``മന്നൻ'' സിനിമയിലെ  തീപ്പൊരി നേതാവാകാൻ സന്തോഷം മാത്രം രജനീകാന്തിന് . പക്ഷേ  തളർന്നുപോയ അമ്മയെ കൈകളിൽ ചുമന്നുകൊണ്ട് മനം നൊന്തു പാടി അമ്പലം വലം വെക്കുന്ന മകനാകാൻ വയ്യ.  വെളളിത്തിരയിലെ തന്റെ ആക്ഷൻ ഹീറോ ഇമേജിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന് രജനിക്ക് സംശയം. ``ആ പാട്ടും പാട്ടു സീനും ഒഴിവാക്കണം.  അത്രയും മെലോഡ്രാമ അവിടെ വേണ്ട.  എന്നെ അത്ര   ദുർബലനായി  സ്‌ക്രീനിൽ കാണാൻ ആളുകൾ ഇഷ്ടപ്പെടില്ല..'' -രജനി പറഞ്ഞു. 

തളർന്നുപോയത് പടത്തിന്റെ സംഗീത സംവിധായകൻ ഇശൈജ്ഞാനി ഇളയരാജയാണ്. ഹൃദയം പകർന്നു  നൽകി  താൻ സൃഷ്ടിച്ച ഗാനമിതാ അനാഥമാകാൻ പോകുന്നു. എത്ര ക്ലാസിക് ഗാനമാണെങ്കിലും സിനിമയിൽ ഇടം നേടിയിലെങ്കിൽ  ആരും കേൾക്കാതെ മൃതിയടയാനാകും അതിന്റെ യോഗമെന്ന് സ്വാനുഭവത്തിൽ നിന്ന് നന്നായി അറിയാം രാജക്ക്. ``പ്രസാദ് സ്റ്റുഡിയോയിലും പരിസരത്തെ അമ്പലത്തിലും വെച്ചാണ് ഗാനരംഗം ഷൂട്ട് ചെയ്യേണ്ടത്. ഷൂട്ടിംഗ് കാണാൻ ഞാനും ചെന്നിരുന്നു. പക്ഷേ സമയമായിട്ടും രജനിയുടെ പൊടി പോലുമില്ല. പിറ്റേന്നും അതിന്റെ പിറ്റേന്നും കഥ ആവർത്തിച്ചു. ആ ഗാനരംഗം എങ്ങനെയെങ്കിലും ഒഴിവാക്കിത്തണമെന്ന് അദ്ദേഹം സംവിധായകനോട് ആവശ്യപ്പെട്ടതായി അറിഞ്ഞത് അപ്പോഴാണ്.'' രാജ പിന്നെ സംശയിച്ചുനിന്നില്ല.  രജനിയുടെ താമസസ്ഥലത്തേക്ക് നേരിട്ടു ചെന്നു. പതിവില്ലാതെ രാജ തന്നെ കാണാൻ വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ സൂപ്പർ താരത്തിനു വേവലാതി. എന്തായിരിക്കണം ഈ വരവിന് പിന്നിൽ?

രജനിയുടെ മനസ്സ് മാറ്റാനാണ് രാജ വന്നത്. ``ഈ ഗാനരംഗം നിങ്ങളിലെ ആക്ഷൻ ഹീറോക്ക് ഗുണം ചെയ്യില്ലായിരിക്കാം. പക്ഷേ അത് നിങ്ങളെ തമിഴകത്തെ ഓരോ അമ്മയുടെയും ഹൃദയത്തിന്റെ ഭാഗമാക്കി മാറ്റും. ഉറപ്പ്.  സ്റ്റണ്ട് സീനുകളെക്കാൾ, തീപാറുന്ന  ഡയലോഗുകളെക്കാൾ നിങ്ങൾക്ക് ഗുണം ചെയ്യാൻ പോകുന്ന ഗാനമായിരിക്കും ഇത്. ഞാൻ പറയുന്നത് വിശ്വസിക്കുക.'' രാജയുടെ വാക്കുകളിലെ ആത്മാർത്ഥതയുടെ തെളിച്ചം രജനിയെ നിരായുധനാക്കി എന്നതാണ് സത്യം. പിറ്റേന്ന് തന്നെ ഗാനരംഗം അഭിനയിക്കാൻ സ്റ്റുഡിയോയിലെത്തുന്നു തെന്നിന്ത്യയുടെ സൂപ്പർ താരം. അന്ന് പാടി അഭിനയിച്ച പാട്ടും ആ രംഗവും ഇന്ന് ചരിത്രത്തിന്റെ ഭാഗം: ``അമ്മാ എൻട്രഴൈക്കാത ഉയിരില്ലയേ അമ്മാവെ വണങ്കാതൈ ഉയർവില്ലയേ...'' അമ്മയായി അഭിനയിച്ച പഴയകാല നടി പണ്ഡരീബായിയെ ചുമന്നുകൊണ്ട് രജനി പാടി അഭിനയിച്ച ഗാനം ആ രംഗത്തിന്റെ എല്ലാവികാരതീവ്രതയോടും കൂടി  ഇടനെഞ്ചിൽ ഏറ്റുവാങ്ങുകയായിരുന്നു ജനം.   

സിനിമാ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ താൻ ചിട്ടപ്പെടുത്തി പാടിയ ഒരു ഗാനത്തിൽ നിന്നാണ്  ``അമ്മാ എൻട്രഴൈക്കാത'' എന്ന പാട്ടുണ്ടായതെന്ന്  പറയുന്നു ഇളയരാജ . 1982 ൽ പുറത്തുവന്ന ``തായ് മൂകാംബിക'' എന്ന ചിത്രത്തോളം  പഴക്കമുള്ള കഥ. കെ ശങ്കർ സംവിധാനം ചെയ്ത ആ സിനിമയിൽ സാക്ഷാൽ ശങ്കരാചാര്യർ മൂകാംബികയെ സ്തുതിച്ചു പാടുന്ന ഒരു രംഗമുണ്ട്. ``പാട്ട് കംപോസ് ചെയ്യാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ പൂജാമുറിയിലെ ശങ്കരാചാര്യരുടെ പടത്തിനു മുന്നിൽ ചെന്നു നിന്ന് തൊഴുതു  ഞാൻ.''- രാജ ഓർക്കുന്നു.  

``മഹാഗുരുവേ, ഇന്നത്തെ എന്റെ ഈണത്തിൽ  അങ്ങയുടെ സാന്നിധ്യമുണ്ടാവണം എന്നായിരുന്നു മനസ്സിലുണ്ടായിരുന്ന ഒരേയൊരു പ്രാർത്ഥന.  ഭാഗ്യത്തിന് കംപോസ് ചെയ്യാനിരുന്നപ്പോഴേ ട്യൂൺ മനസ്സിൽ കയറിവന്നു. സംവിധായകൻ ശങ്കർ ഉൾപ്പെടെ എല്ലാവർക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷെ എനിക്ക് എന്തോ ഒരു അതൃപ്തി. ഇതല്ലല്ലോ ഈ സിറ്റുവേഷന് വേണ്ട പാട്ട് എന്ന് ആരോ മനസ്സിലിരുന്ന് പറയും പോലെ. കുറച്ചുനേരം ആലോചിച്ചപ്പോൾ കാര്യം പിടികിട്ടി.  ഒരു സന്യാസിയുടെ നിർമമത ഈ ഈണത്തിൽ വന്നിട്ടില്ല.  ഭൗതിക ജീവിതത്തോട് പൂർണമായും അകൽച്ച പാലിക്കുന്ന ഒരാളുടെ മനോനിലയാണ് പാട്ടിൽ  വേണ്ടത്. അല്ലാതെ  പണ്ഡിതന്റെ അഹങ്കാരം നിറഞ്ഞ  മനസ്സല്ല.''  

ശങ്കരനെ ധ്യാനിച്ച് മറ്റൊരു ഈണം സൃഷ്ടിക്കുന്നു ഇളയരാജ. പഴയതിനേക്കാൾ ലളിതമായ ഒരു ഈണം.  രാജ ഈണം പാടിക്കേൾപ്പിച്ചതും കവിഞ്ജർ വാലിയുടെ തൂലികയിൽ നിന്ന്  വരികൾ വാർന്നുവീണതും ഒപ്പം.`` ജനനീ ജനനീ ജഗം നീ അകം നീ ജഗത് കാരണി നീ പരിപൂരണി നീ...'' വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും  സാരം ഒരു ചിമിഴിൽ ഒതുക്കുകയായിരുന്നു വാലി എന്ന് പറയും രാജ.  ഹാർമോണിയം വായിച്ചു രാജ തന്നെ ആ പാട്ട് പൂർണ്ണമായി പാടിക്കേൾപ്പിച്ചപ്പോൾ   കൂടിയിരുന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞു. പാട്ട് യേശുദാസ് പാടണം എന്നാണ് സംവിധായകന്റെ  ആഗ്രഹം. നിർഭാഗ്യവശാൽ ദാസ് സ്ഥലത്തില്ല. വിദേശ പര്യടനത്തിലാണ്.  ഇന്നത്തെ പോലെ ട്രാക്ക് സമ്പ്രദായമൊന്നും അത്ര പ്രചാരം നേടിയിട്ടില്ലാത്ത കാലമാണ്. ദാസ് വരും വരെ കാത്തിരിക്കാമെന്നായി സംഗീതസംവിധായകൻ. ശങ്കർ സമ്മതിച്ചെങ്കിലും സൗണ്ട് എഞ്ചിനീയർ  ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു: ഇത് രാജ തന്നെ പാടിയാൽ മതി. മറ്റാരു പാടിയാലും ആ ഫീൽ കിട്ടില്ല.  ഒടുവിൽ ആ ഗാനം ഇളയരാജയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെടുന്നു. 

പത്തു വർഷത്തിന് ശേഷം ``മന്നനി''ലെ (1992) പാട്ടുകൾ ചിട്ടപ്പെടുത്താനിരിക്കുമ്പോൾ ആ പഴയ ഓർമ്മകൾ വീണ്ടും വന്നു രാജയുടെ മനസ്സിനെ തഴുകി. അമ്മയെ കുറിച്ചുള്ള പാട്ടാണ്. സിറ്റുവേഷൻ വിവരിച്ചു കൊടുത്ത ശേഷം സംവിധായകൻ പി വാസു പറഞ്ഞു: ``എനിക്ക് ഇവിടെ വേണ്ടത് ജനനീ ജനനീ പോലൊരു പാട്ടാണ്. അത്രയും ഫീൽ ഉള്ള പാട്ട്. ഇന്നും ആ പാട്ട് കേട്ടാൽ ഞാൻ കരയും. അതേ ട്യൂൺ തന്നെ ആവർത്തിച്ചാലും കുഴപ്പമില്ല.'' അമ്പരപ്പും ചിരിയും ഒരുമിച്ചുവന്നു ഇളയരാജക്ക്. വാസുവിന്റെ മുഖത്തു നോക്കി അദ്ദേഹം പറഞ്ഞു: ``ജനനീ ജനനീ നേരത്തെ വന്നുപോയില്ലേ? ഇനി അതുപോലൊരു പാട്ടിന് പ്രസക്തിയില്ല. മാത്രമല്ല മഹാമായയായ   മൂകാംബികാ ദേവിയെ കുറിച്ചാണ് ആ പാട്ട്. ഇവിടെ വേണ്ടത് പാവപ്പെട്ട ഒരു  അമ്മയെ കുറിച്ചുള്ള പാട്ടും. നിങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ ശ്രമിക്കാം.''

``ജനനീ ജനനീ'' എന്ന ഗാനത്തിന്റെ പല്ലവിയുടെ തുടക്കത്തിലെ നോട്ട്സ് അതേ പടി നിലനിർത്തിക്കൊണ്ട് പുതിയൊരു ഈണം സൃഷ്ടിക്കുന്നു ഇളയരാജ. ``ശ്രദ്ധിച്ചു പാടിനോക്കിയാലേ സാമ്യം മനസ്സിലാകൂ.'' രാജയുടെ വാക്കുകൾ.  ആദ്യ വരി കഴിഞ്ഞാൽ തീർത്തും വ്യത്യസ്തമായ മറ്റൊരു പാതയിലൂടെയാണ് ഗാനത്തിന്റെ സഞ്ചാരം. ട്യൂൺ മൂളിക്കൊടുത്തപ്പോഴേ വാലി വരികൾ എഴുതി. '' പൊരുളോട് പുകൾ വേണ്ടും മകനല്ല തായേ ഉൻ അരുൾ വേണ്ടും എനക്കിൻട്രു അതു പോതുമേ, അടുത്തിങ്ങു പിറപ്പൊൻട്രു അമൈന്താലും നാൻ ഉന്തൻ മകനാക പിറക്കിൻട്ര വരം വേണ്ടുമേ എന്ന വരി വായിച്ചു കേട്ടപ്പോൾ കൂടിയിരുന്നവരെല്ലാം വികാരാധീനനായി എന്നോർക്കുന്നു രാജ. എത്ര ഹൃദയസ്പർശിയായ വരികൾ. പേരും പെരുമയും വേണ്ടെനിക്ക്, അമ്മേ നിന്റെ അനുഗ്രഹം മാത്രം മതി. ഇനിയൊരു ജന്മമുണ്ടെങ്കിൽ   അമ്മയുടെ മകനായിത്തന്നെ  ജനിക്കണമെന്ന ഒരൊറ്റ വരം മാത്രം മാത്രം മോഹിക്കുന്നു ഞാൻ...'' ഗാനം പാടേണ്ടത് യേശുദാസ് ആയിരിക്കണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു സംവിധായകൻ വാസു. 

റെക്കോർഡിംഗിനിടെ മറക്കാനാവാത്ത മറ്റൊരു അനുഭവം കൂടി ഉണ്ടായി. പാട്ടിന്റെ ഒടുവിൽ പല്ലവി ആവർത്തിക്കുന്ന ഭാഗത്ത് അഴൈക്കാത എന്ന് പാടുമ്പോൾ യേശുദാസിന്റെ  തൊണ്ട ചെറുതായൊന്ന് ഇടറിയോ എന്ന് സംശയം. ഒരു നേർത്ത അപഭ്രംശം. വരികളിൽ സ്വയം മറന്ന് അലിഞ്ഞുപോയതുകൊണ്ടുണ്ടായ  പ്രശ്‌നമാണ്.  വരികൾ വായിച്ചുകേട്ട ശേഷം പാടാൻ മൈക്രോഫോണിനു മുന്നിൽ നിന്നപ്പോഴേ വികാരാധീനനായിരുന്നു ദാസ്. ഇടർച്ച ബാധിച്ച വാക്ക് മാത്രം ഒന്നു കൂടി പാടി കൂട്ടിച്ചേർക്കാം എന്ന് സംഗീത സംവിധായകനും ശബ്ദലേഖകനും നിർദേശിച്ചപ്പോൾ യേശുദാസ് പറഞ്ഞു: ``എന്തിന്? പാട്ട് അമ്മയെ കുറിച്ചാകുമ്പോൾ വികാരാധിക്യമുണ്ടാകുന്നത് സ്വാഭാവികം. അപ്പോൾ ഇത്തരം ഇടർച്ചകളൊക്കെ ഉണ്ടാകാം. ആ പിഴവ്  അങ്ങനെ തന്നെ നിലനിൽക്കട്ടെ. '' രാജ പിന്നെ മറുത്തൊന്നും പറഞ്ഞില്ല. ഇന്നും ആ പാട്ടിൽ ആ നേർത്ത ഇടർച്ച കേൾക്കാം.  പിൽക്കാലത്ത് വേദിയിൽ അത് പാടുമ്പോഴും വികാരാധീനനായിക്കണ്ടിട്ടുണ്ട് ഗാനഗന്ധർവനെ; പലവട്ടം. 

`` അമ്മാ എൻട്രഴൈക്കാത  എന്ന പാട്ട് എന്റെ അമ്മയെ കുറിച്ചാണോ എന്ന് പലരും ചോദിക്കാറുണ്ട്.''-- ഇളയരാജ. ``എന്റെ മാത്രമല്ല എല്ലാവരുടെയും അമ്മയെ കുറിച്ചാണെന്നു പറയും ഞാൻ. ഒരു സുപ്രഭാതത്തിൽ പറക്കമുറ്റാത്ത  മക്കൾ മൂവരും മുന്നിൽ വന്നുനിന്ന് സംഗീതം പഠിക്കാൻ കേട്ടുകേൾവി മാത്രമുള്ള  മദ്രാസിലേക്ക് പോകണം എന്ന് ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ തനിക്കേറ്റവും പ്രിയപ്പെട്ട ട്രാൻസിസ്റ്റർ റേഡിയോ വിറ്റുകളയാൻ മടിക്കാതിരുന്ന ആളാണ് എന്റെ അമ്മ. റേഡിയോ വിറ്റു കിട്ടിയ 400 രൂപ മുഴുവനായും ഞങ്ങളെ ഏൽപ്പിച്ച് ഞങ്ങളെ യാത്രയാക്കി അവർ. വേണമെങ്കിൽ അതിൽ നിന്നൊരു നൂറു രൂപയെടുത്ത്  വീട്ടുചെലവിനെന്നു പറഞ്ഞു കയ്യിൽ സൂക്ഷിക്കാമായിരുന്നു അമ്മക്ക്. അതുപോലും ചെയ്തില്ല അവർ. മക്കളെ ജീവനേക്കാൾ ഏറെ സ്നേഹിച്ച ആ അമ്മയില്ലെങ്കിൽ ഇന്ന് നിങ്ങൾ അറിയുന്ന ഇളയരാജയും ഇല്ല.  നിങ്ങളിൽ ഓരോരുത്തർക്കുമുണ്ടാകും  സ്വന്തം അമ്മയെ കുറിച്ച് അയവിറക്കാൻ ഇതുപോലുള്ള ആർദ്രമായ ഓർമ്മകൾ. അവർക്കെല്ലാം വേണ്ടിയാണ് ഈ പാട്ട്...''


https://www.youtube.com/watch?v=jmH2z9c1vuE

 

Content Highlights : Mannan Movie Song Amma Endru Azhakatha Rajinikanth Ilayaraja KJ Yesudas