കൂടെ വന്ന കൂട്ടുകാരന് ഒരു സംശയം: ഇസ്ലാം മതവിശ്വാസിയായിട്ടും എങ്ങനെ ഇത്ര ഭംഗിയായി കൃഷ്ണഭക്തിഗാനങ്ങൾ എഴുതാൻ കഴിയുന്നു യൂസഫലി കേച്ചേരിക്ക്?
ചോദ്യം കേട്ട് കവി പൊട്ടിത്തെറിക്കുമെന്നാണ് കരുതിയത്. ഭാഗ്യത്തിന് അതുണ്ടായില്ല. പകരം നേർത്ത മന്ദസ്മിതത്തോടെ പഴയൊരു പാട്ട് ഞങ്ങളെ പാടിക്കേൾപ്പിച്ചു അദ്ദേഹം. അമർ (1954) എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ ഗാനം: ``ഇൻസാഫ് കാ മന്ദിർ ഹേ യേ ഭഗവാൻ കാ ഘർ ഹേ, കഹനാ ഹേ ജോ കഹ് ദേ തുജെ കിസ് ബാത് കാ ഡർ ഹേ...''
``കേൾവിക്കാരെ ഭക്തിയുടെ പാരമ്യത്തിലേക്ക് നയിക്കുന്ന ഗാനമാണിത്. എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയിൽ പിറന്ന ഏറ്റവും തികവാർന്ന ഭജൻ''-കവി പറഞ്ഞു. ``ഇതെഴുതിയത് ആരെന്നറിയുമോ? മുസ്ലീമായ ശക്കീൽ ബദായുനി. ഈണമിട്ടതും പാടിയതും അടിയുറച്ച ഇസ്ലാം മതവിശ്വാസികളായ നൗഷാദും റഫിയും. തീർന്നില്ല. ക്ഷേത്ര പശ്ചാത്തലത്തിൽ ഗാനം ഹൃദയസ്പർശിയായി ചിത്രീകരിച്ചത് മെഹബൂബ് ഖാൻ. രംഗത്ത് അഭിനയിച്ചത് യൂസഫ് ഖാനും മുംതാസ് ജഹാൻ ബീഗം ദഹലവിയും. നമ്മൾ അവരെ അറിയുക ദിലീപ് കുമാറും മധുബാലയുമായാണ്. ഈ പറഞ്ഞവരിൽ ആരെങ്കിലും ഉണ്ടോ ഹിന്ദുക്കളായി? അതാണ് സിനിമാ സംഗീതത്തിന്റെ മഹത്വം. ഇവിടെ ജാതിയും മതവും ഇല്ല. പണ്ഡിതനും പാമരനുമില്ല; ആകെയുള്ളത് ഗാനശിൽപ്പികളും ശ്രോതാവും മാത്രം. '' ബൈജു ബാവരാ എന്ന ചിത്രത്തിന് വേണ്ടി ശക്കീൽ ബദായുനി--നൗഷാദ്-- റഫി ടീമൊരുക്കിയ മറ്റൊരു വിഖ്യാത ഭജൻ ഗാനവും ഓർമ്മയിൽ നിന്ന് മൂളിത്തന്നു, അന്ന് യൂസഫലി: മൻ തർപത് ഹരിദർശൻ കോ ആജ്, മോരെ തും ബിൻ ബിഗരെ സഗരെ കാജ്....``വെറും സിനിമാക്കാർ മാത്രമായി കാണാൻ പറ്റില്ല നൗഷാദിനെയും റഫിയേയും. സംഗീതത്തിന്റെ ആത്മീയതലം തിരിച്ചറിഞ്ഞ മഹാനുഭവൻമാരായിരുന്നു അവർ. കൃഷ്ണനേയും ക്രിസ്തുവിനെയും അല്ലാഹുവിനേയും അവർക്കെങ്ങനെ വേറിട്ട് കാണാൻ കഴിയും? ആ വിശ്വാസത്തിന്റെ ഒരംശം എന്നിലും ഉണ്ടായിരിക്കാം. റസൂലേ നിൻ കനിവാലേ എന്നെഴുതിയ അതേ പേന കൊണ്ട് കൃഷ്ണകൃപാ സാഗരം എന്നും കാലിത്തൊഴുത്തിൽ പിറന്നവനേ കരുണ നിറഞ്ഞവനേ എന്നും എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാകാം...'' ഒന്നും പറയാതെ വിസ്മിതനേത്രനായി നിന്നു സുഹൃത്ത്.
മൂന്നോ നാലോ തവണയേ യൂസഫലിയുമായി സംസാരിച്ചിട്ടുള്ളൂ. എല്ലാ സംഭാഷണങ്ങളും ചെന്നെത്തുക ഒരൊറ്റ വ്യക്തിയിലാണ്- സംഗീത സംവിധായകൻ നൗഷാദ് അലിയിൽ. ``നൗഷാദ് ആണ് എന്നെ പാട്ടെഴുത്തുകാരനാക്കി മാറ്റിയത്,''- യൂസഫലി ഒരിക്കൽ പറഞ്ഞു. ``എന്നെങ്കിലും നൗഷാദിനെ നേരിൽ കാണണം എന്നായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ മോഹം. ആ മോഹം ഉള്ളിൽ വളർത്തിയത് ഞങ്ങളുടെ നാട്ടുകാരനായ ഇപ്പുട്ടി എന്ന സാധാരണ മനുഷ്യനാണ്. നാട് വിട്ടു കുറച്ചു കാലം ബോംബെയിൽ ചെന്ന് ജോലി ചെയ്ത ശേഷം ഇപ്പുട്ടി തിരിച്ചുവന്നത് ഒരു പെട്ടി നിറയെ ഗ്രാമഫോണ്‍ റെക്കോർഡുമായാണ്. നൗഷാദിന്റെ പാട്ടുകളായിരുന്നു ആ ഡിസ്കുകളിൽ എമ്പാടും. ഒഴിവുള്ളപ്പോൾ പത്തു വയസ്സുകാരനായ എനിക്ക് വേണ്ടി ഇപ്പുട്ടി ആ പാട്ടുകൾ ഗ്രാമഫോണിൽ പാടിക്കും. `ദില്ലഗി'യിലെയും `അന്മോൽ ഘടി'യിലെയും ഒക്കെ പാട്ടുകൾ ഞാൻ ആദ്യം കേട്ടത് ആ റെക്കോർഡുകളിൽ നിന്നാണ്; ഇപ്പുട്ടിയുടെ വിശദമായ വിവരണത്തിന്റെ അകമ്പടിയോടെ. ഉറുദു ഭാഷയുടെ സൗന്ദര്യം ആദ്യമായി തിരിച്ചറിഞ്ഞതും ആ പാട്ടുകളിൽ നിന്ന് തന്നെ.''
അന്നൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല നൗഷാദിനെ നേരിൽ കാണാൻ കഴിയുമെന്ന്. പതിറ്റാണ്ടുകൾക്ക് ശേഷം ഒരു നാൾ മുംബൈ കാർട്ടർ റോഡിലെ ``ആഷിയാന''യുടെ അകത്തളത്തിൽ നൗഷാദിന്റെ ഹാർമോണിയത്തിനു മുന്നിൽ കടലാസും പേനയുമായി ചമ്രം പടിഞ്ഞിരിക്കേ യൂസഫലിയുടെ മനസ്സിൽ തെളിഞ്ഞത് ഇപ്പുട്ടിയുടെ മുഖമാണ്. ധ്വനി (1988) എന്ന ചിത്രത്തിൽ നൗഷാദിന്റെ ഈണത്തിൽ പാട്ടുകൾ എഴുതാൻ ചെന്നതായിരുന്നു കവി. ഈണവും പാട്ടും വഴിക്കുവഴിയായി പിറന്നു: മാനസനിളയിൽ, അനുരാഗലോല ഗാത്രി, ഒരു രാഗമാല, ആണ്‍കുയിലേ, രതിസുഖസാരമായി. അവസാനത്തെ പാട്ടെഴുതും മുൻപ് നൗഷാദ് പറഞ്ഞു: ട്യൂണിട്ട് എഴുതിയത് മതി. ഇനി ഒരു കവിത തരൂ. ഞാൻ ഈണമിട്ടു നോക്കട്ടെ. നേരത്തെ എഴുതിവെച്ചിരുന്ന സംസ്കൃത ഗാനം വിനയപൂർവ്വം നൗഷാദിനെ ഏൽപ്പിക്കുന്നു യൂസഫലി. ``യമൻ കല്യാണ്‍ രാഗത്തിലാണ് ഞാൻ ഈ പാട്ട് ചിട്ടപ്പെടുത്തുക''- വരികൾ വായിച്ചു കേട്ടപ്പോൾ സംഗീത സംവിധായകൻ പറഞ്ഞു. നൗഷാദിന്റെ ഹാർമോണിയത്തിൽ അന്ന് പിറന്നുവീണ പാട്ടാണ് ജാനകീ ജാനേ.
Content Highlights: Naushad Yusufali Kechery Malayalam Movie Music Ravi Menon Paattuvazhiyorathu Dhwani