''വെള്ളവസ്ത്രത്തിന്നുജാല നല്‍കിടുന്നോരാതിരാ തിങ്കളിന്‍ വെണ്മ പോലെ....''. 1980 കളില്‍ കേരളത്തിലെ റേഡിയോ നിലയങ്ങള്‍ നിരന്തരം പ്രക്ഷേപണം ചെയ്തു ജനപ്രിയമാക്കിയ ഈ പരസ്യഗീതം രചിച്ചത് തൃശൂര്‍ക്കാരനായ കുട്ടിശങ്കര മേനോനും ചിട്ടപ്പെടുത്തിയത് പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരന്‍ കൂടിയായ ഗായകന്‍ സുകുമാരവാര്യരും ആണെന്ന് എത്ര പേര്‍ക്കറിയാം?. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടിശ്ശങ്കര മേനോന്‍ കവിതാരചനയും നാടകമെഴുത്തും ഒക്കെയായി ചെറുപ്പം മുതലേ സാഹിത്യരംഗത്തുണ്ട്.

ഖാദി ബോര്‍ഡിലെ ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷമായിരുന്നു പരസ്യ മേഖലയിലേക്കുള്ള മേനോന്റെ ചുവടുവെപ്പ്. കുറച്ച് കാലം വാസു പ്രദീപിന്റെ പ്രദീപ് ആര്‍ട്‌സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചശേഷം അമ്പിളിക്കല എന്ന പേരില്‍ സ്വന്തമായി ഒരു പരസ്യ ഏജന്‍സിക്ക് രൂപം നല്‍കി അദ്ദേഹം. ഉജാലയുടെ മലയാളിത്തം നിറഞ്ഞ പരസ്യങ്ങളുടെയെല്ലാം മുഖ്യശില്പി മേനോനായിരുന്നു. ''1981 ലോ 82 ലോ കോട്ടക്കല്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ ഒരു നാടക റിഹേഴ്‌സല്‍ ക്യാമ്പിനിടെയാണ് മേനോനെ ആദ്യം കാണുന്നത്. ആ തിരക്കിനിടയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം കുറിച്ച് തന്നതാണ് വെള്ള വസ്ത്രത്തിന്നുജാല എന്ന് തുടങ്ങുന്ന നാല് വരി പദ്യം. അവിടെ വച്ചു തന്നെ തന്നെ ഞാന്‍ അത് ചിട്ടപ്പെടുത്തുകയും ചെയ്തു.

മച്ചാട്ട് വാസന്തിയുടെയും മറ്റും ശബ്ദത്തില്‍ റേഡിയോയില്‍ വന്നു തുടങ്ങിയതോടെ ആ പരസ്യത്തിനു ഉണ്ടായ ജനപ്രീതി അത്ഭുതകരമായിരുന്നു. കേരളീയ കലാപാരമ്പര്യത്തില്‍ അടിയുറച്ചു നില്‍ക്കുന്നതായിരിക്കണം ജിംഗിളിന്റെ വരികളും ഈണവും എന്ന കാര്യത്തില്‍ എന്നും നിര്‍ബന്ധം പിടിച്ച ആളാണ് മേനോന്‍,'' തിരുവനന്തപുരത്തെ കോട്ടക്കല്‍ ആര്യവൈദ്യശാല ബ്രാഞ്ചില്‍ ചീഫ്  ഫിസിഷ്യനായ ഡോ സുകുമാര വാര്യര്‍ പറയുന്നു.  മലയാളിത്തം നിറഞ്ഞ പല പരസ്യങ്ങള്‍ക്കും പിന്നിലെ  അദൃശ്യസാന്നിധ്യമായിരുന്ന കുട്ടിശ്ശങ്കര മേനോന്‍ ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്‍പാണ് ഓര്‍മയായത്.

ഉജാലയുടെ പരസ്യ സൃഷ്ടിയുമായി ബന്ധപ്പെട്ടു കൌതുകമുള്ള മറ്റൊരു ഓര്‍മ കൂടി പങ്ക് വെക്കുന്നുസുകുമാര വാര്യര്‍!. സോപാനസംഗീതാചാര്യന്‍ ഞരളത്ത് രാമപ്പൊതുവാള്‍ ജീവിതത്തില്‍ ആദ്യമായി ഒരു പരസ്യ ജിംഗിളിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക വായിക്കാന്‍ എത്തിയ കഥ. കുമ്മിയുടെ മാതൃകയില്‍ വാര്യര്‍ ചിട്ടപ്പെടുത്തിയ ''തൂവെള്ള പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍ വെള്ളയുടുപ്പിന്നുജാല തന്നെ'' എന്ന ജിംഗിളിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്കയുടെ നാദം നന്നായിരിക്കും എന്ന ആശയം കുട്ടിശ്ശങ്കര മേനോന്റെതായിരുന്നു. ''കുട്ടിക്കാലം മുതലേ ഞരളത്തിനെ അറിയാം എനിക്ക്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. കോട്ടക്കല്‍ വന്നാല്‍ കൈലാസ മന്ദിരത്തിലെ ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ എന്റെ ഒപ്പമാണ് താമസിക്കുക. പാട്ടും നേരമ്പോക്കുകളും ഇടയ്ക്ക വായിക്കലും ഒക്കെ ചേര്‍ന്നു അവിസ്മരണീയമാക്കിയ രാത്രികള്‍. സഹോദര നിര്‍വിശേഷമായ വാത്സല്യമായിരുന്നു എന്നോട് അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ തെല്ല് സങ്കോചത്തോടെയാണ് പരസ്യത്തിനു അകമ്പടി സേവിക്കാന്‍ വിരോധമുണ്ടോ എന്ന് ആരാഞ്ഞത്. പക്ഷെ പൂര്‍ണ മനസ്സോടെയായിരുന്നു ഞരളത്തിന്റെ പ്രതികരണം,'' സുകുമാര വാര്യര്‍ ഓര്‍ക്കുന്നു.

Neralattu Rama Poduval
പരസ്യഗാനത്തിന്റെ ചിത്രീകരണത്തിനിടെ ഞരളത്ത്

കോഴിക്കോട് കല്ലായി റോഡില്‍ അന്നുണ്ടായിരുന്ന ബാലന്റെ സ്റ്റുഡിയോയില്‍ ഇടയ്ക്കയുമായി കാലത്തേ ഹാജരായ ഞരളത്തിന്റെ ചിത്രം വാര്യര്‍ മറന്നിട്ടില്ല. വന്നത് ഷര്‍ട്ടും മുണ്ടും അണിഞ്ഞാണെങ്കിലും സ്റ്റുഡിയോവില്‍ പ്രവേശിച്ചു ഇടയ്ക്ക ചുമലില്‍ തൂക്കിയതോടെ ഷര്‍ട്ട് അപ്രത്യക്ഷമായി. അതുവരെ ചെയ്തു പരിചയിച്ചിട്ടില്ലാത്ത ഒരു പ്രവൃത്തി ചെയ്യുന്നതിന്റെ പരിഭ്രമം അദ്ദേഹത്തിന്റെ മുഖത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. റെക്കോര്‍ഡിംഗിന്റെ രീതികളുമായി പൊരുത്തപ്പെടാന്‍ ഏറെ പ്രയാസപ്പെട്ടു അദ്ദേഹം. സ്റ്റാര്‍ട്ട് പറയുമ്പോള്‍ വായന തുടങ്ങുക, സ്റ്റോപ്പ് പറയുമ്പോള്‍ സ്വിച്ചിട്ട പോലെ നിര്‍ത്തുക, ക്ലിപ്ത സമയത്തിനുള്ളില്‍ കൃത്യമായ ടെമ്പോ പിന്തുടര്‍ന്ന് വായിക്കുക മനോധര്‍മ പ്രകടനത്തിന്റെ ആശാന്‍ ആയിരുന്ന ഞരളത്തിനു പൊരുത്തപ്പെടാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല ഇതൊന്നും.

റെക്കോര്‍ഡിംഗ് നീണ്ടുപോയപ്പോള്‍ വാര്യരെ അടുത്തു വിളിച്ചു അദ്ദേഹം പതുക്കെ പറഞ്ഞു: ''ഇതിപ്പോ എന്നെ കൊണ്ട് നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടായി ന്നാ തോന്നണേ. എന്നെ വിളിച്ചൂന്നു വെച്ചിട്ടു വെഷമം വേണ്ട. വേറെ ആരെയെങ്കിലും വിളിച്ചു ചെയ്യിച്ചോളൂ ട്ട്വോ. എനിക്ക് ഒരു വിരോധവും ഇല്ല്യ.'' നിര്‍മലമായ ആ മനസ്സ് ആ വാക്കുകളില്‍ നിന്നു വായിച്ചെടുക്കാമായിരുന്നു. എന്തായാലും ഞരളത്തിന്റെ ഇടക്ക തന്നെ പശ്ചാത്തലത്തില്‍ വേണം എന്ന തീരുമാനം മാറ്റാന്‍ ഒരുക്കമായിരുന്നില്ല സുകുമാര വാര്യരും കുട്ടിശ്ശങ്കര മേനോനും!. റെക്കോര്‍ഡിംഗ് തീര്‍ന്നപ്പോഴേക്കും വൈകുന്നേരമായി എന്ന് മാത്രം. ''പൂര്‍ണ സംതൃപ്തിയോടെയാണ് ഞങ്ങള്‍ സ്റ്റുഡിയോ വിട്ടത്. അത്രയും ഗംഭീരമായിരുന്നു ഞരളത്തിന്റെ പ്രകടനം. അദ്ദേഹത്തെ ദിവസം മുഴുവന്‍ ബുദ്ധിമുട്ടിച്ചതിലേ ഉണ്ടായിരുന്നുള്ളൂ ഞങ്ങള്‍ക്ക് വിഷമം.''

(രവിമേനോന്റെ ''പാട്ടെഴുത്ത്'' കോളത്തില്‍ നിന്ന്)