മെഹ്ദി ഹസൻ‍ കഥാവശേഷനായ നാൾ രാത്രി ഞാൻ കോയയെ സ്വപ്നം കണ്ടു. മാംസപേശികളുറഞ്ഞ ശരീരവും ഇരുണ്ട മുഖം നിറയെ വസൂരിക്കലയും പേടിപ്പെടുത്തുന്ന കൊമ്പൻ മീശയുമുള്ള കോയ. എൻറെ ജീവിതത്തിലെ മറക്കാനാവാത്ത മെഹ്ദിയൻ അനുഭവത്തിലെ നായകൻ. തടിച്ചുരുണ്ട വിരലുകളാൽ ഹാർമോണിയത്തിന്റെ കട്ടകളെ മൃദുവായി തലോടി കോയ പാടിത്തുടങ്ങുമ്പോൾ മുഖത്തെ പരുക്കൻ ഭാവം അപ്രത്യക്ഷമാകുന്നു; പകരം ശാന്തഗംഭീരമായ ഒരു സാഗരം ഇരമ്പുന്നു അവിടെ . ജനലഴികളിലൂടെ ഊർന്നു വീഴുന്ന നിലാമഴയിൽ ആ സാഗരം പതുക്കെ ഇളകുന്നതും നോക്കി ഞങ്ങളിരിക്കുന്നു...

പാട്ടിന്റെ സഞ്ചാരപഥങ്ങളിലെങ്ങോ വച്ച് സ്വപ്നം മുറിഞ്ഞപ്പോൾ ഓർമയിൽ തെളിഞ്ഞത് കാൽ നൂറ്റാണ്ടു മുൻപത്തെ ആ മെഹ്ഫിൽ നിശ. ഗസൽ പ്രണയത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള അഭിനിവേശത്തിന്റെയും ജ്വാലകൾ കോഴിക്കോട് നഗരം കെടാതെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന 1980കൾ.. സന്ധ്യ മയങ്ങുന്നതോടെ കടപ്പുറത്തെ `പാണ്ട്യാല'കളും വലിയങ്ങാടിയിലെ പീടികമുറികളും കുറ്റിച്ചിറയിലെ തട്ടിൻപുറങ്ങളും മെഹ്ഫിൽ വേദികളായി വേഷം മാറിയിരുന്ന കാലം. ആ രാത്രികളിലൊന്നിൽ `രാശിക്കുഞ്ഞിന്റെ ദർബാർ' തേടി ഞങ്ങൾ കല്ലായിപ്പാലത്തിന് സമീപമുള്ള ചരക്കുലോറിക്കാരുടെ താവളത്തിലെത്തുന്നു-- സുഹൃത്തുക്കളായ ലാൽജി, സജീവൻ, ലത്തീഫ്, പിന്നെ ഞാനും.

ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയൊരു കെട്ടിട്ടത്തിന്റെ മുകൾ നിലയിലെ കുടുസ്സു മുറിയാണ് `ദർബാർ.'. കാൽ തൊടുമ്പോൾ ഞരങ്ങുകയും ചിലപ്പോൾ നിലവിളിക്കുകയും ചെയ്യുന്ന മരപ്പടവുകൾ സൂക്ഷിച്ചു കയറി മുകളിൽ ചെന്നപ്പോൾ ഒരുത്സവത്തിനുള്ള ആളുണ്ടവിടെ. പാട്ടുകാരുടെയും ആസ്വാദകരുടെയും ഒരു വലിയ കൂട്ടം. ചുമട്ടു തൊഴിലാളികൾ , ലോറിപ്പണിക്കാർ, കച്ചവടക്കാർ, അലക്കുകാർ... ...അങ്ങനെ പലരും. അവർക്കിടയിൽ ചുളി വീഴാത്ത തൂവെള്ള സിൽക്ക് ജൂബ അണിഞ്ഞ് , കഴുത്തിൽ ചുവന്ന പട്ടുറുമാൽ ചുറ്റി രാജകുമാരനെ പോലെ രാശിക്കുഞ്ഞ് -- എം എസ് ബാബുരാജിന്റെ ഗാനമേളാ സംഘത്തിലെ പഴയ `വാനമ്പാടി'. പെൺശബ്ദത്തിൽ ആണുങ്ങൾ തന്നെ വേദിയിൽ പാടിയിരുന്ന കാലത്ത് ജാനകിയും ലീലയും സുശീലയുമെല്ലാം രാശിക്കുഞ്ഞിന്റെ ശബ്ദത്തിൽ വന്നു നിറയുന്നത് വിസ്മയത്തോടെ കേട്ടിരുന്നിട്ടുണ്ട് ഒരിക്കൽ ഈ നഗരം. കുട്ടിത്തം പോയതോടെ ജാനകിയിൽ നിന്ന് രാശിക്കുഞ്ഞ് എ എം രാജയിലേക്കും പി ബി ശ്രീനിവാസിലേക്കും യേശുദാസിലേക്കും വളർന്നു.

അങ്ങിങ്ങായി പൊട്ടിയ ഓടിന്റെ വിടവുകളിലൂടെ ഒലിച്ചിറങ്ങി വന്ന പൂനിലാവും ദിനേശ് ബീഡിയുടെ പുകയും ആഹിർ ഭൈരവിയും നാടൻ മദ്യവും മുഹമ്മദ് റഫിയും ചേർന്നു സൃഷ്ടിച്ച ആ സൈക്കഡലിക്ക് അന്തരീക്ഷം മറക്കുവതെങ്ങനെ? പ്രേയസിയോടെന്നവണ്ണം ഹാർമോണിയവുമായി സല്ലപിച്ച് സുറുമയെഴുതിയ മിഴികളെ എന്ന ഗാനത്തിന്റെ ആത്മാവിലൂടെ ഒഴുകിപ്പോകുന്ന രാശിക്കുഞ്ഞ് . കണ്ണുകൾ പൂട്ടി നിശ്ചലനായിരുന്ന് റഫിയുടെ അകേലേ ഹേ ചലേ ആവോ എന്ന ഗാനം ഭാവസാന്ദ്രമായി പാടുന്ന പാളയത്തെ സ്റ്റീൽ പാത്രക്കച്ചവടക്കാരനായ ഹാജിയാർ; ആംസൂ ഭരീ ഹേ എന്ന മുകേഷ് ഗാനത്തിന്റെ വരികളിൽ സ്വയമലിഞ്ഞു വിതുമ്പുന്ന ലോറി ഡ്രൈവർ മജീദ്, `ഏ മേരെ സൊഹറ ജബീ' എന്ന ഖവാലി തബല വായിച്ച് ആസ്വദിച്ചു പാടുന്ന കപ്പലണ്ടി വില്പനക്കാരൻ ബാബു, അകലെയകലെ നീലാകാശം എന്ന ബാബുരാജ് ഗാനത്തിൽ ആവുന്നത്ര മനോധർമം ചാലിച്ച് ചേർക്കുന്ന മരയ്ക്കാർ.....

ഇടയ്ക്കെപ്പോഴോ പാട്ട് നിർത്തി രാശിക്കുഞ്ഞ് ഉറക്കെ വിളിച്ചു പറയുന്നു: ``കോയാ ബടെ ബാ, ഇനി അന്റെ പാട്ട് കേക്കട്ടെ.''
ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി നീലക്കുപ്പായമണിഞ്ഞ ഒരു ചുമട്ടു തൊഴിലാളി കടന്നു വരുന്നു. തലയിലെ കെട്ടഴിച്ച് ചുമലിലിട്ട്, ചുണ്ടിലെ എരിയുന്ന ബീഡി നിലത്തു കുത്തിക്കെടുത്തി ഹാർമോണിയത്തിനു മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്നു അയാൾ.. രാശിക്കുഞ്ഞിന്റെ ദർബാറിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. ഉറച്ച ശരീരപ്രകൃതിയും മുഖത്ത് വസൂരിക്കലകളുമുള്ള ഈ മനുഷ്യന്റെ ശബ്ദത്തിലൂടെ ഏതു പാട്ടുകാരനാകും ഒഴുകി വരിക എന്നോർക്കുകയായിരുന്നു ഞാൻ ---- ബാബുരാജോ മുഹമ്മദ് റഫിയോ , അതോ കിഷോർ കുമാറോ? പക്ഷെ, ഒഴുകിവന്നത് മെഹ്ദി ഹസ്സനാണ്. കരുത്ത് തടിച്ച വിരലുകൾ കൊണ്ടു ഹാർമോണിയതിന്റെ കട്ടകളിൽ സ്പർശിച്ചു മൃദുലവും കാല്പനികവുമായ ശബ്ദത്തിൽ കോയ പാടുന്നു : ``മുജെ തും നസർ സേ ഗിരാ തും രഹേ ഹോ/ മുജെ തും കഭീ ഭീ ബുലാ നാ സകോഗെ....''

മസ്രൂർ അക്തർ എഴുതി സൊഹൈൽ റാണ ഈണമിട്ട തികച്ചും ലളിതമായ ആ പാകിസ്ഥാനി `ഫിൽമി ' ഗസൽ (ചിത്രം ദോ രഹ) മുൻപ് മെഹ്ദി ഹസ്സന്റെ തന്നെ ശബ്ദത്തിൽ കാസറ്റുകളിൽ കേട്ടിട്ടുണ്ട് . പിൽക്കാലത്ത് കോഴിക്കോട് ടാഗോർ ഹാളിൽ അരങ്ങേറിയ മെഹ്ദിയുടെ അവസാന സ്റ്റേജ് പരിപാടിയിൽ വരെ . പക്ഷെ രാശിക്കുഞ്ഞിന്റെ സംഗീത സദസ്സിലേക്ക് കോയയുടെ ശബ്ദത്തിൽ അതൊഴുകിയെത്തിയപ്പോൾ അനുഭവിച്ച നിർവൃതി -- അതുപോലൊന്ന് അതിന് മുൻപോ പിൻപോ അനുഭവിച്ചിട്ടില്ല ഞാൻ .. ശുദ്ധമായ ഉർദുവിൽ തീവ്രപ്രണയം കലരുമ്പോൾ വിടരുന്ന സൗന്ദര്യം മുഴുവൻ ഉണ്ടായിരുന്നു ആ ആലാപനത്തിൽ.. സവിശേഷമായ ചില സംഗതികൾ ഒക്കെ കലർത്തി കോയ ആ ഗസൽ പാടിത്തീർന്നപ്പോൾ അറിയാതെ കയ്യടിച്ചുപോയി. തലകുനിച്ച് വണങ്ങി എഴുന്നേറ്റു അഭിനന്ദനങ്ങൾക്ക് നന്ദി പറഞ്ഞു ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു മറഞ്ഞ ഗായകനെ പിന്നെ കണ്ടിട്ടേയില്ല; ഇന്ന് വരെ.

ആ ഗാനം പാടാൻ വേണ്ടി മാത്രമായി അവതരിച്ചതായിരിക്കുമോ അയാൾ ? അതല്ല ഇനി മെഹ്ദി തന്നെയാകുമോ കോയയുടെ ശബ്ദത്തിൽ അന്ന് പാടിയത്? ഓർക്കുമ്പോൾ എല്ലാം കിനാവ് പോലെ. മെഹ്ദി ഹസ്സൻ ‍ ഭ്രാന്തമായ ഒരു ആവേശമായി, ജീവിതത്തിൽ നിന്ന് ഒരിക്കലും അടർത്തി മാറ്റാൻ കഴിയാത്ത ശീലമായി ഒപ്പം കൂടിയത് ആ രാത്രിയിലാണ്.

content highlights : Mehdi hasan songs ravi menon paattuvazhiyorathu