മുപ്പതു വർഷം കടന്നുപോയി എന്ന് വിശ്വസിക്കാൻ വയ്യ. കളമശേരി സെന്റ് പോൾസ് കോളേജിനടുത്തുള്ള  വീടിന്റെ മുകൾ നിലയിലെ മ്യൂസിക് റൂമിൽ  പ്രിയപ്പെട്ട സിത്താർ നെഞ്ചോടടുക്കി ജോബേട്ടൻ. സ്നേഹവാത്സല്യങ്ങൾ ആവോളം ചാലിച്ചുചേർത്ത്  ഗ്രേസി ചേച്ചി പകർന്നുനൽകിയ മുന്തിരി വീഞ്ഞ് മൊത്തിക്കുടിച്ചുകൊണ്ട്  മുന്നിൽ ഞാൻ. 

``അല്ലിയാമ്പൽ കടവിൽ'' എന്ന ഒരൊറ്റ പാട്ടുകൊണ്ട് മലയാളിയുടെ സംഗീതഹൃദയങ്ങൾ മുഴുവൻ കീഴടക്കിയ പ്രിയപ്പെട്ട കെ.വി ജോബ് മാസ്റ്റർ, എന്റെ പ്രിയപ്പെട്ട  ജോബേട്ടൻ, അന്നാണ് വലിയൊരു ഇടവേളക്ക് ശേഷം സിത്താർ  മീട്ടിയത്;  സ്‌നേഹപൂർണമായ  നിർബന്ധത്തിന് വഴങ്ങിക്കൊണ്ട്.  ശാരീരീകമായ അവശതകൾ പോലും മറന്ന്   ഹിന്ദിയിലെ പ്രശസ്തഗാനങ്ങളും ആഹിർ ഭൈരവ് പോലുള്ള ഇഷ്ടരാഗങ്ങളും ആസ്വദിച്ചു വായിച്ചു കേൾപ്പിച്ചു അദ്ദേഹം. ``വിരലുകൾ പഴയ പോലെ സിത്താർ തന്ത്രികൾക്ക് വഴങ്ങില്ല എന്ന് തോന്നിയിരുന്നു. പക്ഷേ വായിച്ചു തുടങ്ങിയപ്പോൾ എങ്ങുനിന്നോ ഒരു ആത്മവിശ്വാസം വീണുകിട്ടിയപോലെ...''  ജോബേട്ടൻ പറഞ്ഞു. 
സിനിമാലോകത്ത് കണ്ടുമുട്ടിയ ഏറ്റവും നന്മ നിറഞ്ഞ മനുഷ്യരിലൊരാളാണ്  ജോബ് മാസ്റ്റർ എന്ന് പറഞ്ഞിട്ടുണ്ട് യേശുദാസ്. കോവിഡ് കാലത്തെ ഈ ക്രിസ്‌മസ്‌ വേളയിൽ, സുഹൃത്തായ ജോർജ്ജ് മാസ്റ്ററോടൊപ്പം ജോബേട്ടൻ  സമ്മാനിച്ച ആ ഹൃദയസ്പർശിയായ സ്തുതിഗീതം ഓർക്കാതിരിക്കുന്നതെങ്ങനെ?: ``ഞാനുറങ്ങാൻ പോകും മുൻപായ്  നിനക്കേകുന്നിതാ നന്ദി നന്നായ്'' ... 
----------------------------------------------------
ഒരു ഈസ്റ്ററിന്റെ തലേന്നാണ്  ജോബ് മാഷിനെ കണ്ടത് --  ചെറിയൊരു ഇടവേളക്ക് ശേഷം. കളമശ്ശേരി സെൻറ് പോൾസ് കോളേജിനടുത്തുള്ള  മാഷിന്റെ ``അജയ്'' എന്ന കൊച്ചു വീട്ടിൽ കയറിച്ചെന്നപ്പോൾ ചുറ്റുമുള്ള ആഘോഷാരവങ്ങൾക്കിടയിൽ  നിശബ്ദനായി, മ്ലാനവദനനായി ഇരിക്കുന്നു ``അല്ലിയാമ്പൽ കടവിലി''ന്റെ സംഗീത സംവിധായകൻ.

``രവി വരുന്നതും കാത്തിരിക്കുകയാ കാലത്ത് മുതൽ. എന്തോ സീരിയസ് ആയ കാര്യം പറയാനുണ്ടത്രേ,''-- ഗ്രേസ് എന്ന ഞങ്ങളുടെ ഗ്രേസിച്ചേച്ചി -- ജോബ് മാഷിന്റെ കണ്ണൂർക്കാരിയായ പ്രിയപത്നി -- ചിരിച്ചുകൊണ്ട് പറഞ്ഞു. ``എന്തെന്ന് ചോദിച്ചാൽ മാസ്റ്റർ പറയില്ല. നേരിട്ടേ പറയൂ എന്ന വാശിയിലാണ്..''

നിഷ്കളങ്കമായ ആ പതിവു കുസൃതിച്ചിരിക്ക് പകരം നേർത്തൊരു ഗൗരവം  മാഷിന്റെ മുഖത്ത്. ആ ഭാവത്തിൽ അപൂർവമായേ കണ്ടിട്ടുള്ളു അദ്ദേഹത്തെ. അടുത്തു ചെന്നപ്പോൾ സ്നേഹപൂർവ്വം കൈ പിടിച്ച് തൊട്ടടുത്തിരുത്തി മാഷ് പറഞ്ഞു: ``ഇതെങ്ങനെ പറയണം എന്നെനിക്ക് അറിയില്ല. പറയാമോ എന്നും അറിയില്ല. നമ്മുടെ സ്വന്തം കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ...'' ചുരുങ്ങിയ വാക്കുകളിലുള്ള ആ ആമുഖം കേട്ട് ഒന്നും പിടികിട്ടാതെ  മിഴിച്ചിരുന്നു ഞാൻ.

njan urangan pokum munpai Thommante Makkal 1965 Movie song paatuvazhiyorathu

കഥ ഇങ്ങനെ:  മാസങ്ങൾക്ക് മുൻപ്  മാക്ട  കോഴിക്കോട്ട് സംഘടിപ്പിച്ച ബാബുരാജ് സംഗമം എന്ന മെഗാ സംഗീത പരിപാടിയിൽ ``തൊമ്മന്റെ മക്കൾ'' എന്ന ചിത്രത്തിലെ ``ഞാനുറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്'' എന്ന വിഖ്യാത ക്രിസ്തീയ ഭക്തിഗാനവും ഉൾപ്പെടുത്തിയിരുന്നു. ബാബുരാജിന്റെ സംഗീത സൃഷ്ടി എന്ന പേരിലാണ് ജാനകി പാടിയ ആ ഗാനം പരിപാടിയിൽ അവതരിപ്പിച്ചത്. ആയിടെ പുറത്തിറങ്ങിയ ബാബുരാജ് സംഗമത്തിന്റെ  ഓഡിയോ കാസറ്റിലും കേട്ടു  അതേ ഗാനം. ആരോ കാസറ്റ് വാങ്ങിക്കൊണ്ടുവന്നു  കേൾപ്പിച്ചു കൊടുത്തപ്പോൾ  ജോബ് മാഷ് ഞെട്ടിപ്പോയി.

ഞെട്ടലിന്റെ കാരണം ലളിതം: ``ഞാനുറങ്ങാൻ പോകും മുൻപായ് '' എന്ന പാട്ടിന്റെ ശിൽപ്പി ബാബുരാജല്ല; ജോബ് ആൻഡ് ജോർജ്ജ് സഖ്യമാണ്. ``സ്വർഗ്ഗ സന്ദേശം'' എന്ന ഗാനസമാഹാരത്തിന് വേണ്ടി വർഗീസ് മാളിയേക്കൽ രചിച്ച് ജോബും ജോർജ്ജും ചേർന്ന് സ്വരപ്പെടുത്തിയ  ഈ ഭക്തി ഗാനം, ``തൊമ്മന്റെ മക്കളി''ൽ ഉൾപ്പെടുത്തിയത്   സംവിധായകൻ ശശികുമാറിന്റെയും തിരക്കഥാകൃത്ത് പി ജെ ആന്റണിയുടേയും  ആഗ്രഹപ്രകാരമായിരുന്നു. പടത്തിലെ മറ്റു പാട്ടുകൾ എല്ലാം ഒരുക്കിയത് വയലാർ - ബാബുരാജ് ടീം ആയതുകൊണ്ടാവണം, ഈ പാട്ടിന്റെ പിതൃത്വവും ബാബുരാജിൽ ചെന്നുചേർന്നത്. എങ്കിലും സിനിമയുടെ ടൈറ്റിലിൽ  ``പ്രാർത്ഥനാഗാനം: മാളിയേക്കൽ -- ജോബ് ആൻഡ് ജോർജ്ജ്'' എന്ന് വ്യക്തമായി രേഖപ്പെടുത്താൻ മറന്നിട്ടില്ല സംവിധായകൻ.
  

``നമ്മളൊക്കെ ആദരിക്കുന്ന മഹാനായ സംഗീത സംവിധായകനാണ് ബാബുരാജ്. എത്രയോ അനശ്വര ഗാനങ്ങൾ സമ്മാനിച്ച പ്രതിഭ.  മറ്റാരോ സൃഷ്ടിച്ച ഗാനത്തിന്റെ പിന്തുണ  വേണ്ടല്ലോ ആ വലിയ കലാകാരന്റെ  മഹത്വം അളക്കാൻ. ഇതറിഞ്ഞാൽ ഏറ്റവുമധികം വേദനിക്കുക അദ്ദേഹത്തിന്റെ മനസ്സായിരിക്കും.''-- ജോബ് മാഷ് പറഞ്ഞു.  

സംഘാടകരുടെ നോട്ടപ്പിശക് കൊണ്ട് സംഭവിച്ചതെങ്കിലും തെറ്റ് തെറ്റ് തന്നെ.  അതവർ  തിരുത്തിയേ പറ്റൂ. പിറ്റേന്നത്തെ പത്രത്തിൽ  മാക്ട്യ്ക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് എഴുതുകയായിരുന്നു മുന്നിലുള്ള ഏക പോംവഴി. ആ വാർത്ത കൊണ്ട് ഏതായാലും ഗുണമുണ്ടായി. അടുത്ത ദിവസം  തന്നെ  മാക്ടയുടെ ഭാരവാഹികൾ  മാഷിനെ വിളിച്ച് പറ്റിയ തെറ്റിന് ക്ഷമ ചോദിച്ചു. ഇനിയിറങ്ങുന്ന  ഓഡിയോ ആൽബങ്ങളിൽ നിന്ന് ആ പാട്ട് എടുത്തുമാറ്റാമെന്ന്  ഉറപ്പു നൽകി. നെഞ്ചിൽ നിന്ന് ഒരു ഭാരം ഇറക്കിവെച്ച പോലെ തോന്നിയിരിക്കണം ജോബ് മാഷിന്. നന്ദി പറയാൻ ഫോൺ ചെയ്ത  മാഷിന്റെ വികാരഭരിതമായ ശബ്ദത്തിൽ നിന്ന് ആ മനസ്സ്  വായിച്ചെടുക്കാമായിരുന്നു എനിക്ക്. നഷ്ടപ്പെട്ടുവെന്ന് കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ  ഒരച്ഛന്റെ ആഹ്ളാദമുണ്ടായിരുന്നു ആ വാക്കുകളിൽ...
ജീവിതത്തിലെ  ഈ കടുത്ത പരീക്ഷണഘട്ടത്തിലും , എത്രയോ സാധാരണ മനുഷ്യരുടെ മനസ്സുകളെ കൃതജ്ഞതാനിർഭരമാക്കുന്നു  ആ കൊച്ചു പ്രാർത്ഥനാഗീതം. എത്ര ലളിതസുന്ദരമാണ് വർഗീസ് മാളിയേക്കലിന്റെ  വരികൾ. എത്ര ഭാവപൂർണ്ണമാണ് എസ് ജാനകിയുടെ  ആലാപനം...
``ഞാനുറങ്ങാൻ പോകും മുൻപായ്.. 
നിനക്കേകുന്നിതാ നന്ദി നന്നായ്, 
ഇന്നു നീ കാരുണ്യപൂർവം തന്ന 
നന്മകൾക്കൊക്കെയ്ക്കുമായി..
``നിന്നാഗ്രഹത്തിന്നെതിരായ് ചെയ്തോരെൻ 
കൊച്ചു പാപങ്ങൾ പോലും 
എൻ കണ്ണുനീരിൽ കഴുകി മേലിൽ 
പുണ്യപ്രവൃത്തികൾ ചെയ്യാൻ.
ഞാനുറങ്ങീടുമ്പോഴെല്ലാം 
എനിക്കാനന്ദ നിദ്ര  നൽകേണം
രാത്രി മുഴുവനുമെന്നെ 
നോക്കി കാത്തുസൂക്ഷിക്കുക വേണം.''

ജോബേട്ടൻ ഇന്നില്ല. പക്ഷേ സൗമ്യമധുരമായ ആ ചിരിയും പതിഞ്ഞ സംസാരവും സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ പെരുമാറ്റവും  മങ്ങാതെ നിൽക്കുന്നു ഓർമ്മയിൽ -- അദ്ദേഹം ചിട്ടപ്പെടുത്തി അനശ്വരമാക്കിയ ``അല്ലിയാമ്പൽ കടവിൽ'' എന്ന ഗാനത്തെ പോലെ. യുവ സംഗീത സംവിധായകനായ മകൻ അജയ് ജോസഫിലൂടെ മാഷിന്റെ  സംഗീത പാരമ്പര്യം പിൻ തലമുറയിലേക്ക് നീളുന്നത് കാണുമ്പോൾ അനൽപ്പമായ ആഹ്‌ളാദം.  ഇനിയും വിടരട്ടെ അല്ലിയാമ്പലുകൾ.....

Content Highlights: njan urangan pokum munpai Thommante Makkal 1965 Movie song paatuvazhiyorathu