ചുണ്ടിൽ എരിയുന്ന സിഗരറ്റുമായിരുന്ന് തബലയിൽ താളവിസ്മയം തീർക്കുന്ന രഘുകുമാർ. അവാച്യമായ ഏതോ ആനന്ദലഹരിയിലെന്നവണ്ണം കണ്ണുകൾ ചിമ്മി ഹാർമോണിയത്തിന്റെ കട്ടകളിലൂടെ സ്വയം മറന്ന് ഒഴുകിപ്പോകുന്ന രഘുകുമാർ. മാന്ത്രികവിരലുകളാൽ സിതാർ തന്ത്രികളിൽ ബീംപലാസിയുടേയും ബിലാവലിന്റെയും ജയ്ജയവന്തിയുടെയും അത്ഭുതലോകം വിരിയിക്കുന്ന രഘുകുമാർ. മറക്കാനാവില്ല മിഴിവാർന്ന ഈ ചിത്രങ്ങളൊന്നും. ഈണമിട്ട പാട്ടുകളിലെല്ലാം സവിശേഷമായ സ്വന്തം സംഗീതമുദ്ര പതിപ്പിച്ച ഈ സംഗീത സംവിധായകൻ എന്നിട്ടും എന്തുകൊണ്ടാവാം സിനിമയുടെ പുറമ്പോക്കിൽ ചെന്നൊടുങ്ങിയത്? നേരിട്ടു ചോദിച്ചുനോക്കിയിട്ടുണ്ട് ഒരിക്കൽ.
``കുറ്റം എന്റേതു തന്നെ.'' രഘു പറഞ്ഞു. ``ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിന്നാണ് എനിക്ക് ശീലം. സിനിമയിൽ പിടിച്ചുനിൽക്കണമെങ്കിൽ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകണം. എന്തു വിലകൊടുത്തും സൗഹൃദങ്ങൾ നിലനിർത്തണം. രണ്ടിലും ഞാൻ പിന്നിലായിരുന്നു.'' സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റൊരു സത്യം കൂടി പറഞ്ഞു രഘു: ``കഴിവും സ്വാധീനവുമല്ല ഭാഗ്യമാണ് സിനിമയിൽ പ്രധാനം. നിങ്ങൾ കേൾക്കുന്ന എന്റെ പല പാട്ടുകൾക്കും പിന്നിൽ എന്റെ മാത്രമല്ല ഒരു ജ്യോതിഷിയുടെ കൂടി കയ്യുണ്ടായിരുന്നു എന്ന് വിശ്വസിക്കുമോ ? വിശ്വസിക്കണം. സത്യമാണ്.'' ശ്യാമ (1986) എന്ന സിനിമയുടെ കഥ ഉദാഹരണമായി എടുത്തുപറഞ്ഞു രഘു. ``ശ്യാമ''യുടെ സംഗീത സംവിധായകനായി രഘുകുമാര്‍ എത്തുന്നതു തന്നെ കോരയുടെ ചീട്ടിന്‍റെ പിന്‍ബലത്തിലാണ്. കോടമ്പാക്കത്തിന്റെ പ്രിയ ജ്യോതിഷിയായിരുന്നു അന്ന് കോര. പടത്തിന്റെ റിലീസിന് മുന്‍പ് കോരച്ചേട്ടനെ പോയി കാണുന്ന പതിവുണ്ട് ചെന്നൈയിലെ സിനിമാക്കാര്‍ക്ക്. കോരച്ചീട്ടാണ് പല സിനിമകളുടെയും ഭാഗധേയം നിര്‍ണയിച്ചിരുന്നത്. അന്നെന്തോ ഭാഗ്യത്തിന് ചീട്ട് രഘുവിന് അനുകൂലമായി വീണു. `ശ്യാമ'യിൽ രഘു ഇടം നേടിയതും, ആ പടം അദ്ദേഹത്തിന്റെ ജീവിത ഗതി തിരിച്ചുവിട്ടതും പിന്നീടുള്ള ചരിത്രം.
ഷിബു ചക്രവർത്തിയും രഘുവും ചേർന്നൊരുക്കിയ ആ ചിത്രത്തിലെ `ചെമ്പരത്തിപ്പൂവേ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് പിന്നിലുമുണ്ട് കോരച്ചീട്ടിന്റെ കളി. സിനിമയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ച പാട്ടാണത്. ക്ലൈമാക്സിനു തൊട്ട് മുൻപ് കടന്നുവരേണ്ടതായതു കൊണ്ട് സിനിമയുടെ ഒഴുക്കിനെ അത് ബാധിക്കുമോ എന്ന് സംവിധായകൻ ജോഷിക്കും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനും ആശങ്ക. പാട്ട് ഒഴിവാക്കിയതു കൊണ്ട് പടത്തിനു തെല്ലും കോട്ടം വരില്ല താനും. പക്ഷെ കഥ അവിടെ തീര്‍ന്നില്ല. റിലീസിന് മുന്‍പ് പതിവുപോലെ കോരച്ചേട്ടനെ പോയി കാണുന്നു സംവിധായകൻ. ചീട്ടിട്ട് കോരച്ചേട്ടന്‍ ജോഷിയോട് പറഞ്ഞു: ``എന്തോ ഒരു കുഴപ്പം കാണുന്നു. നിങ്ങളുടെ സിനിമയില്‍ വല്ലതും ചിത്രീകരിക്കാതെ വിട്ടിട്ടുണ്ടോ?'' പാട്ട് ഒഴിവാക്കിയ കാര്യം അറിയിച്ചപ്പോള്‍ കോരച്ചേട്ടന്‍ നിസ്സംശയംപറഞ്ഞു: ``എങ്കില്‍ സമയം പാഴാക്കാതെ അത് ഷൂട്ട് ചെയ്തു ചേര്‍ത്തുകൊള്ളുക. പടത്തിന് ഈ പാട്ടു കൊണ്ട് കാര്യമായ ഗുണമുണ്ടാകുമെന്നാണ് ചീട്ട് പറയുന്നത്.'' വേറെ വഴിയില്ലായിരുന്നത് കൊണ്ട് പിറ്റേന്ന് തന്നെ മുന്നാറില്‍ പോയി ജോഷി `ചെമ്പരത്തിപൂവേ'' ഷൂട്ട് ചെയ്യുന്നു. പാട്ടും പടവും സൂപ്പർ ഹിറ്റ്. കോരച്ചേട്ടന്‍റെ പ്രവചനം ഫലിച്ചു. ചിത്രയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായ ആ പാട്ടിന്റെ പേരിലല്ലേ ഇന്ന് `ശ്യാമ'യെ പലരും ഓർക്കുന്നതു തന്നെ ?
മറ്റൊരു മനോഹര യുഗ്മഗാനം കൂടിയുണ്ടായിരുന്നു ശ്യാമയിൽ -- ഉണ്ണിമേനോനും ചിത്രയും പാടിയ പൂങ്കാറ്റേ പോയി ചൊല്ലാമോ. ലാളിത്യവും പ്രസാദാത്മകതയുമായിരുന്നു രഘുവിന്റെ മിക്ക ഗാനങ്ങളുടെയും മുഖമുദ്ര. ഹിന്ദുസ്ഥാനി രാഗങ്ങളും കർണ്ണാടക സംഗീത രാഗങ്ങളും അയത്ന ലളിതമായി ഒഴുകിയെത്തി ആ പാട്ടുകളിൽ : ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്, കൈക്കുടന്ന നിറയെ (മായാമയൂരം), പൊൻവീണേ (താളവട്ടം), പൊന്മുരളിയൂതും (ആര്യന്‍), നീയെന്‍ കിനാവോ (ഹലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍)), നിന്നെയെന്‍ സ്വന്തമാക്കും, ഈ നയനങ്ങള്‍ (വിഷം), ഒരു പുന്നാരം കിന്നാരം (ബോയിംഗ് ബോയിംഗ്), മൃദുലേ ഇതാ ഒരു ഭാവഗീതമിതാ , മെല്ലെ നീ മെല്ലെ വരൂ (ധീര), കണ്ണാ ഗുരുവായൂരപ്പാ (പൊൻതൂവൽ), മധുമാസ ചന്ദ്രൻ (കാണാക്കിനാവ്) ... ഈ ഗാനങ്ങള്‍ പലതിന്റെയും ശില്പി രഘുവാണെന്ന് എത്ര പേര്‍ക്കറിയാം ? സ്വതന്ത്ര സംഗീത സംവിധായകനാകും മുൻപ് സിനിമാലോകത്തെ തിരക്കേറിയ തബല വാദകരിൽ ഒരാളായിരുന്നു രഘു എന്നുകൂടി അറിയുക. `സ്ത്രീ'യിലെ ഇന്നലെ നീയൊരു സുന്ദര രാഗമായെൻ, ലോട്ടറി ടിക്കറ്റിലെ മനോഹരി നിൻ മനോരഥത്തിൽ അയോധ്യയിലെ കളഭത്തിൽ മുങ്ങിവരും വൈശാഖരജനിയിൽ തുടങ്ങി എത്രയോ സുവർണ്ണഗീതങ്ങൾക്ക് പിന്നിൽ രഘുവിന്റെ വിരലുകളുടെ ഇന്ദ്രജാലം കൂടിയുണ്ട്. ``ആറാം തമ്പുരാനി''ൽ ഹരിമുരളീരവം എന്ന ക്ലാസിക് ഗാനത്തിന്റെ പശ്ചാത്തലത്തിൽ കേൾക്കുന്ന തബലയുടെ ``ബോൽ'' (ചൊല്ല്) രഘുകുമാറിന്റേതാണെന്ന് എത്രപേർക്കറിയാം? `സർപ്പ'ത്തിലെ പ്രശസ്തമായ ``സ്വർണ്ണമീനിന്റെ ചേലൊത്ത'' എന്ന ഖവാലിയുടെ രംഗത്ത് തബലയിൽ ചടുലവേഗത്തിൽ മിന്നിമറയുന്ന വിരലുകളും രഘുവിന്റേതു തന്നെ.
മാതൃഭൂമി ന്യൂസ് ചാനലിലെ ``ചക്കരപ്പന്തൽ'' പരിപാടിക്കുവേണ്ടി അവസാനം കണ്ടപ്പോൾ, ചെന്നൈയിലെ ഫ്ലാറ്റിന്റെ പൂമുഖത്തിരുന്ന് ഹാർമോണിയം വായിച്ച് രഘു പാടിത്തന്ന പാട്ട് ഓർമ്മവരുന്നു: ``ഒരു നുള്ളു ഭസ്മമായ് എരിതീയിൽ നിന്നെന്റെ അമ്മയെ ഞാനൊന്ന് തൊട്ടു, നെറ്റി മേൽ ഞാനൊന്ന് തൊട്ടു ....'' ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ടാണ്. രഘുവിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം സൃഷ്ടികളിൽ ഒന്ന്. `പൗരൻ' എന്ന ചിത്രത്തിന് വേണ്ടി ജയചന്ദ്രൻ പാടിയ ആ ഗാനം അർഹിച്ച ശ്രദ്ധ നേടിയില്ലെന്നത് വലിയൊരു ദുഃഖമായി അന്ത്യം വരെ ഉള്ളിൽ കൊണ്ടുനടന്നിരുന്നു രഘു. ``ഞങ്ങൾ ഇരുവരുടേയും ജീവിതത്തോട് ചേർന്നു നിൽക്കുന്ന പാട്ടാണത്. എന്നെ കരയിച്ച പാട്ട്.''
വരികൾ എഴുതി കയ്യിൽ കിട്ടിയപ്പോൾ കടലാസിലേക്കും ഗിരീഷിന്റെ മുഖത്തേക്കും മാറിമാറി നോക്കി രഘു. എന്നിട്ട് പറഞ്ഞു: ``ഗംഭീരം. ഇത്രയും ഹൃദയസ്പർശിയായ ഒരു പാട്ട് അടുത്തെങ്ങും ചിട്ടപ്പെടുത്തിയിട്ടില്ല.'' പക്ഷേ എഴുതിയ ആൾ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. വിദൂരതയിലെങ്ങോ കണ്ണു നട്ട് നിമിഷങ്ങളോളം നിശബ്ദനായിരുന്ന ശേഷം, രഘുവിന്റെ മുഖത്ത് ഉറ്റുനോക്കി ഗിരീഷ് മന്ത്രിച്ചു: ``എഴുതിക്കഴിഞ്ഞപ്പോ തോന്നി വേണ്ടായിരുന്നു എന്ന്. നമ്മുടെ രണ്ടാളുടെയും അമ്മമാർ വയ്യാണ്ടിരിക്കുകയല്ലേ? ഈ വരികൾക്ക് അറം പറ്റിയാൽ..?അവർക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ? നമുക്കിത് മാറ്റാം രഘുവേട്ടാ ''
ഗിരീഷിന്റെ മുഖത്ത് നിന്ന് ആ മനസ്സിലെ സംഘർഷം മുഴുവൻ വായിച്ചെടുക്കാമായിരുന്നു രഘുവിന്. ``എന്റെ മനസ്സും ഒന്ന് പതറി എന്നാണു വാസ്തവം. പക്ഷെ പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു ഞാൻ. സാധാരണ ഗിരീഷ് ആണ് എന്നെ ഉപദേശിക്കാറുള്ളതെങ്കിൽ ഇത്തവണ എന്റെ ഊഴമായിരുന്നു: സാരമില്ല, ഇത് നമ്മുടെ തൊഴിലല്ലേ? വൈകാരികമായി കാണേണ്ട കാര്യമില്ല. നമ്മൾ ദിവസവും ഏതൊക്കെ തരം പാട്ടുകൾ ഉണ്ടാക്കുന്നു; ജീവിതവുമായി അവയെ ചേർത്തു വെക്കേണ്ടതുണ്ടോ എന്നൊക്കെ പറഞ്ഞുനോക്കി.'' ഗിരീഷ് അപ്പോഴും നിശബ്ദനായിരുന്നു. മുഖത്ത് പതിവുള്ള ചിരിയില്ല; പകരം നിഗൂഡമായ ഏതോ ഭാവം. എന്തായാലും പിറ്റേന്ന് ജയചന്ദ്രന്റെ ശബ്ദത്തിൽ പാട്ട് റെക്കോർഡ് ചെയ്യപ്പെടുന്നു. വരികളുടെയും ഈണത്തിന്റെയും ആത്മാവിൽ അലിഞ്ഞുകൊണ്ടുതന്നെ ഭാവഗായകൻ പാടി.
ഗിരീഷിന്റെ ആശങ്ക യാഥാർഥ്യമാകാൻ ഏറെ നാൾ വേണ്ടിവന്നില്ല. പാട്ട് പുറത്തിറങ്ങി അധികം താമസിയാതെ രഘുവിന്റെ അമ്മ ഓർമ്മയായി; പിന്നാലെ ഗിരീഷിന്റെ അമ്മയും. കുറച്ചു കാലം കഴിഞ്ഞു പാട്ടെഴുത്തിലെ തിളങ്ങുന്ന ഒരധ്യായത്തിനു തിരശ്ശീല വീഴ്ത്തി ഗിരീഷും യാത്രയായി. രഘുവിനെ ഏറെ വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത വേർപാട്. ``എല്ലാവരും പോയി. ഇനി എന്റെ ഊഴമാണ്.'' ടെലിവിഷൻ അഭിമുഖം അവസാനിപ്പിച്ചു യാത്രയാകവേ ഉറക്കെ ചിരിച്ചുകൊണ്ട് രഘു പറഞ്ഞു. ``ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നാണ് പ്രാർത്ഥന. പക്ഷെ അതിനു മുൻപ് ഒന്ന് രണ്ടു നല്ല പാട്ടുകൾ കൂടി മലയാളസിനിമക്ക് നൽകണമെന്നുണ്ട്. ഈശ്വരൻ അനുവദിക്കുമോ ആവോ..'' ആത്മഗതം പോലെ ചിതറിവീഴുന്ന കുറെ വാക്കുകൾ. രഘുവിന്റെ സ്വപ്നം ഫലിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിച്ചു മനസ്സ്.
പക്ഷെ വിധി എതിരായിരുന്നു. രണ്ടാഴ്ച കഴിഞ്ഞു ഒരു പുലർച്ചെ ചെന്നൈയിൽ നിന്നുള്ള ഫോണ്‍കോളിന്റെ രൂപത്തിൽ എന്നെ വിളിച്ചുണർത്തിയത് രഘുകുമാറിന്റെ മരണവാർത്തയാണ് -- 2014 ഫെബ്രുവരി 20 ന്. ഉള്ളിലെങ്ങോ ഒരു തബലയുടെ നാദം നിലച്ച പോലെ.
Content Highilights: Music Director RaghuKumar Malayalam Movie