പ്രിയപ്പെട്ട ബാലഭാസ്കർ യാത്രയായിട്ട് മൂന്ന് വർഷം പിന്നിട്ടു എന്നു വിശ്വസിക്കാൻ പ്രയാസം...

സ്റ്റുഡിയോയിലെ സ്പീക്കറുകളിലൂടെ ചിത്രയുടെ കുട്ടിത്തം മാറാത്ത  ശബ്ദമൊഴുകുന്നു: ``വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ്..'' ദിവസങ്ങൾ മാത്രം മുൻപ്  റെക്കോർഡ് ചെയ്ത പാട്ടാണ്. വ്യത്യസ്തമായ ഈണം. രാഗഭാവം ഉൾക്കൊണ്ടുതന്നെ  തികച്ചും ആധുനികമായ ഓർക്കസ്‌ട്രേഷൻ ശൈലി. പാട്ട് തീർന്നപ്പോൾ ഒപ്പമുണ്ടായിരുന്ന ഗായകൻ ജയചന്ദ്രൻ ചോദിച്ചു: ``അസ്സലായി. ആരാ മ്യൂസിക് ഡയറക്ടർ?''
കൺസോളിലെ ``ആൾക്കൂട്ട''ത്തിനിടിയിൽ നിന്ന് ഒരാൾ സങ്കോചത്തോടെ മുന്നോട്ട് കയറിനിൽക്കുന്നു-- മീശമുളക്കാത്ത ഒരു പയ്യൻ. 

അടുത്തുനിന്നവരിലാരോ അയാളെ  ജയചന്ദ്രന് പരിചയപ്പെടുത്തുന്നു: ``ഈ കുട്ടിയാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ബാലഭാസ്കർ.''  നേർത്ത ലജ്ജ കലർന്ന പുഞ്ചിരിയോടെ ഒന്നും മിണ്ടാതെ നിന്ന നവാഗത സംഗീത സംവിധായകനെ അത്ഭുതത്തോടെ നോക്കി  ജയചന്ദ്രൻ. പിന്നെ എഴുന്നേറ്റു നിന്ന് കൈകൂപ്പി പറഞ്ഞു: ``വിശ്വസിക്കാൻ പറ്റുന്നില്ല. സീനിയർ ആയ ആരോ കംപോസ് ചെയ്ത പാട്ടാണെന്നാണ് തോന്നിയത്. എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള പാട്ടുകൾ ചെയ്യാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.''   നമ്രശിരസ്കനായി ആ വാക്കുകൾ കേട്ടു നിന്ന ബാലഭാസ്കറിന്റെ ചിത്രം ഇന്നുമുണ്ട് ഓർമ്മയിൽ; ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷവും. ``മംഗല്യപല്ലക്ക്'' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയിട്ട് അധികനാളായിരുന്നില്ല  18 കാരനായ ബാലഭാസ്കർ.  

അന്ന് ജയചന്ദ്രന്റെ കാറിലാണ് ബാലു തിരികെ തന്റെ താമസസ്ഥലത്തേക്ക്  മടങ്ങിയത്. ചെന്നൈ നഗരവീഥികളിലൂടെയുള്ള യാത്രയിലുടനീളം ജയേട്ടൻ തനിക്കിഷ്ടപ്പെട്ട പഴയ പാട്ടുകൾ പാടിക്കേൾപ്പിച്ചു ഞങ്ങളെ. മുഹമ്മദ് റഫിയുടേയും പി സുശീലയുടെയും പി ബി ശ്രീനിവാസിന്റെയുമൊക്കെ പാട്ടുകൾ. ബാലു ആദ്യമായി കേൾക്കുകയായിരുന്നു അവയിൽ പലതും. ``സിനിമയിൽ നിലനിൽക്കാൻ   ആഗ്രഹമുണ്ടെങ്കിൽ  പഴയ നല്ല പാട്ടുകൾ കൂടെക്കൂടെ കേൾക്കണം. മദൻ മോഹന്റെയും എം എസ് വിശ്വനാഥന്റെയും ബാബുരാജിന്റെയും പാട്ടുകൾ.''   

ജയചന്ദ്രന്റെ മുഖത്തെ  ഭാവപ്പകർച്ചകളും സംസാരവും ആലാപനവും  കൗതുകത്തോടെ ആസ്വദിച്ചിരിക്കെ തികച്ചും അപ്രതീക്ഷിതമായി ബാലു പറഞ്ഞു: ``എനിക്ക് സിനിമയോട് ഭ്രമമില്ല സാർ. സിനിമയല്ല എന്റെ സ്വപ്നം. യാദൃച്‌ഛികമായി ഇവിടെ വന്നുപെട്ടു എന്നേയുള്ളൂ. എന്റെ ജീവിതം തന്നെ വയലിനാണ്. സിനിമയൊക്കെ അതുകഴിഞ്ഞേ വരൂ..'' ഉറച്ച ശബ്ദത്തിലുള്ള ആ വാക്കുകളിൽ സംഗീതത്തെ ഗൗരവത്തോടെ കാണുന്ന ഒരു കൗമാരക്കാരന്റെ  ആത്മവിശ്വാസം മുഴുവൻ ഉണ്ടായിരുന്നു.  യാത്ര പറഞ്ഞു പിരിയുമ്പോൾ  ബാലു ഒന്നുകൂടി പറഞ്ഞു: ``ജയചന്ദ്രൻ സാറിന്റെ ശബ്ദത്തിന്റെ  ആരാധകനാണ് ഞാൻ. എനിക്ക് വേണ്ടി സാർ എന്നെങ്കിലും ഒരു പാട്ട് പാടണം. നല്ല റൊമാന്റിക് ആയ ഒരു പാട്ട്. വലിയൊരു ആഗ്രഹമാണ്.'' ചിരിച്ചുകൊണ്ട് ആരാധകനെ യാത്രയാക്കുന്നു ഭാവഗായകൻ.

ഒരു വർഷത്തിനകം ബാലഭാസ്കറിന് വേണ്ടി ജയചന്ദ്രൻ പാടി; ``നിനക്കായ്'' എന്ന ആൽബത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതിയ ``ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം, എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം.

'' സിനിമാഗാനങ്ങളെക്കാൾ ജനപ്രിയമായി  മാറിയ ആൽബം ഗാനം. ``ഞാൻ ഏറ്റവും ആസ്വദിച്ച് കംപോസ് ചെയ്ത  ഗാനമാണത്.''-- പിന്നീടൊരിക്കൽ  ഒരു സ്വകാര്യ സംഭാഷണത്തിൽ ബാലു പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു. ``പ്രണയിനിയെ  കുറിച്ചാണ് അതിന്റെ വരികൾ. അവ ചിട്ടപ്പെടുത്തുമ്പോൾ  ഞാൻ  എന്റെ കാമുകിയെ ഓർത്തു. മറ്റാരേയുമല്ല; എന്റെ പ്രിയപ്പെട്ട വയലിനെ. രാഗമായ് അത് താളമായ് നീയെനിക്കാത്മാവിൻ ദാഹമായി, ശൂന്യമാം എൻ ഏകാന്തതയിൽ പൂവിട്ടൊരു അനുരാഗമായ് എന്നൊക്കെയുള്ള വരികൾ ചിട്ടപ്പെടുത്തുമ്പോൾ എന്റെ വയലിൻ തന്നെയായിരുന്നു മനസ്സിൽ...''

മരണം വരെ ആ ഇഷ്ടം കാത്തുസൂക്ഷിച്ചു ബാലഭാസ്കർ. ഒന്നിനുമല്ലാതെ, എന്തിനോ തോന്നിയ ഒരു ഇഷ്ടം. 

content highlights : Music Director Violinist Balabhaskar third death anniversary rememberance Album Songs