പി ചന്ദ്രകുമാറിന്റെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ പടമാണ് ആരതി (1981). പക്ഷെ സത്യൻ അന്തിക്കാടിന്റെ  ഗാനരചനാ ജീവിതത്തിൽ മറക്കാനാവാത്ത ചിത്രമായിരുന്നു അത്. എം ബി ശ്രീനിവാസൻ എന്ന ജീനിയസ്സിന് ഒപ്പം പ്രവർത്തിക്കാൻ ആ പടം അവസരമൊരുക്കി എന്നതാണ് കാരണം.  ജോണ്‍പോൾ ആയിരുന്നു തിരക്കഥ. ചന്ദ്രകുമാറിന്റെ പതിവ് ചിത്രങ്ങളിൽ നിന്ന് വേറിട്ടു നിന്ന സംരംഭമായിരുന്നതു കൊണ്ടാണ് എം ബി എസ്സിനെ പോലൊരാളെ സംഗീതത്തിന്റെ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത്. 

വന്നയുടൻ എം ബി എസ്  പറഞ്ഞു:`` വരികൾ എഴുതിത്തന്നാൽ മതി. ട്യൂണിട്ടുകൊള്ളാം. അതാണെന്റെ രീതി.'' ആദ്യം എഴുതിക്കൊടുത്തത് നിറമാർന്ന ചിറകുമായ് മോഹങ്ങളണയും എന്നൊരു പാട്ട്. പക്ഷെ വരികൾ വായിച്ചു കേട്ടപ്പോൾ എം ബി എസ് പറഞ്ഞു: ``ഇതിൽ ചരണത്തിന്റെ തുടക്കത്തിലെ രണ്ടു വരികൾ എനിക്ക് പല്ലവിയായി വേണം- കൗമാര സ്വപ്‌നങ്ങൾ പീലി വിടർത്തിയ മാനസ തീരങ്ങളിൽ... '' അതിനനുസരിച്ച് പാട്ടിന്റെ വരികൾ മാറ്റിയെഴുതേണ്ടി വന്നു സത്യന്. എന്തുകൊണ്ട്  അങ്ങനെ ആവശ്യപ്പെട്ടു  എന്നതിന് എം ബി എസ് നൽകിയ വിശദീകരണമായിരുന്നു രസകരം: ``പല്ലവിയിൽ ധാരാളം ദീർഘങ്ങൾ വേണം എനിക്ക്. എന്റെ ശൈലിക്ക് ഇണങ്ങുന്ന ട്യൂണ്‍ ഉണ്ടാക്കാൻ അത് സഹായിക്കും.'' പിന്നീട് പാട്ട്   ഈണമിട്ടു  കേട്ടപ്പോഴാണ് ദീർഘങ്ങളോടുള്ള എം ബി എസ്സിന്റെ ആഭിമുഖ്യത്തിന്റെ  പൊരുൾ സത്യന് മനസ്സിലായത്. ``കൗമാര''ത്തിലെ `കൗമാ'യിൽ നിന്ന് ``ര''യിലേക്കുള്ള സഞ്ചാരപഥത്തിൽ  എസ് ജാനകിയുടെ ശബ്ദം എത്ര  മധുരതരമായാണ് ലയിച്ചുചേരുന്നതെന്ന് ഓർക്കുക.

`കൗമാരസ്വപ്നങ്ങ'ളുടെ റെക്കോർഡിംഗിനുമുണ്ട് സവിശേഷത. മൾട്ടി ട്രാക്കും സ്റ്റീരിയോയും ഒന്നും ഇല്ലാത്ത ആ കാലത്ത് പാട്ടിന്റെ വ്യത്യസ്തതക്കു വേണ്ടി  എം ബി എസ് ഒരു പരീക്ഷണം നടത്തി. ജാനകിയെ കൊണ്ട് മൂന്നു സ്ഥായിയിൽ, മൂന്നു താളത്തിൽ, മൂന്നു തവണ പാടിച്ച്  റെക്കോർഡ് ചെയ്തു  അദ്ദേഹം- . ചെറിയൊരു ``ഡിലേ'' കൊടുത്ത് മൂന്നു വേർഷനും ഒരുമിച്ചു പ്ലേ ചെയ്തപ്പോൾ അതുവരെ കേൾക്കാത്ത ഒരു ഇഫക്റ്റ് ആണ് പാട്ടിനു ലഭിച്ചത്. ഡിജിറ്റൽ റെക്കോർഡിംഗിന്റെ  സുവർണ്ണ കാലത്തും അത്ഭുതമായി തോന്നും   മൂന്നര പതിറ്റാണ്ട് മുൻപത്തെ ആ എം ബി എസ് ഇന്ദ്രജാലം. (രണ്ടു വേർഷൻ ഉണ്ട് ഈ പാട്ടിന്).

അനന്തരം സംഗീതമായ് എന്ന പുസ്തകത്തിൽ നിന്ന്

Content Highlights: MB Sreenivasan Sathyan Anthikad S Janaki Malayalam Melody Kaumara Swapnangal, Ravi Menon