ജോണ്‍പോള്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്തില്‍ (1984) മോഹന്‍ലാലും റഹ്മാനും ലിസിയുമായിരുന്നു മുഖ്യതാരങ്ങള്‍. ലളിതസുന്ദരമായ ഒരു പ്രണയകഥ.പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ ഇരിക്കുമ്പോള്‍ രവീന്ദ്രന്‍ മനസ്സില്‍ തോന്നിയഒരാശയം പങ്കുവെച്ചു: ``കുട്ടനാടന്‍ പുഞ്ചയിലെ എന്ന പാട്ടിന്റെമീറ്ററില്‍ പുതിയൊരുപാട്ട് ചെയ്താലോ? അതേ വൃത്തത്തില്‍ സത്യന്‍ വരികള്‍ എഴുതിത്തന്നാല്‍ മതി. ബാക്കി ഞാനേറ്റു.'' മോഹന്‍ലാലും കാമുകിയും ചേര്‍ന്നുള്ള പ്രണയരംഗമാണ്. അവിടെ വള്ളപ്പാട്ട് എങ്ങനെ യോജിക്കുമെന്ന് സത്യനിലെ സംവിധായകന്സംശയം. ``വള്ളപ്പാട്ട് എന്ന സങ്കല്‍പ്പം തന്നെനമ്മള്‍ ബ്രേക്ക് ചെയ്യുന്നു. ഒറിജിനല്‍ പാട്ടുമായി ഈസൃഷ്ടിക്കു യാതൊരു ബന്ധവുമുണ്ടാവില്ല. ഇത് വേറിട്ടൊരു ശില്‍പ്പമായിരിക്കും.''

anantharam sangeethamundayi
അനന്തരം സംഗീതമുണ്ടായി വാങ്ങാം

സംഗീതസംവിധായകന്റെ ഉറപ്പില്‍ സത്യന്‍ പാട്ടെഴുതുന്നു ``ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും നിമിഷം.''. വരികള്‍ മനോഹരമായി തന്നെ ചിട്ടപ്പെടുത്തിരവീന്ദ്രന്‍. വാക്കുകള്‍ക്കിടയിലെ അര്‍ദ്ധവിരാമങ്ങള്‍ ആയിരുന്നു ഈണത്തിന്റെ സവിശേഷത. അര്‍ത്ഥഗര്‍ഭമായ മൗനത്തിന്റെ ഇടവേളകള്‍.പിറ്റേന്ന് റെക്കോര്‍ഡിംഗാണ്. പാടേണ്ടത്യേശുദാസും ചിത്രയും. അന്ന്വൈകുന്നേരം നിനച്ചിരിക്കാതെനിര്‍മാതാവ് രാമചന്ദ്രന്റെ ഫോണ്‍കോള്‍: ``സത്യന്‍, റെക്കോര്‍ഡിംഗ് മാറ്റിവെച്ചേ പറ്റൂ. ഓര്‍ക്കസ്ട്രക്കാര്‍ക്ക് കൊടുക്കാന്‍കാശ് തികയില്ല. കോഴിക്കോട്ടെ ബാങ്കില്‍ നിന്ന് ഫണ്ട് എത്തിച്ചേരാന്‍ രണ്ടു മൂന്നു ദിവസം കൂടിയെടുക്കും.'' എല്ലാ ഉത്സാഹവും ചോര്‍ന്ന പോലെ തോന്നി സത്യനും രവീന്ദ്രനും. പിറ്റേന്നത്തെക്ക് തിയറ്ററും പാട്ടുകാരെയുംവരെ ബുക്ക് ചെയ്തതാണ്. അവസാന നിമിഷംഅതു മാറ്റുന്നത് ഒട്ടും ശുഭകരമാവില്ല.

ഇനിയെന്ത് എന്നോര്‍ത്ത് വേവലാതിപ്പെട്ടിരിക്കെ രവീന്ദ്രന്‍ ഇടപെടുന്നു. ``റെക്കോര്‍ഡിംഗ് നീട്ടേണ്ട കാര്യമില്ല. ഉള്ള കാശ് കൊണ്ട് നമുക്ക് സംഗതി നടത്താം. ഓര്‍ക്കസ്ട്രയുടെ കാര്യം സത്യന്‍ എനിക്ക് വിട്ടുതരിക.'' ഉടനടി വൈരം എന്ന സാങ്കേതിക വിദഗ്ദനെഫോണില്‍ വിളിച്ചു അടുത്ത ദിവസത്തേക്ക് ബുക്ക് ചെയ്യുന്നു രവീന്ദ്രന്‍. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കേറിയ സൗണ്ട് ഇഫക്റ്റ്‌സ് കലാകാരനാണ് അന്ന് വൈരം. ``സത്യന്‍ ഗാനചിത്രീകരണം പ്ലാന്‍ ചെയ്ത്എന്നെ അറിയിച്ചാല്‍ മതി. ബാക്കിയെല്ലാം ഞാന്‍ നോക്കിക്കൊള്ളാം.പോയിധൈര്യമായി കിടന്നുറങ്ങുക''-രവീന്ദ്രന്‍ പറഞ്ഞു.

അപ്പോഴും വിശ്വാസം വന്നിരുന്നില്ല സത്യന്. പക്ഷേ പിറ്റേന്ന് പാട്ട്റെക്കോര്‍ഡ് ചെയ്തുകേട്ടപ്പോള്‍ അന്തം വിട്ടുപോയി അദ്ദേഹം. കുറച്ചു ഗിറ്റാര്‍ സ്ട്രിംഗ്‌സും നാക്കു കൊണ്ടും തൊണ്ട കൊണ്ടും വൈരം സൃഷ്ടിച്ച കുറെ ശബ്ദശകലങ്ങളും മാത്രംവെച്ച് ഗാനത്തിന്റെ വാദ്യവിന്യാസം നിര്‍വഹിച്ചിരിക്കുന്നു രവീന്ദ്രന്‍. പശ്ചാത്തലത്തില്‍ ഏതാണ്ട് പൂര്‍ണമായും സ്വാഭാവിക ശബ്ദങ്ങള്‍ മാത്രം. മോഹന്‍ലാലും അഹല്യ എന്ന നടിയും തമ്മിലുള്ള ഷട്ടില്‍ കളിക്കിടെ പന്ത് ബാറ്റില്‍ തട്ടുന്ന ശബ്ദവും ലാല്‍ കല്ല് കൊണ്ട് പാറയില്‍ വെറുതെ മുട്ടുന്ന ശബ്ദവും വായ് ഉപയോഗിച്ച് ഉണ്ടാക്കിവെച്ചിരിക്കയാണ് വൈരം. തീര്‍ന്നില്ല: നായിക കാല്‍പ്പാദങ്ങള്‍ കൊണ്ട് വെള്ളത്തില്‍ അലകള്‍ ഇളക്കുന്നതും, റഹ്മാന്‍ ഓടിയെത്തിവന്നു നിന്ന് കിതയ്ക്കുന്നതും ലാല്‍ കൈകൊട്ടുന്നതും ഒക്കേ യഥാതഥ ശബ്ദങ്ങളായി ഉപയോഗിച്ചിരിക്കുന്നു പാട്ടിന്റെ പശ്ചാത്തലത്തില്‍ . ``വെറും 600 രൂപ കൊണ്ടാണ് ആ പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ രവീന്ദ്രന്‍ പൂര്‍ത്തിയാക്കിയത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?'' സത്യന്‍ ചോദിക്കുന്നു. ``ഇല്ലായ്മയില്‍ നിന്ന് പോലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള മാന്ത്രികനാണ് രവീന്ദ്രന്‍ എന്ന് അന്നു മനസ്സിലായി.''

(അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തില്‍ നിന്ന്)

Content Highlights: Mohanlal Raveendran Sathyan Anthikad Malayalam Movie Aduthaduthu