മരക്കാർ--അറബിക്കടലിന്റെ സിംഹം''  ആഘോഷപൂർവം വെള്ളിത്തിരയിലെത്തുമ്പോൾ അരങ്ങൊഴിഞ്ഞ പഴയൊരു സിംഹത്തെ അറിയാതെ ഓർത്തുപോകുന്നു നാം. 1967 ൽ പുറത്തിറങ്ങിയ കുഞ്ഞാലി മരക്കാർ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ നായകനായ കൊട്ടാരക്കര ശ്രീധരൻ നായരെ.

ടി കെ പരീക്കുട്ടി നിർമ്മിച്ച് എസ് എസ് രാജൻ സംവിധാനം ചെയ്ത ആ പഴയ ``കുഞ്ഞാലിമരക്കാർ'' ഇന്ന് ഓർക്കപ്പെടുന്നത് മൂന്ന് കാര്യങ്ങളുടെ പേരിലാണ്: മരക്കാരുടെ റോളിൽ കൊട്ടാരക്കരയുടെയും സാമൂതിരിയായി പ്രേംജിയുടെയും ഉജ്ജ്വലമായ അഭിനയം. പി ജയചന്ദ്രൻ എന്ന ഭാവഗായകന്റെ സിനിമാ അരങ്ങേറ്റം.  മികച്ച പ്രാദേശിക ചിത്രത്തിനുള്ള  രജതകമലം.

അൻപത്തിനാല് വർഷങ്ങൾക്കിപ്പുറം മരക്കാറിനെ സാങ്കേതികത്തികവാർന്ന ദൃശ്യാനുഭവമായി പ്രിയദർശൻ വെള്ളിത്തിരയിലെത്തിക്കുമ്പോൾ ``സിംഹ'ത്തിന്റെ റോളിൽ പ്രിയപ്പെട്ട മോഹൻലാലുണ്ട്.  സാമൂതിരിയായി, അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ നെടുമുടി വേണുവും. മികച്ച ഫീച്ചർ ഫിലിമിനുള്ള സ്വർണകമല നേട്ടവുമായാണ്  സിംഹത്തിന്റെ വരവ്.  വേഷവിതാനത്തിനും (സുജിത് സുധാകരൻ, വി സായ് ) സ്‌പെഷ്യൽ ഇഫക്ട്സിനും (സിദ്ധാർഥ് പ്രിയദർശൻ) ഉള്ള ദേശീയ ബഹുമതികൾ വേറെ. നൂറു കോടി രൂപ ചെലവിട്ട്  ചിത്രീകരിക്കപ്പെട്ട മരക്കാർ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള  പടമാണെന്ന് വിക്കിപീഡിയ.

രണ്ടു ലക്ഷത്തിൽ താഴെ മുടക്കുമുതലുള്ള പഴയ കുഞ്ഞാലിമരക്കാറിന്റെ സിംഹഭാഗവും ചിത്രീകരിക്കപ്പെട്ടത് ചെന്നൈയിലെ സത്യ, ശ്യാമള സ്റ്റുഡിയോകളിൽ. വാതിൽപ്പുറ രംഗങ്ങൾ പേരിന് മാത്രം. കെ പദ്മനാഭൻ നായർ തിരക്കഥയും സംഭാഷണവുമെഴുതിയ പടം വലിയ സാമ്പത്തിക വിജയമായിരുന്നില്ല; കൊട്ടാരക്കരയുടെ ഗാംഭീര്യമാർന്ന അഭ്രസാന്നിധ്യമുണ്ടായിട്ടു പോലും.   പൂവളപ്പിൽ നാണു എന്ന സാഹസികന്റെ  റോളിൽ പ്രേംനസീറും, കാമുകിയുടെ വേഷത്തിൽ പിൽക്കാലത്ത് തെന്നിന്ത്യയിലെ മാദകറാണിയായി മാറിയ ജ്യോതിലക്ഷ്മിയും ഉണ്ടായിരുന്നെങ്കിലും അഭിനയസാധ്യതയുള്ള റോളുകളായിരുന്നില്ല രണ്ടും. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള എ വിൻസന്റിന്റെയും ശിഷ്യൻ ഭാസ്കരറാവുവിന്റേയും ഛായാഗ്രഹണമായിരുന്നു പടത്തിന്റെ ആകർഷണങ്ങളിൽ ഒന്ന്.

ഒരു മുല്ലപ്പൂമാലയുമായ് എന്ന യുഗ്മഗാനം പാടി പിന്നണി ഗായകനായി  ജയചന്ദ്രൻ തുടക്കം കുറിച്ചത് ഈ കുഞ്ഞാലിമരക്കാറിലാണ്.  കൂടെ പാടിയത് കോഴിക്കോട്ടുകാരി പ്രേമ.  1965 ലാണ് ഗാനം റെക്കോർഡ് ചെയ്യപ്പെട്ടത്. ``പുതിയൊരു  ഗായകന്റെ കൂടെയാണ് പാടേണ്ടത് എന്ന് സംഗീത സംവിധായകൻ ചിദംബരനാഥ് മാസ്റ്റർ പറഞ്ഞപ്പോൾ കൗതുകം തോന്നി.''-- പ്രേമയുടെ വാക്കുകൾ. ``സ്റ്റുഡിയോയിൽ  വെച്ചാണ് ജയചന്ദ്രനെ ആദ്യം കണ്ടത്. തുടക്കക്കാരന്റെ പരിഭ്രമമുണ്ട്. രണ്ടു സിനിമയിൽ പാടിയിരുന്നെങ്കിലും എന്റെ കാര്യവും മെച്ചമല്ല. ഒരു ദിവസം മുഴുവൻ റിഹേഴ്‌സൽ നോക്കിയിട്ടും  ശരിയാകുന്നില്ല.  റെക്കോർഡിംഗ് പിറ്റേന്നത്തേക്ക് നീട്ടേണ്ടിവന്നു. ദൈവാനുഗ്രഹത്താൽ അന്ന് എല്ലാം ഓക്കേ ആയി..'' പാട്ടു പാടി സ്റ്റുഡിയോ വിട്ട പ്രേമ പിന്നീട് അപൂർവം ചിത്രങ്ങളിലേ പാടിയുള്ളൂ. കൂടെ പാടിയ പരിഭ്രമക്കാരനായ യുവാവ് തെന്നിന്ത്യൻ സിനിമാ സംഗീതത്തിൽ പ്രശസ്തിയുടെ പടവുകൾ പിന്നിടുന്നത് വിസ്മയത്തോടെ, അഭിമാനത്തോടെ  കണ്ടുനിന്നു അവർ.

ഗായകരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു കുഞ്ഞാലി മരക്കാറിൽ: യേശുദാസ്, പി ലീല, എസ് ജാനകി, വസന്ത,  കെ പി ചന്ദ്രമോഹൻ, കമല,  എ കെ സുകുമാരൻ എന്നിങ്ങനെ.  മുറ്റത്ത് പൂക്കണ മുല്ലത്തൊടിയില് (ലീല), നീയല്ലാതാരുണ്ടഭയം (ജാനകി) എന്നിവയാണ്   പി ഭാസ്കരൻ -- ബി എ ചിദംബരനാഥ് സഖ്യം ഒരുക്കിയ പാട്ടുകളിൽ അൽപ്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. ആദ്യം പാടിയ പടം പുറത്തിറങ്ങാൻ വൈകിയത് ഒരർത്ഥത്തിൽ ജയചന്ദ്രന് അനുഗ്രഹമായി. ``കളിത്തോഴ'' (1966) നിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന പാട്ടാണ് ഭാവഗായകന്റെ ശബ്ദത്തിൽ മലയാളികൾ ആദ്യം കേട്ടത്...പിന്നീടുള്ളത് ചരിത്രം.
അഞ്ചര പതിറ്റാണ്ടിനിപ്പുറവും ജയേട്ടൻ പാടിക്കൊണ്ടേയിരിക്കുന്നു; തലമുറകൾക്കപ്പുറത്തേക്ക് നീണ്ട നാദസൗഭഗം...

Content Highlights : Marakkar Movie Mohanlal Kunjali Marakkar Kottarakkara Sreedharan Nair