാണ് ഞാൻ താമസം. പ്രശസ്തമായ നസീർ കോട്ടേജിന്റെ തൊട്ടടുത്ത്. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ പരീക്ഷക്ക് പഠിക്കാൻ എനിക്ക് സ്വാതന്ത്ര്യം  ലഭിച്ചിരുന്നു.  അമ്പുവിന്റെ അമ്മയുടെ തോഴിയായ കവിയൂർ പൊന്നമ്മയുടെ മകനാണ് സിനിമയിൽ ഞാൻ.  അമ്പുവിനെ കൊല്ലാൻ പഴുതുനോക്കി നടക്കുകയാണ്  കെ പി ഉമ്മറിൻറെ ചന്തൂട്ടി . ഉറങ്ങിക്കിടക്കുമ്പോൾ അമ്പുവിനെ കൊല്ലാനുള്ള ചന്തുവിന്റെ പ്ലാൻ ഒളിഞ്ഞുനിന്നു കേട്ട കണ്ണന്റെ മാതാപിതാക്കൾ അമ്പുവിനെ രക്ഷിക്കാനായി സ്വന്തം മകനെ ബലികൊടുക്കാൻ തയ്യാറാകുന്നു. അമ്പുവെന്നു കരുതി ചന്തു വെട്ടിക്കൊല്ലുന്നത് കണ്ണനെയാണ്. അങ്ങനെ അമ്പുവിന് വേണ്ടി രക്തസാക്ഷിയാകുകയാണ് എന്റെ കഥാപാത്രം.''- ജോൺ സാമുവൽ.

``ഗുരുവായൂരമ്പലനടയിൽ'' എന്ന പാട്ടിന്റെ ചിത്രീകരണം തുടങ്ങിയത് ഒരു ദിവസം കാലത്ത് പത്തു മണിക്കാണ്. എടുത്തുതീരുമ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞു. ഏറ്റവും അത്ഭുതപ്പെടുത്തിയത്  ഗായകനായുള്ള നസീർ സാറിന്റെ പകർന്നാട്ടം തന്നെ. ``പാട്ടിനൊത്ത് ചുണ്ടനക്കുമ്പോൾ  അദ്ദേഹം തന്നെ പാടുകയാണെന്നേ തോന്നൂ നമുക്ക്. അന്തം വിട്ട് അങ്ങനെ നോക്കിയിരുന്നു പോകും. മാത്രമല്ല അന്നത്തെ പ്രേംനസീർ അല്ലേ? സുന്ദരന്മാരിൽ സുന്ദരൻ. സിനിമയിൽ മാത്രം കണ്ടിട്ടുള്ള നസീർ സാറിനെ ഒന്ന് കാണാൻ പോലും ഭാഗ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ നമ്മൾ. അപ്പോഴാണ്   തൊട്ടടുത്തിരുന്ന് അഭിനയിക്കാനുള്ള അവസരം വീണുകിട്ടുന്നത്. ഇന്നും സ്വപ്നം പോലെ തോന്നും ആ നിമിഷങ്ങൾ..'' പുതുമുഖനടന് സിനിമയുടെ നോട്ടീസിലും മറ്റും നൽകിയിരുന്ന പേര് സണ്ണി. വീട്ടിൽ വിളിച്ചിരുന്ന പേര് മതി സിനിമയിലും എന്ന് നിശ്ചയിച്ചത് കുഞ്ചാക്കോ തന്നെ.. 

യേശുദാസിനെയും വയലാറിനെയും ഷീലയേയും  ആദ്യമായി നേരിൽ കണ്ടത് ഉദയായിൽ വെച്ചാണ്. ``മംഗലംകുന്നിലെ മാൻപേടയോ എന്ന പാട്ടിന്റെ സീനിൽ നസീർ സാറിനും ഷീലാമ്മയ്ക്കുമൊപ്പം ഞാനും ഉണ്ടാവേണ്ടതായിരുന്നു. എന്തുചെയ്യാം, പരീക്ഷ കാരണം നേരത്തെ ഷൂട്ടിംഗ് തീർത്തു മടങ്ങേണ്ടിവന്നു എനിക്ക്.''-- ജോൺ ഓർക്കുന്നു.  ഒതേനന്റെ മകനിലെ പാട്ടുകൾ ഒന്നൊഴിയാതെ ഹിറ്റായി. ഇന്നുമുണ്ട് അവയ്ക്ക് ആരാധകർ: കദളീവനങ്ങൾക്കരികിലല്ലോ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, വെള്ളോട്ടു വളയിട്ടു, രാമായണത്തിലെ സീത....
ഉദയാ ചിത്രത്തിലെ  കൊച്ചു വേഷത്തിൽ നിന്ന് തുടങ്ങിയ ജോൺ സാമുവൽ മലയാളത്തിലെ സീരിയസ് സിനിമയുടെ ഭാഗമായി മാറിയത് പിൽക്കാല ചരിത്രം. യാഗം, ശേഷക്രിയ, എലിപ്പത്തായം, മുഖാമുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ. ശ്രീകുമാരൻ തമ്പിയുടെ ``ഇടിമുഴക്ക''ത്തിലെ അഞ്ചു നായകരിൽ ഒരാളായിരുന്നു ജോൺ -- ജയൻ, രതീഷ്, ലാലു അലക്സ്, ജനാർദ്ദനൻ എന്നിവർക്കൊപ്പം.  

ഇടക്കൊക്കെ ഇപ്പോഴും വെള്ളിത്തിരയിൽ മിന്നിമറയുന്നു ജോൺ. ചിലപ്പോൾ മിനിസ്ക്രീനിലും. എങ്കിലും എഴുത്ത് തന്നെ മുഖ്യ തട്ടകം. അടുത്ത ദിവസം സംസ്ഥാന സ്‌കൂൾ കായികമേളയിലെ മാധ്യമ അവാർഡ് നിർണ്ണയ ജൂറിയിൽ ഒപ്പമിരുന്നപ്പോൾ  കളിയെഴുതി നടന്ന ആ കാലം വീണ്ടും ഓർമ്മവന്നു. ഓടക്കുഴൽ വായിക്കുന്ന ആ കൗമാരക്കാരനെയും...``രാഗമരാളങ്ങൾ ഒഴുകിവരും രാവൊരു യമുനാ നദിയാകും, നീലക്കടമ്പുകൾ താനേ പൂക്കും താലവൃന്ദം വീശും പൂന്തെന്നൽ താലവൃന്ദം വീശും.... ''

Content Highlights : othenante makan Movie song Guruvayoor Ambala Nadayil John Samuel

PRINT
EMAIL
COMMENT
Next Story

``ഞാനുറങ്ങാൻ പോകും മുൻപായ്.. നിനക്കേകുന്നിതാ നന്ദി നന്നായ്''

മുപ്പതു വർഷം കടന്നുപോയി എന്ന് വിശ്വസിക്കാൻ വയ്യ. കളമശേരി സെന്റ് പോൾസ് കോളേജിനടുത്തുള്ള .. 

Read More
 

Related Articles

ഇല്ല…ദേവാങ്കണങ്ങൾ കയ്യൊഴിയില്ല ഈ താരകത്തെ 
Movies |
Movies |
' രാസാത്തീ , നീ റൊമ്പ നന്നായി പാടിയിരിക്ക് ''
Movies |
മുകേഷ്ജിയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ റേഡിയോക്ക് മുന്നില്‍ തപസ്സിരുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്‍
Books |
ആരാധന തീര്‍ന്നു നടയടച്ചു, ആല്‍ത്തറ വിളക്കുകള്‍ കണ്ണടച്ചു..
 
  • Tags :
    • Ravi Menon
    • Paattuvazhiyorathu
More from this section
kaithapram
ഇല്ല…ദേവാങ്കണങ്ങൾ കയ്യൊഴിയില്ല ഈ താരകത്തെ 
KS Chithra
' രാസാത്തീ , നീ റൊമ്പ നന്നായി പാടിയിരിക്ക് ''
chndrasekhar & mukesh
മുകേഷ്ജിയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ റേഡിയോക്ക് മുന്നില്‍ തപസ്സിരുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്‍
KJ Yesudas singer Birthday special evergreen songs Malayala Cinema
യേശുദാസിനെ തളര്‍ത്തിയ സൗണ്ട് എഞ്ചിനീയര്‍
Yesudas
സംവിധായകനാകാൻ മോഹിച്ച യേശുദാസും ഉപേക്ഷിക്കപ്പെട്ട പ്രിയസഖിക്കൊരു ലേഖനവും ശ്രുതിലയവും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.