പാട്ടോർമ്മകൾ ഒരിക്കലും അവസാനിക്കുന്നില്ല...

``മഴവിൽക്കാവടി''യിലെ ``തങ്കത്തോണി'' എന്ന പാട്ടിനെക്കുറിച്ചും അതിന്റെ ചിത്രീകരണത്തെക്കുറിച്ചും  എഴുതിയ കുറിപ്പ് വായിച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ വിളിച്ചതായിരുന്നു  ഉർവശി; കൃതജ്ഞത  അറിയിക്കാനും. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു പ്രിയനായിക: ``ആ പാട്ടിനെക്കുറിച്ച് രവി അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. നടുക്കുന്ന ഒരോർമ്മ. ഇന്നും ആ ഗാനരംഗം കാണുമ്പോൾ തലചുറ്റും എനിക്ക്..'' ഉർവശി ചിരിക്കുന്നു.
 
തറയിലെ വെള്ളം പെരുവിരൽ കൊണ്ട് തെറിപ്പിച്ച് ഉല്ലാസവതിയായാണ് ഫ്രെയിമിലേക്ക് ഉർവശി അവതരിപ്പിച്ച ആനന്ദവല്ലിയുടെ കടന്നുവരവ്. ``വന്നയുടൻ ഒന്ന് കറങ്ങിത്തിരിയണം. എന്നിട്ട് വേണം  ഓട്ടം തുടങ്ങാൻ. രാവിലെ എട്ടു മണിയോടെ ഷൂട്ടിംഗ് തുടങ്ങി എന്നാണ് ഓർമ്മ. അന്നെനിക്ക് വല്ലാതെ ലോ ബി പിയുള്ള കാലമാണ്. ഉറക്കമിളച്ചതിന്റെ ക്ഷീണം കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ബി പി പെട്ടെന്ന് താഴും.  

``സംവിധായകൻ സത്യൻ അന്തിക്കാട് ആക്‌ഷൻ പറഞ്ഞതും ഞാൻ ഓടിയെത്തി വട്ടം കറങ്ങിയതും  തലചുറ്റി പൊത്തോന്ന് നിലത്തുവീണതും ഒപ്പം. നിന്നിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് ആഴമുള്ള കുഴിയാണ്. അവിടേക്കാണ് മൂക്കുകുത്തിയുള്ള എന്റെ വീഴ്ച്ച. ആ കിടപ്പിൽ കുറച്ചുനേരം കമിഴ്ന്നു കിടന്നത് ഓർമ്മയുണ്ട്. അപ്പോഴേക്കും ആരോ വന്നു മുഖത്ത് വെള്ളം തളിച്ചു. അധികം താമസിയാതെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുകയും ചെയ്തു. പാഴാക്കാൻ സമയമില്ലല്ലോ. പെട്ടെന്ന് പണി തീർത്തു സ്ഥലം വിടണ്ടേ?''

``ആ വീഴ്ച്ചയിൽ നിന്നുള്ള എന്റെ ഉയിർത്തെഴുന്നേൽപ്പാണ്‌ നിങ്ങൾ തങ്കത്തോണി എന്ന ഗാനരംഗത്ത് കണ്ടത്'' -- ഉർവശി പൊട്ടിച്ചിരിക്കുന്നു.
തീർന്നില്ല.  വൈകുന്നേരം നാലു മണിയോടെ ഉർവശിക്ക് ചെന്നൈയിലേക്കുള്ള ഫ്ലൈറ്റ് പിടിക്കേണ്ടതിനാൽ തിടുക്കത്തിൽ സീൻ എടുത്തു തീർക്കുകയാണ് സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ വിപിൻ മോഹനും. ``ആട്ടിൻകുട്ടിയെ എടുത്തുകൊണ്ട് ഞാൻ ഓടുന്ന ഒരു ഷോട്ട് ഉണ്ട് ആ സീനിൽ.   ഓട്ടം പൂർത്തിയാക്കി, ആടിനെ തിടുക്കത്തിൽ നിലത്തിറക്കിവെച്ച് തൊട്ടടുത്ത്  കാത്തുനിന്ന കാറിൽ ഓടിക്കയറുകയായിരുന്നു ഞാൻ.''

സസ്പെൻസ്  അവിടെ അവസാനിച്ചില്ല. കോയമ്പത്തൂരിൽ ചെന്നപ്പോൾ ഫ്ലൈറ്റ് അതിന്റെ പാട്ടിന് പോയിരിക്കുന്നു. ഇനി ട്രെയിനേയുള്ളൂ ആശ്രയം. കാറിൽ നേരെ ദിണ്ടിഗലിലേക്ക് വിട്ടു. ആ സമയത്ത് അവിടെനിന്ന് ഒരു വണ്ടിയുണ്ടത്രേ. റെയിൽവേ സ്റ്റേഷനിൽ ചെല്ലുമ്പോൾ വണ്ടി പുറപ്പെടുന്നു. ഓടിച്ചെന്ന് കയറിയതേ ഓർമ്മയുള്ളൂ. ആരോ പെട്ടിയും ബാഗും വാതിലിലൂടെ അകത്തേക്കെറിഞ്ഞതും... സീറ്റിൽ ചെന്നിരുന്നിട്ടേ ശ്വാസം നേരെ വീണുള്ളു എന്ന് ഉർവശി.``വളരെ ബുദ്ധിമുട്ടി ത്യാഗം സഹിച്ചെടുത്ത  ഇത്തരം ഗാനരംഗങ്ങൾ വേറെയുമുണ്ട് എന്റെ സിനിമാ ജീവിതത്തിൽ. അവയെല്ലാം സൂപ്പർഹിറ്റുകളായിരുന്നു എന്നതാണ് രസകരം.'' -- ഉർവശി.

ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും അർപ്പണബോധവുമാണ് ഉർവശിയെ മറ്റു പല അഭിനേതാക്കളിൽ  നിന്നും വേറിട്ട് നിർത്തുന്നതെന്ന് പറയും വിപിൻ മോഹൻ. ആ കാലം ഇനിയൊരിക്കലും തിരിച്ചുവരും എന്ന് പ്രതീക്ഷയില്ല. ``താങ്കളുടെ കുറിപ്പ് രസകരമായ ആ നിമിഷങ്ങൾ വീണ്ടും ഓർത്തെടുക്കാൻ സഹായകമായി.''-- വിപിന്റെ വാക്കുകൾ. ``മറക്കാനാവാത്ത ഒരു കാലമായിരുന്നല്ലോ അത്. ഒന്നുകൂടി പറയാം. നിറഞ്ഞ കണ്ണുകളോടെയാണ് ഞാനും എന്റെ ഭാര്യയും അത്  വായിച്ചുതീർത്തത്...'' 

നന്ദി, വിപിൻ മോഹൻ. നന്ദി, ഉർവശി. ഹൃദയത്തിൽ നിന്നെഴുതിയ ആ വാക്കുകൾ, നിങ്ങളുടെ ഹൃദയങ്ങളേയും  തൊട്ടു എന്നറിയുമ്പോൾ....  ആത്മസംതൃപ്തിക്ക് ഇനിയെന്തുവേണം എഴുത്തുകാരന് ? 

Content Highlights : Mazhavikkavadi Movie Song Thankathoni Memories Urvashi Sathyan Anthikkad Vipin Mohan Ravi Menon