''ആപാട്ടൊന്ന് പാടിത്തരുമോ?'' ചോദ്യം കേട്ട് പകച്ചുപോയിരിക്കണം 65 കാരിയായ  വീട്ടമ്മ. കുറച്ചു നേരം മിണ്ടാതെ നിന്ന ശേഷം ക്ഷമാപണസ്വരത്തില്‍  അവര്‍ പറഞ്ഞു:  ''വരികളും ഈണവും ശരിക്ക് ഓര്‍മ്മവരുന്നില്ല. വര്‍ഷം കുറെയായില്ലേ? എങ്കിലും ശ്രമിച്ചുനോക്കാം. തെറ്റിപ്പോയാല്‍ പൊറുക്കണം...''  നാലര പതിറ്റാണ്ടു മുന്‍പ് താന്‍ റെക്കോര്‍ഡ് ചെയ്ത പാട്ടിന്റെ വരികള്‍ ഓര്‍മ്മയില്‍ നിന്ന് വീണ്ടെടുത്ത് ഫോണിലൂടെ പതുക്കെ പാടിക്കേള്‍പ്പിക്കുന്നു  ഷൈല സതീഷ്: ''വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം, വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം, നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു...'' 

സിനിമക്ക് വേണ്ടി ആദ്യമായും അവസാനമായും പാടി റെക്കോര്‍ഡ് ചെയ്ത പാട്ട്  ഇത്ര കാലത്തിനു ശേഷം വീണ്ടും പാടുമ്പോള്‍ എന്തെന്തു  വികാരങ്ങളാകും ആ മനസ്സിനെ വന്നു മൂടിയിരിക്കുക എന്നോര്‍ക്കുകയായിരുന്നു ഞാന്‍. എത്രയെത്ര മുഖങ്ങളാകും ആ പാട്ടിനൊപ്പം ഗായികയുടെ ഓര്‍മ്മയില്‍ തെളിഞ്ഞിരിക്കുക? പല്ലവി പാടിനിര്‍ത്തിയ ശേഷം പഴയ മേരി ഷൈല (ഇന്ന് ഷൈല സതീഷ്) പറഞ്ഞു: ''ഇരുപതാം വയസ്സില്‍ പാടിയ പാട്ടല്ലേ? വരികളൊക്കെ മറന്നുതുടങ്ങി. കാറ്റു വിതച്ചവന്‍ എന്ന സിനിമയുടെ സംവിധായകന്‍ റവ. സുവിശേഷമുത്തു, സംഗീത സംവിധായകരായ പീറ്റര്‍  രൂബന്‍, ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍, ആര്‍ കെ ശേഖര്‍, ഗായകന്‍ ജെ എം രാജു... ഇവരൊക്കെ റെക്കോര്‍ഡിംഗിന് ഭരണി സ്റ്റുഡിയോയില്‍ എത്തിയിരുന്നു എന്നാണു ഓര്‍മ്മ. പാട്ട് കേട്ട് അഭിനന്ദിച്ചു എല്ലാവരും. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വലിയ സന്തോഷം തോന്നി...'' പക്ഷേ പിന്നീടൊരിക്കലും സിനിമയിലേക്ക് തിരിച്ചുചെന്നില്ല ഷൈല. തന്റെ  ജീവിതത്തിലെ അടഞ്ഞ അധ്യായമാണ് സിനിമക്കാലമെന്നു പറയും അവര്‍. ''ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു നാള്‍ സിനിമയില്‍ പാടിയത്. ഒരിക്കലും അതൊരു ഉപജീവനമാര്‍ഗമാക്കണം എന്ന് ആലോചിച്ചിട്ടില്ല.  ഇന്നും കുറേപ്പേര്‍ എന്റെ പാട്ട് ഓര്‍ത്തിരിക്കുന്നു എന്നതുതന്നെ അത്ഭുതകരമായ അറിവാണെനിക്ക്.'' ഷൈല.

ആഴ്ചകള്‍ക്ക് മുന്‍പ് ''വാഴ്ത്തുന്നു ദൈവമേ'' എന്ന പാട്ടിനെ കുറിച്ചെഴുതുമ്പോള്‍, അത് പാടിയ ഗായികയെ  കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. ഏറ്റവുമടുപ്പമുണ്ടായിരുന്നവര്‍ക്കു പോലും അറിയില്ലായിരുന്നു പഴയ പാട്ടുകാരി ഇപ്പോള്‍ എവിടെയാണെന്ന്. 1970 കളുടെ ഒടുവില്‍ സഹപ്രവര്‍ത്തകന്‍ സതീഷിന്റെ ജീവിതപങ്കാളിയായി ക്രിസ്ത്യന്‍ ആര്‍ട്‌സിനോട് വിടപറഞ്ഞ ശേഷം ചെന്നൈയില്‍ നിന്ന് അപ്രത്യക്ഷയായതാണ് ഷൈല. ''തിരുപ്പൂരില്‍ കുടുംബസമേതം താമസിക്കുകയാണെന്ന് കേട്ടിരുന്നു കുറച്ചുകാലം മുന്‍പ്. ഇപ്പോള്‍ എവിടെ എന്ന് പിടിയില്ല.'' ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ സുവര്‍ണ്ണ കാലത്ത് റേഡിയോ സിലോണിലെ ഏറ്റവും പ്രശസ്ത ഗായക ശബ്ദമായിരുന്ന ജെ എം രാജു പറഞ്ഞു. രാജുവിനെ പോലെ ദീര്‍ഘകാലം ഷൈലയുടെ സമകാലീനനായിരുന്ന പൂവച്ചല്‍ ഖാദറിനും ഉണ്ടായിരുന്നില്ല ഗായികയുടെ പില്‍ക്കാല ജീവിതത്തെ കുറിച്ചുള്ള വിവരം. സംഗീത വേദികളിലൊന്നും പിന്നീടവരുടെ പേര് പരാമര്‍ശിച്ചു കേട്ടിട്ടില്ല. വിജ്ഞാന ഭണ്ഡാരമായി വാഴ്ത്തപ്പെടുന്ന ഇന്റര്‍നെറ്റില്‍ പോലുമില്ല ഷൈലയുടെ ജീവിതരേഖ; പേരിനൊരു ഫോട്ടോ പോലും. ഇത്രയും വലിയൊരു ഹിറ്റ് ഗാനം മലയാളികള്‍ക്ക് സമ്മാനിച്ച് കടന്നുപോയ പാട്ടുകാരി എവിടെ പോയി മറഞ്ഞിരിക്കണം? കൗതുകവും ദുരൂഹതയും നിറഞ്ഞ  ചോദ്യം.

shyla
നീയെന്റെ പ്രാര്‍ത്ഥന കേട്ടു എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ്. ഇടത്തുനിന്ന് നാലാമത് ഷൈല. പൂവച്ചല്‍ ഖാദര്‍, പീറ്റര്‍, രൂബന്‍, ആര്‍ കെ ശേഖര്‍, റെക്കോര്‍ഡിസ്റ്റ് കണ്ണന്‍ തുടങ്ങിയവര്‍ സമീപം.

ബംഗളൂരുവില്‍ ലിംഗരാജപുരത്ത് ഭര്‍ത്താവ് സതീഷിനൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഷൈലയെ ഒടുവില്‍ കണ്ടെത്തിയത് ഫേസ്ബുക്കിന്റെ സഹായത്തോടെയാണ്. മകള്‍ സഞ്ജന സതീഷ് യൂട്യൂബില്‍ അമ്മയുടെ പാട്ടിനെ കുറിച്ച് പോസ്റ്റ് ചെയ്ത ഒരു കമന്റ്റില്‍ നിന്നായിരുന്നു  അന്വേഷണത്തിന്റെ തുടക്കം. ഫേസ്ബുക്കില്‍  കണ്ടുമുട്ടിയപ്പോള്‍ സഞ്ജന പറഞ്ഞു: ''അമ്മക്ക് സന്തോഷമാകും. മറന്നുതുടങ്ങിയ ആ കാലത്തെ കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിച്ചുകേള്‍ക്കാറുണ്ട് അവര്‍..'' മൂന്നു പെണ്‍മക്കളാണ് സതീഷ്  ഷൈല ദമ്പതിമാര്‍ക്ക് സുകന്യ, സഞ്ജന, ശരണ്യ. മൂന്ന് പേരും  വിവാഹിതര്‍. ദാമ്പത്യത്തിലേക്ക് പ്രവേശിച്ച ശേഷം പാട്ടിന്റെ വഴിയിലേക്ക് തിരികെ പോയില്ല ഷൈല. കുട്ടികളെ വളര്‍ത്തുന്ന  തിരക്കില്‍ അതിനു സമയം കിട്ടിയില്ല എന്നതാണ് സത്യം. എങ്കിലും പാട്ടിനോടുള്ള സ്‌നേഹം ഷൈല കൈവിട്ടിരുന്നില്ല. അപൂര്‍വമായി പള്ളിയിലെ ക്വയറില്‍ പാടും. മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഒന്നിന്  ശബ്ദം പകര്‍ന്ന ഗായികയാണ് തെല്ലൊരു സഭാകമ്പത്തോടെ മുന്നില്‍ നിന്ന് പാടുന്നതെന്ന്  തിരിച്ചറിഞ്ഞവര്‍ കുറവായിരുന്നു  ബംഗളൂരുവിലെ കൂട്ടായ്മകളില്‍. ഷൈല അക്കാര്യം ആരോടും വെളിപ്പെടുത്താന്‍ പോയതുമില്ല.  ഒരേയൊരു സിനിമാ പാട്ട് പാടി അപ്രത്യക്ഷയായ തന്നെ ആര് ഓര്‍ത്തിരിക്കാന്‍ ?

ഇടയ്‌ക്കൊരിക്കല്‍ ഭര്‍ത്താവ് സതീഷ് ഔദ്യോഗിക ആവശ്യത്തിന് കേരളത്തില്‍ പോയി തിരിച്ചുവന്നപ്പോഴാണ് ആ ധാരണ തിരുത്തേണ്ടിവന്നത്.  ഏതോ നാട്ടിന്‍പുറത്തുകൂടി  കാറില്‍ കടന്നു പോകവേ സതീഷിന്റെ  കാതിലേക്ക് പരിചിതമായ ഒരു ശബ്ദം ഒഴുകിയെത്തുന്നു. വണ്ടി നിര്‍ത്തി ശ്രദ്ധിച്ചപ്പോള്‍, അത്ഭുതം. ഭാര്യയുടെ പാട്ടാണ്. ''തൊട്ടടുത്തുള്ള ഒരു സ്‌കൂള്‍ അസംബ്ലിയില്‍ പ്രാര്‍ത്ഥനാഗീതമായി കുട്ടികള്‍ പാടിയ വാഴ്ത്തുന്നു ദൈവമേ എന്ന പാട്ട് സതീഷ് എനിക്ക് വേണ്ടി ഫോണില്‍ റെക്കോര്‍ഡ് ചെ യ്തു. ഇവിടെ വന്ന് അത് കേള്‍പ്പിച്ചുതന്നപ്പോള്‍ എനിക്കെന്റെ കാതുകളെ  വിശ്വസിക്കാനായില്ല. ഇത്ര കാലത്തിനു ശേഷവും ആ  പാട്ട് ജീവിക്കുന്നുവെന്നോ? ശരിക്കും കണ്ണു  നിറഞ്ഞുപോയി. '' ഷൈലയുടെ മക്കള്‍ക്കും അതൊരു അത്ഭുതകരമായ അറിവായിരുന്നു. അമ്മയെ വീണ്ടും സംഗീതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുകന്യയും സഞ്ജനയും ശരണ്യയും  തീരുമാനിക്കുന്നത് അന്നാണ്. 2007 ല്‍ ഷൈലയുടെ പാട്ടു കൂടി ഉള്‍പ്പെടുത്തി ഒരു ഭക്തിഗാന ആല്‍ബം പുറത്തിറക്കുന്നു അവര്‍. ''കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അന്ന് ഞാന്‍ പാടിയത്. പിന്നെ  പാടിയിട്ടില്ല.'' ഒരു നിമിഷം നിര്‍ത്തി ഷൈല കൂട്ടിച്ചേര്‍ക്കുന്നു: ''ഇപ്പോള്‍ തോന്നും കുറച്ചുകൂടി പാട്ടുകള്‍ പാടാമായിരുന്നു എന്ന്. പക്ഷേ, വൈകിപ്പോയില്ലേ?''

shyla
ഷൈല കുടുംബത്തോടൊപ്പം

ചെന്നൈയില്‍ കുടിയേറിയ ഒരു തമിഴ് കുടുംബത്തിലാണ് മേരി ഷൈലയുടെ ജനനം.  ചെറുപ്പം മുതലേ റേഡിയോയുടെ ആരാധിക. ലതാ മങ്കേഷ്‌കറുടെ പാട്ടുകള്‍ കേട്ട് മനഃപാഠമാക്കുകയാണ് അന്നത്തെ പ്രധാന ഹോബി. ആദ്യം സ്റ്റേജില്‍ പാടിയതും ലതയുടെ പാട്ടുകള്‍ തന്നെ. ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സര്‍വീസസില്‍ ചേര്‍ന്ന ശേഷം പതിവായി ഭക്തിഗാനങ്ങള്‍ പാടിത്തുടങ്ങി. ''കാറ്റു വിതച്ചവനി''ലൂടെ (1973) ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് സിനിമാ നിര്‍മ്മാണത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍,  ഷൈലയ്ക്കും പിന്നണി പാടാന്‍ അവസരം നല്‍കണമെന്നത്  സംവിധായകന്‍  സുവിയുടെ (റവ സുവിശേഷമുത്തു) നിര്‍ബന്ധമായിരുന്നു. പൂവച്ചല്‍ ഖാദര്‍ എഴുതി പീറ്റര്‍-റൂബന്‍ ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനാഗീതം പഠിച്ചെടുക്കുക എളുപ്പമായിരുന്നില്ല ഷൈലക്ക്. ജെ.എം രാജുവും  ഖാദറുമാണ് ഒടുവില്‍ ഗായികയുടെ സഹായത്തിനെത്തിയത്. ''വാഴ്ത്തുന്നു ദൈവമേ'' ഹിറ്റായതും കേരളത്തിലെ നിരവധി പള്ളികളില്‍ പ്രാര്‍ത്ഥനാഗീതമായതും പിന്നീടുള്ള കഥ. ആദ്യ ഗാനം ജനപ്രീതി നേടിയിട്ടും സിനിമയില്‍ എന്തുകൊണ്ട് തുടര്‍ന്നില്ല എന്ന ചോദ്യത്തിന് ഷൈലയുടെ ഉത്തരം ഇങ്ങനെ: ''അവസരം തേടി എങ്ങും പോയില്ല എന്നതാണ് സത്യം. എങ്കിലും ഗാനമേളകളില്‍ പാടാറുണ്ടായിരുന്നു. മലേഷ്യ വാസുദേവന്റെ  കൂടെ നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ ഒരിക്കല്‍ ഇളയരാജ സിനിമയില്‍ പാടാന്‍ ക്ഷണിക്കുകയും ചെയ്തു. കുടുംബ ജീവിതത്തിന്റെ തിരക്കിലായതിനാല്‍ ക്ഷണം സ്വീകരിക്കാനായില്ല...''

ഇനിയും സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചാല്‍..? ''അതൊക്കെ അമിതമായ ആഗ്രഹങ്ങളല്ലേ..'' ഷൈല ചിരിക്കുന്നു. ''ഒന്ന് മാത്രം പറയാം. സംഗീതം എനിക്ക് ഒരിക്കലും മടുക്കില്ല. ഇന്നും ലതാജിയുടെ പാട്ടുകളാണ് ഏകാന്തതയില്‍ എനിക്ക് കൂട്ട്...''

Content Highlights: Nee ente Prarthana Kettu Sister Shyla Kaatu Vithachavan Malayalam Devotional Song