മെഹബൂബ് ഭായി ഇല്ലാത്ത നാല് പതിറ്റാണ്ടുകൾ 

ചുഴി എന്ന സിനിമയിൽ പാടിക്കാൻ വേണ്ടി മെഹ്ബൂബിനെ കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് ``പൊക്കിയെടുത്തു'' കൊണ്ടുപോയ കഥ രസകരമായി വിവരിച്ചിട്ടുണ്ട് പടത്തിന്റെ നിർമ്മാതാവ് സലാം കാരശ്ശേരി. ചെറുപ്പം മുതലേയുള്ള ആരാധനയാണ് സലാമിന് മെഹബൂബിനോട്. ആദ്യം കണ്ടതും കേട്ടതും ഫറോക്കിലെ ഒരു കല്യാണസദസ്സിൽ വെച്ച്. വരന്റെ വീട്ടിൽ ബാബുരാജൂം സംഘവും (കെ ആർ ബാലകൃഷ്ണൻ, കോഴിക്കോട് അബ്ദുൾഖാദർ, മച്ചാട്ട് വാസന്തി) അവതരിപ്പിച്ച ഖവാലി  പൊടിപൊടിക്കുന്നു. വധൂഗൃഹത്തിൽ മെഹബൂബിന്റെയും. സലാമിന് കൂടുതൽ ഇഷ്ടപ്പെട്ടത് മെഹബൂബിന്റെയും കൂട്ടരുടെയും (സീറോ ബാബു, മുഹമ്മദ് ഹുസൈൻ) സംഗീത സദിര് തന്നെ.
 
എന്നെങ്കിലും സിനിമ പിടിച്ചാൽ മെഹബൂബിനെ പാടിക്കണം എന്ന് അന്നേ തീരുമാനിച്ചിരുന്നു. അവസരം ഒത്തുവന്നത് ``ചുഴി''യിലാണ്. മാത്രമല്ല, ആ സമയത്ത് സിനിമയിൽ പേരിനുപോലുമില്ല മെഹബൂബിന്റെ സാന്നിധ്യം. നല്ലൊരു പാട്ട് പാടിയിട്ട് വർഷങ്ങൾ ഏറെയായി. ബോധപൂർവമായാലും അല്ലെങ്കിലും സിനിമയോട് അകലം പാലിച്ചുനിൽക്കുന്ന കാലം. മെഹബൂബിനെ തിരിച്ചുകൊണ്ടുവരണം എന്ന ആഗ്രഹം സലാം പങ്കുവച്ചപ്പോൾ സംഗീത സംവിധായകൻ ബാബുരാജിനും സന്തോഷം. ബാബുക്കയുടെ എത്രയോ ഹിറ്റ് പാട്ടുകൾക്ക് ശബ്ദം പകർന്നയാളല്ലേ? കണ്ടം ബെച്ചൊരു കോട്ടാണ്, സിന്ദാബാദ് സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്, എന്തൊരു തൊന്തരവ്, കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ, കോയിക്കോട്ടങ്ങാടീലെ  കോയക്കാന്റെ കടയിലെ ....

പ്രശ്നം അതല്ല. സിനിമയിൽ  പാടാൻ മെഹബൂബിന് താൽപ്പര്യമില്ല. ``സലാം ഭായ്, എനിക്കിപ്പോ പഴയ പോലെ പാടാൻ വയ്യ. ശബ്ദം നമ്മുടെ ചൊൽപ്പടിക്ക് നിൽക്കുന്നില്ല. എന്നെ ഒഴിവാക്കി വേറെ ഏതെങ്കിലും പുതിയ പാട്ടുകാരെക്കൊണ്ട് പാടിക്കൂ.'' -- ആഴ്ചകൾ നീണ്ട അന്വേഷണത്തിന് ശേഷം മട്ടാഞ്ചേരിയിൽ വെച്ച് ``പിടികൂടിയ''പ്പോൾ മെഹബൂബ് പറഞ്ഞു. സലാമുണ്ടോ വിടുന്നു. ``ഭായിയെ മാത്രം മനസ്സിൽ കണ്ട് ബാബുക്ക ചെയ്ത പാട്ടാണ്. വേറെ ആര് പാടിയാലും ശരിയാവില്ല.''  നിർബന്ധം സഹിക്കാനാവാതെ ഒടുവിൽ ഗായകൻ  വഴങ്ങുന്നു.

മെഹബൂബിനെ ചെന്നൈയിൽ എത്തിക്കുകയാണ് അടുത്ത വെല്ലുവിളി. ``അവസാന നിമിഷം വരെ ഒഴിഞ്ഞുമാറാൻ നോക്കി അദ്ദേഹം.''-- സലാം പറഞ്ഞു. `` ഒടുവിൽ ഗായകൻ ആന്റോയുടെയും മറ്റ് സുഹൃത്തുക്കളുടെയും ഒക്കെ സഹായത്തോടെയാണ് മെഹബൂബിനെ നിർബന്ധിച്ചു മദ്രാസിൽ കൊണ്ടുവന്നത്. റെക്കോർഡിങ് സമയത്തും മുങ്ങാൻ നോക്കി അദ്ദേഹം. പിടിച്ച പിടിയാലേ എല്ലാവരും ചേർന്ന് സ്റ്റുഡിയോയിൽ കൊണ്ടുവരുകയായിരുന്നു. അത്ഭുതം തോന്നി എനിക്ക് . സിനിമയിൽ ഒരു മുറിപ്പാട്ടിന് വേണ്ടി പോലും ആളുകൾ എന്ത് ത്യാഗവും ചെയ്യുന്ന കാലത്ത് ഇതാ കൈവന്ന അവസരം പുല്ലുപോലെ വലിച്ചെറിയാൻ നോക്കുന്ന ഒരു മനുഷ്യൻ. അതായിരുന്നു മെഹബൂബ്.''

പക്ഷെ മൈക്കിന് മുന്നിൽ ചെന്നു നിന്നതോടെ മെഹബൂബ് മറ്റൊരാളായി മാറുന്നത് വിസ്മയത്തോടെ കണ്ടു നിന്നു സലാം. ശബ്ദത്തിൽ ക്ഷീണം കലർന്നിരുന്നെങ്കിലും ആലാപനത്തിലെ ഭാവാംശത്തിന് പോറൽ പോലും ഏറ്റിരുന്നില്ല. ബാബുക്ക  ഉദ്ദേശിച്ചതിനും  ഒരു പടി മുന്നിലേക്ക് കടന്നുചെന്നുകൊണ്ട്, സ്വതഃസിദ്ധമായ മനോധർമ്മ പ്രകടനത്തോടെ  മെഹബൂബ് പാടി:

``കണ്ട്  രണ്ട്‌ കണ്ണ്  കതകിൻ മറവിൽ നിന്ന്, കരിനീലക്കണ്ണുള്ള പെണ്ണ്, കുറുനിര പറത്തണ പെണ്ണ്...''-- പി എം കാസിം എഴുതി ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനം. മൂന്ന് പതിറ്റാണ്ടിനു ശേഷം  ``അന്നയും റസൂലും'' എന്ന സിനിമയിൽ ഷഹബാസ് അമന്റെ ശബ്ദത്തിൽ പുനരവതരിപ്പിച്ചപ്പോഴും ഈ ഗാനം ഹിറ്റായി എന്നോർക്കുക.

അതേ  ചെന്നൈ യാത്രക്കിടെ സുഹൃത്തായ ഒരു  നിർമ്മാതാവിനോട് മെഹബൂബിനെ സിനിമയിൽ പാടിക്കാൻ ശുപാർശ ചെയ്ത കഥയും സലാം പറഞ്ഞുകേട്ടിട്ടുണ്ട്. ``റെക്കോർഡിംഗിന്റെ തലേന്ന് മെഹബൂബ് എന്നെ കാണാൻ ഓഫീസിൽ എത്തുന്നു. കൂടെയുള്ള  ചെറുപ്പക്കാരനെ മുന്നിലേക്ക് കൈപിടിച്ചു നിർത്തി മെഹബൂബ് പറഞ്ഞു:  ``സലാം ഭായി, എനിക്ക് വേണ്ടി വെച്ച പാട്ട് ഇവനെക്കൊണ്ട്‌ പാടിക്കാൻ ശുപാർശ ചെയ്യണം. നല്ല ഭാവിയുള്ള പാട്ടുകാരനാണ്. എന്റെയൊക്കെ കാലം കഴിഞ്ഞു, പാടാൻ വയ്യ.'' ആത്മാർത്ഥതയുടെ തെളിച്ചമുള്ള ആ വാക്കുകൾ കേട്ട് എന്ത് മറുപടിപറയണം എന്നറിയാതെ തരിച്ചിരുന്നു ഞാൻ.'' 

പിൽക്കാലത്ത് ഗാനമേളാ വേദികളിലൂടെ പ്രശസ്തനായി മാറിയ ജൂനിയർ മെഹബൂബ് ആയിരുന്നു ആ യുവഗായകൻ. ചഞ്ചല (1974) എന്ന ചിത്രത്തിലൂടെ ആയിരുന്നു ഗായകനായി ജൂനിയർ മെഹബൂബിന്റെ അരങ്ങേറ്റം. അതേ ചിത്രത്തിലാണ് മെഹബൂബിന്റെ അവസാന സിനിമാ ഗാനവും പിറന്നത് -- ഒ  എൻ വി എഴുതി അർജ്ജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ``കല്യാണരാവിൽ പെണ്ണിന്റെ വീട്ടിൽ കള്ളൻ കടന്നയ്യോ...'' 1981 ഏപ്രിൽ 22 ന് മെഹബൂബ് ഓർമ്മയായി.  പകരം വെക്കാനില്ലാത്ത ഒരു ജനകീയ സംഗീതയുഗത്തിന്റെ അസ്തമനം.വേർപിരിഞ്ഞു നാല് പതിറ്റാണ്ടു കഴിഞ്ഞിട്ടും മെഹബൂബ് ഇന്നും ജീവിക്കുന്നു. കടുത്ത ജീവിതപരീക്ഷണങ്ങളുടെ  ചൂരും ചൂടും നിറഞ്ഞ കുറെ പാട്ടുകളിലൂടെ.


Content Highlights :  Mehaboob Singer death anniversary Kandu Randu Kannu Chuzhi Movie song MS Baburaj PA Kasim